ബാങ്കിംഗ് : ടാറ്റായും ബിർലയും ബജാജും വരും, മുത്തൂറ്റിനും സാധ്യത; ഇന്ധന വില കൂടുന്നു, ജിഡിപിയിൽ ചെറിയ പ്രതീക്ഷ

ബാങ്കിംഗിൽ കാലചക്രം പിന്നോട്ടു പായുകയാണ്. വൻ വ്യവസായ ഗ്രൂപ്പുകൾക്കും വലിയ ബാങ്കിതര ധനകാര്യ കമ്പനികൾക്കും ബാങ്കിംഗ് ലൈസൻസ് ലഭിക്കാൻ പോകുന്നു.

റിസർവ് ബാങ്കിൻ്റെ ഒരു ആഭ്യന്തര പഠന സമിതി നൽകിയ കരടു ശിപാർശയിൽ ഇതിനു വഴി തുറക്കുന്നുണ്ട്. കരട് സംബന്ധിച്ച് വിവിധ മേഖലകളുടെ അഭിപ്രായം ജനുവരി വരെ സ്വീകരിക്കും. തുടർന്ന് അന്തിമ ശിപാർശ.

1969-ലും 1980- ലുമായി നടന്ന രണ്ടു ദേശസാൽക്കരണങ്ങളിലൂടെ ഇന്ത്യൻ ബാങ്കിംഗ് വ്യവസായ ഗ്രൂപ്പുകളിൽ നിന്ന് മാറ്റിയെടുത്തു. വിവിധ വ്യവസായ ഗ്രൂപ്പുകളുടേതായിരുന്ന 20 ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്. 1993-ൽ വീണ്ടും സ്വകാര്യ ബാങ്കുകൾ അനുവദിച്ചെങ്കിലും വലിയ വ്യവസായ ഗ്രൂപ്പുകളെ പ്രൊമോട്ടർമാരാകാൻ അനുവദിച്ചില്ല. ബാങ്കിംഗിൽ പല നയം മാറ്റങ്ങളും വന്നപ്പോഴും വ്യവസായം ഗ്രൂപ്പുകളെ പ്രൊമോട്ടർമാരാക്കുന്ന പരിഷ്‌കാരം ഉണ്ടായില്ല.

കഴിഞ്ഞ ജൂണിൽ റിസർവ് ബാങ്ക് ഡയറക്ടർ പി.കെ. മൊഹന്തി അധ്യക്ഷനായി പഠനസമിതിയെ വച്ചത് വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കിംഗ് ലൈസൻസ് നൽകാനാവുന്ന വിധം നയം തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ്. കമ്മിറ്റിയുടെ കരടു ശിപാർശ വ്യവസായ - വാണിജ്യ സംഘടനകളെ സന്തോഷിപ്പിച്ചിട്ടുണ്ട്.


ടാറ്റായും ബിർലയും ബജാജും വരും; മുത്തൂറ്റിനും സാധ്യത

ബാങ്കിംഗിലേക്കു കടക്കാൻ ഒരുങ്ങുന്ന വ്യവസായ ഗ്രൂപ്പുകളിൽ ടാറ്റായും ആദിത്യ ബിർലയും ബജാജും ഉൾപ്പെടുന്നു. 50,000 കോടിയിൽപരം രൂപയുടെ ആസ്തി ഉള്ള എൻബിഎഫ്സികൾക്ക് ബാങ്കിംഗ് ലൈസൻസ് നൽകാം എന്ന ശിപാർശ ഈ ഗ്രൂപ്പുകളെ സഹായിക്കും. വലിയ കോർപറേറ്റ് ഗ്രൂപ്പുകൾക്കു ലൈസൻസ് നൽകുന്നതിനു ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ ഉള്ള വിലക്കു നീക്കാനും ശിപാർശയുണ്ട്.

