രഘുറാം രാജന്റെ മുന്നറിയിപ്പ്! അമേരിക്കയിലും വാക്സിനിലും പ്രത്യാശ; യു എസ് ട്രഷറി സെക്രട്ടറിയാകാൻ ജാനറ്റ് എലൻ

അമേരിക്കയിൽ അധികാര കൈമാറ്റം സുഗമമായി നടക്കുമെന്ന് ഉറപ്പായി. ഒപ്പം വലിയ ഉത്തേജക പദ്ധതി വരുമെന്നും. ഓക്സ്ഫഡ് - അസ്ട്രാ സെനക്ക കോവിഡ് വാക്സിൻ 70 മുതൽ 90 വരെ ശതമാനം ഫലപ്രാപ്തി കാണിച്ചു. 2021 ആദ്യം വാക്സിനുകൾ ലഭ്യമാകുമെന്ന് ഉറപ്പായി.

ഈ നല്ല വാർത്തകൾ സാമ്പത്തിക രംഗത്തു പ്രത്യാശ വളർത്തുന്നു. ഒപ്പം ഓഹരി വിപണിയിലെ പ്രവർത്തകർക്ക് ഉത്സാഹം പകരുന്നു. യു എസ് ഓഹരി ഫ്യൂച്ചേഴ്സും ഏഷ്യൻ ഓഹരി സൂചികകളും ഇന്നു രാവിലെ ഈ ആവേശത്തിലാണ്‌. ഇന്ത്യയിലേക്കും ആവേശം വന്നാൽ നിഫ്റ്റിയും സെൻസെക്സും പുതിയ ഉയരങ്ങളിലെത്തും.

സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള പ്രതീക്ഷ ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു; സ്വർണ വില താണു


ക്രൂഡ് ഓയിൽ വില ഒരാഴ്ചകൊണ്ട് ഏഴു ശതമാനം കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 46 ഡോളറിനു മുകളിലെത്തി; ഡബ്ള്യു ടി ഐ 43 ഡോളറിനു മുകളിൽ സ്ഥിരത നേടുന്ന മട്ടാണു കാണുന്നത്.

ഓഹരികളും ക്രൂഡും കയറുന്നത് സ്വർണത്തിനു തിരിച്ചടിയായി. കുറേ ദിവസമായി ഔൺസിന് 1870 ഡോളറിനു മുകളിലായിരുന്ന സ്വർണം ഇന്നു രാവിലെ 1835 ഡോളറിനു താഴെയായി. സ്വർണം 1810 ഡോളറിലെ താങ്ങ് നഷ്ടപ്പെടുത്തിയാൽ 1600 ഡോളറിലേക്കു താഴുമെന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. ഡോളർ ദൗർബല്യം തുടരുന്നതിനാൽ രൂപയ്ക്കു നേട്ടമുണ്ടാകും.

* * * * * * * *

സുബ്രഹ്മണ്യൻ്റെ ചങ്കൂറ്റം


കേന്ദ്ര ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. കറൻസി നിരോധനത്തെ സ്വാഗതം ചെയ്യുക മാത്രമല്ല അതു വൻ വിജയമായി എന്നു പ്രചരിപ്പിക്കുകയും ചെയ്തു അദ്ദേഹം.

ഇന്നലെ അദ്ദേഹത്തിൻ്റെ ഒരു പ്രസ്താവന വന്നു. ഇക്കൊല്ലം ഇന്ത്യ കറൻ്റ് അക്കൗണ്ടിൽ മിച്ചം വരുത്തും. അതു വലിയ നേട്ടമാണ്. ബജറ്റ് കമ്മി കൈകാര്യം ചെയ്യുന്നതിലടക്കം ഈ മിച്ചം സഹായകമാകും. ഇതാണു സുബ്രഹ്മണ്യൻ സിഐഐയുടെ വെബിനാറിൽ പറഞ്ഞത്.

