ജാക് മാ പ്രശ്‌നം ചൈനയില്‍ ഒതുങ്ങില്ല; ഫലം നന്നായിട്ടും എസ്ബിഐ ഓഹരി വില ഉയരാത്തതെന്ത്? അമേരിക്കയെ ഗൗനിക്കാതെ വിപണി

യു എസ് തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിലായെങ്കിലും വിപണികള്‍ ബുള്‍ തരംഗത്തില്‍ തന്നെ.
ഇന്നലെ യൂറോപ്യന്‍, അമേരിക്കന്‍ ഓഹരി സൂചികകള്‍ നല്ല ഉയര്‍ച കാണിച്ചു. ഇന്നു രാവിലെ ഏഷ്യന്‍ ഓഹരികള്‍ നല്ല ഉയരത്തിലാണ്. തുടര്‍ച്ചയായ മൂന്നു ദിവസം ഉയര്‍ന്ന ഇന്ത്യന്‍ വിപണി ഇന്നും നല്ല കയറ്റം കാണിച്ചേക്കും. എസ് ജി എക്‌സ് നിഫ്റ്റി തുടങ്ങിയത് 200 പോയ്ന്റ് ഉയര്‍ച്ചയിലാണ്. നിഫ്റ്റി 11,900-നു മുകളില്‍ ക്ലോസ് ചെയ്തതിനാല്‍ ഇന്നു 12,050 ലെ പ്രതിരോധം മറികടക്കുമെന്നാണു സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്.

സ്വര്‍ണ വില ഔണ്‍സിന് 1911 ഡോളര്‍ വരെ കയറിയിട്ട് അല്‍പം താണു. 1908 ഡോളറിനു മുകളിലാണ് രാവിലത്തെവ്യാപാരം. ക്രൂഡ് ഓയ്ല്‍ ബ്രെന്റ് ഇനം വീപ്പയ്ക്ക് 41 ഡോളറിനു മുകളില്‍ എത്തിയിട്ട് അല്‍പം താണു.

അതുക്കും മീതേ പണം തന്നെ

ആശങ്കകളെല്ലാം യാഥാര്‍ഥ്യമായി. പക്ഷേ, അതു സംഭവിച്ചപ്പോള്‍ ആശങ്കകള്‍ മാറി എന്ന വൈരുധ്യമുണ്ട്. ഇന്നലെ ആഗോള മൂലധന - ഉല്‍പ്പന്ന വിപണികളില്‍ സംഭവിച്ചത് അതാണ്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം വരുന്നതിനെപ്പറ്റിയായിരുന്നു വലിയ ആശങ്ക. 2000-ലേതുപോലെ ഫലം വൈകുന്നതും നിയമയുദ്ധം നടക്കുന്നതും ആശങ്കയോടെയാണ് എല്ലാവരും കണ്ടത്. ജോ ബൈഡന്‍ ജയിക്കുന്നതും സെനറ്റ് റിപ്പബ്ലിക്കന്‍ വരുതിയിലാകുന്നതും മറ്റൊരു വലിയ ദുരന്തമായും ചിത്രീകരിക്കപ്പെട്ടു.

ഇതെല്ലാം യാഥാര്‍ഥ്യമാകുന്ന നിലയാണു വ്യാഴാഴ്ച രാവിലെ ഉള്ളത്. ഫലപ്രഖ്യാപനം ദിവസങ്ങളോ ആഴ്ചകളോ വൈകുമെന്ന് ഉറപ്പായി. കോടതികളില്‍ പോരാട്ടം തുടങ്ങി. ഒപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ബൈഡന്‍ ജയിക്കാമെന്നും സെനറ്റ് റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലായിരിക്കുമെന്നും കണക്കാക്കാവുന്ന നിലയുമായി. ആകരുതേ എന്നു കരുതിയ അവസ്ഥ വന്നു. അപ്പോള്‍ എന്തു സംഭവിച്ചു?