ടാറ്റാ ഗ്രൂപ്പിൻ്റെ എൻബിഎഫ്സി ടാറ്റാ കാപ്പിറ്റലിസ് 74,000 കോടിയിലേറെ രൂപയുടെ ആസ്തി ഉണ്ട്. ആദിത്യ ബിർല കാപ്പിറ്റലിന് 70,000 കോടിയും ബജാജ് ഫിൻ സെക്സിന് 1.8 ലക്ഷം കോടിയുടെയും ആസ്തി ഉണ്ട്.

ടാറ്റായും ബിർലയും 2013-ൽ ബാങ്ക് ലൈസൻസിനു ശ്രമിച്ചതാണ്. വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നു പറഞ്ഞു ടാറ്റാ അപേക്ഷ പിൻവലിച്ചു. ബിർലയുടെ അപേക്ഷ തള്ളി.

മുത്തൂറ്റ് ഫിനാൻസും 2012-ൽ ബാങ്ക് ലൈസൻസ് കിട്ടുന്നതിൽ താൽപര്യമെടുത്തിരുന്നു. ആസ്തി, പ്രവർത്തന പാരമ്പര്യം തുടങ്ങിയ ഘടകങ്ങളെല്ലാം അവർക്കും അനുകൂലമാണ്.

ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്, എൽ ആൻഡ് ടി ഫിനാൻസ്, ചോള ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഫിനാൻസ്, എം ആൻഡ് എം ഫിനാൻസ്, ഇന്ത്യാ ബുൾസ് ഹൗസിംഗ് തുടങ്ങിയ എൻബിഎഫ്സികളും ബാങ്കിംഗ് ലൈസൻസിന് അർഹതയുള്ളവയാണ്.


* * * * * * * *

വിദേശ പണത്തിൻ്റെ ഒഴുക്കിൽ ഇന്ത്യൻ ഓഹരികൾ മുന്നേറ്റം തുടരുകയാണ്. നവംബർ സീരീസിലെ ഡെറിവേറ്റീവ് കോൺട്രാക്റ്റുകളുടെ സെറ്റിൽമെൻറ് വ്യാഴാഴ്ചയാണ്. വിപണിയിൽ ചെറുതല്ലാത്ത ചാഞ്ചാട്ടം അതു മൂലമുണ്ടാകാം.

നിഫ്റ്റി 50 സൂചിക ബുള്ളിഷ് മനോഭാവത്തിൽ നിന്നു തിരിഞ്ഞു പോകുന്ന പ്രവണത കാണിക്കുന്നതായി സാങ്കേതിക വിശകലനക്കാർ പറയുന്നു. ഒരു തിരുത്തലിനു സമയമായി എന്നു കരുതുന്നവർ ഈ ദിവസങ്ങളിൽ സൂചികകൾ താഴോട്ടു നീങ്ങുമെന്ന കണക്കുകൂട്ടലിലാണ്. പക്ഷേ, നവംബറിൽ മൂന്നാഴ്ച കൊണ്ട് 44,378 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ച വിദേശികൾ വിപണിയെ 'മേലോട്ടു നയിക്കും എന്നതാണു പ്രബല ചിന്താഗതി.

ക്രിസ്മസിനു മുമ്പ് വിദേശികൾ പുതിയ നിക്ഷേപം നീട്ടിവയ്ക്കാനിടയുണ്ട്. കുറേ വിദേശ ഫണ്ടുകൾ ആ സമയത്തു ലാഭമെടുക്കുകയും ചെയ്യും. അത് ഇന്ത്യൻ ഓഹരികളെ അൽപമൊന്നു താഴ്ത്തുമെന്നാണു നിഗമനം. ആരോഗ്യകരമായ ഒരു തിരുത്തലിന് അത് അവസരമാകും.


