കോവിഡ്, പലിശ ഭീതികൾ വീണ്ടും; കേന്ദ്ര സർക്കാരിനു വീണ്ടുവിചാരമോ? മ്യൂച്വൽ ഫണ്ടുകൾക്ക് എന്തു സംഭവിച്ചു? ടെക് ഭീമന്മാരെ മെരുക്കാൻ ചൈന

ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. പല പ്രദേശങ്ങളിലും ലോക്ക് ഡൗണിനു സമാനമായ വിലക്കുകൾ വരുന്നു. ഇതു വിപണിയെ തളർത്തുന്ന കാര്യമാണ്.

രണ്ടു ദിവസം താഴോട്ടു പോയ പലിശഭീതി വീണ്ടും വിപണികളെ ഉലച്ചു. ഇതിൻ്റെ ഫലമായി തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ടു പോയി. ആദ്യം ഉണ്ടാക്കിയ നേട്ടമെല്ലാം വിപണി കളഞ്ഞു കുളിച്ചു.
പിന്നീടു യൂറോപ്യൻ ഓഹരികൾ ഉയർന്നെങ്കിലും അമേരിക്കൻ സൂചികകൾ ഇടിഞ്ഞു. ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ ഓഹരികൾ താഴോട്ടാണ്.
എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷൻ നേട്ടത്തിൽ അവസാനിപ്പിച്ചെങ്കിലും ഇന്നു രാവിലെ താഴാേട്ടു നീങ്ങി. ഇന്ന് ഇന്ത്യൻ വിപണിക്കു ദുർബല തുടക്കമാണു പ്രതീക്ഷിക്കാനുള്ളത്.
14,910.45 ൽ ചൊവ്വാഴ്ച ക്ലോസ് ചെയ്ത നിഫ്റ്റിക്ക് 14,850-ലും പിന്നീട് 14,790-ലുമാണ് സപ്പോർട്ട് ഉള്ളത്. മുകളിൽ 15,011ലും 15,111 ലും തടസങ്ങൾ ഉള്ളതായി സാങ്കേതിക വിശകലനക്കാർ പറയുന്നു.
ഇന്നലെ വിദേശ നിക്ഷേപകർ 1692 കോടി രൂപയുടെ ഓഹരി വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 1169 കോടി രൂപയുടെ വിൽപനക്കാരായി .
അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങൾക്ക് ഇന്നലെ വീണ്ടും വിലയിടിഞ്ഞു. പത്തു വർഷ കടപ്പത്ര വില 1.63 ശതമാനം നിക്ഷേപനേട്ടം (Yield) കിട്ടുന്ന വിധം താണു. പലിശ നിരക്ക് ഈ വർഷം തന്നെ ഉയരുമെന്ന നിഗമനമാണു കടപ്പത്ര വിപണിയെ നയിക്കുന്നത്. ഇതു ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ക്ഷീണം ചെയ്യും. യുഎസ് ഫെഡിൻ്റെ പലിശ നിഗമനം നാളെ അറിയാം.
ക്രൂഡ് ഓയിൽ വില മാറ്റമില്ലാതെ തുടരുന്നു. സ്വർണവും 1730-1735 മേഖലയിൽ കറങ്ങുന്നു.
ഇന്നലെ ഡോളർ ചാഞ്ചാടിയ ശേഷം എട്ടു പൈസ നേട്ടത്തിലാണു ക്ലോസ് ചെയ്തത്.

