Top

ഉത്തേജനം പകർന്നു ഫെഡ്; പലിശപ്പേടി മാറാം; ബാങ്കുകളിൽ വീണ്ടും കിട്ടാക്കട പ്രശ്നം; ഇന്ത്യ സൗദിയെ ഒഴിവാക്കുന്നത് എന്തിന്?

ഉടനെങ്ങും പലിശ കൂട്ടുകയില്ലെന്ന് യു എസ് ഫെഡ്. അമേരിക്കൻ ജിഡിപി ഇക്കൊല്ലം റിക്കാർഡ് വളർച്ചയിലാണെന്നും യുഎസ് കേന്ദ്ര ബാങ്ക്. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ കുതിച്ചുയർന്നു.

വിപണിയുടെ ആശങ്കകൾ മുഴുവൻ മാറ്റിയില്ലെങ്കിലും ഫെഡ് തീരുമാനം ഹ്രസ്വകാല ഉത്തേജനമായി. നാലു ദിവസം തുടർച്ചയായി താഴോട്ടു പോയ ഇന്ത്യൻ വിപണികൾ ഇന്നു ശക്തമായ തിരിച്ചുവരവ് നടത്തിയേക്കും.
ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഗണ്യമായ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയെങ്കിലും വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിൽ വലിയ ഇടിവുണ്ടാകുകയായിരുന്നു. വിദേശികൾ ഇന്നലെ 2625.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി നിക്ഷേപ സ്ഥാപനങ്ങൾ 562.15 കോടി രൂപയുടെ വിൽപന നടത്തി.
ഇന്നലെ സെൻസെക്സ് 562.34 പോയിൻ്റ് താണ് 49,801.62 ലും നിഫ്റ്റി 189.15 പോയിൻ്റ് താണ് 14,721.3 ലും ക്ലോസ് ചെയ്തു.നാലു ദിവസം കൊണ്ടു വിപണിമൂല്യം ആറു ലക്ഷം കോടി രൂപ കുറഞ്ഞു.
ഇന്നലെ യൂറോപ്യൻ ഓഹരികളും താഴോട്ടു പോയി. ഫെഡ് തീരുമാനത്തിനു ശേഷം യുഎസ് സൂചികകൾ കയറി. ഏഷ്യൻ സൂചികകൾ രാവിലെ നല്ല ഉയരത്തിലാണ്. യുഎസ് സൂചികകളുടെ അവധി വ്യാപാരവും ഉയർച്ചയിലാണ്.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,825-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ രണ്ടാം സെഷനിലും കയറ്റമുണ്ട്. ഇന്ത്യൻ വിപണി ഉയരത്തിൽ തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ബാങ്കുകളിൽ വീണ്ടും കിട്ടാക്കട പ്രശ്നം

കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നലെയും ബാങ്ക് ഓഹരികളാണ് ഇടിവിനു മുന്നിൽ നിന്നത്. ബാങ്കുകളുടെ കിട്ടാക്കട പ്രശ്നം വീണ്ടും വഷളാകുമെന്ന സൂചന ശക്തമായിട്ടുണ്ട്. ഫിക്കിയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചേർന്നു നടത്തിയ സർവേ പറയുന്നത് 2021-ൻ്റെ ആദ്യ പകുതിയിൽ നിഷ്ക്രിയ ആസ്തി (എൻപിഎ) ഗണ്യമായി കൂടുമെന്നാണ്. സർവേയിൽ പങ്കെടുത്തവരിൽ 68 ശതമാനം ബാങ്കർമാർ എൻപിഎ 10 ശതമാനത്തിലധികമാകുമെന്നു പറഞ്ഞു. 37 ശതമാനം പേർ 12 ശതമാനത്തിലധികമാകുമെന്ന അഭിപ്രായക്കാരാണ്.

സ്വർണം കുതിച്ചു

പലിശനിരക്കിൽ ഉടനെങ്ങും വർധനയില്ലെന്ന പ്രഖ്യാപനം സ്വർണവില കുത്തനെ ഉയർത്തി. ഔൺസിന് 1725 ഡോളറിൽ നിന്ന് 1752 വരെ കയറി. രാവിലെ 1751 ഡോളറിലാണ് ഏഷ്യൻ വ്യാപാരം. ഏതാനും ദിവസങ്ങളായി മാറ്റമില്ലാത്ത കേരള വിപണിയിൽ സ്വർണ വില ഇന്നു കൂടിയേക്കും.
യു എസ് വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാകുമെന്ന് യുഎസ് ഫെഡ് പറഞ്ഞെങ്കിലും ക്രൂഡ് ഓയിൽ വില ഉയർന്നില്ല. ബ്രെൻ്റ് ഇനം 67.87 ഡോളറിലേക്കു താണു.
ഫെഡ് തീരുമാനം ഡോളറിൻ്റെ വിനിമയ നിരക്ക് അൽപം താഴ്ത്തി.