കോവിഡ് പ്രതിസന്ധിയുടെ യഥാർഥ സ്ഥിതി ഇന്ത്യ മനസിലാക്കുകയും ശരിയായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ മിച്ചം വന്നതെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

എക്കാലത്തും വിദേശ വ്യാപാരത്തിലും കറൻറ് അക്കൗണ്ടിലും കമ്മിയാണ് ഇന്ത്യക്ക്. കമ്മി ഇല്ലാതായി എന്നു കേൾക്കുന്നതു നല്ല കാര്യം. പക്ഷേ നമ്മുടേതു വിജയവും നേട്ടവും ആണെന്നു പറയുമ്പോൾ സഹതാപമാണു തോന്നുക.

കറൻറ് അക്കൗണ്ട് കമ്മി മാറി മിച്ചമായത് എങ്ങനെയാണ്? ചൈനയ്ക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഒക്കെ മിച്ചം വരുന്നത് കയറ്റുമതി കൂടിയും ഇറക്കുമതി കുറഞ്ഞും നിൽക്കുന്നതു കൊണ്ടാണ്.

നമ്മുടെ കാര്യത്തിൽ അതല്ല സംഭവിക്കുന്നത്. കയറ്റുമതി കുറഞ്ഞു. ഇറക്കുമതി അതിലേറെ കുറഞ്ഞു. ഏപ്രിൽ-സെപ്റ്റംബർ അർധ വർഷം കയറ്റുമതി 21.31 ശതമാനം കുറഞ്ഞു. ഇറക്കുമതി 40.06 ശതമാനവും. അങ്ങനെ വന്നപ്പോൾ ചരക്കു വ്യാപാര കമ്മി നാലിലൊന്നായി. തലേക്കൊല്ലം ആദ്യ പകുതിയിൽ 8900 കോടി ഡോളർ വ്യാപാര കമ്മി ഉണ്ടായിരുന്നത് 2344 കോടി ഡോളറായി ചുരുങ്ങി.

സേവന മേഖലയുടെ വ്യാപാരത്തിൽ കുറേ ദശകങ്ങളായി മിച്ചമുണ്ട്. ഐ ടി സേവന മേഖലയാണ് ഇതു മിച്ചമാക്കിയത്. അതു കണക്കിലെടുത്താൽ അർധ വർഷം 1774 കോടിയുണ്ട് വ്യാപാര മിച്ചം.

കയറ്റുമതി കുറഞ്ഞു എന്നതിനർഥം ഇന്ത്യൻ വ്യവസായങ്ങൾ ആഗോളതലത്തിൽ വേണ്ടത്ര മത്സരക്ഷമമല്ലെന്നാണ്‌. ഇറക്കുമതി ഇടിഞ്ഞത് ഇന്ത്യയിൽ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞതുകൊണ്ടും. ഇതു രണ്ടും രാജ്യത്തിനോ സർക്കാരിനോ അഭിമാനകരമല്ല. ഇന്ത്യൻ സാധനങ്ങൾക്കു വിദേശത്തുള്ള ഡിമാൻഡ് കുറഞ്ഞതിനേക്കാൾ വേഗത്തിലാണ് ഇന്ത്യക്കാരുടെ ഇറക്കുമതി ഡിമാൻഡ് കുറഞ്ഞത് .


കറൻ്റ് അക്കൗണ്ടിലെ മിച്ചത്തിനു മറ്റൊരു വ്യാഖ്യാനവുമുണ്ട്. ആഭ്യന്തര സമ്പാദ്യം മുഴുവൻ മൂലധന നിക്ഷേപം ആകുന്നില്ല എന്നതാണ് ആ വ്യാഖ്യാനം. നിക്ഷേപമായി മാറിയിരുന്നെങ്കിൽ അതിനായുള്ള ഇറക്കുമതി കരൻ്റ് അക്കൗണ്ടിനെ ശുഷ്കമാക്കുമായിരുന്നു.അതുണ്ടായില്ല.


