ലോഹങ്ങൾക്കു വില കൂടുന്നു, റിയൽറ്റിയിൽ ഉണർവ്: വോഡഫോൺ ഐഡിയയിൽ പണം മുടക്കാൻ കൺസോർഷ്യം, കോവിഡും മൊബൈലും നൽകുന്ന പാഠം

വീണ്ടും താഴോട്ടു പോകുന്നില്ലെങ്കിൽ ബുൾ തരംഗത്തിനു തുടർച്ച. വ്യാഴാഴ്ചത്തെ ഇടിവിനെ ഒറ്റപ്പെട്ട ലാഭമെടുക്കൽ പോലെ കരുതാനാണു വിപണിക്ക് താൽപര്യം. നിക്ഷേപകർക്ക് 1.4 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെങ്കിലും സമീപകാലത്തെ വലിയ നേട്ടങ്ങൾക്കിടയിൽ അതു സാരമുള്ളതല്ലെന്ന് കരുതുന്നു.

കോവിഡ് ആശങ്കകൾ ഇന്നലെയും യൂറോപ്യൻ സൂചികകളെ താഴ്ത്തി. എന്നാൽ അമേരിക്കൻ ഓഹരികൾ ഉയർന്നു. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴോട്ടു പോയി. ഉത്തേജക പദ്ധതിയെപ്പറ്റിയുള്ള തർക്കമാണു കാരണം. തുടർന്ന് ജപ്പാനിലെ നിക്കൈ സൂചികയും താണു. എന്നാൽ ഇന്ത്യൻ ഓഹരികൾക്ക് ഉണർവോടെയുള്ള തുടക്കമാണ് എസ് ജി എക്സ് നിഫ്റ്റി സൂചിപ്പിക്കുന്നത്.

ബാങ്ക് - ധനകാര്യ കമ്പനികളുടെ ഓഹരികളിൽ വലിയ ലാഭമെടുക്കൽ വന്നതാണ് ഓഹരി സൂചികകളെ താഴത്തിയത്. ഐ ടി ഓഹരികളും താണു. ഈ പ്രവണത തുടരണമെന്നില്ല.

നിഫ്റ്റി ദുർബല മേഖലയിലാണെങ്കിലും തിരുത്തലിന് തക്ക സാഹചര്യമില്ലെന്നാണ് സാങ്കേതിക വിശകലനക്കാർ പറയുന്നത്.


* * * * * * * *

ലോഹങ്ങൾ കുതിക്കുന്നു


സ്റ്റീൽ കമ്പനികൾ മൂന്നാഴ്ചയ്ക്കുളളിൽ രണ്ടാം തവണ വില കൂട്ടി. ടണ്ണിന് 1500 രൂപ വരെ വർധിപ്പിച്ചു. ഇനിയും വില കൂടാനാണു സാധ്യത. ഇരുമ്പയിരിനും മാംഗനീസ്, നിക്കൽ, സിങ്ക് തുടങ്ങിയവയ്ക്കും വില കൂടി വരികയാണ്. ചെമ്പുവില മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. അലൂമിനിയം വില 2015-നു ശേഷമുള്ള റിക്കാർഡ് നിലവാരത്തിലാണ്.

സ്വർണം താഴോട്ടു നീങ്ങുന്നു. 1862 - 64 ഡോളറിലേക്ക് ഒരൗൺസ് സ്വർണം താണു.

ക്രൂഡ് ഓയിൽ ബ്രെൻറ് ഇനം 44 ഡോളറിന് മുകളിൽ തുടരുന്നു.

* * * * * * * *


റിയൽറ്റിയിൽ ഉണർവ്

പ്രമുഖ വിപണികളിൽ പാർപ്പിട വിൽപ്പന കോവിഡിനു മുമ്പുള്ള തോതിലേക്കു വളർന്നതായി റേറ്റിംഗ് എജൻസി ക്രിസിൽ. മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റിടങ്ങളിലും ജനുവരിയിലേക്കാൾ 10 മുതൽ 30 വരെ ശതമാനം അധികം കൈമാറ്റങ്ങൾ നടക്കുന്നുണ്ട്.