പ്രത്യാശയോടെ ഫെഡ്

വളർച്ച നിരക്ക് കുതിക്കും; പണപ്പെരുപ്പവും വർധിക്കും; പക്ഷേ അതു താൽക്കാലികമായിരിക്കും. പണപ്പെരുപ്പവും വളർച്ചയും സാധാരണ നിരക്കിലേക്കു താഴും. ആ നിലയ്ക്ക് 2023 കഴിയാതെ പലിശ നിരക്ക് ഉയർത്താൻ സാഹചര്യമില്ല.
ഇതാണ് അമേരിക്കയുടെ കേന്ദ്ര ബാങ്ക് ഫെഡ് (ഫെഡറൽ റിസർവ് ബോർഡ്) നടത്തിയ വിലയിരുത്തൽ. പണനയം നിശ്ചയിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) അംഗീകരിച്ച പത്രക്കുറിപ്പ് പുറത്തു വന്ന ശേഷം ഓഹരികൾക്കു വില കൂടി; സ്വർണവില വർധിച്ചു; ഡോളർ നിരക്ക് താണു.
പക്ഷേ അമേരിക്കൻ സർക്കാർ കടപ്പത്ര വില ഉയർന്നില്ല. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (Yield) 1.6462 ശതമാനം ആകും വിധം വില താണു. ഫെഡ് പറഞ്ഞതിൽ കടപ്പത്ര വിപണിക്കു വിശ്വാസം ഇല്ലെന്നാണ് ഇതിലെ സൂചന. ഏതായാലും വരും ദിവസങ്ങളിലേ കടപ്പത്ര വിപണിയുടെ സമീപനത്തിൻ്റെ കാരണം വ്യക്തമാകൂ.
ഈ വർഷം യുഎസ് ജിഡിപി വളർച്ച 6.5 ശതമാനമാകുമെന്നാണു ഫെഡ് വിലയിരുത്തിയത്. നേരത്തേ 4.2 ശതമാനമായിരുന്നു പ്രതീക്ഷ. ഈ വർഷം വിലക്കയറ്റം 2.4 ശതമാനമാകുമെങ്കിലും 2022-ൽ രണ്ടു ശതമാനത്തിലേക്കു താഴും. തൊഴിലില്ലായ്മ ഈ വർഷം 4.5 ശതമാനമായും 2023-ൽ 3.5 ശതമാനമായും കുറയും. ഇതൊക്കെയാണു ഫെഡിൻ്റെ നിഗമനങ്ങൾ. ഇതെല്ലാം മൂലധന വിപണിയെ സഹായിക്കും.
മാസം തോറും 12,000 കോടി ഡോളറിൻ്റെ കടപ്പത്രം വാങ്ങൽ പരിപാടി തുടരുമെന്നും ഫെഡ് പ്രഖ്യാപിച്ചു. ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പക്കൽ കൂടുതൽ പണമെത്താൻ സഹായിക്കും. വികസ്വര രാജ്യങ്ങളിലെ വിപണികൾക്ക് അനുകൂലമാണിത്.