ചുരുക്കം ഇതാണ്: രാജ്യത്തു മൂലധന നിക്ഷേപം കൂടുന്നില്ല. ജനങ്ങളുടെ ക്രയശേഷി കുറയുന്നു. അതിനാൽ വിദേശത്തു നിന്നു വരുന്ന പണം ഉപയാേഗിക്കാൻ പറ്റുന്നില്ല. അതു നേട്ടമോ മികവോ ആയി പറയാൻ അസാധാരണ ചങ്കൂറ്റം വേണം. സുബ്രഹ്മണ്യൻ കാണിച്ചത് ആ ചങ്കൂറ്റമാണ്.

* * * * * * * *


കോർപറേറ്റുകൾക്കു ബാങ്കിംഗ് ലൈസൻസ് അപകടകരം: രഘുറാം രാജൻ

വൻ വ്യവസായ ഗ്രൂപ്പുകൾക്കു ബാങ്കിംഗ് ലൈസൻസ് നൽകാനുള്ള നീക്കം അപകടകരമെന്ന മുന്നറിയിപ്പുമായി സോ.രഘുറാം രാജനും ഡോ.വിരാൾ ആചാര്യയും. രാജൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നപ്പോൾ ഡെപ്യൂട്ടി ഗവർണറായിരുന്നു ആചാര്യ. അദ്ദേഹവും കാലാവധിക്കു മുമ്പേ രാജി വയ്ക്കുകയായിരുന്നു.

രാജ്യത്തെ കോർപറേറ്റ് ഭീമന്മാർ ബാങ്കിംഗിൽ കൂടി പ്രവേശിച്ചാൽ സാമ്പത്തിക -രാഷട്രീയ അധികാരങ്ങൾ ഏതാനും കോർപറേറ്റ് കുത്തകകളിൽ കേന്ദ്രീകരിക്കുന്ന അവസ്ഥ വരും: അവർ മുന്നറിയിപ്പ് നൽകി.

വായ്പ വേണ്ടവർ തന്നെ ബാങ്ക് ഉടമകളായാൽ വായ്പക്കാര്യത്തിൽ ശരിയായ തീരുമാനം എടുക്കാൻ പറ്റില്ല. രാഷ്ട്രീയ സ്വാധീനവും വലിയ കടബാധ്യതയുമുള്ള ഗ്രൂപ്പുകൾ ഏതു വിധേനയും ബാങ്കുകൾ കൈവശപ്പെടുത്താൻ ശ്രമിക്കും. നമ്മുടെ രാഷ്ട്രീയത്തിൽ പണത്തിൻ്റെ സ്വാധീനം കൂടുതൽ വർധിക്കാനും സർവാധിപതികളുടെ ചങ്ങാത്ത മുതലാളിത്തത്തിനു രാജ്യം അടിപ്പെടാനും ഇടയാകും: അവർ ചൂണ്ടിക്കാട്ടി.

പേമെൻ്റ് ബാങ്കുകൾ വഴി ബാങ്കിംഗ് മേഖലയെ കൈയിലാക്കാനുള്ള കോർപറേറ്റ് നീക്കത്തെയും അവർ പരാമർശിച്ചു. ആദ്യം പേമെൻ്റ് ബാങ്കിനെ സ്മോൾ ഫിനാൻസ് ബാങ്കാക്കി മാറ്റും. പിന്നെ അതു സാധാരണ ബാങ്ക് ആക്കും. പേമെൻ്റ് ബാങ്കിനെ സ്മോൾ ഫിനാൻസ് ബാങ്കായി മാറ്റാൻ അഞ്ചു വർഷം എന്ന കാലാവധി മൂന്നു വർഷമായി കുറയ്ക്കാൻ റിസർവ് ബാങ്കിൻ്റെ സമിതി ശിപാർശ ചെയ്തതിൽ കോർപറേറ്റ് താൽപര്യങ്ങൾ മുഴച്ചു നിൽക്കുന്നതിലേക്കും അവർ വിരൽ ചൂണ്ടി. പേടിഎമ്മും റിലയൻസ് ജിയോയും പേമെൻ്റ് ബാങ്ക് ലൈസൻസ് ഉള്ളവയാണ്.