മഹാരാഷ്ട്രയും കർണാടകവും രജിസ്ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചത് വിൽപ്പന കൂട്ടാൻ സഹായിച്ചു. മഹാരാഷട്രയിൽ ഡിസംബർ വരെ രണ്ടു ശതമാനവും പിന്നീടു മാർച്ച് വരെ മൂന്നു ശതമാനവുമാണു സ്റ്റാമ്പ് ഡ്യൂട്ടി. കർണാടകത്തിൽ 21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ വിലയുള്ള വസ്തുവിന് സ്റ്റാമ്പ് ഡ്യൂട്ടി മൂന്നു ശതമാനമാക്കി.

ഡൽഹിയിൽ വിൽപ്പന ഇപ്പോഴും താഴ്ന്ന തോതിലാണെന്നു ക്രിസിൽ പറയുന്നു.

വർക്ക് ഫ്രം ഹോം നഗരങ്ങളിൽ നിന്നു മാറിയുള്ള പ്രദേശങ്ങളിൽ പാർപ്പിട വിൽപ്പന വർധിക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.


* * * * * * * *

കോവിഡിൻ്റെ ആഘാതം വരും വർഷങ്ങളിലും

കോവിഡനന്തര കാലത്ത് രാജ്യത്തെ വളർച്ച നിരക്ക് പഴയ തോതിലേക്ക് ഉയരുമെന്ന പ്രതീക്ഷ തല്ലിക്കെടുത്തി ഓക്സ്ഫഡ് ഇക്കണോമിക്സ്. കഴിഞ്ഞ അഞ്ചു വർഷം ശരാശരി 6.5 ശതമാനം വളർന്ന സ്ഥാനത്ത് 4.5 ശതമാനം വളർച്ചയേ 2020-25 കാലത്തു പ്രതീക്ഷിക്കാനുള്ളൂ എന്നാണ് ഈ സാമ്പത്തിക പ്രവചന സ്ഥാപനം പറയുന്നത്.

കോവിഡിനു ശേഷം ശക്തമായ തിരിച്ചുവരവ് കണക്കാക്കിയാണ് റേറ്റിംഗ് ഏജൻസികളും മറ്റും പ്രവചനങ്ങൾ നടത്തിയിരുന്നത്. വളർച്ച ത്തോത് കുറേ വർഷങ്ങളിലേക്ക് താഴുന്ന സാഹചര്യം ആരും മുന്നിൽ കണ്ടിട്ടില്ല.

2025-ലേക്ക് ഓക്സ്ഫഡ് ഇക്കണോമിക്സ് മുമ്പു കണക്കാക്കിയതിലും 12 ശതമാനം താഴെയാകും ഇന്ത്യയുടെ ജിഡിപി എന്നാണ് സ്ഥാപനം വിലയിരുത്തിയത്. കോവിഡിൻെറ ഏറ്റവും വലിയ ആഘാതമേൽക്കുന്ന സമ്പദ്ഘടന ഇന്ത്യയുടേതാകുമെന്നും അവർ പറഞ്ഞു. സമഗ്രവും ഫലപ്രദവുമായ ഉത്തേജക പദ്ധതി നടപ്പാക്കാത്തതാണു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. പല അടിസ്ഥാന പ്രശ്നങ്ങളും കോവിഡിനുമുമ്പേ ഉള്ളവയാണ്. കമ്പനികളുടെ അമിത കടം, ബാങ്കുകളുടെ കിട്ടാക്കടങ്ങൾ തുടങ്ങിയവ കോവിഡിന് മുമ്പേ തന്നെ ഉള്ള ഭീഷണികളാണ്.