ഒന്നും സംഭവിച്ചില്ല. അഥവാ ഒന്നും സംഭവിക്കാത്ത മട്ടില്‍ വിപണികള്‍ നീങ്ങി. ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ചാഞ്ചാടിയ സൂചികകള്‍ പിന്നീട് ഒരു ദിശയേ കണ്ടുള്ളൂ. മുകളിലേക്കുള്ള ദിശ.
വിപണി അവസാനം എത്തിയ നിഗമനം എന്തു സംഭവിച്ചാലും പണലഭ്യതയാണു കാര്യം എന്നാണ്. പണലഭ്യതയാകട്ടെ ഉറപ്പാണ്. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് (ഫെഡ്) അടക്കം പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം വിപണിയിലേക്ക് പണമൊഴുക്കുകയാണ്. അതിനു മാറ്റം വരാവുന്ന ഒന്നും യുഎസ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം കൊണ്ട് ഉണ്ടായിട്ടില്ല.

ബൈഡന്‍ പ്രസിഡന്റായാലും കമ്പനികള്‍ക്ക് അധിക നികുതി ചുമത്താന്‍ സെനറ്റ് അനുവദിക്കില്ല. ട്രംപ് തുടര്‍ന്നാല്‍ ചൈനയുമായി സംഘര്‍ഷം വര്‍ധിച്ചാലും യു എസ് വ്യവസായങ്ങളെ തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകില്ല. സാമ്പത്തിക ഉത്തേജക പദ്ധതി അല്‍പം ചെറുതാകും എന്നു മാത്രമേ ഉള്ളൂ. വിപണി കണ്ടെത്തിയ ന്യായങ്ങള്‍ ഇവയൊക്കെയാണ്.

* * * * * * * *

എസ്ബിഐക്കു നല്ല റിസല്‍ട്ട്

പലിശ വരുമാനത്തിലെ വര്‍ധനയും വായ്പാ നഷ്ടത്തിനുള്ള വകയിരുത്തല്‍ കുറഞ്ഞതും ചേര്‍ന്നപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ രണ്ടാം പാദ റിസല്‍ട്ട് മികച്ചതായി. അറ്റാദായത്തില്‍ 52 ശതമാനം വര്‍ധനയുണ്ടായി. 3011 കോടിയില്‍ നിന്ന് 4574 കോടി രൂപയിലേക്ക്.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എന്‍ പി എ ) യും അറ്റ നിഷ്‌ക്രിയ ആസ്തിയും ഗണ്യമായി കുറഞ്ഞു. ഗ്രോസ് എന്‍ പി എ മൊത്തം വായ്പയുടെ 7.19 ശതമാനത്തില്‍ നിന്ന് 5.28 ശതമാനമായാണു തന്നത്. ഇതു 1.25 ലക്ഷം കോടി രൂപ വരും. നെറ്റ് എന്‍ പി എ 2.79 ശതമാനത്തില്‍ നിന്ന് 1.59 ശതമാനമായി കുറഞ്ഞു.

ബാങ്കിലെ നിക്ഷേപങ്ങള്‍ 14.4 ശതമാനം വര്‍ധിച്ച് 34.7 ലക്ഷം കോടി രൂപയിലെത്തി. വായ്പകള്‍ 6.02 ശതമാനം കൂടി. മൊത്തം ആഭ്യന്തര വായ്പകളില്‍ 23 ശതമാനം വരുന്ന ഭവന വായ്പയില്‍ 10.34 ശതമാനം വര്‍ധനയുണ്ട്. നിക്ഷേപകര്‍ക്കു നല്‍കിയ പലിശയേക്കാള്‍ 28,182 കോടി രൂപ വായ്പകളുടെ പലിശയായി ബാങ്കിനു ലഭിച്ചു. ശരാശരി നിക്ഷേപ പലിശയേക്കാള്‍ 3. 34 ശതമാനം അധികമാണു വായ്പാ പലിശ.

എന്നിട്ടെന്തേഓഹരിവില കൂടിയില്ല?

എസ്ബിഐയുടെ പുതിയ ചെയര്‍മാന്റെ മേല്‍നോട്ടത്തില്‍ പുറത്തുവിട്ട ആദ്യത്തെ പാദ റിസല്‍ട്ടായിരുന്നു ഇന്നലത്തേത്. റിസല്‍ട്ടും വളര്‍ച്ചത്തോതും മെച്ചമാണെങ്കിലും എസ്ബിഐ യുടെ ഓഹരി വില തൃപ്തികരമായ നിലവാരത്തിലായിട്ടില്ല. മറ്റു ബാങ്കുകളുടേതിലും വളരെ താഴ്ന്ന പി ഇ (പ്രൈസ് ടു ഏണിംഗ്‌സ് ) അനുപാതത്തിലാണ് എസ്ബിഐയുടെ ഓഹരി വില.

