വിപണിയുടെ കരുത്ത് പരീക്ഷണത്തിൽ; വിലക്കയറ്റ ഭീതിയിൽ വോൾ സ്ട്രീറ്റ്; കോവിഡ് രോഗബാധ അൽപം കുറയുന്നു; വാഹന വിൽപന ഇങ്ങനെയാകാൻ കാരണമെന്ത്?

തുടർച്ചയായ നാലാം ദിവസവും ഉയർന്നു നീങ്ങിയ ഇന്ത്യൻ വിപണി ആ കരുത്ത് നിലനിർത്തുമോ എന്ന ചോദ്യം ഉയരുന്നു. സമീപ ആഴ്ചകളിൽ നാലു ദിവസത്തിൽ കൂടുതൽ തുടർച്ചയായി ആവേശം നിലനിർത്താൻ വിപണിക്കു കഴിഞ്ഞിട്ടുള്ളത് ചുരുക്കമാണ്. അമേരിക്കൻ വിപണി ഇന്നലെ കുത്തനെ താണതും ഇന്ന് ഏഷ്യൻ വിപണി താഴ്ന്നു തുടങ്ങിയതും ഒരു പക്ഷേ ഇന്ത്യൻ വിപണിയുടെ ഗതിയെ സ്വാധീനിക്കാം. യു എസ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തോളം താഴ്ചയിലാണ്.

നാലു ദിവസം കൊണ്ട് ഇന്ത്യൻ വിപണിമൂല്യം ആറര ലക്ഷം കോടി രൂപ കണ്ടു വർധിപ്പിച്ചു. കോവിഡ് രോഗികളുടെ വർധനയ്ക്കു ചെറിയൊരു ശമനം വന്നിട്ടുളളത് വിപണിക്കു കരുത്തു പകരുന്ന കാര്യമാണ്. കോവിഡ് പാരമ്യം ജൂണിലേക്കു നീങ്ങിയാൽ വളർച്ച 8.2 ശതമാനത്തിലേക്കു താഴുമെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ മുന്നറിയിപ്പ് നൽകി. പാരമ്യം ഈ മാസം തന്നെയാണെന്നാണു കേന്ദ്ര സർക്കാരിൻ്റെ വിദഗ്ധരെല്ലാം പറയുന്നത്. അതും വിപണി ആശ്വാസഘടകമായി എടുക്കും.
ഇന്നു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം വിപണിയെ ബാധിക്കാം. നിഫ്റ്റിയെ 14,900-14,850 മേഖലയിലേക്കു വലിച്ചു താഴ്ത്താൻ അതു കാരണമാകാം. വിൽപന സമ്മർദം അതിജീവിക്കാനായാൽ 15,050 ലാണു നിഫ്റ്റി തടസം നേരിടുക എന്നാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്.
എസ്ജിഎക്സ് നിഫ്റ്റി 14,950- നു മുകളിലാണ് ആദ്യ സെഷൻ ക്ലോസ് ചെയ്തത്.എന്നാൽ ഇന്നു രാവിലെ ഡെറിവേറ്റീവ് വിപണി ദൗർബല്യം കാണിച്ചു. വിപണി സമ്മർദത്തിലാകും എന്നാണു സൂചന.

വിദേശികൾ വാങ്ങി

ഇന്നലെ വിപണിയിൽ ശ്രദ്ധേയമായ കാര്യം ഒരാഴ്ചയ്ക്കു ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും വാങ്ങലുകാരായി എന്നതാണ്. 583.69 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകൾ 476.26 കോടിയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. വിദേശികളുടെ ഈ വാങ്ങൽ ഒറ്റപ്പെട്ടതാണോ സമീപനത്തിലെ മാറ്റത്തിൻ്റെ ഫലമാണോ എന്ന് ഏതാനും ദിവസം കൊണ്ടേ അറിയാനാകൂ.
ലോഹങ്ങൾ, ഫാർമ, പെട്രോളിയം ഓഹരികൾ ഇന്നലെയും ഉയർന്നു. സ്മോൾ ക്യാപ് ഓഹരികളിൽ ഫണ്ടുകൾ വലിയ താൽപര്യം കാണിച്ചു.
ക്രൂഡ് ഓയിൽ വില വീണ്ടും സമ്മർദത്തിലായി. ബ്രെൻ്റ് ഇനം 67.7 ഡോളറിലേക്കു താണു. ഒറ്റ ദിനം കൊണ്ടു രണ്ടര ശതമാനം ഇടിവുണ്ടായി.
സ്വർണവില ഉയർന്ന റേഞ്ചിൽ നിന്ന് അൽപം താണു. 1832-1833 ഡോളറിലാണ് ഒരൗൺസ് സ്വർണം ഇന്നു രാവിലെ.

