നിര്‍മലയുടെ കണക്കുകള്‍ ലക്ഷ്യം കാണുമോ? വിലക്കയറ്റം തുടരുന്നു; ഗോള്‍ഡ്മാന്‍ സാക്‌സിനു പിന്നാലെ മൂഡീസിനും പ്രതീക്ഷ, വിപണിക്കു രക്ഷയായി ഡോളര്‍ വരും

നിര്‍മല സീതാരാമന്‍ ദീപാവലി വേളയില്‍ അവതരിപ്പിച്ച ഉത്തേജക പദ്ധതി വിപണിയെ രസിപ്പിച്ചില്ല. സൂചികകള്‍ താഴോട്ടു പോയി. ഇന്നും താഴോട്ടെന്നാണു സൂചന.

ഇന്നലെ യൂറോപ്പും അമേരിക്കയും ഇടിവിലായിരുന്നു. യു എസ് സാമ്പത്തിക വളര്‍ച്ച അനിശ്ചിതത്വത്തിലാണെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞതും വളര്‍ച്ച കുറയുന്നതിനാല്‍ ഇന്ധന ആവശ്യം ഇടിയുമെന്ന് അന്താരാഷ്ട്ര ഊര്‍ജ സംഘടന (ഐഇഎ) സൂചിപ്പിച്ചതും കോവിഡ് വ്യാപനം വര്‍ധിക്കുന്നതും വിപണികളെ നിരാശപ്പെടുത്തി. ഇന്നു രാവിലെ ഏഷ്യന്‍ രാജ്യങ്ങളിലും ഓഹരികള്‍ താഴോട്ടു നീങ്ങി.

എസ് ജി എക്‌സ് നിഫ്റ്റി നല്കുന്ന സൂചന രാവിലെ ഗണ്യമായ താഴ്ചയിലാകും വിപണി തുടങ്ങുക എന്നാണ്.


* * * * * * * *


കണക്കിലെ കസര്‍ത്തുകൊണ്ട് ഒരു ഉത്തേജക മായാജാലം

രാജ്യത്തെ ഏറ്റവും പുതിയ ഉത്തേജക പദ്ധതിയും വന്നു. ഇതിന്റെ പ്രഖ്യാപനം നടന്നപ്പോഴും ശേഷവും ഓഹരി സൂചികകള്‍ താണു നിന്നു എന്നത് ഉത്തേജകത്തില്‍ വലിയ കാര്യമില്ലെന്ന് വ്യക്തമാക്കുന്നു.

പ്രഖ്യാപിച്ചതു ചില്ലറത്തുകയൊന്നുമല്ലെന്നാണ് ഗവണ്മെന്റ് പത്രക്കുറിപ്പില്‍ പറഞ്ഞത്. ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ 3.0 മൊത്തം ഒന്‍പതുലക്ഷം കോടി രൂപയുടേതാണത്രെ. ഇതോടെ കോവിഡ് കാലത്തെ ആശ്വാസ- ഉത്തേജക പരിപാടികള്‍ക്കു മൊത്തം 30 ലക്ഷം കോടി രൂപ ആകുമത്രെ.

ഇതിനു മുമ്പു പ്രഖ്യാപിച്ച പദ്ധതികള്‍ പോലെ ഇത്തവണത്തേതും സര്‍ക്കാര്‍ കാര്യമായ തുക മുടക്കുന്നതൊന്നുമല്ല. ബാങ്ക് വായ്പയും വായ്പാ ഗാരന്റിയും സര്‍ക്കാരിന് ഒരു പൈസയുടെ പോലും ചെലവ് വരുത്തുന്നില്ല. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെ 6000 കോടി നിക്ഷേപം മൂലധന നിക്ഷേപമാണ്; ചെലവല്ല. തത്തുല്യ ആസ്തി ഓഹരിയായി സര്‍ക്കാരിന് കിട്ടും.