മ്യൂച്വൽ ഫണ്ടുകൾ ഓഹരികളിൽ നിന്നു വിറ്റു മാറുന്നു

ഏഴു വർഷത്തിനിടെ ആദ്യമായി ഈ ധനകാര്യ വർഷം മ്യൂച്വൽ ഫണ്ടുകൾ ഓഹരികളിൽ നിന്നു വലിയ തോതിൽ വിറ്റു മാറി.2020-21-ൽ ഇതുവരെ 1,26,949 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്.
2017-18 ൽ 1.41 ലക്ഷം കോടിയും പിറ്റേവർഷം 88,152 കോടിയും 2019-20 ൽ 91,814 കോടി രൂപയും മ്യൂച്വൽ ഫണ്ടുകൾ ഓഹരികളിൽ നിക്ഷേപിച്ചതാണ്. കഴിഞ്ഞ ആറു ധനകാര്യവർഷങ്ങളിൽ ഫണ്ടുകൾ മൊത്തം 4.85 ലക്ഷം കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചതാണ്. വിദേശ നിക്ഷേപകരുടെ നിക്ഷേപത്തിൻ്റെ 2.6 മടങ്ങ് വരുമിത്.
കഴിഞ്ഞ മേയ് മാസത്തിനു ശേഷമാണ് സ്വദേശി ഫണ്ടുകൾ വിൽപനക്കാരായത്. മാർച്ചിലെ തകർച്ചയ്ക്കുശേഷം വിപണി തിരിച്ചു കയറിയപ്പോൾ ഫണ്ട് നിക്ഷേപകർ ലാഭമെടുത്തു പിന്മാറാൻ ശ്രമിച്ചതാണു കാരണം. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിന്ന് 58,000 കോടി രൂപ പിൻവലിക്കപ്പെട്ടു.
സമ്പദ്ഘടനയും വ്യവസായ മേഖലയും മാന്ദ്യത്തിലായിരിക്കുമ്പോഴും ഓഹരികൾ കുതിച്ചു കയറുന്നത് നല്ലൊരു സംഖ്യ നിക്ഷേപകരെ ലാഭമെടുത്തു പിന്മാറാൻ പ്രേരിപ്പിച്ചു. മാന്ദ്യകാലത്തു ജോലിയും വരുമാനവും നഷ്ടപ്പെട്ടവർ തങ്ങളുടെ സമ്പാദ്യം തിരിച്ചെടുത്തതും ഉണ്ടാകാം.

സ്വകാര്യവൽക്കരണ നീക്കത്തിൽ വീണ്ടുവിചാരം

ഇന്നലെ കേന്ദ്ര സർക്കാരിൽ നിന്നു ചില സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായി. എല്ലാ സർക്കാർ ബാങ്കുകളും സ്വകാര്യവൽക്കരിക്കില്ല എന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്വകാര്യ ബാങ്കുകൾക്കു സർക്കാർ ബിസിനസ് നൽകുന്നതു റിസർവ് ബാങ്കിൻ്റെ വ്യവസ്ഥകൾ പാലിച്ചു മാത്രമാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേ ഒരിക്കലും സ്വകാര്യവൽക്കരിക്കില്ലെന്നു മന്ത്രി പിയൂഷ് ഗോയലും പ്രഖ്യാപിച്ചു.
പൊതുബജറ്റിനു ശേഷം വലിയ സ്വകാര്യവൽക്കരണ കാലം വരുന്നെന്ന പ്രചാരണം മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയിരുന്നു. അതിനോടു വലിയ തോതിലുള്ള എതിർപ്പ് ഉണ്ടായി. വിൽപന സർക്കാരാണിതെന്ന പ്രതിപക്ഷ ആക്ഷേപത്തിനു ജനങ്ങൾ ചെവികൊടുക്കുകയും ചെയ്തു.
ഇപ്പോൾ രണ്ടു ചുവടു പിന്നോട്ടുവച്ചിരിക്കുകയാണു സർക്കാർ. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കാൻ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതും കാർഷിക നിയമങ്ങൾ അനിശ്ചിതകാലത്തേക്കു മരവിപ്പിച്ചതും പൗരത്വ നിയമ ഭേദഗതി നടപ്പാക്കാത്തതും ഇതിനോടു ചേർത്തുവായിക്കണം. കടുത്ത എതിർപ്പിനു മുമ്പിൽ സർക്കാർ ശരിക്കും പതറുന്നുണ്ട് എന്നു വ്യക്തം.