എന്തുകൊണ്ട് എസ് ബി ഐ യെ വിപണി മോശമായി വിലയിരുത്തുന്നു? പൊതുമേഖലാ ബാങ്കായ ഇതിന്റെ ലാഭക്ഷമത കുറവായതു മാത്രമല്ല പ്രശ്‌നം. ബാങ്കിന്റെ പ്രശ്‌നകടങ്ങള്‍ വളരെ കൂടുതലുമാണ്. പല പ്രശ്‌നകടങ്ങളും കൃത്രിമമായി സ്റ്റാന്‍ഡാര്‍ഡ് ആസ്തികളായി നിര്‍ത്തിയിരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദമാണു ബാങ്കില്‍ കൂടുതല്‍ പ്രശ്‌ന കടങ്ങള്‍ ഉണ്ടാക്കിയത്. അത്തരം സമ്മര്‍ദങ്ങള്‍ ഇപ്പോഴുമുണ്ട്. സ്വകാര്യ ബാങ്കുകളിലേതുപോലെ പ്രഫഷണലിസവും ലാഭക്ഷമതയും കൂട്ടാനും എസ് ബി ഐ ക്കു കഴിയില്ല. ഓഹരി വില താഴ്ത്തി നിര്‍ത്തുന്ന ഘടകങ്ങള്‍ ഇങ്ങനെ പോകുന്നു.

* * * * * * * *

ജാക് മായുടെ പ്രശ്‌നം ചൈനയില്‍ ഒതുങ്ങില്ല

ചൈനീസ് ബാങ്കുകളെയും ബാങ്കിംഗ് സംവിധാനത്തെയും പരസ്യമായി അപഹസിച്ച ആലിബാബ തലവന്‍ ജാക് മായെ വെറുതേ വിടാന്‍ ചൈനീസ് ഭരണകൂടം ഉദ്ദേശിക്കുന്നില്ല. മായുടെ പേമെന്റ് - ബാങ്കിംഗ് സംവിധാനമായ ആന്റിന്റെ ലിസ്റ്റിംഗ് തടഞ്ഞതുകൊണ്ടു ഭരണകൂടം നടപടികള്‍ നിര്‍ത്തിയില്ല. ആന്റ് വഴി വായ്പകള്‍ അനുവദിക്കരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. വായ്പകളുടെ ബാധ്യത മുഴുവന്‍ ബാങ്കുകളുടെ ചുമലില്‍ വയ്ക്കുകയും കമ്മീഷന്‍ ഈടാക്കുകയും ചെയ്യുന്നതായിരുന്നു ആന്റിന്റെ ബിസിനസ് മന്ത്രം. ചൈനീസ് ബാങ്കുകളുടെ ചെലവില്‍ വലിയ വളര്‍ച്ച നേടിയ ശേഷം അവയെ അപമാനിച്ച മായോടു ബാങ്ക് മേധാവികള്‍ക്കു ചില്ലറയല്ലാത്ത ചൊരുക്കുണ്ടായി.

ആന്റിനോടു ചൈന ചെയ്തതിനു പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്തു വരാനിരിക്കുന്നതേ ഉള്ളു. അതറിവാകുമ്പോള്‍ സാങ്കേതിക വിദ്യയുടെ ബലത്തില്‍ ധനകാര്യ സേവന മേഖലയില്‍ വലിയ വളര്‍ച്ച നേടിയ കമ്പനികള്‍ക്കും സംവിധാനങ്ങള്‍ക്കും പ്രശ്‌നമുണ്ടായേക്കാം. ചൈനയ്ക്കു പുറത്തുള്ള കമ്പനികളും പ്രശ്‌നത്തിലാകാന്‍ സാധ്യതയുണ്ട്.