പി എം ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജനയ്ക്ക് 10,000 കോടി രൂപ, നഗരങ്ങളിലെ ചെലവു കുറഞ്ഞ ഭവന പദ്ധതി (പി എം എ വൈ)ക്ക് 18,000 കോടി എന്നിങ്ങനെ രണ്ടു മൂന്നു പദ്ധതികള്‍ മാത്രമേ അധിക പണം ചെലവാക്കുന്നതായി ഉള്ളു.

രാസവള സബ്‌സിഡിക്ക് 65,000 കോടി രൂപ കൂടി എന്ന് പറഞ്ഞതാണ് അധികച്ചെലവുള്ള ഒരു ഇനം. ബജറ്റില്‍ രാസവള സബ്‌സിഡിക്ക് പറഞ്ഞത് 71,300 കോടിയാണ്. നല്ല കാലവര്‍ഷം മൂലം കൃഷിയിറക്കിയ ഭൂമിയുടെ അളവ് 20 ശതമാനത്തോളം കൂടി.ഇതിനാനു പാതികമായി രാസവള ഉപയോഗം കൂടും. അതു കൊണ്ടാണു കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത്. പക്ഷേ ഇപ്പറഞ്ഞ 65000 കോടിയുടെ അധികച്ചെലവ് അതില്‍ ഉണ്ടാകുമെന്നു കരുതാന്‍ പ്രയാസമാണ്.

തൊഴിലുറപ്പു പദ്ധതിയുടെ അടങ്കല്‍ തുക ബജറ്റില്‍ പറഞ്ഞത് ഒരിക്കല്‍ കൂടി പറഞ്ഞ് പുതിയ ചെലവ് പോലെ മന്ത്രി അവതരിപ്പിച്ചു.

ഇങ്ങനെ ഓരോ ഭാഗവും എടുത്തു പരിശോധിച്ചാല്‍ ഉത്തേജകം ഒരു മായാജാലമോ കണക്കിലെ കസര്‍ത്തോ മാത്രമാണെന്നു കാണാം. ഈ വര്‍ഷത്തെ മൊത്തം ബജറ്റിനോളം വലുപ്പമുള്ളതാണ് ഉത്തേജകമെന്ന സര്‍ക്കാര്‍ അവകാശവാദം ആരെയാണു വിഡ്ഡികളാക്കുക എന്നാണറിയേണ്ടത്.

വായ്പ എടുക്കാന്‍ സംരംഭങ്ങള്‍ക്കു ധൈര്യമില്ലാത്ത കാലത്തു വായ്പാ ഗാരന്റി പ്രഖ്യാപിക്കുന്നത് എത്ര മാറ്റമുണ്ടാക്കുമെന്നതു കണ്ടറിയേണ്ടിയിരിക്കുന്നു. വായ്പ എടുത്തു സംരംഭം തുടങ്ങാന്‍ ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികളാണു വേണ്ടത്. അതിനാവശ്യം ജനങ്ങളുടെ വാങ്ങല്‍ (ക്രയ) ശേഷി കൂട്ടുന്ന കാര്യങ്ങളാണ്. അതിനു തക്ക ഒന്നു പോലും ആത്മനിര്‍ഭര്‍ മൂന്നാം പതിപ്പില്‍ ഇല്ല. മുന്‍ പതിപ്പുകളിലും ഉണ്ടായിരുന്നില്ല.

തൊഴില്‍ വര്‍ധിപ്പിക്കാന്‍ പ്രൊവിഡന്റ് ഫണ്ട് വിഹിതം സര്‍ക്കാര്‍ അടയ്ക്കുന്ന പദ്ധതിയും ലക്ഷ്യം നേടാന്‍ പര്യാപ്തമല്ല. സങ്കീര്‍ണമാണു വ്യവസ്ഥകള്‍. പി എഫ് ആനുകൂല്യത്തോടു കൂടിയുള്ള നിയമനങ്ങള്‍ക്കു കമ്പനികള്‍ ആലോചിക്കുന്ന സമയമല്ല ഇത്.

