പെട്രോൾ വില 120 രൂപയിലേക്കോ? സ്വർണം ഇടിഞ്ഞാൽ ധനകാര്യ മേഖലയ്ക്ക് എന്ത് സംഭവിക്കും? ഇപ്പോൾ ഹർഷദ് മേത്തയെ എന്തിന് ഓർമിക്കണം?

അമേരിക്കൻ ആശ്വാസം ആവേശമായി തുടരുന്നു. യു എസ് അധികാര കൈമാറ്റം സുഗമമാകുന്നതും നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ നല്ല മന്ത്രിമാരെ തെരഞ്ഞെടുത്തതുമാണ് വിപണികളെ ലഹരിയിലാക്കിയത്. യുഎസ് ഓഹരി സൂചിക ഡൗ ജോൺസ് ഇന്നലെ ഒന്നര ശതമാനം കുതിച്ച് 30,000 കടന്നു. ചരിത്രത്തിലെ ആദ്യ സംഭവം.

യൂറോപ്പിൻ്റെയും അമേരിക്കയുടെയും ചുവടുപിടിച്ച് ഏഷ്യൻ ഓഹരികളും രാവിലെ നല്ല നേട്ടത്തിലാണ്. ഇന്ത്യൻ ഓഹരികളും ഉത്സാഹത്തോടെ തുടങ്ങും. ഇന്നലെ നിഫ്റ്റി 13,000 കടന്നു ക്ലോസ് ചെയ്തിരുന്നു; സെൻസെക്സ് 44,500- നു മുകളിലും.

ഇന്നു നിഫ്റ്റി 13, 100-ലെ പ്രതിരോധം മറികടന്നാൽ 13,350 വരെ സുഗമമായ ഉയർച്ചയാണു സാങ്കേതിക വിശകലനക്കാർ കാണുന്നത്. ലാഭമെടുക്കൽ വന്നാൽ 12,700-ലാണു താങ്ങ്.


* * * * * * * *


ഹർഷദ് മേത്തയെ ഓർമിക്കാം


നിഫ്റ്റി 12,000 കടന്നിട്ട് ഒന്നര വർഷം കഴിഞ്ഞാണു 13,000 കടന്നത്. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാർച്ചിലുണ്ടായ തകർച്ചയാണ് ഈ വൈകലിനു കാരണം. മാർച്ചിലെ ആഴത്തിൽ നിന്ന് 73.81 ശതമാനം ഉയരത്തിലാണ് ഇന്നലെ നിഫ്റ്റി ക്ലോസ് ചെയ്തത്. ഹർഷദ് മേത്തയുടെ കാലത്തെ ഓഹരികുതിപ്പുകളെ ഓർമിപ്പിക്കുന്നതാണു മാർച്ചിലെ 7511 -ൽ നിന്നു 13,055-ലേക്കുള്ള കയറ്റം. ഒന്നര വർഷം കൊണ്ടു സെൻസെക്സിനെ ആയിരത്തിൽ നിന്നു 4000-ലെത്തിച്ചു മേത്തയുടെ ചൂതാട്ടം.

പൊതുമേഖലാ ബാങ്കുകളുടെ പണമിട്ട് ഓഹരി വിപണിയെ അമ്മാനമാടുകയാണു മേത്ത ചെയ്തത്. ഇപ്പോഴാകട്ടെ വിദേശ പണത്തിൻ്റെ ബലത്തിൽ കുതിക്കുന്നു. നവംബറിൽ മാത്രം അര ലക്ഷം കോടിയോളം രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ മുടക്കിയത്. ഇനിയും ഡോളർ വരികയാണ്.


* * * * * * * *

വളർച്ച കൊണ്ടുവരുന്ന പ്രശ്നങ്ങൾ ചില്ലറയല്ല


കോവിഡ് വാക്സിനും ബൈഡൻ ഭരണവും ചേരുമ്പോൾ സാമ്പത്തിക വളർച്ചയും മറ്റും സാധാരണ തോതിലേക്കു മാറുമെന്ന പ്രതീക്ഷയാണു വിപണികളെ നയിക്കുന്നത്. ഇതിൻ്റെ ചില പ്രത്യാഘാതങ്ങൾ ഇന്ത്യയിലും മറ്റും അത്ര നല്ലതായിരിക്കില്ല.