പുതിയ വികസന ധനകാര്യ സ്ഥാപനം

ബജറ്റിൽ പ്രഖ്യാപിച്ച വികസന ധനകാര്യ സ്ഥാപനം (ഡിഎഫ് ഐ) തുടങ്ങുന്നതിനുള്ള നിയമനിർമാണത്തിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 20,000 കോടി രൂപയുടെ മൂലധനം കേന്ദ്ര സർക്കാർ നൽകും. ഇതും മറ്റു നിക്ഷേപങ്ങളും സ്വീകരിച്ച് മൊത്തം മൂന്നു ലക്ഷം കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഈ തുക അടിസ്ഥാന സൗകര്യ മേഖലയിൽ അടക്കം ദീർഘകാലമൂലധനമായി നൽകും.
സ്റ്റാമ്പ് ഡ്യൂട്ടിയടക്കം പല നികുതികളിൽ നിന്നും ഈ കമ്പനിക്ക് ഒഴിവുണ്ടാകും. പത്തു വർഷം ആദായ നികുതി വേണ്ട. കടമെടുപ്പിനു സർക്കാർ ഗാരൻ്റി നൽകും.
ഇതിലെ ഉദ്യോഗസ്ഥർക്കും മാനേജ്മെൻ്റിനും നിയമനടപടികളിൽ നിന്നു സംരക്ഷണം നൽകും.
സർക്കാർ ഉടമസ്ഥതയിൽ തുടങ്ങുന്ന ഇതിലെ 74 ശതമാനം ഓഹരിയും ഭാവിയിൽ സ്വകാര്യ മേഖലയ്ക്കു നൽകും. പഴയ കാല ഡിഎഫ്ഐ കളായ ഐഡിബിഐ, ഐസിഐസിഐ എന്നിവ പോലെ ഇതും ലാഭത്തിലാകുമ്പോൾ സ്വകാര്യവൽക്കരിക്കപ്പെടും എന്നർഥം.

വേദാന്ത ഓപ്പൺ ഓഫർ വില കൂട്ടി

അനിൽ അഗർവാളിൻ്റെ ആഗോള ഖനന - പെട്രോളിയം കമ്പനി വേദാന്ത ലിമിറ്റഡ് ഓഹരികൾ തിരിച്ചു വാങ്ങാൻ ഓപ്പൺ ഓഫർ വച്ചു. ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത ഉപകമ്പനിയുടെ ഓഹരികളാണു വാങ്ങുക. നേരത്തേ ഓഹരി ഒന്നിന് 160 രൂപ വച്ച് പത്തു ശതമാനം ഓഹരി വാങ്ങാനുള്ള ഓഫറിനു നിക്ഷേപകർ വഴങ്ങിയില്ല. അതിനു മുമ്പ് 85 രൂപയായിരുന്നു ഓഫർ. ഇപ്പോൾ 235 രൂപ പ്രകാരം 65.1 കോടി (മൊത്തം ഓഹരിയുടെ 17.5 ശതമാനം) ഓഹരി വാങ്ങാനാണ് ഓഫർ. ഇതിൻ 15,300 കോടി രൂപ വേണ്ടി വരും. ഇന്നലെ ഓഹരിയുടെ വില 226.55 രൂപയായിരുന്നു.
ലണ്ടൻ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസ് ആണ് വേദാന്ത ലിമിറ്റഡിൻ്റെ പ്രൊമോട്ടർ. വേദാന്ത ലിമിറ്റഡിൽ പ്രൊമോട്ടർ ഗ്രൂപ്പിനുള്ള 55 ശതമാനം ഓഹരിയും പണയം വച്ച് 120 കോടി ഡോളർ കടമെടുത്താണ് ഓപ്പൺ ഓഫറിന് ഒരുങ്ങിയത്. 23-ന് ഓപ്പൺ ഓഫർ തുടങ്ങും.