ജിഡിപിയുടെ 15 ശതമാനം വരുന്ന തുക കോവിഡ് ആശ്വാസ- ഉത്തേജക പദ്ധതികള്‍ക്കായി ചെലവാക്കി എന്നു റേറ്റിംഗ് ഏജന്‍സികളെയും രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളെയും വിശ്വസിപ്പിക്കാന്‍ മാത്രം ഇതു പ്രയോജനപ്പെടും.


* * * * * * * *

ഉത്തേജിച്ചത് റിയല്‍റ്റിയും രാസവളവും


കൊട്ടിഘോഷത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഉത്തേജക പദ്ധതിയില്‍ ഓഹരി വിപണി ഒട്ടും ഉത്തേജിച്ചില്ല. സൂചികകള്‍ താഴോട്ടു പോയപ്പോള്‍ ഉത്സാഹം കാണിച്ചത് റിയല്‍ എസ്റ്റേറ്റ്, രാസവള കമ്പനികള്‍ മാത്രം. പാര്‍പ്പിട വില്‍പനയില്‍ കമ്പനികള്‍ക്ക് ആദായ നികുതി ഇളവ് അനുവദിച്ചതാണ് റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ താല്‍പര്യം കൂട്ടിയത്. രാസവള സബ്‌സിഡി ഇനത്തില്‍ 65,000 കോടി രൂപ കൂടി നല്‍കുമെന്ന അറിയിപ്പാണ് ആ മേഖലയിലെ കമ്പനികളെ സഹായിച്ചത്.

ഇന്നലെ നിഫ്റ്റി 12,700നു താഴെ ക്ലോസ് ചെയ്തതു താഴോട്ടുള്ള യാത്ര തുടരുമെന്നു കാണിക്കുന്നതായി സാങ്കേതിക വിശകലനക്കാര്‍ പറയുന്നു. എന്നാല്‍ ഇതു വലിയൊരു തിരുത്തലിന്റെ തുടക്കമായി അവര്‍ കാണുന്നില്ല. 12,550- നു മുകളില്‍ തുടരാനായാല്‍ നിഫ്റ്റിക്ക് 12,800-12,900 മേഖലയിലേക്കും പിന്നീടു 13,000 നു മുകളിലേക്കും നീങ്ങാം. 12,410-12,430 മേഖലയില്‍ ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. ഇപ്പോഴത്തേത് അടുത്ത കുതിപ്പിനു മുമ്പുള്ള ശക്തി സമാഹരണമാണെന്നാണു സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്.


* * * * * * * *


ഡോളര്‍ ഒഴുകുന്നു

കമ്പോളത്തിലേക്കു വരുന്ന ഭീമമായ വിദേശ പണത്തിലാണ് എല്ലാവരുടെയും കണ്ണ്. നവംബറില്‍ വിദേശികള്‍ ഇതുവരെ 24,900 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. ഈ മാസം ഇനി 30,000 കോടി രൂപ കൂടി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റിലെ 45,727 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന്റെ റിക്കാര്‍ഡ് ഈ മാസം മറികടന്നേക്കാം. ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണു കൂടുതല്‍ പണം എത്തുന്നത്.


* * * * * * * *

മൂഡീസും പ്രതീക്ഷ ഉയര്‍ത്തി

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയിലും മെച്ചമാകുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സിനു പിന്നാലെ മൂഡീസും പ്രവചിച്ചു. 2020-ല്‍ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്നു പറഞ്ഞത് 8.9 ശതമാനം ചുരുങ്ങല്‍ എന്നാക്കി. 2021-ലെ വളര്‍ച്ച 8.1 ശതമാനം എന്നത് 8.6 ശതമാനമാക്കി.

2021-ലെ നിഫ്റ്റി ലക്ഷ്യങ്ങള്‍ ഉയര്‍ത്തിയ ഗോള്‍ഡ്മാന്‍ സാക്‌സും നൊമുറയും വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നു.