* * * * * * * *

സന്ദേഹം മാറുന്നില്ല

കഴിഞ്ഞയാഴ്ച സൂചികകളുടെ ചാഞ്ചാട്ടം കാണിക്കുന്നത് വിപണി ഇപ്പോഴത്തെ നിലവാരത്തിൽ സ്ഥിരതയ്ക്ക് ശ്രമിക്കുമെന്നാണെന്നു കരുതുന്നവർ ഉണ്ട്. നിഫ്റ്റി 13,000-ലേക്കു കയറുകയില്ലെന്നാണ് അവരുടെ വിലയിരുത്തൽ. 12,970- നു സമീപത്തെ പ്രതിരോധത്തെ ഭേദിക്കാൻ നിഫ്റ്റി യുടെ ഈപ്പാഴത്തെ കുതിപ്പ് പോരെന്നും അവർക്കഭിപ്രായമുണ്ട്‌. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിയാത്തിടത്തോളം ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന മട്ടിലാണു വിപണിയിലെ ഭൂരിപക്ഷം പേരും. സാമ്പത്തിക ഉണർവിനെപ്പറ്റിയുള്ള പ്രതീക്ഷകളിൽ അവിശ്വസിക്കുന്നവരാണ് വിപണി ഉയരില്ലെന്ന വാദം ഉയർത്തുന്നത്.


* * * * * * * *

ജിഡിപിയിൽ ചെറിയ പ്രതീക്ഷ

നവംബർ 27 ന് രണ്ടാം പാദത്തിലെ (ജൂലൈ - സെപ്റ്റംബർ) ജിഡിപി എസ്റ്റിമേറ്റ് പുറത്തുവരും. ഒന്നാം പാദത്തിൽ ജിഡിപി 23.9 ശതമാനം കുറഞ്ഞെന്നാണു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പറഞ്ഞത്. രണ്ടാം പാദത്തിൽ ജിഡിപി 15 ശതമാനം വരെ കുറയുമെന്നായിരുന്നു ആദ്യ നിഗമനങ്ങൾ. പിന്നീടു പല ഏജൻസികളും നിഗമനം പരിഷകരിച്ചു. ഇപ്പോൾ 9.5 ശതമാനം മുതൽ 11.5 ശതമാനം വരെ കുറവ് വരാമെന്നാണു മിക്കവരും അഭിപ്രായപ്പെടുന്നത്. എസ്ബിഐ റിസർച്ച് 12.5 ശതമാനം ചുരുങ്ങൽ എന്ന നിഗമനം 10.6 ശതമാനം ആയി കുറച്ചു. മറ്റു പല ഏജൻസികളും സമാനമായ മാറ്റം പ്രവചനത്തിൽ വരുത്തിയിട്ടുണ്ട്.

മൂന്നാം പാദത്തിലും നാലാം പാദത്തിലും ഇന്ത്യയുടെ ജിഡിപി ചെറിയ വളർച്ച കാണിക്കുമെന്നു പ്രമുഖ ധനശാസ്ത്രജ്ഞ ഡോ.അഷിമ ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞു. റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റിയിലേക്കു കഴിഞ്ഞ മാസമാണു ഡോ.അഷിമയെ കേന്ദ്ര സർക്കാർ നിയമിച്ചത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ് റിസർച്ചിൽ പ്രഫസറാണ് അവർ.

ലോക്ക് ഡൗണിനു ശേഷമുള്ള ചരക്കുനീക്ക പ്രശ്നങ്ങളും മറ്റും കുറഞ്ഞെന്നതാണു മൂന്നാം പാദത്തിൽ വളർച്ച ഉണ്ടാകുമെന്നു പറയാൻ അവർ കണ്ട ന്യായം.


