ബുള്ളുകൾ വീണ്ടും പ്രതീക്ഷയോടെ; ഡോളർ കയറുമ്പോൾ സന്തോഷം ആർക്ക് ? സ്വർണത്തിനു ഗതി താഴോട്ട്

ആശ്വാസറാലി ബുള്ളുകളുടെ തിരിച്ചുവരവിൻ്റെ ആവേശത്തിനു വഴിമാറിയപ്പോൾ ഇന്നലെ നിക്ഷേപക സമ്പത്ത് 3.54 ലക്ഷം കോടി രൂപ കണ്ട് വർധിച്ചു. ബിഎസ്ഇയുടെ വിപണിമൂല്യം 204.81 ലക്ഷം കോടി രൂപയായി. സെൻസെക്‌സ് 1128.08 പോയിൻ്റ് (2.3 ശതമാനം) ഉയർന്നാണ് 50,136.58 ൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 337.8 പോയിൻ്റ് (2.33 ശതമാനം) ഉയർന്ന് 14,845.1 ൽ ക്ലാേസ് ചെയ്തു.

റിയൽറ്റി ഒഴികെ എല്ലാ വിഭാഗങ്ങളും ഇന്നലെ ഉയർച്ച കാണിച്ചു.
സ്റ്റീൽ വില ഉയർത്താൻ പോകുന്നു എന്ന റിപ്പോർട്ട് സ്റ്റീൽ കമ്പനികളുടെ വില കൂട്ടി.
ഇന്നലെ യൂറോപ്യൻ ഓഹരികൾ നല്ല നേട്ടമുണ്ടാക്കി. എന്നാൽ അമേരിക്കൻ സൂചികകൾ ചെറിയ തോതിൽ താഴോട്ടു പോയി. ഇന്നു രാവിലെ യുഎസ് സൂചികകളുടെ അവധി വ്യാപാരം ഉയർച്ചയിലാണ്. ജപ്പാനിൽ ഓഹരികൾ താഴോട്ടാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങൾ ചെറിയ ഉയർച്ച കാണിച്ചു.
എസ്ജിഎക്സ് നിഫ്റ്റി 14,908-ലാണ് ആദ്യ സെഷൻ ക്ലോസ് ചെയ്തത്. രണ്ടാമത്തെ സെഷനിൽ 14,945-ലേക്കു കയറി. ഇന്നും നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ബുള്ളിഷ് പ്രതീക്ഷ

വിപണി വീണ്ടും ബുളളിഷ് ആയെന്നു സാങ്കേതിക വിശകലനക്കാർ കരുതുന്നു. വരും ദിവസങ്ങളിൽ 15,300 ലക്ഷ്യമിട്ടാകും നിഫ്റ്റി നീങ്ങുക എന്ന് അവർ കരുതുന്നു.
ബാങ്ക് നിഫ്റ്റി ഇന്നലെ വലിയ കയറ്റം കാണിച്ചില്ല എങ്കിലും നിർണായകമായ ഒരു തടസം മറികടന്നതിനാൽ ഇന്ന് ബാങ്ക് ഓഹരികൾ കാര്യമായ നേട്ടമുണ്ടാക്കുമെന്നു കരുതുന്നവരുണ്ട്.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഒപെക് പ്ലസ് വാരാന്ത്യത്തിൽ ഉൽപാദനം സംബന്ധിച്ചു തീരുമാനമെടുക്കും. മേയ് മാസത്തിൽ ഉൽപാദനം ഏപ്രിലിലെ തോതിൽ നിലനിർത്താനാകും തീരുമാനം. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.42 ഡോളറാണ്.

സ്വർണം താഴോട്ട്

സ്വർണവില വീണ്ടും താണു. ഡോളറിൻ്റെ നിരക്ക് ഉയരുന്നതും യുഎസ് പലിശ കൂടുമെന്ന ധാരണയുമാണു സ്വർണത്തിൽ നിന്ന് നിക്ഷേപകരെ അകറ്റുന്നത്. 1700 ഡോളറിനു താഴോട്ടു നീങ്ങിയ സ്വർണം ഇന്നു രാവിലെ 1684 ഡോളറിലാണ്. കേരളത്തിലും സ്വർണ വില ഇന്നു കുറയും. ഡോളറിൻ്റെ നിരക്ക് കൂടുന്നതിനാൽ വിദേശത്തെ ഇടിവ് ഇവിടെ അതേ തോതിൽ ഉണ്ടാകില്ല.
മാർച്ച് മാസത്തിൽ ഇന്നലെ വരെ പവന് 1360 രൂപ കുറഞ്ഞിരുന്നു. ജനുവരി-മാർച്ച് മൂന്നു മാസക്കാലത്തെ വിലയിടിവ് പവന് 5320 രൂപയാണ്. കഴിഞ്ഞ ഓഗസ്റ്റിലെ റിക്കാർഡ് വിലയായ 42,000 രൂപയിൽ നിന്ന് 8920 രൂപ താണിട്ടുണ്ട്. 21 ശതമാനം താഴ്ച.