* * * * * * * *

വിലക്കയറ്റം ആറു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍


വിലക്കയറ്റത്തോത് ആശങ്കാജനകമായി കൂടുന്നു. ഒക്ടോബറില്‍ ചില്ലറ വില സൂചിക (സി പി ഐ) ആധാരമാക്കിയുള്ള വിലക്കയറ്റ നിരക്ക് 7.61 ശതമാനമായി. തുടര്‍ച്ചയായ ഒന്‍പതാമത്തെ മാസമാണ് ചില്ലറ വിലക്കയറ്റം വര്‍ധിക്കുന്നത്. ഇതാടെ 2014 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായി വിലക്കയറ്റം.

പച്ചക്കറി വിലക്കയറ്റം 22.5 ശതമാനമാണ്. പയര്‍വര്‍ഗങ്ങളുടേത് 18.3 ശതമാനവും. മാംസം, മത്സ്യം എന്നിവയുടേത് 18.7 ശതമാനം മുട്ടയുടേത് 21.8 ശതമാനവുമായ മൊത്തം ഭക്ഷ്യ വിലക്കയറ്റം 7.69 ശതമാനമാണ്.

ചില്ലറ വിലക്കയറ്റം ആറു ശതമാനത്തില്‍ കവിയാതെ നോക്കണമെന്നാണ് റിസര്‍വ് ബാങ്കിനുള്ള നിര്‍ദേശം. അതിനു തക്കതാകണം പണനയം. ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിന്നു മുകളിലായതിനാല്‍ പലിശ നിരക്ക് ഇനിയും താഴ്ത്താന്‍ റിസര്‍വ് ബാങ്കിനു കഴിയില്ല.

കഴിഞ്ഞ മാസം പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചത് ഒക്ടോബര്‍ - മാര്‍ച്ച് കാലയളവില്‍ ചില്ലറ വിലക്കയറ്റം 5.4 - 4.5 ശതമാനം എന്ന പരിധിയിലേക്കു താഴുമെന്നാണ്. ഇപ്പോള്‍ അതിനു സാധ്യതയില്ലെന്നു കാണുന്നു.

റിസര്‍വ് ബാങ്ക് സാമ്പത്തിക രംഗത്ത് ഉണര്‍വ് ദൃശ്യമായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് രണ്ടു ദിവസം മുന്‍പാണ്. അതില്‍ ഒരു മുന്നറിയിപ്പ് നല്കിയിരുന്നു. വിലക്കയറ്റം പരിധിയില്‍ നിന്നില്ലെങ്കില്‍ വളര്‍ച്ചയിലെ തിരിച്ചുവരവ് നഷ്ടമാകുമെന്ന് .

റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് ശരിയാകാതെ പോകട്ടെ എന്നു പ്രാര്‍ഥിക്കുക മാത്രമാണു മാര്‍ഗം എന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ കരുതുന്നുണ്ടാകണം.

* * * * * * * *


വ്യവസായ ഉല്‍പാദനത്തിലെ നാമമാത്ര വര്‍ധനയില്‍ ആഘോഷം വേണ്ട

തലേവര്‍ഷം സെപ്റ്റംബറില്‍ വ്യവസായ ഉല്‍പാദനം 4.6 ശതമാനം കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബറില്‍ വ്യവസായ ഉല്‍പാദനം 0.2 ശതമാനം കൂടി. അപ്പോള്‍ വ്യവസായ ഉല്‍പാദനം തിരിച്ചുവരവിന്റെ പാതയിലാണോ?

അങ്ങനെയാണെന്നു കരുതാനാണു കൂടുതല്‍ പേര്‍ ആഗ്രഹിക്കുക. പക്ഷേ അങ്ങനെയല്ല സത്യം.

2018 സെപ്റ്റംബറിലെ വ്യവസായ ഉല്‍പാദനം 100 ആണെന്നു കരുതുക. 2019 സെപ്റ്റംബറില്‍ അത് 95.4 ആയി കുറഞ്ഞു. ഈ സെപ്റ്റംബറില്‍ 0.2 ശതമാനം കൂടിയപ്പോള്‍ ഉല്‍പാദനം എത്രയായി? ചെറിയ ഗുണനവും സങ്കലനവും നടത്തുമ്പോള്‍ ഉത്തരം 95.59. ഇപ്പോഴും 2018ലെ നിലയില്‍ നിന്നു 4.4 ശതമാനം താഴെ.

