ഉയർന്നു തുടങ്ങാൻ വിപണി; കാറുകൾക്കു വില കൂടും; വായ്പാ മോറട്ടോറിയം കേസിലെ വിധി നിർണായകം

ദിശാബോധം കിട്ടാതെ വിപണി നീങ്ങുന്നു. ഉയരങ്ങളിൽ വിൽപന സമ്മർദം. ഉയർന്ന വളർച്ച സാധ്യത താഴോട്ടു പോകുന്നതിൽ നിന്നു തടയുന്നു. മ്യൂച്വൽ ഫണ്ടുകളിൽ നിന്നു പണം പിൻവലിക്കുന്നുണ്ടെങ്കിലും വിപണിയിലേക്കു പണവരവ് കൂടുന്നതേ ഉള്ളു.

തിങ്കളാഴ്ച ഏറിയ സമയവും ഓഹരി സൂചികകൾ ഗണ്യമായ താഴ്ചയിലായിരുന്നെങ്കിലും ക്ലോസിംഗിൽ നാമമാത്ര താഴ്ചയേ ഉണ്ടായുള്ളു. യൂറോപ്പും അമേരിക്കയും ഇന്നലെ ചെറിയ ഉയരത്തിൽ ക്ലോസ് ചെയ്തു. അമേരിക്കയിൽ സർക്കാർ കടപ്പത്രവില നേരിയ തോതിൽ ഉയർന്നു. ഇന്ത്യയിൽ ഒരു ഗഡു കടപ്പത്രലേലം കാൻസൽ ചെയ്തത് വില അൽപം കൂട്ടി. കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം 6.18 ശതമാനത്തിലേക്കു താണു. കോവിഡ് ആശങ്കയും നിയന്ത്രണങ്ങളും വർധിച്ചു വരുന്നതു വിപണിയുടെ കുതിപ്പിനു തടസമാണ്.
ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യയിൽ ഓഹരികൾ ഉയർന്നാണു തുടങ്ങിയത്‌. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,779.5 ലാണു ക്ലോസ് ചെയ്തത്. രണ്ടാം സെഷനിൽ 14,802 വരെ കയറി. നിഫ്റ്റി ക്ലോസിംഗിനേക്കാൾ ഗണ്യമായി ഉയർന്ന നിലയാണത്. ഇന്നു സൂചികകളുടെ തുടക്കം ഉയരത്തിലാകുമെന്നാണ് സൂചന.
നിഫ്റ്റി 14,700നു മുകളിൽ നിന്നാൽ 14,900-ലേക്കു കയറാനുള്ള ആക്കം കിട്ടുമെന്ന് സാങ്കേതിക വിശകലനക്കാർ പറയുന്നു. 14,600-ൽ നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്.
ബാങ്ക് വായ്പകളുടെ മോറട്ടോറിയം സംബന്ധിച്ച കേസിലെ സുപ്രീം കോടതി വിധി ഇന്നുണ്ടായേക്കും. ബാങ്കുകൾക്കും റിയൽ എസ്റ്റേറ്റ്, പവർ, ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്കും നിർണായകമാണു വിധി.

ക്രൂഡിൽ ആശ്വാസം

ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.04 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം.
സ്വർണ വിപണിയിലും വലിയ ചലനമില്ല. ഔൺസിന് 1737 ഡോളറിലാണ് ലോക വിപണിയിൽ സ്വർണം.
രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ നിരക്ക് 15 പൈസ താണ് 72.38 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണു രൂപയ്ക്കു നേട്ടം. ക്രൂഡ് വില താണു നിൽക്കുന്നതാണ് രൂപയെ ശക്തമാക്കുന്നത്.