ഇന്ത്യ പ്രഖ്യാപിച ഉത്തേജക പരിപാടികളിൽ പണം മുടക്ക് ജിഡിപിയുടെ രണ്ടര ശതമാനത്തിൽ താഴെയേ ഉള്ളൂ. സിംഹഭാഗവും വായ്പാ സഹായവും വായ്പാ ഗാരൻ്റിയുമാണ്. ഈ വർഷം കേന്ദ്രത്തിൻ്റെ ധന കമ്മി ഇരട്ടിയോളമാകുമെങ്കിലും അതു വളർച്ചയെ സഹായിക്കില്ല. കാരണം കമ്മി കൂടുന്നത് സർക്കാരിൻ്റെ ചെലവ് വർധിപ്പിക്കുന്നതു കൊണ്ടല്ല: ഓക്സ്ഫഡ് ഇക്കണോമിക്സ് ചൂണ്ടിക്കാട്ടി.


* * * * * * * *

മൂഡീസും ജിഡിപി പ്രതീക്ഷ ഉയർത്തി


വിദേശ റേറ്റിംഗ് ഏജൻസി മൂഡീസ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഉയർത്തി. കഴിഞ്ഞ ദിവസം ഗോൾഡ്മാൻ സാക്സും പ്രതീക്ഷ ഉയർത്തിയിരുന്നു.

2020-21-ൽ ഇന്ത്യയുടെ ജിഡിപി 10.6 ശതമാനമേ ചുരുങ്ങൂ എന്നാണ് മൂഡീസിൻ്റെ ഇപ്പോഴത്തെ നിഗമനം. നേരത്തേ 11.5 ശതമാനം ചുരുങ്ങലാണു പ്രതീക്ഷിച്ചിരുന്നത്. 2021-22-ലെ ജിഡിപി വളർച്ച പ്രതീക്ഷ 10.6 ശതമാനത്തിൽ നിന്നു 10.8 ശതമാനത്തിലേക്ക് ഉയർത്തി.

2020 ജനുവരി- ഡിസംബറിൽ ഇന്ത്യയുടെ ജിഡിപി 8.9 ശതമാനമേ ചുരുങ്ങൂ എന്നാണു മൂഡിസ് കഴിഞ്ഞയാഴ്ച പറഞ്ഞത്. നേരത്തേ 9.6 ശതമാനം ചുരുങ്ങൽ പ്രവചിച്ചിരുന്നു. 2021-ൽ വളർച്ച പ്രതീക്ഷ 8.1 - ൽ നിന്ന് 8.6 ശതമാനത്തിലേക്ക് ഉയർത്തി.

രാജ്യത്തു കോവിഡ് കുറഞ്ഞു വരുന്നതും സാമ്പത്തിക പ്രവർത്തനങ്ങൾ ഉണർവിലാകുന്നതും കണക്കിലെടുത്താണു പ്രതീക്ഷകൾ ഉയർത്തിയത്.


* * * * * * * *

വോഡഫോൺ ഐഡിയയിൽ പണം മുടക്കാൻ കൺസോർഷ്യം

വോഡഫോൺ ഐഡിയ (വിഐ) യ്ക്കു മത്സരശേഷി നൽകാൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും ഫണ്ടുകളും. ഓക്ട്രീ കാപ്പിറ്റലിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട കൺസോർഷ്യം 200 കോടി ഡോളർ (14,800 കോടി രൂപ) വിഐ യിൽ മുടക്കാൻ സന്നദ്ധരാണ്.

