റിക്കാർഡുകൾ കൈയെത്തും ദൂരത്ത്; ബാങ്കുകളിലും ലോഹങ്ങളിലും കരുതലിൻ്റെ സമയം; ശ്രദ്ധിക്കേണ്ടതു വളർച്ച

വിൽപന സമ്മർദങ്ങൾ മറികടന്ന് നിർണായക നാഴികക്കല്ലുകൾക്കപ്പുറം എത്താൻ മുഖ്യസൂചികകൾക്കു സാധിച്ചു. സെൻസെക്സ് 51,000 കടന്നു; നിഫ്റ്റി 15,300-ഉം.

നിഫ്റ്റിക്ക് സർവകാല റിക്കാർഡിലേക്ക് (2021 ഫെബ്രുവരി 16 ലെ 15,431.75) ഇനി 130 പോയിൻ്റ് മാത്രം. സെൻസെക്സ് 52,516.76 എന്ന കഴിഞ്ഞ ഫെബ്രുവരി 16 ലെ റിക്കാർഡിലെത്താൻ 1499.24 പോയിൻ്റ് കയറണം.
രാജ്യത്തു പ്രതിദിന കോവിഡ് രോഗബാധ വീണ്ടും വർധിച്ചു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റിയും മരണവും കുറഞ്ഞു. യാസ് ചുഴലിക്കാറ്റ് വലിയ നാശം വിതയ്ക്കാതെ കടന്നു പോയതും ആശ്വാസ വാർത്തയാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം രണ്ടു ദിവസത്തിനുള്ളിൽ കേരള തീരത്ത് എത്തുമെന്നും റിപ്പോർട്ടുണ്ട്. കാലവർഷം രാജ്യത്തെ കൃഷിയുടെ മികവിനു നിർണായക പ്രാധാന്യമുള്ളതാണ്.

ലാഭമെടുക്കലിനു വിൽക്കുന്നു

ലാഭമെടുക്കലിനുള്ള വിൽപനയുടെ സമ്മർദം ഇപ്പോഴും ശക്തമാണ്. സ്വദേശി മ്യൂച്വൽ ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് വിൽപനയ്ക്കു മുന്നിൽ. വിദേശ ഫണ്ടുകൾ ചെറിയ തോതിലാണെങ്കിലും പുതിയ നിക്ഷേപം നടത്തുന്നുണ്ട്. ബുധനാഴ്ച വിദേശ ഫണ്ടുകൾ 241.6 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചപ്പോൾ സ്വദേശി ഫണ്ടുകൾ 438.59 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.
ബുധനാഴ്ച യൂറോപ്യൻ വിപണി ഉയർച്ച കാണിച്ചു. കേന്ദ്ര ബാങ്കുകൾ ഇപ്പോഴത്തെ നയം തുടരുമെന്ന ഉറപ്പാണ് അവർക്കു പ്രചോദനമായത്.
അമേരിക്കൻ വിപണി ഇന്നലെ ഒട്ടും ആവേശം കാണിച്ചില്ല. ജയിംസ് ബോണ്ട് സിനിമകളുടെ ഉടമസ്ഥരായ എംജിഎം സ്റ്റുഡിയോസിനെ 845 കോടി ഡോളറിന് ആമസോൺ വാങ്ങുന്നതു പോലും വിപണിയെ കാര്യമായി സ്വാധീനിച്ചില്ല. സൂചികകൾ നാമമാത്ര ഉയർച്ച കാണിച്ചു.

ചാഞ്ചാട്ടത്തിലേക്ക്

സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,345-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കാര്യമായ മാറ്റമില്ലാതെയാണു വ്യാപാരം തുടങ്ങിയത്. വിപണി ചാഞ്ചാട്ടത്തിലാകുമെന്നാണ് സൂചന.
ഇന്നു 15,335 നു മുകളിൽ കടക്കാൻ കഴിഞ്ഞാൽ നിഫ്റ്റി 15,400-15,450 മേഖലയിലേക്കു പ്രയാണം തുടരുമെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു. 15,300-നു താഴേക്കു നീങ്ങിയാൽ 15,200- 15,150 മേഖല വരെ താഴും. വിപണിയുടെ പൊതു മനോഭാവം ബുളളിഷ് ആയതും മേയ് ഡെറിവേറ്റീവുകളുടെ സെറ്റിൽമെൻ്റ് ഇന്നു നടക്കുമെന്നതും സൂചികകൾക്ക് ഉണർവ് നൽകാവുന്ന ഘടകങ്ങളാണ്.