മോറട്ടോറിയം കേസിലെ വിധി ഇന്ന്

കോവിഡ് ലോക്ക് ഡൗണിനെ തുടർന്നു ബാങ്ക് വായ്പകൾക്ക്ക്നുക് അനുവദിച്ച മോറട്ടോറിയം കാലാവധി നീട്ടുന്നതു സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുംം ഹർജികളിൽ ഉണ്ട്. മുഴുവൻ പലിശയുംം ഒഴിവാക്കിയാൽ ബാങ്കുകൾക്ക് ആറു ലക്ഷം കോടി രൂപയുടെ ബാധ്യത വരുമെന്ന് ഗവണ്മെൻ്റ് കോടതിയിൽ പറഞ്ഞിരുന്നു.
പലിശയും ഗഡുവും മുടങ്ങിയ വായ്പകളെ നിഷ്ക്രിയ ആസ്തി (എൻപിഎ)കളായി പ്രഖ്യാപിക്കുന്നതും കോടതി സ്റ്റേ ചെയ്തിരുന്നു.
റിയൽ എസ്റ്റേറ്റ്, ഊർജ മേഖലകളിലെ കമ്പനികളാണു പ്രധാന ഹർജിക്കാർ. കേസ് വിധി ബാങ്കുകൾക്കു നിർണായകമാണ്.

കടമെടുക്കൽ അൽപം കുറച്ചു

കേന്ദ്ര സർക്കാർ 2020-21 വർഷത്തെ കടമെടുപ്പ് അൽപം കുറച്ചു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന 20,000 കോടി രൂപയുടെ കടപ്പത്രലേലം കാൻസൽ ചെയ്തു.
ഈ വർഷം മൊത്തം 12.8 ലക്ഷം കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിക്കാനാണു പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് ചെയ്തിരുന്നത്. അവസാന ഗഡു കാൻസൽ ചെയ്തത് ഗവണ്മെൻ്റിൻ്റെ പണനില തൃപ്തികരമായതിനാലാണ്. പുതുക്കിയ ബജറ്റ് പ്രതീക്ഷയേക്കാൾ മെച്ചമാണു നികുതി പിരിവ്. നികുതിയിൽ വരുമാനവും മെച്ചപ്പെട്ടു.
കടപ്പത്രലേലം വേണ്ടെന്നു വച്ചെങ്കിലും മൊത്തം കടമെടുപ്പ് കുറഞ്ഞു എന്നു വരുന്നില്ല. മുൻ ലേലങ്ങളിൽ പ്രഖ്യാപിത തുകയേക്കാൾ കൂടുതൽ കടപ്പത്രം വിറ്റിട്ടുണ്ട്. രജിസ്ട്രിയിലെ കണക്കുകൾ വന്നാലേ കൃത്യ തുക അറിവാകൂ.

മാരുതി കാറുകൾക്കു വില കൂട്ടുന്നു

ഏപ്രിലിൽ കാറുകളുടെ വില കൂട്ടുമെന്നു മാരുതി സുസുകി. എല്ലാ മോഡലുകൾക്കും വില കൂട്ടുമെന്ന സൂചനയാണു കമ്പനി നൽകിയത്. എത്ര ശതമാനം കൂട്ടുമെന്നു പറഞ്ഞില്ല. ജനുവരി 18-ന് ആൾട്ടോ അടക്കം ഏതാനും മോഡലുകൾക്കു വില കൂട്ടിയതാണ്.
സ്റ്റീൽ അടക്കം അസംസ്കൃത പദാർഥങ്ങൾക്കും ഘടകങ്ങൾക്കും വില വർധിച്ച സാഹചര്യത്തിലാണു കാർ വില കൂട്ടുന്നത്. കഴിഞ്ഞ മാർച്ചിൽ 39,200 രൂപ ഉണ്ടായിരുന്ന ഹോട്ട് റോൾഡ് സ്റ്റീൽ കോയിലിന് 56,000 രൂപയായി വില. മറ്റു ലോഹങ്ങൾക്കും ഗ്ലാസിനും പെയിൻ്റിനും റബറിനും വില കൂടി.
മാരുതി വർധിപ്പിച്ചാൽ മറ്റു കമ്പനികളും കാർ വില വർധിപ്പിക്കും. ഒന്നു മുതൽ മൂന്നു വരെ ശതമാനം വില വർധനയാണു പ്രതീക്ഷിക്കുന്നത്.