* * * * * * *

ഉല്‍പ്പന്നങ്ങളും ചാഞ്ചാടി

ഓഹരി വിപണി പോലെ ഉല്‍പന്ന വിപണികളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലത്തെയാണ് ഈ ദിവസങ്ങളില്‍ ശ്രദ്ധിച്ചത്. ബുധനാഴ്ച ട്രംപിന്റെയും ബൈഡന്റെയും വിജയ സാധ്യത മാറി വരുന്നതിനനുസരിച്ചു ക്രൂഡ് ഓയ്ല്‍, സ്വര്‍ണ വിലകള്‍ കയറിയിറങ്ങി. ബൈഡന്‍ മുന്നിലാകുമ്പോള്‍ സ്വര്‍ണവും ക്രൂഡും കയറും; ട്രംപ് മുന്നിലാകുമ്പോള്‍ അവ താഴും. അനിശ്ചിതത്വം എന്നു വന്നപ്പോഴും വിലകള്‍ താണു. ഡോളറിന്റെ വിനിമയ നിരക്കിനെ സൂചിപ്പിക്കുന്ന ഡോളര്‍ ഇന്‍ഡെക്‌സ് ട്രംപ് മുന്നിലായപ്പോള്‍ ശക്തിപ്പെട്ടു.

* * * * * * * *

സേവന മേഖലയും ഉണര്‍വില്‍

രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി സേവനമേഖലയിലും ഉണര്‍വ്. ഒക്ടോബറിലെ സര്‍വീസസ് പിഎംഐ 54.1 ലേക്ക് ഉയര്‍ന്നു. സെപ്റ്റംബറില്‍ 49.8 ആയിരുന്നു സൂചിക. 50-നു മുകളില്‍ സൂചിക വരുന്നത് വളര്‍ച്ചയെ കുറിക്കുന്നു. 50-ല്‍ താഴെയായാല്‍ ശോഷണമാണ്. എട്ടു മാസത്തിനു ശേഷമാണ് സേവനമേഖലയുടെ പി എം ഐ വളര്‍ച്ച കാണിച്ചത്.

കഴിഞ്ഞ ദിവസം ഒക്ടോബറിലെ ഫാക്ടറി ഉല്‍പാദന പിഎംഐ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 58 - ല്‍ എത്തിയിരുന്നു. ഇതും സേവന പി എം ഐ യു ചേര്‍ത്തുള്ള കോംപസിറ്റ് പി എം ഐ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

* * * * * * * *

ഡോളര്‍ കരുത്തോടെ

കറന്‍സി വിനിമയ വിപണിയില്‍ രൂപയ്‌ക്കെതിരേ ഡോളര്‍ വീണ്ടും കരുത്തു നേടി. ഇന്നലെ 74.83 രൂപ വരെ കയറിയ ഡോളര്‍ ഒടുവില്‍ 74.76 രൂപയില്‍ ക്ലോസ് ചെയ്തു. രൂപ കുറച്ചു കൂടി താഴാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചേക്കും. രൂപ കരുത്തു കൂട്ടുന്നത് കയറ്റുമതി വളര്‍ച്ചയ്ക്കു നല്ലതല്ല. ഈയാഴ്ച ഡോളര്‍ 75 രൂപയ്ക്കു മുകളിലായേക്കും.

ഇന്നത്തെ വാക്ക് : ഓപ്ഷന്‍സ് - 9 ഹെഡ്ജിംഗ്

നിക്ഷേപത്തില്‍ നഷ്ടം വരുന്നത് ഒഴിവാക്കാനോ കുറയ്ക്കാനോ വേണ്ടി നടത്തുന്ന ബദല്‍ നീക്കം. ആദ്യത്തെ ഇടപാട് നഷ്ടമാകുമെന്ന സംശയമുണ്ടായാല്‍ ഒരു വിപരീത വ്യാപാരം നടത്താം. ഇതുവഴി നഷ്ടത്തിന്റെ തോതു കുറയ്ക്കാം. വേലി കെട്ടി കൃഷിയിടം സംരക്ഷിക്കുന്നതു പോലെ നഷ്ടസാധ്യത കുറയ്ക്കുന്നതു കൊണ്ടാണ് വേലി കെട്ടല്‍ എന്നര്‍ഥമുള്ള ഹെഡ്ജിംഗ് (Hedging) എന്ന പേരിട്ടത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it