യുഎസ് - ചൈന ബന്ധം വീണ്ടും മോശമാകുന്നു

ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ താഴ്ചയിലാണു തുടങ്ങിയത്. അമേരിക്കൻ സൂചികകളുടെ ഫ്യൂച്ചേഴ്സ് കാര്യമായ ഉണർവ് കാണിക്കാത്തതും വിവിധ രാജ്യങ്ങളിൽ കോവിഡ് വീണ്ടും കൂടുന്നതും കാരണമാകും. യുഎസ് - ചൈന ബന്ധം വീണ്ടും വഷളായി. കോവിഡ് വൈറസിനു പിന്നിൽ ചൈനയുടെ പങ്ക് അന്വേഷിക്കാൻ പ്രസിഡൻ്റ് ജോ ബൈഡൻ നിർദേശിച്ചത് പുതിയ സംഘർഷ മുഖം തുറക്കുന്നു.

ലോഹങ്ങളെ സൂക്ഷിക്കുക

ലോഹങ്ങളുടെ വില നിയന്ത്രിക്കാനുള്ള ചൈനീസ് ശ്രമം വിജയകരമായില്ലെങ്കിലും ലോഹ വിലകൾ കുറേക്കാലം മന്ദതയിലാകുമെന്നു വിലയിരുത്തൽ ഉണ്ട്. ഇന്ത്യയിൽ സ്റ്റീൽ അടക്കമുള്ള ലോഹ കമ്പനി ഓഹരികൾ റിക്കാർഡ് ഉയരങ്ങളിൽ എത്തിയിരുന്നു. ഇവയിൽ ലാഭമെടുത്തു മാറി നിൽക്കാനാണു പ്രമുഖ ബ്രോക്കറേജുകൾ ശിപാർശ ചെയ്യുന്നത്.

ബാങ്കുകളെപ്പറ്റി വിരുദ്ധ വിലയിരുത്തലുകൾ

ബാങ്ക് - ധനകാര്യ കമ്പനി ഓഹരികളെപ്പറ്റി രണ്ടു തരം വിലയിരുത്തൽ ഉണ്ട്. 2020-21-ലെ നിഷ്ക്രിയ ആസ്തി കുറഞ്ഞു; എഴുതിത്തള്ളേണ്ട വായ്പകളും കുറവായി. ഈ ധനകാര്യ വർഷം വായ്പയെടുക്കലും ബിസിനസും വർധിക്കും. അതിനാൽ ബാങ്ക് ഓഹരികളിൽ നിന്ന് ദൂരം എന്നാണു ഒരു വിഭാഗത്തിൻ്റെ നിഗമനം. ഏപ്രിൽ ആരംഭിച്ച നിയന്ത്രണങ്ങൾ ബിസിനസിൽ വലിയ ഇടിവു വരുത്തി. ഇതു കടങ്ങളുടെ തിരിച്ചടവിനെ ബാധിക്കും. സർക്കാർ കാര്യമായ ധനസഹായ പാക്കേജ് പ്രഖ്യാപിക്കുന്നില്ലെങ്കിൽ ചെറുകിട-ഇടത്തരം കമ്പനികൾക്കു വലിയ പ്രതിസന്ധി നേരിടും.സാമ്പത്തിക വളർച്ച പത്തു ശതമാനത്തിൽ എത്തുകയില്ലെങ്കിൽ വൻകിട കമ്പനികളും വിഷമത്തിലാകും. വികസന പരിപാടികൾ ഉണ്ടാകില്ല. ബാങ്കുകളുടെ വായ്പാ വിതരണം വർധിക്കില്ല. ഈ സാഹചര്യത്തിൽ ബാങ്ക് - ധനകാര്യ ഓഹരികളിൽ നിന്നു മാറാനാണ് ഒരു വിഭാഗത്തിൻ്റെ ഉപദേശം.

സ്വർണം പിന്നോട്ട്

ക്രൂഡ് ഓയിൽ വില അൽപം താണു. ഇറാൻ്റെ എണ്ണ വിൽപനയ്ക്കുള്ള വിലക്ക് നീങ്ങുമെന്ന സൂചനയാണ് കാരണം. ബ്രെൻ്റ് ഇനം 68.6 ഡോളറായി.
ഡോളർ വീണ്ടും കരുത്തു കാണിച്ചു. ഡോളർ സൂചിക 90 നു മുകളിലായി. ഇതും ലാഭമെടുപ്പും സ്വർണ വില അൽപം താഴ്ത്തി. ഔൺസിന് 1894 ഡോളറിലാണു രാവിലെ ഏഷ്യൻ വ്യാപാരം. ഇന്നലെ 1912 ഡോളർ വരെ സ്വർണം കയറിയിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it