ടെക് ഭീമന്മാരെ ഒതുക്കാൻ ചൈന

ചൈന ജായ്ക്ക് മായുടെ ആൻ്റ് കോർപറേഷൻ്റെ പ്രാഥമിക ഓഹരി വിൽപ്പന തടഞ്ഞപ്പോൾ അത് ഒരു നവ കോടീശ്വരനെതിരായ നടപടിയായി ലോകം കണ്ടു. പ്രസിഡൻ്റ് ഷി ചിൻപിംഗിന് എന്തുകൊണ്ട് ജായ്ക്ക് മായോട് അതൃപ്തി തോന്നി എന്നായിരുന്നു മാധ്യമ ലോകത്തെ ചർച്ച. എന്നാൽ ഒരാളോടല്ല ഒരു പുതിയ ബിസിനസ് മേഖലയോടു മൊത്തത്തിലാണു ചൈനീസ് ഭരണകൂടം പൊരുതുന്നതെന്ന് ഇപ്പോൾ വെളിപ്പെട്ടു വരികയാണ്. ആൻ്റിനും മാതൃ കമ്പനിയായ ആലിബാബയ്ക്കും ബൈഡുവിനും പിന്നാലെ ടെൻസെൻ്റും ബൈറ്റ് ഡാൻസും ചൈനീസ് അധികാരികളുടെ കർശന ഇടപെടലിനു വിധേയമായി. ഇൻ്റർനെറ്റ് അധിഷ്ഠിത ബിസിനസുകളിലൂടെ സമ്പദ്ഘടനയിലും ധനകാര്യ മേഖലയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനശക്തികളായി മാറിയവയാണ് ഈ കമ്പനികൾ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ വാഴ്ച മാത്രം അനുവദനീയമായ രാജ്യത്തു നവീന സാങ്കേതികവിദ്യ വഴി പണമുണ്ടാക്കുന്നവർ പാർട്ടിക്കും സർക്കാരിനും സമാന്തരമായോ അവയ്ക്കു മേലെയോ ഉള്ള സ്വാധീനശക്തിയായി മാറുന്നതു തടയാനാണു ചൈന ശ്രമിക്കുന്നത്.
ടെക് ഭീമന്മാർക്കു വിവിധ തലങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണു ചൈന.കുത്തക തകർക്കുകയാണു ലക്ഷ്യമെന്നു ഗവണ്മെൻ്റ് ന്യായീകരിക്കുന്നു. ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നവയ്ക്ക് ചൈനീസ് കേന്ദ്ര ബാങ്കിൻ്റെയും ഓഹരി വിപണി നിയന്ത്രണ സംവിധാനത്തിൻ്റെയും കർശന നിയന്ത്രണം വരും.
ടെൻസെൻ്റിൻ്റെ ഫിനാൻഷ്യൽ ടെക്നോളജി ബിസിനസിൻ്റെ മേൽ കടുത്ത നിയന്ത്രണം വരുമെന്ന പ്രഖ്യാപനം അവരുടെ ഓഹരി വില കുത്തനെ ഇടിച്ചു. ആലിബാബയോട് മാധ്യമങ്ങളിലെ നിക്ഷേപം പിൻവലിക്കാൻ നിർദേശിച്ചു. ഹോങ്കോംഗിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പത്രം ആലിബാബ ഉടമ ജായ്ക്ക് മായുടെ വകയാണ്.
സെർച്ച് എൻജിൻ, മെസേജിംഗ് പ്ലാറ്റ്ഫോം, സമൂഹ മാധ്യമങ്ങൾ, റീട്ടെയിൽ വ്യാപാരം, ഓൺലൈൻ വ്യാപാരം, ഓൺലൈൻ പേമെൻ്റ് സംവിധാനം തുടങ്ങിയവയിലൊക്കെ മുന്നിൽ നിൽക്കുന്ന ടെക് ഭീമന്മാർ ക്രമേണ മാധ്യമങ്ങൾ, വിനോദം തുടങ്ങിയവയിലേക്കും കടന്നു. പാർട്ടിക്കും സർക്കാരിനും കീഴിലല്ലാത്ത ഒരു മാധ്യമ അന്തരീക്ഷവും ആശയ വിനിമയവും സാമ്പത്തിക ശക്തിയും ഉയർത്തുന്ന വെല്ലുവിളി കമ്യൂണിസ്റ്റ് ഭരണകൂടത്തിനു മനസിലായതിൻ്റെ കൂടി ഫലമാണ് കുത്തക വിരുദ്ധ നടപടികൾ.
കോടിക്കണക്കിന് ഇടപാടുകാരുടെ ഡാറ്റയും മറ്റും സ്വന്തമാക്കിയിട്ടുള്ള ടെക് ഭീമന്മാർക്കു മൂക്കുകയറിടാൻ അമേരിക്കയടക്കമുള്ള രാജ്യങ്ങളും പലവിധത്തിൽ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ചൈന സ്വദേശി ഭീമന്മാരെ ബലമായി വരുതിയിലാക്കുന്നത്. ചൈനീസ് മാതൃക മറ്റു രാജ്യങ്ങൾ അനുകരിക്കുമോ എന്ന ചോദ്യവും ഉണ്ട്. സമൂഹമാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇന്ത്യയും ശ്രമിക്കുന്നുണ്ട്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it