Top

കോവിഡും രാഷ്ട്രീയവും വീണ്ടും വിഷയം; വിദേശികൾ വിൽപന തുടരുന്നു; കേന്ദ്രം പുതിയ പ്രഖ്യാപനങ്ങൾ നടത്തുമോ? കണക്കുകൾ സൂക്ഷ്മമായി പരിശാേധിക്കുക

കോവിഡ് ആശങ്കകളും രാഷ്ട്രീയ ചലനങ്ങളും വിപണിയെ സ്വാധീനിക്കാവുന്ന ഒരാഴ്ചയാണ് ഇന്നു തുടങ്ങുന്നത്. വെള്ളിയാഴ്ചത്തെ കനത്ത വിൽപന പ്രളയത്തിൽ സെൻസെക്സ് 1.98-ഉം നിഫ്റ്റി 1.77 ഉം ശതമാനം ഇടിഞ്ഞു. യൂറോപ്പും അമേരിക്കയും അന്നു താഴോട്ടായിരുന്നു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഗണ്യമായി താഴോട്ടു പോയി. ഇതും വിപണിയെ ബാധിക്കും.

എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,572.5 ലാണു ക്ലോസ് ചെയ്തത്. വിപണി താഴ്ന്ന തുടക്കം കുറിക്കുമെന്നാണ് ഇതു നൽകുന്ന സൂചന.
നാലു ദിവസത്തെ കുതിപ്പിനു വിരാമമിട്ട വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 3465 കോടി രൂപയുടെ ഓഹരികളാണു വിറ്റൊഴിഞ്ഞത്. സ്വദേശികളാകട്ടെ 1419 കോടി രൂപയുടെ വാങ്ങൽ മാത്രമേ നടത്തിയുള്ളു.
വിദേശികൾ ഇനിയും വിൽപനക്കാരായാൽ വിപണി വലിയ തിരുത്തലിലേക്കു വീഴും. നിഫ്റ്റി 14,600-ൻ്റെ സപ്പോർട്ട് നഷ്ടപ്പെടുത്തി തഴാേട്ടു നീങ്ങിയാൽ 14,450-ലാണു സപ്പോർട്ട് പ്രതീക്ഷിക്കാവുന്നത്. എന്നാൽ വിദേശികൾ വിൽപനക്കാരാകുന്ന സാഹചര്യത്തിൽ അവിടെ നിൽക്കാൻ പറ്റുമോ എന്നു കണ്ടറിയണം.
ബിജെപി ക്കു തെരഞ്ഞെടുപ്പ് നേട്ടമുണ്ടാകാത്തതു ഗവണ്മെൻ്റിൻ്റെ നിശ്ചയദാർഢ്യത്തെ ബാധിക്കില്ലെന്നു കാണിക്കാൻ ഈ ദിവസങ്ങളിൽ ശ്രമം ഉണ്ടാകാം. സുപ്രധാനമായ എന്തെങ്കിലും നടപടികൾ സാമ്പത്തിക രംഗത്തു പ്രഖ്യാപിച്ചെന്നു വരാം. അതു സംബന്ധിച്ച സൂചന ഉണ്ടായാൽ വിപണി തിരിച്ചു കയറാനുള്ള വഴിയായി അതു പയോഗിക്കും
ആഗോള വളർച്ചയെപ്പറ്റി വീണ്ടും ഗൗരവമായ ആശങ്ക ഉയർന്നിട്ടുണ്ട്. അതു ക്രൂഡ് ഓയിൽ വില താഴ്ത്തി. വീപ്പയ്ക്ക് 68.6 ഡോളർ വരെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് 66.7 ഡോളറിലേക്കു താണു. എന്നാൽ താഴ്ച താൽക്കാലികമാണെന്ന വിലയിരുത്തലും ഉണ്ട്.
സ്വർണവില ഔൺസിന് 1768-1770 ഡോളറിൽ തുടരുന്നു. ഡോളർ കരുത്താർജിച്ചതിനാൽ പെട്ടെന്ന് ഉയർച്ചയ്ക്കു വഴി കാണുന്നില്ല.