വിലക്കയറ്റ കണക്ക്

ഏപ്രിലിലെ ചില്ലറ വിലക്കയറ്റ സൂചിക (സിപിഐ) യും മാർച്ചിലെ വ്യവസായ ഉൽപാദന സൂചികയും ഇന്നു പുറത്തുവിടും. തലേ വർഷത്തെ അസാധാരണ കണക്കുകളായിരുന്നതിനാൽ വളരെ സൂക്ഷിച്ചു വിശകലനം ചെയ്തു വേണം അവയോടു പ്രതികരിക്കാൻ.
വ്യാവസായിക ലോഹങ്ങൾ, അസംസ്കൃത പദാർഥങ്ങൾ, ഘടകപദാർഥങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റത്തെപ്പറ്റി അമേരിക്കൻ വിപണിയും ആശങ്ക പ്രകടിപ്പിച്ചു. എസ് ആൻഡ് പി സൂചിക 35,000 കടന്നിട്ട് ഒരു ശതമാനത്തിലേറെ ഇടിഞ്ഞത് വിലക്കയറ്റ ഭീതിയിലാണ്. ടെക് ഓഹരികളെയും ഈ ഭയം പിടികൂടി. രാവിലെ ഏഷ്യൻ വിപണികളിലും ഇതു പ്രകടമായി. നാളെ ഏപ്രിലിലെ ചില്ലറ വിലക്കയറ്റ കണക്ക് അമേരിക്ക പുറത്തുവിടും. അത് കൂടുതൽ ഉയർന്നാൽ വിപണിക്കു ക്ഷീണമാകും. വിലക്കയറ്റം ഉയർന്നാൽ പലിശ വർധന അടുത്ത വർഷം തുടങ്ങുമെന്ന് വിപണി ഭയപ്പെടുന്നു

