Top

ആശങ്കകൾ കൂടുമ്പോഴും പ്രതീക്ഷയോടെ; ക്രൂഡ് വില കുതിക്കുന്നു; ബാങ്കുകൾ മോറട്ടോറിയം ആവശ്യപ്പെടുന്നു

കോവിഡും ആഗോള സൂചനകളും ചൊവ്വാഴ്ച ഇന്ത്യൻ വിപണിയെ വീഴ്ത്തി. വ്യാപാരത്തിൻ്റെ കൂടുതൽ സമയവും ഉയരത്തിലായിരുന്ന വിപണി അവസാന മണിക്കൂറുകളിലാണ് കുത്തനെ ഇടിഞ്ഞത്. സെൻസെക്സ് 48,253.51 ലും നിഫ്റ്റി 14,496. 5ലും ക്ലോസ് ചെയ്തു.ഇവ യഥാക്രമം 0.94 ഉം 0.95 ഉം ശതമാനം താണു. ആശങ്കകൾ മാറാത്തതും പുതിയ ആശങ്കകൾ ഉയർന്നു വരുന്നതും ഇന്നു വിപണിയെ തിരുത്തലിലേക്കു നയിച്ചേക്കാം. വിദേശ നിക്ഷേപകർ വിൽപന തുടരുന്നതും വിപണി മനോഭാവത്തെ ബാധിക്കുന്നു.

ഇന്നലെ യൂറോപ്യൻ ഓഹരികൾ താഴോട്ടു പോയി. അമേരിക്കൻ സുചികകൾ ഇടയ്ക്കു വലുതായി താണിട്ട് തിരിച്ചു കയറി. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്.
എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ ഉയർച്ചയിലാണ്. വിൽപന സൂചനയിൽ നിന്നു ഡെറിവേറ്റീവ് വിപണി മാറി. ഇന്നു വിപണി ചെറിയ ഉയർച്ചയോടെ തുടങ്ങുമെന്നു ഡെറിവേറ്റീവ് വ്യാപാരം സൂചിപ്പിക്കുന്നു.
നിഫ്റ്റി മുകളിലോട്ടു നീങ്ങുമ്പോൾ 14,600-14,650 മേഖലയിൽ വലിയ വിൽപന സമ്മർദം മൂലം പ്രതിരോധത്തിലാകുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. 14,400 നു മുകളിൽ ഇന്നു നിൽക്കാനായില്ലെങ്കിൽ 14,200-14,150 മേഖലയിലാണു സപ്പോർട്ട്.

കോവിഡ് ആശങ്ക വളരുന്നു

കോവിഡ് സംബന്ധമായ ആശങ്കകൾ മാറിയിട്ടില്ല; ഉടനെ മാറുകയുമില്ല. രാജ്യത്തു കോവിഡ് വ്യാപനം ചിലേടങ്ങളിൽ കുറയുമ്പോൾ മറ്റിടങ്ങളിൽ കൂടുകയാണ്. മരണ നിരക്കും കൂടി വരുന്നു. ഇന്നു രാവിലെ വരെയുള്ള 24 മണിക്കൂറിൽ 3.83 ലക്ഷം പേർക്കു പുതുതായി രോഗം ബാധിക്കുകയും 3783 പേർ മരിക്കുകയും ചെയ്തു. ലോകത്തിലെ പ്രതിദിന രോഗബാധയുടെ പകുതിയിലേറെ ഇപ്പാേൾ ഇന്ത്യയിലാണ്. കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും വൈറസിൻ്റെ മാരകമായ പുതിയ വകഭേദങ്ങൾ ഇന്ത്യയിൽ പടരുന്നുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശാസ്ത്രസമൂഹം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

