ട്രംപും കോവിഡും ; വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിരവധി

എന്തെങ്കിലും നല്ലതു കേട്ടാല്‍ കുതിച്ചു കയറാന്‍ ഒരുങ്ങിയാണ് ഇന്ത്യന്‍ വിപണി കുറേ നാളായി പ്രവര്‍ത്തിക്കുന്നത്. കേള്‍ക്കുന്ന നല്ല കാര്യങ്ങള്‍ യഥാര്‍ഥമാണോ, അതു സ്ഥായിയാണോ എന്നൊന്നും ആരും തിരക്കാറില്ല. പാദാന്ത്യ മാസങ്ങളില്‍ കമ്പനികളും ( സര്‍ക്കാരുകളും) കണക്കുകള്‍ കൂട്ടിക്കാണിക്കുക പതിവാണ്. അത് അതേപടി വിശ്വസിക്കാതെ നിക്ഷേപ തീരുമാനം എടുക്കുന്നവരേ പിന്നീടു വരുന്ന തകര്‍ച്ചയെ അതിജീവിക്കൂ.

* * * * * * * *

ഈ ആവേശം തുടരുമോ?

ഒരു ബുളളിഷ് അന്തരീക്ഷം ഒരുക്കിയാണ് വ്യാഴാഴ്ച വിപണികള്‍ ക്ലോസ് ചെയ്തത്. അതു പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും ആഗ്രഹിക്കുന്നു. രാജ്യത്തു കോവിഡിന്റെ പാരമ്യം കഴിഞ്ഞെന്നും ഇനി വളര്‍ച്ചക്കാലമെന്നും ധനമന്ത്രിയും മന്ത്രാലയ ഉദ്യോഗസ്ഥരും കുറേ ദിവസങ്ങളായി പറയുന്നത് അത് ലക്ഷ്യമിട്ടാണ്. ട്രംപിന്റെ നില മോശമാകുന്നില്ലെങ്കില്‍ ഇന്നു വിപണികള്‍ കയറും. യു എസ് ഫ്യൂച്ചേഴ്‌സ് നല്‍കുന്ന സൂചന അതാണ്. എസ് ജി എക്‌സ് നിഫ്റ്റിയും നല്ല കയറ്റം കാണിക്കുന്നു. സാങ്കേതിക വിശകലനക്കാര്‍ നിഫ്റ്റിക്ക് 11,530-11,700 തലങ്ങളില്‍ തടസം പ്രതീക്ഷിക്കുന്നു. 11,310-11,130 തലത്തില്‍ മികച്ച സപ്പോര്‍ട്ടും അവര്‍ കാണുന്നു. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1308.4 പോയിന്റ് (3.5 ശതമാനം) കയറി 38,697.05-ല്‍ എത്തി. നിഫ്റ്റി 366.7 പോയിന്റ് ( 3.32 ശതമാനം) നേട്ടത്തില്‍ 11,416.95 ലെത്തി.

* * * * * * * *

വിദേശികള്‍ കളത്തിലുണ്ട്

കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകരും വിപണിയില്‍ തിരിച്ചെത്തിയിരുന്നു.വ്യാഴാഴ്ച അവര്‍ 1300 കോടിയോളം രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. ഈയാഴ്ചയും അവര്‍ നിക്ഷേപകരായി രംഗത്തുണ്ടാകും. വിപണിയെ ഉയര്‍ത്തുന്ന പ്രധാന ഘടകം അവരാകും.

* * * * * * * *

കൂട്ടുപലിശയില്‍ ബാങ്കുകള്‍ക്ക് ആശ്വാസം

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച കേസില്‍ ബാങ്കുകള്‍ക്ക് ആശ്വാസത്തിനു വക. മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ( പലിശയുടെ മേല്‍ ഉള്ള പലിശ ) കേന്ദ്രം വഹിക്കാമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന് 6000 കോടി രൂപയ്ക്കടുത്താണ് ഈയിനത്തില്‍ ചെലവ് വരിക. രണ്ടു കോടി രൂപയില്‍ താഴെയുള്ള എം എസ് എം ഇ - ഭവന-വാഹന - പേഴ്‌സണല്‍ - വിദ്യാഭ്യാസ വായ്പകള്‍ക്കെല്ലാം കൂട്ടു പലിശ ഇളവ് കിട്ടും. പക്ഷേ ഇതു കൊണ്ടു ബാങ്കിംഗ് മേഖലയുടെ പ്രശ്‌നങ്ങള്‍ തീരില്ല. പ്രശ്‌ന കടങ്ങള്‍ (stressed assets) വര്‍ധിക്കുക തന്നെയാണ്. വര്‍ഷാവസാനത്തോടെ അത് 20 ശതമാനമാകുമെന്നാണു റേറ്റിംഗ് ഏജന്‍സികള്‍ കണക്കാക്കുന്നത്.