രൂപ ഇനിയും താഴും; കയറ്റുമതിക്കാർക്കു നേട്ടം

അമേരിക്കൻ ഡോളർ വീണ്ടും കരുത്താർജിച്ചു. മറ്റു കറൻസികൾ പോലെ രൂപയും താഴോട്ടു പോയി. ഇന്നലെ 86 പൈസ (1.194 ശതമാനം) യാണു ഡോളറിനു കൂടിയത്. ഇതോടെ ഡോളറിന് 73.38 രൂപയായി. ഡോളർ ഇനിയും നേട്ടമുണ്ടാക്കുമെന്നാണു ധാരണ.
അമേരിക്ക മൂന്നു ലക്ഷം കോടി ഡോളറിൻ്റെ വമ്പൻ വികസന പദ്ധതി ഇന്നു പ്രഖ്യാപിക്കാൻ പോകുന്നതാണ് പെട്ടെന്നു ഡോളറിനു കരുത്തായത്. യുഎസ് പലിശനിരക്ക് ഉയരുന്നതിലേക്ക് ഇതു നയിക്കുമെന്ന വിശ്വാസമാണു വിപണിക്കുള്ളത്. 2021-ൽ യുഎസ് ഫെഡ് നിരക്കു വർധിപ്പിക്കാനുള്ള സൂചന നൽകുമെന്നാണ് അഭ്യൂഹം.
രൂപയുടെ വിനിമയ നിരക്ക് താഴുന്നതു കയറ്റുമതി രംഗത്തു രാജ്യത്തിനു നേട്ടമാണ്. ഐടി സേവന കമ്പനികളുടെ വരുമാനവും കൂടും. എന്നാൽ രാജ്യത്തെ ഇന്ധന ആവശ്യത്തിൻ്റെ 85- 90 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതി വഴിയായതിനാൽ വിലക്കയറ്റത്തിന് രൂപയുടെ ഇടിവ് വഴിതെളിക്കും.
ഇപ്പോൾ തന്നെ ഇന്ത്യയുടെ ചില്ലറ വിലക്കയറ്റം അപകടകാരിയായ നിലയിലാണെന്ന് മൂഡീസ് അനലിറ്റിക്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ഫെബ്രുവരിയിൽ 5.6 ശതമാനമാണ്. ഭക്ഷ്യവിലക്കയറ്റം 4.3 ശതമാനമായി. ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിൽ താഴെ നിർത്തണമെന്ന നിലപാടാണു സർക്കാരിനും റിസർവ് ബാങ്കിനുമുള്ളത്. ഇതിനു ഭീഷണിയാണു രൂപയുടെ ഇടിവ്.
ഡോളർ നിരക്ക് 74 - 77 രൂപ മേഖലയിലാകും നാളെ ആരംഭിക്കുന്ന ധനകാര്യ വർഷം എന്ന് വിദേശനാണ്യ വിദഗ്ധർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. 2011-22- ൻ്റെ ആദ്യ പകുതിയിൽ 74.50 - 75.00 രൂപ മേഖലയിലും രണ്ടാം പകുതിയിൽ 75.00- 77.00 മേഖലയിലും എന്നായിരുന്നു നിഗമനം. ചൊവ്വാഴ്ചത്തെ ഡോളർ ഉയർച്ചയുടെ പശ്ചാത്തലത്തിൽ ഈ നിഗമനം തിരുത്തിയേക്കാം.
2020-21-ൽ രൂപയുടെ വിനിമയ നിരക്ക് നാലു ശതമാനം ഉയർന്ന നിലയിലായിരുന്നു തിങ്കളാഴ്ച. ഇന്നലത്തെ വീഴ്ചയോടെ രൂപയുടെ നേട്ടം മൂന്നു ശതമാനത്തിലേക്കു ചുരുങ്ങി.

ഹെഡ്ജ് ഫണ്ട് തകർച്ച വിപണിയെ ബാധിക്കുമോ?