തിരിച്ചടവ് കുറയുന്നു; ബാങ്കുകളും മറ്റും സഹായം തേടുന്നു

കോവിഡും നിയന്ത്രണങ്ങളും വ്യാപാര - വ്യവസായ മേഖലകളിൽ വലിയ ക്ഷീണമുണ്ടാക്കുന്നുണ്ട്. ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും വായ്പ തിരിച്ചു കിട്ടാൻ പ്രയാസം നേരിടുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തേതുപോലെ വായ്പാതിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നു റിസർവ് ബാങ്കിനോടു വാണിജ്യ ബാങ്കുകൾ ഇന്നലെ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ മൂലം തിരിച്ചടവ് മുടങ്ങുന്നതായി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇന്നലെ റിസർവ് ബാങ്കുമായുള്ള ചർച്ചയിൽ പറഞ്ഞു. ഇതെല്ലാം ബാങ്കിംഗ് - ധനകാര്യ - മൈക്രോഫിൻ ഓഹരികളെ ദോഷകരമായി ബാധിക്കും. ബാങ്കുകളുടെ നിവേദന വാർത്തയാണ് ഇന്നലെ രാവിലെ തിരിച്ചു കയറിയ ബാങ്ക് ഓഹരികളെ ഉച്ചയ്‌ക്കു ശേഷം വലിച്ചു താഴ്ത്തിയത്. ഇന്നും ബാങ്ക് - എൻബിഎഫ്സി - മൈക്രോഫിൻ ഓഹരികൾക്കു ക്ഷീണമായേക്കും.

വളർച്ച പത്തു ശതമാനത്തിൽ താഴെയാകുമെന്ന് എസ് ആൻഡ് പി

സാമ്പത്തിക വളർച്ച ഈ ധനകാര്യ വർഷം പത്തു ശതമാനത്തിൽ താഴെയാകുമെന്ന് സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ഇന്നലെ മുന്നറിയിപ്പ് നൽകി. 11 ശതമാനം വളർച്ചയാണ് അവർ നേരത്തേ കണക്കാക്കിയിരുന്നത്. അത് ഒന്നു മുതൽ മൂന്നു വരെ ശതമാനം കുറയാനിടയുണ്ടെന്നു രാജ്യാന്തര റേറ്റിംഗ് ഏജൻസി പറഞ്ഞു. ജൂൺ ആദ്യമാകും അവർ പുതിയ വിലയിരുത്തൽ നടത്തുക.
ഏപ്രിൽ- ജൂൺ ഒന്നാം പാദത്തിൽ 27-28 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 24.4 ശതമാനം തകർച്ച ജിഡിപി യിൽ സംഭവിച്ചിരുന്നു. അതു നികത്താൻ ഇത്തവണ സാധിക്കുകയില്ലെന്ന് ഇതിനകം വ്യക്തമായി. വാഹന വിൽപന ഏപ്രിലിൽ അഞ്ചു ശതമാനത്തോളം താഴോട്ടു പോയി. റീട്ടെയിൽ വ്യാപാരത്തിൽ എട്ടു മുതൽ 10 വരെ ശതമാനം ഇടിവ്. ഇന്ധന ഉപയോഗം കുറഞ്ഞു.
ഒന്നാം പാദത്തിൽ വരുന്ന ക്ഷീണം തുടർന്നുള്ള പാദങ്ങളിലെ തിരിച്ചു കയറ്റത്തിനും തടസമാകുമെന്ന് എസ് ആൻഡ് പി കരുതുന്നു.

യുപി തിരിച്ചടി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട ബിജെപിക്ക് ഉത്തർപ്രദേശ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി ലഭിച്ചു. കോവിഡ് രണ്ടാം തരംഗം ബിജെപിയുടെ ജനപ്രീതിയെ ബാധിച്ചെന്ന് ഇതു സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപകർ ഇതു ശ്രദ്ധാപൂർവം വിലയിരുത്തും.