* * * * * * * *

പാപ്പരാകാന്‍ തയാറില്ല

കമ്പനികള്‍ കൈവിട്ടു പോകും എന്നുറപ്പായപ്പോള്‍ ഉടമകള്‍ പണം കണ്ടെത്തി എന്നു റിപ്പോര്‍ട്ട്. വീഡിയോകോണ്‍ , എസാര്‍ ഗ്രൂപ്പുകളുടെ കാര്യമാണിത്. ബാങ്കുകളുടെ കുടിശിക മുഴുവന്‍ അടച്ച് കമ്പനി തിരികെ എടുക്കാന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതും കുടുംബവും സന്നദ്ധത അറിയിച്ചു. 2017 മുതല്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യുണലിലാണ് വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്. കമ്പനിയെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ പ്രൊമോട്ടര്‍മാരുടെ ഓഫര്‍ സ്വീകരിക്കപ്പെട്ടേക്കും.

ട്രൈബ്യൂണലില്‍ ഉള്ള എസ്സാര്‍ സ്റ്റീലിന്റെ കാര്യത്തില്‍ പ്രൊമോട്ടര്‍മാരായ റൂയിയ കുടുംബവും സമാനമായ നീക്കം നടത്തുന്നുണ്ട്. പഴയ പ്രൊമോട്ടര്‍ക്ക് കമ്പനി തിരിച്ചെടുക്കാന്‍ പാപ്പര്‍ കോഡില്‍ (ഐബി സി ) 12 എ വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് ധൂതുമാരെയും റുയിയമാരെയും സഹായിക്കുന്നത്. എ സാര്‍ സ്റ്റീലിനു വേണ്ടി ലക്ഷ്മി മിത്തലിന്റെ ആര്‍സെലോര്‍മിത്തല്‍ രംഗത്തുണ്ട്.
പാപ്പര്‍ നടപടി നേരിടുന്ന ഉത്തം ഗല്‍വ സ്റ്റീലിലും മിത്തല്‍ നോട്ടമിട്ടിട്ടുണ്ട്.

* * * * * * * *

ക്രൂഡ്,സ്വര്‍ണം കയറ്റത്തില്‍

ട്രംപിനു കോവിഡ് പിടിച്ചതിനെ തുടര്‍ന്ന് ഉല്‍പ്പന്ന- കറന്‍സി വിപണികളില്‍ ഇടിവുണ്ടായി. ക്രൂഡ് ഓയ്ല്‍ വില നാലു ശതമാനം ഇടിഞ്ഞു. സ്വര്‍ണവും ഡോളറും ചാഞ്ചാടി. ട്രംപിന്റെ നില മെച്ചമാണെന്നായതോടെ തിങ്കളാഴ്ച വിപണികള്‍ സ്ഥിരതയിലേക്കു നീങ്ങി.
ക്രൂഡ് വില ബ്രെന്റ് ഇനം വീപ്പയ്ക്ക് 40 ഡോളറിലേക്കും ഡബ്‌ള്യൂ ടി ഐ ഇനം 38 ഡോളറിലേക്കും എത്തി. സ്വര്‍ണം ഔണ്‍സിന് 1900 ഡോളറിലേക്കു വീണ്ടും കയറി. കുറച്ചു കൂടികയറുമെന്നാണു സൂചന.

* * * * * * * *

രൂപ കരുത്തുകാട്ടും

വിദേശ നാണയ വിപണിയില്‍ ഡോളര്‍ കരുത്തനായി തുടരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ രൂപ കുറേക്കൂടി കരുത്തു കാണിക്കുമെന്നാണു സൂചന. കഴിഞ്ഞയാഴ്ച രൂപ ഒരു ശതമാനം നേട്ടമുണ്ടാക്കി. ഡോളറിന് 73.14 രൂപയായി കുറഞ്ഞു. ഈയാഴ്ച ഡോളര്‍ 73 രൂപയ്ക്കു താഴെ വരാന്‍ സാധ്യതയുണ്ട്. വിദേശ നിക്ഷേപകര്‍ സജീവമായി രംഗത്തുള്ളതും റിലയന്‍സ് അടക്കം ചില കമ്പനികളിലേക്കു വിദേശ നിക്ഷേപം വരുന്നതുമാണ് കാരണം.