മൊബൈൽ സേവന വിപണിയിൽ മത്സരം കടുകട്ടിയായപ്പോൾ പിടിച്ചു നിൽക്കാൻ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് വോഡഫോൺ ഐഡിയ. ബ്രിട്ടനിലെ വോഡഫോൺ കമ്പനിയും ഇന്ത്യയിലെ ആദിത്യ ബിർല ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്. നികുതി ബാധകമായ റവന്യു (എജിആർ) സംബന്ധിച്ച കേസിൽ വിധി എതിരായതു മൂലം വലിയ തുക അടയ്ക്കേണ്ടി വരുന്നതു കമ്പനിക്കു വലിയ ബാധ്യത ആയി. ഇതിനായി അധിക മൂലധനം ഇറക്കാൻ ബിർല ഗ്രൂപ്പ് താൽപ്പര്യമെടുത്തില്ല. പകരം ഓഹരി വിറ്റും കടമെടുത്തും ധനകാര്യ നില ഭദ്രമാക്കാനാണു കമ്പനി ശ്രമിക്കുന്നത്. 25,000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിട്ടത്. ഇതു സാധ്യമാക്കാൻ വഴിയൊരുക്കുന്നതാണ് ഓക്ട്രീ നീക്കം. മറ്റു ധനകാര്യ സ്ഥാപനങ്ങളോടും പ്രൈവറ്റ് ഇക്വിറ്റികളോടും വോഡഫോൺ ഐഡിയ ചർച്ച നടത്തുന്നുണ്ട്.

ധനനില മോശമായതിനാൽ മൊബൈൽ സർവീസ് മികവുറ്റതാക്കാനുള്ള ശ്രമങ്ങളിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു കമ്പനി. 5 ജി ലേലത്തിൽ നിന്നു വിട്ടു നിൽക്കാനും കമ്പനി ആലോചിച്ചിരുന്നു. പ്രവർത്തനം തുടരാൻ പറ്റുമോ എന്നു കമ്പനി തന്നെ പരസ്യമായി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ ആദ്യമാണിത്. ഇതിനു ശേഷം ഓഹരി വില 25 ശതമാനം ഇടിഞ്ഞു. ഇന്നലെ ഓക്‌ട്രീ കൺസോർഷ്യത്തിൻ്റെ വിവരം പുറത്തുവന്നതോടെ ഓഹരി വില 4.4 ശതമാനം കയറി.

ഭാരതി എയർടെലും റിലയൻസ് ജിയോയും ഒന്നാം സ്ഥാനത്തിനായി പോരടിക്കുന്ന ഇന്ത്യൻ മൊബൈൽ ടെലികോം വിപണിയിൽ സമീപകാലത്ത് വോഡഫോൺ ഐഡിയ ഏറെ പിന്നോട്ടു പോയിരുന്നു.


* * * * * * * *

കോവിഡും മൊബൈലും നൽകുന്ന പാഠം

കോവിഡും ലോക്ക് ഡൗണും വരുത്തിയ ദുരിതത്തിൽ നിന്നു രാജ്യത്തെ ദുർബല വിഭാഗങ്ങൾ ഇനിയും കരകയറിയിട്ടില്ല. കോ വിഡ് കാലത്തു മൊബൈൽ വരിക്കാരുടെ എണ്ണം കുറഞ്ഞത് അതിൻ്റെ തെളിവാണ്. 1.7 കോടി കണക്ഷനുകളാണ് ഇക്കാലത്ത് നിർത്തലാക്കിയത്. മാർച്ച് 31-ന് 115. 7 കോടി വരിക്കാർ ഉണ്ടായിരുന്നത് ജൂൺ 30-ന് 114 കോടിയായി കുറഞ്ഞു. കുറവ് 1.7 കോടി. ഇതര സംസ്ഥാന തൊഴിലാളികളാണ് മൊബൈൽ കണക്ഷൻ ഉപേക്ഷിച്ചവരിൽ ഏറെയും. ഓഗസ്റ്റ് അവസാനം മൊത്തം മൊബൈൽ കണക്ഷൻ 114.7 കോടിയായിട്ടേ ഉള്ളൂ. കണക്ഷൻ ഉപേക്ഷിച്ചവരിൽ മഹാഭൂരിപക്ഷത്തിനും അതു വീണ്ടും എടുക്കാൻ തക്ക സാമ്പത്തിക നിലയായിട്ടില്ല എന്നു ചുരുക്കം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it