ആർക്കേഗോസ് കാപ്പിറ്റൽ എന്ന ഹെഡ്ജ് ഫണ്ടിൻ്റെ തകർച്ച വമ്പൻ നിക്ഷേപ ബാങ്കുകൾക്ക് 600 കോടി ഡോളർ നഷ്ടം വരുത്തും എന്നാണ് ഇതുവരെയുള്ള സൂചന.1000 കോടി ഡോളറാകും നഷ്ടമെന്ന് ജെ പി മോർഗൻ ചേസ് വിലയിരുത്തുന്നു. ക്രെഡിറ്റ് സ്വിസിനു തന്നെ 300 കോടി ഡോളർ നഷ്ടം വന്നേക്കും. ഇതു വിപണിയെ സാരമായി ബാധിക്കാൻ മാത്രം വലുതല്ല. എന്നാൽ മറ്റു ഹെഡ്ജ് ഫണ്ടുകളുടെ ഊഹക്കച്ചവടങ്ങളും വായ്പയെടുത്തുള്ള വലിയ നിക്ഷേപങ്ങളും സൂക്ഷ്മമായി വിലയിരുത്താൻ വായ്പ നൽകിയവരും ബ്രോക്കറേജുകളും ഇനി ശ്രമിക്കും. അതു കൂടുതൽ മാർജിൻ പണം നൽകാൻ ഹെഡ്‌ജ് ഫണ്ടുകളെ നിർബന്ധിക്കുന്ന സാഹചര്യത്തിലേക്ക് എത്താം. അധികമാർജിൻ നൽകാൻ പറ്റാതെ വന്നാൽ ഓഹരികൾ വിറ്റ് നഷ്ടം ഒഴിവാക്കാൻ ബാങ്കുകളും ബ്രോക്കറേജുകളും തീരുമാനിച്ചെന്നു വരും. അതാണു വിപണിയെ ബാധിക്കാവുന്ന കാര്യം.

പലിശപ്പേടി വരുന്ന വഴികൾ

ചൊവ്വാഴ്ച ഇന്ത്യൻ വിപണി ക്ലോസ് ചെയ്യുംം മുമ്പേ അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 1.7321 ശതമാനമായി ഉയർന്നു. പിന്നീട് അത് 1.77 ശതമാനമായി.
പലിശനിരക്ക് ഉയരും എന്ന കണക്കുകൂട്ടലാണ് നിക്ഷേപനേട്ടം ഉയരുന്നതിനു പിന്നിലുള്ളത്. പലിശ കൂടുന്നത് യു എസ് വളർച്ചത്തോതു കൂടുന്നതിൻ്റെ ഫലമാണ്.
വളർച്ചത്തോതു കൂടുമ്പോൾ വിലകൾ കൂടും; പണപ്പെരുപ്പം വർധിക്കും. അപ്പോൾ കേന്ദ്രബാങ്ക് (ഫെഡ്) പലിശ കൂട്ടും. ഇതാണു യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപകർ കണക്കു കൂട്ടുന്നത്.
ഇന്നലെ ഈ ധാരണ പ്രബലമാകാൻ രണ്ടു കാര്യങ്ങൾ ഉണ്ടായി. ന്യൂയോർക്കിൽ 30 വയസ് കഴിഞ്ഞവർക്കും കോവിഡ് വാക്സിനേഷൻ നടത്തുമെന്നു പ്രഖ്യാപിച്ചത് ഒന്നാമത്തെ കാര്യം. ഇതു വളർച്ച പ്രതീക്ഷ കൂട്ടുന്ന കാര്യമാണ്. പ്രസിഡൻ്റ് ജോ ബൈഡൻ മൂന്നു ലക്ഷം കോടി ഡോളറിൻ്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതി ഇന്നു പ്രഖ്യാപിക്കും എന്നതാണ് അടുത്ത കാര്യം. ഇതും ജിഡിപി വളർച്ചയെ ഉത്തേജിപ്പിക്കുന്ന കാര്യമാണ്.
പലിശ കൂടും എന്നത് ഡോളറിൻ്റെ വിനിമയനിരക്കും കൂട്ടുന്ന കാര്യമാണ്. രൂപയും യൂറോയും യെനുമൊക്കെ ഈ ദിവസങ്ങളിൽ താഴോട്ടു പോയി. യുഎസ് പലിശനിരക്ക് കൂടുന്നത് നിക്ഷേപങ്ങൾ യുഎസിലേക്കു നീങ്ങാൻ പ്രേരണയാകും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it