എല്ലായിടത്തും വളർച്ചയാണെങ്കിൽ ഇന്ധന ഉപയോഗം കൂടും. ഇന്ധനവില കൂടും. അതു വിലക്കയറ്റത്തിലേക്കു നയിക്കും. 2007-ൽ ക്രൂഡ് ഓയിൽ വീപ്പയ്ക്കു 147 ഡോളറിലെത്തിയപ്പോഴും മാന്ദ്യത്തിനു ശേഷം 2014ൽ 115 ഡോളറിലെത്തിയപ്പോഴും രാജ്യം ഇതുകണ്ടതാണ്. അന്നത്തെ (2014പകുതി) വിലനിലവാരത്തിലാണ് ഇപ്പോൾ രാജ്യത്തെ പെട്രോൾ- ഡീസൽ വില. ക്രൂഡ് വില അന്നത്തെ 115-ൻ്റെ പകുതിയിൽ താഴെ (48 ഡോളർ) മാത്രം. ഡോളർ നിരക്കു കയറിയതും നികുതി വർധിപ്പിച്ചതുമാണ് ഇതിനു കാരണം. 2014 മധ്യം വരെ ഡോളർ നിരക്ക് 60 രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ 74 രൂപയും.

തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്തു പെട്രോൾ-ഡീസൽ വില കൂട്ടി. ലോകവിപണിയിൽ ക്രൂഡ് വില ദിവസേന ക യുകയാണ്. ഒരാഴ്ചകൊണ്ട് പത്തു ശതമാനത്തിലധികമായി കയറ്റം. ഇതു തുടരുമെന്നാണു സൂചന.


* * * * * * * *

പെട്രോൾ 120 രൂപയിലേക്ക്?


ക്രൂഡ് വില 60 ഡോളറിലെത്തുമെന്നു പലരും കരുതുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ പെട്രോൾ വില 120 രൂപയിലേക്കു കുതിക്കും. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായാലേ വില താഴ്ത്തി നിർത്താനാവൂ. 2013-14 ൽ മൻമോഹൻ സർക്കാർ ഇന്ധന നികുതി 20 രൂപയിൽ നിന്നു രണ്ടു രൂപയായി കുറച്ചാണ് വിലക്കയറ്റം അൽപമെങ്കിലും പിടിച്ചു നിർത്തിയത്. പിന്നീടു ക്രൂഡ് വില താണപ്പോൾ മോദി സർക്കാർ നികുതി പഴയ നിലയിലേക്കു കൂട്ടി. മറ്റു വരുമാനങ്ങൾ കുറഞ്ഞിരിക്കുമ്പോൾ മോദി ഇന്ധന നികുതി കുറച്ചു ജനത്തെ സഹായിക്കുമോ എന്നതാണു ചോദ്യം.

ഇന്ധനവില കൂടുമ്പോൾ പൊതുവിലക്കയറ്റം കുതിക്കും. ഇപ്പോൾ തന്നെ 7.61 ശതമാനമാണ് ചില്ലറ വിലക്കയറ്റം. അതു വീണ്ടും കൂടുന്നത് ജീവിതം അസഹ്യമാക്കും.

വിലക്കയറ്റം കൂടുമ്പോൾ ഡോളർ നിരക്കും കൂടും. അതു വീണ്ടും വിലകൾ കൂട്ടും. അതൊരു ദൂഷിത വലയമായി മാറും.


* * * * * * * *

സ്വർണം ഇടിഞ്ഞാൽ?

ആഗോളവിപണിയിൽ സ്വർണ വില ഇടിയുകയാണ്. ഈയാഴ്ച തന്നെ ഔൺസിന് 70 ഡോളറിലധികം താണു. ഇന്നലെ ലോക വിപണിയിൽ ഒരൗൺസ് സ്വർണം 1798.90 വരെ താണിരുന്നു. ഇന്നു രാവിലെ 1810 ഡോളർ ഉണ്ടെങ്കിലും ഗതി താഴോട്ടാണെന്നാണു സൂചന.