ബാങ്കുകൾ നടത്താൻ കോർപറേറ്റുകളെ അനുവദിക്കാനുള്ള നീക്കത്തെ റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർമാരായ എസ്.എസ്. മുന്ധ്രയും എൻ.എസ്. വിശ്വനാഥനും വിമർശിച്ചിട്ടുണ്ട്. ഇനിയും കുറെയേറെ ബാങ്കുകൾ രാജ്യത്തു തുടങ്ങേണ്ട ആവശ്യമുണ്ടോ എന്നു വിശ്വനാഥൻ ചോദിച്ചു.

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും കോർപ്പറേറ്റുകൾക്കു ബാങ്കിംഗ് ലൈസൻസ് നൽകുന്നതും തമ്മിൽ ബന്ധിപ്പിച്ചും ചിലർ ചോദ്യം ഉയർത്തിയിട്ടുണ്ട്. കോർപറേറ്റുകൾ ലൈസൻസ് വാങ്ങിക്കഴിയുമ്പോൾ പൊതുമേഖലാ ബാങ്കുകളെ അവർക്ക് കൈമാറും. പ്രത്യേക അധ്വാനമില്ലാതെ രാജ്യവ്യാപകമായ ശാഖാശൃംഖലയും നിക്ഷേപക അടിത്തറയും കോർപറേറ്റുകൾക്കു കിട്ടും. ഇതിനുള്ള ഒരുക്കമാകാം റിസർവ് ബാങ്കിൻ്റെ പഠന സമിതി നല്കിയ ശിപാർശ എന്നു കരുതുന്നവർ ധാരാളമുണ്ട്.

* * * * * * * *

എസ് ആൻഡ് പിയും എതിര്

കോർപറേറ്റുകൾക്കു ബാങ്കിംഗ് ലൈസൻസ് നൽകുന്നതിനെ റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സും (എസ് ആൻഡ് പി) വിമർശിച്ചു. ഇന്ത്യയിലെ കോർപറേറ്റ് സംസ്കാരവും കമ്പനി ഭരണശൈലിയും അത്ര മെച്ചമല്ല. കമ്പനികൾ വലിയ കുടിശികക്കാരായ മാറുന്നതു പതിവാണ്. ധനകാര്യ ഇതര മേഖലകളിലെ കമ്പനികളെ വിലയിരുത്താനും നിരീക്ഷിക്കാനും റിസർവ് ബാങ്കിനു പരിമിതികളുമുണ്ട്: ഏജൻസി ചൂണ്ടിക്കാട്ടി.

* * * * * * * *


തൊഴിലില്ലായ്മ കൂടുന്നു; സാമ്പത്തിക ഉണർവ് നിലനിൽക്കുന്നില്ല

രാജ്യത്തു തൊഴിൽ കുറയുന്നു; തൊഴിലില്ലായ്മ കൂടുന്നു. സെൻ്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) തലവൻ മഹേഷ് വ്യാസാണ് കണക്കുകൾ ഉദ്ധരിച്ച് ഇതു പറയുന്നത്.

ഒക്ടോബർ 25-ന് 41.3 ശതമാനം വരെ ഉയർന്ന തൊഴിലാളി പങ്കാളിത്ത നിരക്ക് നവംബർ 22-ന് 39.3 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ 7.8 ശതമാനമായി കൂടി.

ഉത്സവ സീസൻ്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തൊഴിൽവർധന താണത് സാമ്പത്തിക ഉണർവ് പിടിച്ചു നിൽക്കുന്നില്ല എന്നാണു കാണിക്കുന്നത്.