വളർച്ച പ്രതീക്ഷ ഉയർത്തി റേറ്റിംഗ് ഏജൻസികൾ

ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ പ്രതീക്ഷ ഉയർത്തി റേറ്റിംഗ് ഏജൻസികൾ. മൂഡീസ് അനലിറ്റിക്സും ഫിച്ച് റേറ്റിംഗ്സുമാണ് ഈ ദിവസങ്ങളിൽ ഇന്ത്യയുടെ വളർച്ച നിരക്ക് കൂടുമെന്നു പറഞ്ഞത്.
2021 കലണ്ടർ വർഷത്തെ ജിഡിപി വളർച്ച 12 ശതമാനമാകുമെന്നു മൂഡീസ് കഴിഞ്ഞ ദിവസം പറഞ്ഞു. നവംബറിൽ അവർ പ്രതീക്ഷിച്ചത് ഒമ്പതു ശതമാനം വളർച്ചയാണ്. മൂന്നാം പാദത്തിലെ ചെറിയ വളർച്ചയും മറ്റു സാമ്പത്തിക സൂചകങ്ങളിലെ ഉണർവും കണക്കാക്കിയാണു മൂഡീസ് പ്രതീക്ഷ ഉയർത്തിയത്.
ഫിച്ച് നേരത്തെ 11 ശതമാനം വളർച്ചയാണ് 2021-22 ധനകാര്യ വർഷം ഇന്ത്യക്കുണ്ടാകുമെന്ന് കണക്കാക്കിയിരുന്നത്. കഴിഞ്ഞ ദിവസം അത് 12.8 ശതമാനത്തിലേക്ക് ഉയർത്തി.
ഒക്ടോബർ - ഡിസംബറിൽ 0.4 ശതമാനം ജിഡിപി വളർച്ച ഉണ്ടായതും പിന്നീടു സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെട്ടതും അടുത്ത വർഷത്തെപ്പറ്റി പ്രതീക്ഷ വളർത്തുന്നതായി ഏജൻസി വിലയിരുത്തി.
2022-23 ലെ ജിഡിപി വളർച്ച 5.8 ശതമാനമേ വരൂ എന്നും ഫിച്ച് കണക്കാക്കുന്നു. ഡിസംബറിലെ അവരുടെ നിഗമനം 6.3 ശതമാനം വളർച്ചയായിരുന്നു.
റേറ്റിംഗ് ഏജൻസി ക്രിസിൽ ഇവയിൽ നിന്നു വ്യത്യസ്തമായാണു ചിന്തിക്കുന്നത്. 202l-22-ൽ 11 ശതമാനം വളർച്ചയേ അവർ പ്രതീക്ഷിക്കുന്നുള്ളു. തുടർന്നുള്ള മൂന്നു വർഷം ശരാശരി 6.3 ശതമാനം വളർച്ച അവർ കണക്കാക്കുന്നു.

ഡിവിഷൻ ബെഞ്ചിൽ ബിയാനിക്ക് ആശ്വാസം

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ വിഭാഗം വിൽക്കുന്നതിനു വിലക്കു ചുമത്തിയ സിംഗിൾ ബെഞ്ച് വിധി ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഏപ്രിൽ 30 നാണു ബെഞ്ച് ഇനി കേസ് പരിഗണിക്കുക.
ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് റിലയൻസിനു നൽകാനുള്ള തീരുമാനത്തിനെതിരേ ആമസാേൺ നടത്തുന്ന നിയമയുദ്ധത്തിലാണ് പുതിയ ഉത്തരവ്. ഫ്യൂച്ചർ ഉടമ കിഷോർ ബിയാനിക്ക് ഈ വിധി ആശ്വാസം പകരുന്നു.
കമ്പനി നിയമ ട്രൈബ്യൂണലിൻ്റെ പരിഗണനയിലാണു ലയന നിർദേശം ഇപ്പാേൾ. ട്രൈബ്യൂണലിൻ്റെ അനുമതി കിട്ടിയിട്ടു വേണം ഓഹരി ഉടമകളുടെ അംഗീകാരത്തിനു സമർപ്പിക്കാൻ. അത്തരം നീക്കങ്ങളെല്ലാം തടയുന്നതായിരുന്നു സിംഗിൾ ബെഞ്ച് വിധി.
റിലയൻസുമായുള്ള ഇടപാട് അതിവേഗം നടന്നില്ലെങ്കിൽ പാപ്പരാകുമെന്ന അവസ്ഥയിലാണു ഫ്യൂച്ചർ ഗ്രൂപ്പ്. 17,000 കോടിയിൽപരം രൂപയുടെ കടബാധ്യതയുണ്ട്. 24,713 കോടി രൂപയ്ക്കാണു റിലയൻസുമായുള്ള ഇടപാട്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it