Top

പ്രത്യാശാകിരണം തേടി വിപണി; ഐ എം എഫ് നൽകുന്നതു മുന്നറിയിപ്പ്; ചരക്കുനീക്കത്തിൻ്റെ ആർട്ടറിയിൽ ബ്ലോക്ക്

വിപണിയിൽ ഇരുണ്ട നിഴലുകൾ വർധിക്കുന്നു. പ്രത്യാശയുടെ കിരണങ്ങൾ കുറയുന്നു. കോവിഡിൻ്റെ രണ്ടാം തരംഗത്തെപ്പറ്റി ഭയം വേണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ഇന്നലെ പറഞ്ഞു. 100 ദിവസം കൊണ്ട് ഈ തരംഗം അവസാനിക്കുമെന്ന് എസ്ബിഐ റിസർച്ചിൻ്റെ റിപ്പോർട്ടിൽ പറയുന്നു. പകർച്ചവ്യാധിയെപ്പറ്റി പറയേണ്ടവർ ഇങ്ങനെയൊന്നും പറയാത്തതിനാൽ വിപണി ഇതൊന്നും കേട്ടതായി നടിക്കുന്നില്ല.

ഇന്നലത്തെ തകർച്ച കൂടിയായപ്പോൾ സെൻസെക്സ് ഫെബ്രുവരിയിലെ റിക്കാർഡ് നിലയിൽ നിന്ന് 7.8 ശതമാനം താഴെയായി. നിഫ്റ്റി 7.2 ശതമാനം താഴെയാണ്. വിപണി മൂല്യം 200 ലക്ഷം കോടി രൂപയ്ക്കു താഴെയായതോടെ നിക്ഷേപകരുടെ നഷ്ടം 10 ലക്ഷം കോടി രൂപയിലധികമായി.

വിദേശികൾ വിൽപനക്കാരായപ്പോൾ

സമീപനാളുകളിൽ ഇന്ത്യൻ വിപണിയെ താങ്ങി നിർത്തിയിരുന്ന വിദേശ നിക്ഷേപകർ രണ്ടു ദിവസമായി വലിയ തോതിൽ വിറ്റഴിക്കുകയാണ്.ബുധനാഴ്ച 1952 കോടിയുടെ ഓഹരികൾ വിറ്റ അവർ ഇന്നലെ 3383.6 കോടി രൂപയുടെ ഓഹരികൾ വിറ്റു. മാർച്ചിലെ മൊത്തം നിക്ഷേപത്തിൻ്റെ 20 ശതമാനത്തോളം വരും രണ്ടു ദിവസത്തെ വിൽപന. ഇന്നു കൂടി വിദേശികൾ വിൽപനക്കാരായാൽ വിപണിക്ക് വലിയ താഴ്ച നേരിട്ടെന്നു വരും.
നിഫ്റ്റി 14,350 ലെ താങ്ങ് ഭേദിച്ചു താഴോട്ടു നീങ്ങിയത് ഒട്ടും ശുഭകരമല്ലെന്നാണ് സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നത്. ഇപ്പോഴത്തെ നിലയിൽ നിന്നു താഴ്ന്നാണു വെള്ളിയാഴ്ച ക്ലോസ് ചെയ്യുന്നതെങ്കിൽ 13,600 വരെ നിഫ്റ്റി വീണേക്കാം. ഉയർന്നു നീങ്ങിയാൽ 14,900 ശക്തമായ തടസം സൃഷ്ടിക്കും.

സമ്മിശ്ര സൂചനകൾ

ഇന്നലെ യൂറോപ്യൻ സൂചികകൾ സമ്മിശ്രമായിരുന്നു. അമേരിക്കൻ സൂചികകൾ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ ഉയർച്ചയോടെ ക്ലോസ് ചെയ്തു. ഇന്ന് അവയുടെ ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്.
ജപ്പാനിൽ നിക്കൈ സൂചിക ഇന്നു രാവിലെ ഒരു ശതമാനത്തിലധികം ഉയർന്നു. മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. എസ് ജി എക്സ് നിഫ്റ്റി ആദ്യ സെഷൻ അവസാനിപ്പിച്ചത് 14,485 എന്ന ഉയർന്ന നിലയിലാണ്. ഒരു ആശ്വാസ റാലി പ്രതീക്ഷിക്കുന്നു എന്നാണ് ഇതിലെ സൂചന.

കോവിഡ് വളർച്ചയെ ബാധിക്കുമോ?