* * * * * * * *


മൂഡീസിൻ്റെ മുന്നറിയിപ്പ്


രണ്ടു പ്രമുഖ എൻബിഎഫ്സി കളെപ്പറ്റി റേറ്റിംഗ് ഏജൻസിയായ മൂഡീസ് നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസിൻ്റെയും ഇന്ത്യാ ഇൻഫോലൈൻ ഗ്രൂപിലെ ഐഐഎഫ്എൽ ഫിനാൻസി ൻ്റെയും ആസ്തി നിലവാരം ഒട്ടും ഭദ്രമല്ലെന്നാണു മൂഡീസ് പറയുന്നത്. മാന്ദ്യം വന്നാൽ, കടം കൊടുത്ത പണം തിരികെ കിട്ടാൻ ബുദ്ധിമുട്ടാകും എന്നാണു മൂഡീസ് പറയുന്നത്. സ്വർണപ്പണയത്തിൽ വായ്പ നൽകുന്ന മുത്തൂറ്റ് ഫിനാൻസിൻ്റെ ആസ്തി ഭദ്രതയെപ്പറ്റി മൂഡീസിനു നല്ല അഭിപ്രായമാണ്.


* * * * * * * *


ട്രഷറി സെക്രട്ടറിയാകാൻ ജാനറ്റ് എലൻ

അമേരിക്കൻ ട്രഷറി സെക്രട്ടറിയായി ജാനറ്റ് എലനെ നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ നിയമിക്കുമെന്നു റിപ്പോർട്ട്. നേരത്തേ ഫെഡറൽ റിസർവ് ബോർഡ് (അമേരിക്കൻ കേന്ദ്ര ബാങ്ക്) ചെയർപേഴ്സൺ ആയിരുന്നു എഴുപത്തിനാലുകാരിയായ എലൻ. പോളിഷ് യഹൂദ വംശജയായ ഈ ധനശാസ്ത്രജ്ഞയുടെ ഭർത്താവ് ജോർജ് അകെർലോഫ് ധനശാസ്ത നൊബേൽ നേടിയിട്ടുണ്ട്. അമേരിക്കൻ സാമ്പത്തിക ഭരണം ഡെമോക്രാറ്റിക് പാരമ്പര്യത്തിലേക്കു തിരികെക്കൊണ്ടുപോകാനുള്ള ദൗത്യമാണ് എലനുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും എലൻ.

കോവിഡ് മൂലം കുഴപ്പത്തിലായ സമ്പദ്ഘടനയ്ക്കു കൂടുതൽ വലിയ ഉത്തേജക പദ്ധതി വേണമെന്ന അഭിപ്രായക്കാരിയാണ് എലൻ. അമേരിക്ക വലിയ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുന്നത് വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിലേക്കു കൂടുതൽ പണമെത്താൻ സഹായിക്കും.

ഇന്നത്തെ വാക്ക്: കരൻ്റ് അക്കൗണ്ട്

രാജ്യത്തിൻ്റെ സാധാരണ വിദേശ ഇടപാടുകളുടെ നീക്കിബാക്കിയാണ് കരൻ്റ് അക്കൗണ്ട്. ഉൽപന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും, സേവനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും, വിദേശത്തെ നിക്ഷേപത്തിൽ നിന്നുള്ള വരവ്, വിദേശികളുടെ നിക്ഷേപത്തിൽ നിന്നുള്ള ലാഭവീതങ്ങൾ നൽകൽ, യാത്ര, ടൂറിസം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ഇനങ്ങളിലെ വരവുചെലവുകൾ, പ്രവാസികൾ അയയ്ക്കുന്ന പണം എന്നിവയെല്ലാം ചേർന്നതാണു കരൻ്റ് അക്കൗണ്ട് .

അടവുശിഷ്ട നില (Balance of Payment) കണക്കാക്കുന്നതിലെ അടുത്ത ഘടകം കാപ്പിറ്റൽ (മൂലധന) അക്കൗണ്ടാണ്. അതിൽ വിദേശവായ്പകളും മൂലധന നിക്ഷേപങ്ങളും പെടുന്നു. ഓഹരി നിക്ഷേപങ്ങളും കടപ്പത്ര നിക്ഷേപങ്ങളും ധനകാര്യ (Financial) അക്കൗണ്ടിൽ പെടുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it