* * * * * * * *


ബാങ്ക്, എൻബിഎഫ്സി ഓഹരികൾ തിളങ്ങും

ബാങ്കിംഗ് ലൈസൻസ് വ്യവസായ ഗ്രൂപ്പുകൾക്കും നൽകുക, 50,000 കോടി രൂപയിലധികം ആസ്തിയുള്ള എൻ ബി എഫ് സി കളെ ബാങ്കിംഗ് ലൈസൻസിനു പരിഗണിക്കുക, ബാങ്കുകളിൽ പ്രൊമോട്ടറുടെ പങ്കാളിത്തം 26 ശതമാനമായി ഉയർത്തുക, പ്രൊമോട്ടർ അല്ലാത്ത ഗ്രൂപ്പുകൾക്കു 10 ശതമാനം ഓഹരി പങ്കാളിത്തം അനുവദിക്കുക തുടങ്ങിയ നിർദേശങ്ങൾ റിസർവ് ബാങ്കിൻ്റെ പഠന സമിതിയുടെ കരടു ശിപാർശയിൽ ഉണ്ട്. ഇവ നിലവിലെ സ്വകാര്യ ബാങ്കുകളെ സഹായിക്കുന്നതാണ്. ചെറുകിട ബാങ്കുകളിൽ ഓഹരി എടുക്കാൻ താൽപര്യമുള്ള വ്യവസായ ഗ്രൂപ്പുകൾക്ക് ഇതുവഴി അവസരം കിട്ടും. പ്രൊമോട്ടർമാർക്ക് തങ്ങളുടെ ഓഹരി വർധിപ്പിക്കാനും സാധിക്കും. ബാങ്കിംഗ് ഓഹരികളിൽ നല്ല കുതിപ്പിന് ഈ ശിപാർശകൾ സഹായിക്കും. ബാങ്ക് ലൈസൻസ് ആഗ്രഹിക്കുന്ന എൻബി എഫ് സി കളുടെ ഓഹരികളിലും നല്ല ചലനം പ്രതീക്ഷിക്കാം.


* * * * * * * *


ക്രൂഡ് ഉയരുന്നു, സ്വർണവും


ഡിസംബറിൽ ചേരുന്ന ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) യോഗം ക്രൂഡ് ഉൽപ്പാദന നിയന്ത്രണം തുടരാൻ തീരുമാനിക്കുമെന്നു സൂചനയുണ്ട്. റഷ്യ അടക്കം ഒപെകിനു പുറത്തുള്ള പ്രമുഖ ഉൽപ്പാ ദകരും (ഒപെക് പ്ലസ്) ഇതിനോടു സഹകരിക്കുമെന്നാണു സൂചന. ട്രംപ് മാറി ബൈഡൻ പ്രസിഡൻ്റ് ആകുന്നതോടെ ലോക വാണിജ്യത്തിൽ ഉണർവും പ്രതീക്ഷിക്കുന്നു. ഇതെല്ലാം ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 45 ഡോളറിനു മുകളിലാണു തിങ്കളാഴ്ച രാവിലെ. ഡബ്ള്യു ടി ഐ ഇനം 42 ഡോളറിനു മുകളിലായി. ഒരു മാസം കൊണ്ട് 12 ശതമാനത്തിലേറെയാണു വില വർധന.

രാജ്യത്തു നാലു ദിവസമായി ഇന്ധന വില വർധിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തോത് കിട്ടാൻ ഇത് ഇടയാക്കും.

ലോകവിപണിയിൽ സ്വർണ വില വീണ്ടും കയറ്റത്തിലായി. ഔൺസിന് 1874 ഡോളറിലാണു തിങ്കൾ രാവിലെ സ്വർണ വില.

കറൻസിവിനിമയ വിപണി കളിൽ ഡോളർ ദൗർബല്യം തുടരുകയാണ്. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികൾക്ക് അനുകൂല വർത്തമാനമാണത്. വെള്ളിയാഴ്ച ഡോളറിനു 11 പൈസ കുറഞ്ഞ് 74.16 രൂപ ആയിരുന്നു.


* * * * * * * *

ഇന്നത്തെ വാക്ക് : ജിഡിപി


പൊതു ധനകാര്യത്തിലെ പ്രധാന സംജ്ഞ. നിശ്ചിത കാലയളവിൽ രാജ്യത്ത് നടക്കുന്ന ഉൽപ്പാദനത്തിൻ്റെയും സേവനങ്ങളുടെയും മൊത്തം വിലയാണ് ഇത്. മൊത്ത ആഭ്യന്തര ഉൽപ്പാദനം (Gross Domectic Product) പ്രവാസികൾ അയയ്ക്കുന്ന പണം കണക്കിലെടുക്കുന്നില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it