കോവിഡ് വ്യാപനം മഹാരാഷ്ട്ര പോലെ വ്യവസായങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ വർധിക്കുന്നത് അടുത്ത ധനകാര്യ വർഷത്തെ വളർച്ച പ്രതീക്ഷ കുറയ്ക്കാൻ കാരണമാകുമെന്ന് നൊമുറ മുന്നറിയിപ്പ് നൽകി. നിരവധി പട്ടണങ്ങളിലും ജില്ലകളിലും ഭാഗിക ലോക്ക് ഡൗൺ നടപ്പാക്കുകയാണ്. ഇതെല്ലാം ചരക്കുനീക്കത്തിനും ബിസിനസിനും തടസമാണ്. രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്കു തടസമാകും ഇതെന്ന് പരക്കെ ആശങ്കയുണ്ട്.
നൊമുറയുടെ ബിസിനസ് റിസംഷൻ ഇൻഡെക്സ് ഫെബ്രുവരിയിലെ 99-ൽ നിന്ന് മാർച്ചിൽ 95-നു താഴേക്കു നീങ്ങി. ഇത് അപായസൂചനയാണെന്നു നൊമുറ പറയുന്നു.
അടുത്ത വർഷത്തെ വളർച്ചയെപ്പറ്റി ആശങ്ക ഉണ്ടെന്നു ചീഫ് സ്റ്ററ്റിസ്റ്റീഷൻ ഓഫ് ഇന്ത്യ ആയി വിരമിച്ച പ്രണാബ് സെനും പറഞ്ഞു.
ഇതിനു ശേഷമാണു 2021-22 വളർച്ച പ്രതീക്ഷ തിരുത്തേണ്ട കാര്യമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞത്. പത്തു ശതമാനത്തിലേറെ വളർച്ചയാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ഐഎംഎഫിനും ആശങ്ക

ഇന്ത്യയുടെ വളർച്ച സാവധാനമാണെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ എം എഫ്) ഇന്നു രാവിലെ പറഞ്ഞു. കോവിഡിൻ്റെ രണ്ടാം വരവിനെപ്പറ്റി ഐഎംഎഫ് വക്താവ് ജെറി റൈസ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഏപ്രിൽ ആറിനാണ് ഐഎംഎഫ് പുതുക്കിയ വളർച്ച പ്രതീക്ഷ വെളിപ്പെടുത്തുക.
രാജ്യത്ത് അര ലക്ഷത്തിലധികം പേർ പ്രതിദിനം രോഗബാധിതരാകുന്ന സാഹചര്യമാണുള്ളത്. വാക്സിനേഷൻ ഇതുവരെ അഞ്ചു ശതമാനം ജനങ്ങളിൽ പോലും എത്തിയിട്ടില്ല. വാക്സിൻ കയറ്റുമതി നിരോധിക്കേണ്ടി വന്ന സാഹചര്യം നല്ല സൂചനയല്ല നൽകുന്നത്.
ഏതായാലും ബാങ്കുകൾ അടക്കമുള്ള മിക്ക മേഖലകളിലും നിക്ഷേപകർ വിൽപനക്കാരാണ്. ഫാർമ കമ്പനികളിൽ താൽപര്യം വർധിച്ചു.

സൂയസ് അടഞ്ഞുതന്നെ

സൂയസ് കനാലിലൂടെയുള്ള ഗതാഗതം ഇനിയും ദിവസങ്ങളോളം മുടങ്ങുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചു. രണ്ടറ്റവും മണലിൽ ഉറച്ചു പോയ കൂറ്റൻ കണ്ടെയ്‌നറിനു രണ്ടു ലക്ഷം ടൺ ഭാരമുണ്ട്. സൂയസിനു പകരം ആഫ്രിക്ക ചുറ്റിയുള്ള കപ്പൽയാത്രയ്ക്ക് അഞ്ചു ദിവസം അധികമായി വേണം. ലോകത്തിലെ ചരക്കു കപ്പൽ നീക്കത്തിൻ്റെ 12 ശതമാനം സൂയസിലൂടെയാണ്.

ക്രൂഡിൽ കയറ്റം

സൂയസ് പ്രശ്നത്തെ തുടർന്ന് വീപ്പയ്ക്ക് 64 ഡോളറിനു മുകളിലേക്കു കയറിയ ക്രൂഡ് ഓയിൽ വില ഇന്നലെ 61 ഡോളറിലേക്കു താണിരുന്നു. എന്നാൽ കനാൽ ഉടനെ തുറക്കില്ലെന്നായതോടെ വില 62.64 ഡോളറിലേക്കുയർന്നു.
ഡോളർ നിരക്ക് ഉയർന്നു നിൽക്കുന്നു. ഇന്നലെ ഡോളറിന് ഏഴു പൈസ കൂടി 72.62 രൂപയായി.
സ്വർണ വില ലോകവിപണിയിൽ 1745 ഡോളർ വരെ കയറിയിട്ട് 1727-ലേക്കു താണു.
ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ് കോയിൻ 51,000 ഡോളറിലേക്കു താണു.ടെസ്ല കാർ വാങ്ങാൻ ബിറ്റ് കോയിൻ ഉപയോഗിക്കാം എന്ന ഇലോൺ മസ്കിൻ്റെ പ്രഖ്യാപനം വിപണിയിൽ ചലനമുണ്ടാക്കിയില്ല.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it