ഓuസ്റ്റിൽ 2067 ഡോളർ വരെ കയറിയ മഞ്ഞലോഹം ഇപ്പാൾ 13 ശതമാനത്തോളം താണിട്ടുണ്ട്. വീണ്ടും താഴുകയാണെങ്കിൽ സ്വർണം 1600 ഡോളറിനു സമീപത്തേക്കു നീങ്ങും.

അങ്ങനെ കരടി വിപണിയിലേക്കു സ്വർണം വീഴുന്നതു ധനകാര്യ മേഖലയെ വല്ലാതെ ഉലയ്ക്കും. സ്വർണപ്പണയങ്ങൾ തിരിച്ചെടുക്കാൻ ആൾക്കാർ മടിക്കും. പണയം തിരിച്ചെടുക്കുന്നതിലും ലാഭം പുതിയതു വാങ്ങുന്നതാണെന്നു വരും. ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും വല്ലാത്ത പ്രതിസന്ധിയാകും.


ബാങ്കുകളുടെ പ്രശ്ന കടങ്ങൾ വർധിക്കും: എസ് ആൻഡ് പിയുടെ മുന്നറിയിപ്പ്

ഇന്ത്യൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി അഥവാ പ്രശ്നകടങ്ങൾ കുതിച്ചുയരും. കഴിഞ്ഞ ജൂൺ അവസാനം മൊത്തം വായ്പകളുടെ എട്ടു ശതമാനമായിരുന്നു നിഷ്ക്രിയ ആസ്തി (എൻപിഎ). അത് അടുത്ത വർഷാവസാനത്തോടെ 11 ശതമാനം വരെ ആകാമെന്നു റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവർ (എസ് ആൻഡ് പി) പറയുന്നു.

രണ്ടാം പാദത്തിലെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നല്ല പ്രകടനം കണ്ട് എല്ലാം ഭദ്രമാണെന്നു കരുതേണ്ടതില്ല. മോറട്ടോറിയം തുടർന്നതും പ്രശ്ന കടങ്ങളെ എൻപിഎ ആയ പ്രഖ്യാപിക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക് നിലനിന്നതുമാണ് റിസൽട്ടുകൾ നല്ലതാ കാൻ കാരണം.

ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ പ്രശ്നങ്ങൾ 2023 മാർച്ചോടെയേ പരിഹരിക്കപ്പെടൂ എന്നാണ് എസ് ആൻഡ് പി പറയുന്നത്. ഇതിനിടെ മൂന്നു മുതൽ എട്ടുവരെ ശതമാനം വായ്പകൾ പുനർ ക്രമീകരിക്കേണ്ടിയും വരും. കോവിഡ് പ്രമാണിച്ചു കൂടുതൽ തുക വകയിരുത്തിയിട്ടുള്ള ബാങ്കുകൾക്ക് വലിയ പ്രശ്നം നേരിടില്ല. അല്ലാത്തവയ്ക്കു ലാഭക്ഷമത നിലനിർത്താൻ വിഷമിക്കേണ്ടി വരും.


* * * * * * * *


റിലയൻസ് ജിയോയിൽ ഗൂഗിളിൻ്റെ നിക്ഷേപം


റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ ഗൂഗിളിൻ്റെ നിക്ഷേപം എത്തി. ജിയോ പ്ലാറ്റ്ഫോം സിൻ്റെ 7.73 ശതമാനം ഓഹരിക്കായി ഗൂഗിൾ 35,737 കോടി രൂപ നല്കി. ഇടപാടിന് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയ ശേഷമാണു ഗൂഗിളിൻ്റെ നിക്ഷേപം.

ഈ ഇടപാടോടെ ജിയോ പ്ലാറ്റ്ഫോംസ് 32.96 ശതമാനം ഓഹരി വിറ്റ് 1, 52,056 കോടി രൂപ സമ്പാദിച്ചു. ഫേസ് ബുക്ക്, ഇൻ്റെൽ കാപ്പിറ്റൽ, ക്വാൽകോം വെഞ്ചേഴ്സ്, കെ കെ അർ, ടിപിജി, ജനറൽ അറ്റ്ലാൻ്റിക് തുടങ്ങിയവയാണു മറ്റു നിക്ഷേപകർ.