വാഹനവിപണി ഇടിഞ്ഞു; വലിയ ആഘാതം താഴേത്തട്ടിൽ

ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും വാഹന വിപണിയെ വല്ലാതെ ഉലച്ചത് വാഹന രജിസ്ട്രേഷൻ സംഖ്യകളിൽ കാണാം. കഴിഞ്ഞ വർഷം ഏപ്രിലിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരുന്നതിനാൽ 2019 ഏപ്രിലുമായി താരതമ്യപ്പെടുത്തിയാണു കണക്ക്.
ഇതനുസരിച്ച് മൊത്തം വാഹന രജിസ്ട്രേഷനിൽ 32 ശതമാനം ഇടിവുണ്ട്. 17.39 ലക്ഷത്തിൻ്റെ സ്ഥാനത്ത് 11.85 ലക്ഷം.
കാറുകളും എസ് യുവികളും അടക്കമുള്ള യാത്രാ വാഹനങ്ങളുടെ എണ്ണം 11.6 ശതമാനം കുറവായി. 2.36 ലക്ഷത്തിൽ നിന്ന് 2.09 ലക്ഷത്തിലേക്ക്. വാണിജ്യവാഹന രജിസ്ട്രേഷൻ 34.5 ശതമാനം കുറഞ്ഞു. 78,630-ൽ നിന്ന് 51,436 ലേക്ക്.
ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളിലാണു വലിയ ഇടിവ്. ടൂവീലർ രജിസ്ട്രേഷൻ എണ്ണം 13.38 ലക്ഷത്തിൽ നിന്ന് 8.65 ലക്ഷത്തിലേക്കു താണു.35.3 ശതമാനം ഇടിവ്. ഓട്ടോറിക്ഷ രജിസ്ട്രേഷൻ 48,722 ൽ നിന്ന് 21,635 ആയി.55.6 ശതമാനം തകർച്ച.
കോവിഡും ലോക്ക് ഡൗണും സമൂഹത്തിൻ്റെ താഴെത്തട്ടിലാണ് ഏറ്റവുമധികം ആഘാതമുണ്ടാക്കിയത് എന്നതിൻ്റെ നേർ കണക്കാണിത്. ടൂ വീലറും ത്രീവീലറും പാവപ്പെട്ടവരുടെ വാഹനങ്ങളാണ്. ചെറിയ ജോലിക്കാർ, ചെറിയ സംരംഭകർ, കരാർ പണി ക്കാർ തുടങ്ങിയവരൊക്കെയാണു ടൂ വീലർ വാങ്ങുന്നവരിൽ ഭൂരിപക്ഷം. ഓട്ടോറിക്ഷ പാവപ്പെട്ടവരുടെ ടാക്സിയാണ്. താഴെത്തട്ടിൽ വരുമാനം ഇല്ലാതാകുമ്പോൾ ഇവയുടെ വിൽപന കുറയുന്നു. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള വാഹന വിൽപന കണക്ക് അതു തെളിയിക്കുന്നു. ഈ ഏപ്രിലിലെ നിയന്ത്രണങ്ങൾ ദുർബല വിഭാഗങ്ങളെ എത്ര കഠിനമായി ബാധിച്ചു എന്ന് ഏപ്രിലിലെ കണക്കു കാണിക്കും.
മാർച്ച് മാസവുമായി താരതമ്യപ്പെടുത്തിയാൽ വാഹന വിപണിയിൽ 28 ശതമാനമാണ് ഇടിവ്. മേയ് മാസത്തിൽ വ്യാപാരം ഏപ്രിലിനേക്കാൾ വളരെ കുറവാകുമെന്നാണ് ആദ്യ ആഴ്ച നൽകുന്ന സൂചന. മേയിൽ പ്രധാന വാഹന നിർമാതാക്കൾ ഉൽപാദനം രണ്ടാഴ്ചത്തേക്കു നിർത്തി വച്ചിരിക്കുകയാണ്. വാർഷിക മെയിൻ്റനൻസിനാണ് എന്നു പറയുന്നുണ്ടെങ്കിലും സ്റ്റോക്ക് കൂടുതലായതാണു യഥാർഥ കാരണം.

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, ആശങ്ക മാറുന്നില്ല

രാജ്യത്തു പ്രതിദിന രോഗബാധ തുടർച്ചയായ രണ്ടു ദിവസം കുറഞ്ഞു. 3.29 ലക്ഷം ആണ് ഇന്നു രാവിലത്തെ കണക്കു പ്രകാരം പുതിയ രോഗികൾ. മരണസംഖ്യ നാലായിരത്തിനു താഴെയായി. ഈ കണക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നുണ്ടെങ്കിലും ആശങ്ക അകലുന്നില്ല. വാരാന്ത്യത്തിൽ പരിശോധനകളുടെ എണ്ണം കുറവായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഡൽഹിയിലും മുംബൈയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതാണ് ആശ്വാസകരമായ പ്രധാന കാര്യം.
അതേ സമയം ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും രോഗവ്യാപനം തീവ്രമാണെന്നാണു റിപ്പോർട്ട്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ യഥാർഥ ചിത്രം ഇപ്പോഴും കിട്ടുന്നില്ല എന്നതാണു യാഥാർഥ്യം. ഗംഗാനദിയിലൂടെ ഡസൻകണക്കിനു ജഡങ്ങൾ ഒഴുകുന്നു എന്ന റിപ്പോർട്ടും ഇതോടു ചേർത്തുവായിക്കേണ്ടതാണ്.
ഇതിനിടെ ഇന്ത്യയിൽ വ്യാപിക്കുന്ന ഇനം കൊറോണ വൈറസ് ലോകത്തിനു മുഴുവൻ ആശങ്ക ജനിപ്പിക്കുന്നതാണെന്നു ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ ഇനം വൈറസ് ഇപ്പാേൾ നിരവധി രാജ്യങ്ങളിൽ കണ്ടിട്ടുമുണ്ട്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it