ബിജെപി നേട്ടമുണ്ടാക്കാത്തത് വിപണിയെ ബാധിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാകാതെ പോയത് ഇന്നു മേയ് മാസത്തിലെ ആദ്യ വ്യാപാരദിനത്തിൽ വിപണിയെ ബാധിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിപുലമായ പ്രചാരണപരിപാടി പശ്ചിമ ബംഗാളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
കോവിഡ് രണ്ടാം തരംഗം നരേന്ദ്ര മോദിയുടെ നേതൃത്വത്തെപ്പറ്റി സന്ദേഹമുയർത്തുന്നു എന്നതിൻ്റെ പ്രത്യക്ഷതെളിവായി ബിജെപിയുടെ മോശം പ്രകടനം. അടുത്ത വർഷത്തെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി ലഭിക്കാമെന്നു വരെ ഇതിൽ നിന്നു വായിച്ചെടുക്കുന്നവരുണ്ട്.
ദേശീയ രാഷട്രീയത്തിൽ പുതിയ ധ്രുവീകരണത്തിനു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം വഴിതെളിക്കും. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യത വലുതാണ്.
ബിജെപിയുടെ വൻവിജയം പ്രതീക്ഷിച്ചിരുന്നതാണു വിപണി. അതിനു വിപരീതമായി വന്ന ഈ ഫലം വിപണിയിൽ തിരുത്തലിനു വഴിതെളിക്കാം.

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങൾ ലോക്ക് ഡൗണിനു സമമായി മാറ്റിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിൻ്റെ തോത് കൂടിയിട്ടുമുണ്ട്. ഇവ വ്യവസായ ഉൽപാദനത്തെയും ഉപഭോഗത്തെയും ബാധിച്ചു തുടങ്ങി. വാഹന വിൽപന ഗണ്യമായി കുറഞ്ഞെന്ന് ഏപ്രിലിലെ കണക്കുകൾ കാണിക്കുന്നു.
ഈ നിലയ്ക്ക് ഈ മാസവും മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ ഏപ്രിൽ - ജൂൺ ത്രൈമാസത്തിലെ ജിഡിപി കുറയും എന്നു തീർച്ച. കഴിഞ്ഞവർഷം ഇതേ പാദത്തിൽ 24.4 ശതമാനം ഇടിവുണ്ടായതിനാൽ സാങ്കേതികമായി കുറവുണ്ടാകില്ല.ചെറിയ വളർച്ച കണക്കിൽ കാണിക്കാനുമാകും. പക്ഷേ 2019-ലെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ജിഡിപി കുറവായിരിക്കും.
കോവിഡ് രണ്ടാം തരംഗത്തിൻ്റെ മൂർധന്യത്തിലേക്ക് ഇന്ത്യ ഇനിയും എത്തിയിട്ടില്ല. മുൻപൊക്കെ വിവിധ ഗണിത മാതൃകകളുമായി വന്നിരുന്ന നീതി ആയോഗ് ഇത്തവണ അതിനൊന്നും മുതിരുന്നില്ല. അവർ ഈയിടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവചനം തെറ്റിപ്പോവുകയും ചെയ്തു. ഏപ്രിൽ മൂന്നാം വാരത്തിൽ രോഗ ബാധയുടെ മൂർധന്യം കാണാമെന്ന ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ പ്രവചനവും പാടേ തെറ്റി.

വാക്സീൻ ലഭ്യത ഉറപ്പാക്കാൻ നടപടിയില്ല

ആഗോളതലത്തിലെ പ്രതിദിന രോഗബാധയുടെ 40 ശതമാനത്തിലധികം ഇന്ത്യയിലാണിപ്പോൾ. മേക്ക് ഇൻ ഇന്ത്യയും ആത്മനിർഭർ ഭാരതും മാറ്റി വച്ച് മറ്റു രാജ്യങ്ങളിൽ നിന്ന് ഔഷധങ്ങളും വാക്സീനുകളും ഓക്സിജനും ഓക്സിജൻ കണ്ടെൻ സേറ്ററുകളും വെൻ്റിലേറ്റർ കിടക്കകളും ഡയഗ്നോസ്റ്റിക് കിറ്റുകളും ഒക്കെ തേടുകയാണ് ഇന്ത്യ.
ഇത്രയുമായിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വാക്സീനുകൾക്കു കംപൽസറി ലൈസൻസിംഗ് നടപ്പാക്കി അവയുടെ ഉൽപാദനം കൂടുതൽ കമ്പനികളിൽ നടത്തിക്കാത്തത് എന്തുകൊണ്ടാണെന്നു പലരും ചോദ്യം ചോദിച്ചു തുടങ്ങി.
18 വയസിനു മുകളിൽ 45 വയസിനു താഴെ 59 കോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇവരെ മുഴുവൻ വാക്സിനേറ്റ് ചെയ്യാൻ 122 കോടി ഡോസ് വാക്സിൻ ആവശ്യമുണ്ട്. ഇതിൻ്റെ 10 ശതമാനം പോലും ഒരു മാസം ലഭ്യമല്ല എന്നതാണു നില. കുട്ടികളും വൃദ്ധരുമടക്കം 136 കോടി ആൾക്കാരുള്ള രാജ്യത്ത് ഇതുവരെ 16 കോടിയിൽ താഴെ പേർക്കേ വാക്സിൻ നൽകിയിട്ടുള്ളു. ഈ സാഹചര്യത്തിലാണു കംപൽസറി ലൈസൻസിംഗിൻ്റെ ആവശ്യകത.