റിലയൻസിൻ്റെ എല്ലാ ഡിജിറ്റൽ സേവനങ്ങളും ജിയോ പ്ലാറ്റ്ഫോംസിലാകും.


* * * * * * * *


ബയോകോൺ ബയോളജിക്സിൽ അബുദാബി നിക്ഷേപം


ബയോകോൺ ബയോളജിക്സിൽ അബുദാബി സർക്കാരിൻ്റെ വെൽത്ത് ഫണ്ട് എഡിക്യു മൂലധന നിക്ഷേപം നടത്തും. പ്രമുഖ ആഗോള നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് രണ്ടാഴ്ച മുമ്പാണ് ബയോളജിക്സിൽ 15 കോടി ഡോളർ നിക്ഷേപിച്ചത്. എഡിക്യു കൂടി നിക്ഷേപിച്ചാൽ ഈ വർഷത്തെ നാലാമത്തെ നിക്ഷേപമാകും. കമ്പനിക്കു 394 കോടി ഡോളർ മൂല്യം കണക്കാക്കിയാണു ഗോൾഡ്മാൻ സാക്സിൻ്റെ നിക്ഷേപം.

മൂന്നു വർഷത്തിനുള്ളിൽ ഐ പി ഒ നടത്താൻ ബയോളജിക്സ് ഉദ്ദേശിക്കുന്നുണ്ട്. കിരൺ മജുംദാർ ഷായുടെ ബയോകോൺ കമ്പനിയുടെ യൂണിറ്റാണ് ഇപ്പോൾ ബയോകോൺ ബയോളജിക്സ്. ബയോസിമിലർ ഔഷധങ്ങൾ കണ്ടെത്താനുള്ള ഗവേഷണവും അവ വികസിപ്പിച്ച് ഔഷധ ലൈസൻസ് വാങ്ങുന്നതുമാണു കമ്പനിയുടെ ബിസിനസ് .

നിലവിലുള്ള ബയോളജിക് ഔഷധവുമായി സാമ്യമുള്ളതും ചികിത്സാ പരമായി മാറ്റമില്ലാത്തതുമായ പ്രോട്ടീനുകളാണു ബയോസിമിലറുകൾ. ബയോളജിക്സ് ഔഷധങ്ങൾ ജീവകോശങ്ങളിൽ നിന്നും മറ്റും സങ്കീർണപ്രക്രിയയിലൂടെ രൂപപ്പെടുത്തുന്നതാണ്. ചെലവു കുറഞ്ഞ നിർമാണ പ്രക്രിയയിലൂടെ നിർമിക്കുന്ന പ്രോട്ടീനാണ് ബയോസിമിലർ.

അബുദാബി സർക്കാരിൻ്റെ വെൽത്ത് ഫണ്ട് പണം നിക്ഷേപിക്കുന്നത് കമ്പനിയുടെ ഉൽപന്നങ്ങൾക്ക് പശ്ചിമേഷ്യയിൽ വിപണി പിടിക്കാൻ സഹായകമാകും.


* * * * * * * *

ഇന്നത്തെ വാക്ക് : എൻ പി എ


എൻ പി എ (Non Perform ing Asset) അഥവാ നിഷ്ക്രിയ ആസ്തി ഗഡുവും പലിശയും അടയ്ക്കുന്നതു നിശ്ചിത കാലത്തിലധികം മുടങ്ങിയ വായ്പയാണ്. മൂന്നു മാസത്തിലധികം മുടങ്ങുന്ന വായ്പകളെയാണ് ഇങ്ങനെ തരം തിരിക്കുക. എൻ പി എ ആയി പ്രഖ്യാപിച്ചാൽ ആ വായ്പയുടെ നഷ്ട സാധ്യതയുടെ തോതിനനുസരിച്ചു തുക വകയിരുത്തണം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it