സൂയസ് തുറന്നിട്ടും ക്രൂഡ് വില ഉയരുന്നു; പലിശ കൂടുമെന്നു വീണ്ടും നിഗമനം; ഹെഡ്ജ് ഫണ്ട് തകർച്ച നിക്ഷേപ ബാങ്കുകളെ ഉലയ്ക്കുന്നു; ആശ്വാസ റാലി തുടരുമെന്ന് പ്രതീക്ഷ

പഴയ ആശങ്കകൾ വീണ്ടും. സൂയസ് കനാലിലെ തടസം നീങ്ങിയെങ്കിലും ക്രൂഡ് ഓയിൽ വില ഉയർന്നു. അമേരിക്കയിൽ വീണ്ടും കടപ്പത്ര വിലകൾ താണു. അമേരിക്കയിൽ നികുതിയും പലിശയും വർധിപ്പിക്കാതെ പറ്റില്ലെന്ന നിഗമനം വീണ്ടും വിപണിയിൽ ശക്തമായി. ആർക്കേഗോസ് കാപ്പിറ്റൽ എന്ന ഹെഡ്ജ് ഫണ്ടിൻ്റെ തകർച്ച വലിയ നിക്ഷേപ ബാങ്കുകൾക്ക് കനത്ത നഷ്ടം വരുത്തി.

ഇന്ത്യൻ വിപണി അവധിയിലായിരുന്ന ഒരു ദിവസം ലോക വിപണികൾ സമ്മിശ്രമായിരുന്നു. ഏഷ്യ ഉയർന്നെങ്കിലും യൂറോപ്പും അമേരിക്കയും ദൗർബല്യം കാണിച്ചു. ഡൗ ജോൺസ് ചെറിയ ഉയർച്ച കാണിച്ചു. എന്നാൽ നാസ്ഡാക് അടക്കം മറ്റു സൂചികകളെല്ലാം താണു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ ഉയർച്ചയിലാണ്. യുഎസ് സൂചികകളുടെ അവധി വ്യാപാരവും ഉയർച്ച കാണിച്ചു. എസ്ജിഎക്സ് നിഫ്റ്റി 14,741-ലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 14,736-ലാണ് വ്യാപാരം നിഫ്റ്റിയുടെ ക്ലോസിംഗിനെക്കാൾ ഗണ്യമായ ഉയർച്ച ഇതു കാണിക്കുന്നു. ഇന്നു രാവിലെ വിപണി നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണ് ഇതിൽ കാണുന്നത്. വെള്ളിയാഴ്ചത്തെ ആശ്വാസ റാലി തുടരുമെന്നു പലരും കരുതുന്നു.
അമേരിക്കയിൽ 10 വർഷ സർക്കാർ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 1.714 ശതമാനം ലഭിക്കാവുന്ന വിധം കടപ്പത്ര വില താണു.വെള്ളിയാഴ്ച 1.6-നു താഴെയായിരുന്നു നിക്ഷേപ നേട്ടം. യു എസ് പലിശ നിരക്ക് ഗണ്യമായി കൂടുമെന്ന നിഗമനത്തിലാണു കടപ്പത്ര നിക്ഷേപകർ. ഇന്ത്യയിലും ഇതേ രീതിയിൽ കടപ്പത്രവിലകൾ താണേക്കും.

ക്രൂഡ് വില വീണ്ടും വർധിച്ചു

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) റഷ്യ അടക്കമുള്ള മിത്ര രാജ്യങ്ങളുമായി ചേർന്ന് മേയ് മാസത്തെ ഉൽപ്പാദന ലക്ഷ്യം ഈയാഴ്ച തീരുമാനിക്കും. നിലവിലെ ക്വോട്ട തുടരുക എന്നതാകും തീരുമാനം എന്നാണു സൂചന. ഉൽപാദനം കൂട്ടാൻ ഇടയില്ലെന്ന റിപ്പോർട്ടുകളെ തുടർന്നു ബ്രെൻ്റ് ഇനത്തിനു വില 65 ഡോളറിനു മുകളിലായി. ഉയർന്ന ക്രൂഡ് വില ഇന്ത്യക്കും ദോഷമാണ്.
സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 1705 ഡോളർ വരെ തിങ്കളാഴ്ച താണു. ഇന്നു രാവിലെ വില 1714 ഡോളറിലേക്കു കയറി.

രഹസ്യവ്യാപാരങ്ങൾ പൊളിഞ്ഞപ്പോൾ ...

ആർക്കേഗോസ് കാപ്പിറ്റൽ എന്ന ഹെഡ്ജ് ഫണ്ട് തകർന്നത് അവർക്കു വായ്പ നൽകിയതും ഇടപാടുകൾക്ക് ഇടനിലക്കാരായതുമായ നൊമുറ, ക്രെഡിറ്റ് സ്വിസ്, ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, യുബി എസ്, ഡോയിച്ച് ബാങ്ക് തുടങ്ങിയവയക്കു നഷ്ടം വരുത്തി. ആർക്കേഗോസ് ഈടുവച്ചിരുന്ന വയാകോം, ഡിസ്കവറി, ബൈഡു, ടെൻസെൻ്റ് തുടങ്ങിയ ഓഹരികൾ വിറ്റഴിച്ച് നഷ്ടം കുറയ്ക്കാൻ ബാങ്കുകൾ ശ്രമിച്ചത് ആ ഓഹരികളുടെ വിലയിടിച്ചു.
കനത്ത നഷ്ടം വരുമെങ്കിലും നിക്ഷേപ ബാങ്കുകൾ പൊളിയില്ല എന്നാണ് ഇതുവരെയുള്ള സൂചനകൾ. തങ്ങളുടെ നിക്ഷേപം ഏതൊക്കെയാണെന്ന് ഒരിടത്തും വെളിപ്പെടുത്താതെ ശതകോടികളുടെ നിക്ഷേപം നടത്താവുന്ന ഡെറിവേറ്റീവ് ഇടപാടുകളാണ് ഈ ഹെഡ്ജ് ഫണ്ട് നടത്തിയിരുന്നത്. വികസ്വര രാജ്യങ്ങളിൽ വന്നു സുതാര്യതയെയും വെളിപ്പെടുത്തലുകളെയും പറ്റി പ്രഘോഷണം നടത്തുന്ന നിക്ഷേപ ബാങ്കുകളാണ് ഈ ഇരുണ്ട വ്യാപാരത്തിന് സഹായം ചെയ്തിരുന്നതും വായ്പ നൽകിയതും. അവ തന്നെ നഷ്ടവും സഹിക്കേണ്ടി വരും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it