ഏപ്രിലിൽ വാഹനവിൽപന കുറഞ്ഞു

കോവിഡ് വ്യാപനവും യാത്ര - വ്യാപാര നിയന്ത്രണങ്ങള് ഏപ്രിലിൽ വാഹന വിൽപന ഇടിച്ചു. മാർച്ചിനെ അപേക്ഷിച്ചു കൂടുതൽ യാത്രാവാഹനങ്ങൾ വിൽക്കാനായത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും (ഒൻപതു ശതമാനം) ഹോണ്ട കാർസിനും ( 28 ശതമാനം) മാത്രമാണ്. മാരുതി സുസുകിക്ക് നാലു ശതമാനവും ഹ്യുണ്ടായിക്ക് എട്ടു ശതമാനവും കുറവുണ്ടായി. ടാറ്റാ മോട്ടോഴ്സിനു 15 ശതമാനവും കിയായ്ക്ക് 16 ശതമാനവും ഇടിവുണ്ടായി.
തലേ വർഷം ഏപ്രിലിൽ ലോക്ക് ഡൗൺ മൂലം വ്യാപാരം നടക്കാത്തതിനാൽ താരതമ്യം ഈ വർഷം മാർച്ചുമായിട്ടാണു നടത്തിയത്.
ഏപ്രിലിനേക്കാൾ മോശമാകും മേയിലെ വിൽപന എന്നാണു സൂചന. കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ വന്നു; ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ കടുപ്പിച്ചു. പുതിയ മോഡലുകൾ ഇറക്കുന്നതു കമ്പനികൾ നീട്ടിവച്ചു. മിക്ക വാഹനകമ്പനികളും മേയ് ആദ്യം ഫാക്ടറികൾ മെയിൻ്റനൻസിനായി അടച്ചിട്ടു. മാരുതി, ഹോണ്ട ടൂ വീലേഴ്സ്, ഹീറോ മോട്ടോർ, ടൊയോട്ട തുടങ്ങിയവ അടച്ചിട്ടപ്പോൾ മഹീന്ദ്ര ഉൽപാദനം കുറച്ചു.