എണ്ണവില: തരംഗം തുടങ്ങിയെന്നും ഇല്ലെന്നും

ക്രൂഡ് ഓയിൽ വില മറ്റൊരു ബുൾ തരംഗത്തിലേക്കു പ്രവേശിക്കുകയാണോ എന്നു പലരും സംശയിക്കുന്നു. നവംബർ മുതൽ വില ഉയരുകയാണ്. നാലു മാസം കൊണ്ടു ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 80 ശതമാനം ഉയർന്നു.
കോവിഡിനു ശേഷം ലോക സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം പൂർവ സ്ഥിതിയിലേക്ക് എത്തുകയാണെന്നതാണു പ്രധാന കാരണം. അമേരിക്കയിലും മറ്റും പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയും ക്രൂഡ് വില കുതിക്കാൻ കാരണമായി.
അസർബൈജാനിലെ സോകാർ ട്രേേഡിംഗ് കമ്പനി ഈയിടെ പറഞ്ഞത് ഒന്നര - രണ്ടു വർഷത്തിനുള്ളിൽ എണ്ണ വില 100 ഡോളർ കടക്കുമെന്നാണ്. അടുത്ത ഏതാനും വർഷം എണ്ണവില 100 ഡോളറിനു മുകളിലായിരിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക- മെറിൽ ലിഞ്ചിൻ്റെ ഒരു ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇൻ്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) അങ്ങനെ കരുതുന്നില്ല. എണ്ണ 70 ഡോളറിനടുത്തായി എന്നത് പുതിയൊരു സൂപ്പർ സൈക്കിളിൻ്റെ തുടക്കമായി കാണാൻ തക്ക കാര്യമല്ല എന്നാണ് ഏജൻസിയുടെ വിശകലനം. വികസിത രാജ്യങ്ങളിലെ ക്രൂഡ് ഓയിൽ സ്റ്റോക്ക് നില കഴിഞ്ഞ വർഷം ജനുവരിയിലേക്കാൾ കൂടുതലാണ്. എണ്ണയുടെ ആവശ്യം ഗണ്യമായി കൂടിയാലും അതു നിറവേറ്റാനുള്ള ഉൽപാദന ശേഷി ഉണ്ട്. ഐഇഎയുടെ കണക്കനുസരിച്ച് ഈ വർഷം ആവശ്യം പ്രതിദിനം 55 ലക്ഷം വീപ്പ വർധിച്ച് 965 ലക്ഷം വീപ്പയേ ആകൂ. അത്രയുമായാൽ തന്നെ കോവിഡിനു മുമ്പത്തെ ആവശ്യത്തിൻ്റെ 60 ശതമാനമേ വരൂ. 2023-ലേ ഉപയോഗം 2019-ലെ നിലയിൽ എത്തൂ എന്നാണ് ഐഇഎ കണക്കാക്കുന്നത്.

ഇന്ത്യയെ തഴഞ്ഞ സൗദിയെ തള്ളി ഇന്ത്യ

ഇതിനിടെ ഇന്ത്യ എണ്ണക്കാര്യത്തിൽ സൗദി അറേബ്യയെ അവഗണിച്ച് അമേരിക്കയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. സൗദി അറേബ്യയുമായി ഇക്കഴിഞ്ഞ മാസങ്ങളിൽ എണ്ണക്കാര്യത്തിൽ ഇന്ത്യക്ക് ഉടക്കേണ്ടി വന്നു. ഇതേ തുടർന്ന് ഇന്ത്യ സൗദിയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറച്ചു; പകരം അമേരിക്കയിൽ നിന്നു കൂടുതൽ എണ്ണ വാങ്ങി.
ഉൽപാദനം വർധിപ്പിച്ച് വില താഴ്ത്താൻ സഹായിക്കണമെന്ന് ഒപെകിൻ്റെ നായകസ്ഥാനത്തുള്ള സൗദിയോട് ഇന്ത്യ പലവട്ടം അഭ്യർഥിച്ചു. വില വർധന ഇന്ത്യക്കും മറ്റും വലിയ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ അഭ്യർഥന. ഇത് അവർ ചെവിക്കൊണ്ടില്ല. എന്നു മാത്രമല്ല പരിഹസിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തീരെ കുറഞ്ഞ വിലയ്ക്കു വാങ്ങി റിസർവായി സൂക്ഷിക്കുന്ന ക്രൂഡ് ഉപയോഗിച്ചു കൂടേ എന്നായിരുന്നു പരിഹാസച്ചോദ്യം.
ഇതോടെ സൗദിയിൽ നിന്നുള്ള വാങ്ങൽ ഇന്ത്യ കുറച്ചു. ഫെബ്രുവരിയിൽ സൗദിയിൽ നിന്നുള്ള ഇറക്കുമതി തലേമാസത്തേതിൽ നിന്ന് 42 ശതമാനം കുറച്ചു. ഇറാക്ക് കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായിരുന്ന സൗദി ഇതോടെ നാലാം സ്ഥാനത്തായി. അമേരിക്ക രണ്ടാം സ്ഥാനത്തേക്കു കയറി. ഫെബ്രുവരിയിൽ യുഎസിൽ നിന്നുള്ള ഇറക്കുമതി 48 ശതമാനമാണു വർധിപ്പിച്ചത്.
മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ യെ നൈജീരിയ നാലാം സ്ഥാനത്തേക്കു തള്ളി.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it