എങ്കിലും 15.7 ശതമാനം കുറഞ്ഞ ജൂണും 10.4 ശതമാനം കുറഞ്ഞ ജൂലൈയും 7.4 ശതമാനം കുറഞ്ഞ ഓഗസ്റ്റും വച്ചു നോക്കുമ്പോള്‍ സെപ്റ്റംബര്‍ മെച്ചമാണ്.

തലേ സെപ്റ്റംബറില്‍ വലിയ താഴ്ച ഉണ്ടായ മേഖലകളില്‍ ഇത്തവണ സ്ഥിതി മെച്ചമായി കാണുന്നതും ഇതേ രീതിയിലാണ്. യന്ത്രസാമഗ്രികളുടെ ഉല്‍പാദനം 3.3 ശതമാനമാണു താഴോട്ടു പോയത്. തലേക്കൊല്ലം 20.5 ശതമാനം ഇടിഞ്ഞ സ്ഥാനത്താണിത്. മൂലധന നിക്ഷേപത്തില്‍ ഇടിവ് തുടരുന്നു എന്നാണ് ഇതിനര്‍ഥം.


* * * * * * * *


ക്രൂഡിനു ക്ഷീണം

ആഗോള ഇന്ധന ഉപയോഗത്തിലെ വര്‍ധന മുന്‍ പ്രതീക്ഷയിലും കുറവാകുമെന്ന് എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) പ്രസ്താവിച്ചു. അന്താരാഷ്ട്ര എനര്‍ജി എജന്‍സി (ഐ ഇ എ ) യും അതു തന്നെ പറഞ്ഞു. ക്രൂഡ് വില ബ്രെന്റ് ഇനത്തിനു 45 ഡോളറില്‍ നിന്ന് 43.5 ഡോളറിലെത്താന്‍ അതു മതിയായിരുന്നു.

സ്വര്‍ണം ചെറിയ കയറ്റിറക്കത്തോടെ തുടരുന്നു . ഔണ്‍സിന് 1883 ഡോളര്‍ വരെ കയറിയിട്ട് 1875 ലേക്കു താണു.

ഡോളര്‍ നിരക്ക് കൂടി. 74.64 രൂപയായി ഡോളറിന് .

* * * * * * * *

ഇന്നത്തെ വാക്ക് : കാതല്‍ വിലക്കയറ്റം

ഭക്ഷ്യവിലയും ഇന്ധനവിലയും ഒഴിവാക്കിയുള്ള വിലക്കയറ്റത്തെയാണു കാതല്‍ വിലക്കയറ്റം (Core Inflation) എന്നു പറയുന്നത്. ഭക്ഷ്യ- ഇന്ധന വിലകള്‍ക്ക് സീസണനുസരിച്ചു മാറ്റമുണ്ടല്ലോ. (പാശ്ചാത്യ നാടുകളില്‍ ശീതകാലത്ത് ഇന്ധന ഉപയോഗം കൂടുന്നു. സ്വാഭാവികമായി ഇന്ധനവിലയും. ഇന്ത്യയില്‍ അങ്ങനെയില്ല.) വിലക്കയറ്റ പ്രവണത ശരിയായി മനസിലാക്കാന്‍ കാതല്‍ വിലക്കയറ്റം നോക്കണമെന്ന ആശയം അവതരിപ്പിച്ചത് മാസച്യുസെറ്റസിലെ ധനശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ജെ.ഗോര്‍ഡനാണ്. 1975-ലായിരുന്നു ഇത്. ഭക്ഷ്യ, ഇന്ധന വിലക്കയറ്റം കൂടി ചേര്‍ത്ത പൊതു വിലക്കയറ്റത്തെ ഹെഡ് ലൈന്‍ വിലക്കയറ്റം എന്നാണു പറയുക.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it