ബാങ്ക് വായ്പ വർധിക്കുന്നില്ല; കാരണം ഭാവിയെപ്പറ്റി ഉറപ്പില്ല

2020-21-ലെ ബാങ്ക് വായ്പാ വളർച്ച 4.9 ശതമാനം മാത്രം. 2017-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. (2016-17ൽ കറൻസി റദ്ദാക്കലിനെ തുടർന്നു ബാങ്ക് വായ്പകളിൽ കുത്തനെ ഇടിവുണ്ടായിരുന്നു). കാർഷിക വായ്പകളും വ്യക്തിഗത വായ്പകളും ആണു വളർച്ചയ്ക്കു തുണയായത്. വൻകിട വ്യവസായങ്ങൾക്കുള്ള വായ്പ കുറഞ്ഞതു രാജ്യം കടന്നു പോന്ന സാമ്പത്തിക മാന്ദ്യത്തിൻ്റെ നേർ ചിത്രമായി.
രാജ്യത്തെ ഭക്ഷ്യേതര വായ്പ മാർച്ച് അവസാനം 96.6 ലക്ഷം കോടി രൂപയായിരുന്നു. (ഫുഡ് കോർപറേഷനു ധാന്യ സംഭരണത്തിനായി നൽകുന്ന തുകയാണു ഭക്ഷ്യവായ്പ. ഇത് ഒഴിവാക്കിയുള്ള തുകയാണു 96.6 ലക്ഷം കോടി.)
മൊത്തം വായ്പയിൽ 29.1 ശതമാനം (മുൻ വർഷം 27.7 ശതമാനം) വ്യക്തിഗത വായ്പയാണ്. ഭവന-വാഹനവായ്പകൾ ഇതിൽ പെടുന്നു. വ്യവസായങ്ങൾക്കുള്ള വായ്പ 31.5 -ൽ നിന്നു 30.2 ശതമാനമായി. സേവന മേഖലയ്ക്കുള്ള വായ്പ 28.1 - ൽ നിന്ന് 27.2 ശതമാനമായി താണു.
വ്യക്തിഗത വായ്പകൾ വാർഷികാടിസ്ഥാനത്തിൽ വർധിച്ചെങ്കിലും വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ആ വിഭാഗത്തിൻ്റെ വർധന കുറഞ്ഞു. വായ്പ എടുക്കാൻ ആൾക്കാർ മടിച്ചു. തലേ മാർച്ചിൽ 15 ശതമാനമായിരുന്ന വ്യക്തിഗത വായ്പകളുടെ വളർച്ചത്തോത് ഈ മാർച്ചിൽ 10.2 ശതമാനമായി താണു. സാമ്പത്തിക ഭാവിയെപ്പറ്റി (തൊഴിലും വരുമാനവും സംബന്ധിച്ച്‌ ) ഉള്ള ഉറപ്പില്ലായ്മയാണ് ഇതിനു കാരണം.
വ്യവസായ - സേവന മേഖലകളിലേക്കുള്ള വായ്പകൾ കുറയുന്നതിനും കാരണം ഇതു തന്നെ. വിൽപന വർധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാൽ കമ്പനികൾ ഉൽപാദനം കൂട്ടാനോ പുതിയ യൂണിറ്റുകൾ തുടങ്ങാനോ തയാറാകുന്നില്ല.

വളർച്ചക്കണക്ക് ശ്രദ്ധിക്കുക

കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിന് ഒരു വർഷമാകുന്നു. കമ്പനികളുടെ പാദ ഫലങ്ങൾ മുതൽ സാമ്പത്തിക സൂചകങ്ങളുടെ കണക്കുകൾ വരെ ഇപ്പോൾ പുറത്തുവരും. തലേ വർഷം ഇതേ മാസത്തെയും പാദത്തിലെയും കണക്കുമായി താരതമ്യപ്പെടുത്തിയാണല്ലോ ഇവ വരേണ്ടത്. അപ്പോൾ പലതും അസാധാരണവും അവിശ്വസനീയവുമായ വളർച്ച നേടിയതായി കാണിക്കും. അതു സൂക്ഷിച്ചു മാത്രം ഉൾക്കൊള്ളുക. സത്യത്തിൽ 2009-ലെ സമാന കാലത്തോടു താരതമ്യപ്പെടുത്തി വേണം ഇവ അവതരിപ്പിക്കാൻ. പക്ഷേ സ്റ്റാറ്റിസ്റ്റിക്കൽ നേട്ടം കാണിക്കാനുള്ള അവസരം കമ്പനികളും സർക്കാരുകളും നഷ്ടപ്പെടുത്തില്ലല്ലോ.
മാർച്ചിലെ കാതൽ മേഖലാ വ്യവസായങ്ങളുടെ ഉൽപാദന വർധന 6.8 ശതമാനം എന്ന കണക്കും ഈ രീതിയിൽ വേണം കാണാൻ.2000 മാർച്ചിൽ ലോക്ക് ഡൗൺ മൂലം എട്ടു ദിവസം ഉൽപാദനം മുടങ്ങിയിരുന്നു. ആ മാസവുമായുള്ള താരതമ്യത്തിലാണ് ഈ വർധന. എന്നിട്ടുപോലും കൽക്കരി, ക്രൂഡ് ഓയിൽ, റിഫൈനറി ഉൽപന്നങ്ങൾ, രാസവളം എന്നിവയിൽ ഉൽപാദനം കുറയുകയായിരുന്നു. പ്രകൃതി വാതകം (12.3 ശതമാനം വർധന), സ്റ്റീൽ (23%), സിമൻ്റ് (32.5%), വൈദ്യുതി (21.6%) എന്നിവയാണു വർധിച്ചത്.
2020-21-ൽ മൊത്തം എടുത്താൽ കാതൽ മേഖല ഏഴു ശതമാനം കുറഞ്ഞു. തലേവർഷം 0.4 ശതമാനം വളർന്ന സ്ഥാനത്താണിത്. വ്യവസായ ഉൽപാദന സൂചിക (ഐഐപി)യിൽ 40 ശതമാനം പങ്ക് കാതൽ മേഖലയുടേതാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it