വിദേശികൾ വിൽപനയിൽ

വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ ഓഹരികൾ വിറ്റഴിച്ചു. 1772.37 കോടിയുടെ ഓഹരികളാണ് ഇന്നലെ വിറ്റൊഴിഞ്ഞത്. മേയിലെ ആദ്യ രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ട് 4061.83 കോടിയാണു വിദേശികൾ വിപണിയിൽ നിന്നു പിൻവലിച്ചത്. ഇതിനു പകരം നിൽക്കാവുന്ന വിധം സ്വദേശി സ്ഥാപനങ്ങളും ഫണ്ടുകളും പണമിറക്കുന്നില്ല. സ്വദേശികൾ ഇന്നലെ വാങ്ങിയത് 987.3 കോടിയുടെ ഓഹരികൾ. രണ്ടു ദിവസം കൊണ്ട് അവരുടെ നിക്ഷേേേപം 1540 കോടി രൂപ മാത്രം.

എലൻ്റെ ബോംബ്

ഇന്നലെ അമേരിക്കൻ ഓഹരി വിപണി പ്രവർത്തിക്കുന്നതിനിടെ യുഎസ് ട്രഷറി സെക്രട്ടറി (ധനമന്ത്രി) ജാനറ്റ് എലൻ പലിശ കൂട്ടേണ്ടി വരുമെന്ന മട്ടിൽ പ്രസ്താവന നടത്തി. രണ്ടു മണിക്കൂറിനു ശേഷം അവർ അതു തിരുത്തി. എങ്കിലും വിപണിയിൽ വലിയ ചാഞ്ചാട്ടത്തിന് അതു കാരണമായി.
യു എസ് പലിശ കൂട്ടിയാൽ വികസ്വര രാജ്യങ്ങളിൽ നിന്നു യുഎസ് ഫണ്ടുകൾ പിൻവലിക്കും. അതു വികസ്വര വിപണികളെ തകർക്കും. വികസ്വര രാജ്യങ്ങളുടെ കറൻസികൾ ഇടിയും. കടപ്പത്ര വിലയും താഴോട്ടു പോകും.
എലൻ ശക്തമായ തിരുത്തൽ നടത്തിയെങ്കിലും യു എസ് വിപണി സമ്മിശ്ര സൂചനകളോടെയാണു ക്ലോസ് ചെയ്തത്. ഡൗ അൽപം കയറി. നാസ്ഡാക് താണു. ടെക് ഓഹരികളെപ്പറ്റി പുതിയ ആശങ്കകൾ ഉടലെടുത്തതും കാരണമാണ്.

ഒരു വിവാഹമോചനത്തിലേക്കു കണ്ണുനട്ട്

ബിൽ ഗേറ്റ്സ് - മെലിൻഡ വിവാഹമോചനം ടെക് ഓഹരികൾക്കു നെഗറ്റീവാണ്. സ്വത്ത് വിഭജിക്കുമ്പോൾ കമ്പനികളുടെ ഓഹരികൾ ആർക്കു കിട്ടും, അവർ അവ എന്തു ചെയ്യും എന്നതാണു വിഷയം. അവർ നടത്തുന്ന ഫൗണ്ടേഷൻ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ വികസ്വര - അവികസിത രാജ്യങ്ങളിൽ വിതരണം ചെയ്യാൻ വഴിയൊരുക്കുന്നുണ്ട്.

സ്വർണം താണു; ക്രൂഡ് കുതിച്ചു

എലൻ്റെ വാക്കുകൾ ഓഹരി വിപണിയെ സമാധാനിപ്പിച്ചെങ്കിലും സ്വർണ വിപണിക്ക് ആഘാതമായി. സ്വർണം 1798.4 ഡോളർ വരെ കയറിയിട്ട് 1779 ഡോളറിലേക്കു താണു.
അതേ സമയം ക്രൂഡ് ഓയിൽ വില കുതിച്ചു കയറി. ഒറ്റ രാത്രി കൊണ്ട് വില നാലര ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 69.44 ഡോളറിലെത്തി. 70 ഡോളറിലേക്കാണു പ്രയാണം.
നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ഇന്ത്യ ഇന്ധന വില വർധിപ്പിച്ചു തുടങ്ങി. 70 ഡോളറിലേക്കു കയറിയാൽ ഇന്ത്യയിൽ വില വർധനയുടെ തോത് കുതിച്ചു കയറും. അല്ലെങ്കിൽ നികുതി കുറയ്ക്കണം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it