* * * * * * * *

വിദേശനാണ്യശേഖരം കുറഞ്ഞു

സെപ്റ്റംബര്‍ 25-ലെ നിലവച്ച് രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തില്‍ 301.7 കോടി ഡോളര്‍ കുറഞ്ഞു. തലേ ആഴ്ച 54503 കോടി ഡോളര്‍ ശേഖരത്തിലുണ്ടായിരുന്നു. ആ റിക്കാര്‍ഡ് നിലവാരത്തില്‍ നിന്നു കുറവ് വന്നതില്‍ അസാധാരണ സംഗതികള്‍ ഒന്നുമില്ല.

* * * * * * * *

റിസല്‍ട്ട്കാലം

ഈയാഴ്ച കമ്പനികളുടെ രണ്ടാം പാദ റിസല്‍ട്ടുകള്‍ വന്നു തുടങ്ങും. ബുധനാഴ്ച ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ റിസല്‍ട്ട് വരും. വരുമാനത്തില്‍ 10 ശതമാനത്തില്‍ കുറയാത്ത വര്‍ധനയാണു ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നത്. കമ്പനി ഭാവി വരുമാനം സംബന്ധിച്ച് എന്തു പറയുന്നു എന്നാണു നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

* * * * * * * *

കയറ്റുമതിയില്‍ ശുഭസൂചന

സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതി 5.27 ശതമാനം വര്‍ധിച്ചു. 2020-ല്‍ ഇതു രണ്ടാം തവണയാണു കയറ്റുമതി കൂടുന്നത്. അതേ സമയം ഇറക്കുമതിയിലെ ഇടിവ് വലിയ മാറ്റമില്ലാതെ തുടര്‍ന്നു. 19.6 ശതമാനമാണു സെപ്റ്റംബറിലെ ഇടിവ്. ക്രൂഡ് ഓയിലും സ്വര്‍ണവും ഒഴികെയുള്ള ഇറക്കുമതിയിലെ ഇടിവ് 13.3 ശതമാനമാണ്. ആഭ്യന്തര രംഗത്ത് ഡിമാന്‍ഡ് കൂടുന്നില്ല എന്നാണ് ഇതു നല്കുന്ന സൂചന. സാമ്പത്തിക ഉണര്‍വ് സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ അതേപടി വിഴുങ്ങരുതെന്നു സാരം.

വിദേശ വ്യാപാര കമ്മി കുറയുന്നതും കറന്റ് അക്കൗണ്ട് മിച്ചമാകുന്നതും അതില്‍ തന്നെ സന്തോഷകരമാകുന്നില്ല. ആഭ്യന്തര ഡിമാന്‍ഡ് നല്ലതുപോലെ വര്‍ധിക്കുമ്പോള്‍ ഇവ മിച്ചമായാലേ സന്തോഷിക്കേണ്ടതുള്ളൂ. കയറ്റുമതിയിലെ വര്‍ധന നമ്മുടെ പരമ്പരാഗത ഇനങ്ങളായ രത്‌ന- സ്വര്‍ണ ആഭരണങ്ങളിലോ എന്‍ജിനിയറിംഗ് ഉല്‍പന്നങ്ങളിലോ അല്ല. പ്രധാനമായും ഔഷധ കയറ്റുമതിയിലായിരുന്നു വര്‍ധന. കോവിഡ് പശ്ചാത്തലത്തിലെ ഈ വര്‍ധന എത്ര സുസ്ഥിരമാണെന്നു കണ്ടറിയണം.

* * * * * * * *

കോവിഡ് വാക്‌സിനെപ്പറ്റി പ്രതീക്ഷ

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ഔഷധ കമ്പനിയായ അസ്ട്രാ സെനക്കയും ചേര്‍ന്നു നടത്തുന്ന കോവിഡ് വാക്‌സിന്‍ ഗവേഷണം നിര്‍ണായക ഘട്ടത്തിലായി. അടുത്ത ജനുവരിക്കു മുമ്പ് വാക്‌സിന് അംഗീകാരം കിട്ടാന്‍ സാധ്യതയുണ്ടെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ മോഡേണ കമ്പനിയുടെയും ഫൈസറിന്റെയും ഗവേഷണങ്ങളും അന്തിമഘട്ടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്തകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it