സുബ്രഹ്മണ്യത്തിന്റെ മൗനത്തിനു പിന്നിലെന്ത്? ജിഡിപി കണക്കുകൾ അപ്പടി വിശ്വസിക്കേണ്ട; സ്വർണത്തിൽ നിന്നു നിക്ഷേപകർ മാറുന്നു

ജൂലൈ - സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ജിഡിപി 7.5 ശതമാനം മാത്രമേ ചുരുങ്ങിയുള്ളൂ. ഒന്നാം പാദത്തിലെ 23.9 ശതമാനം ചുരുങ്ങലിൽ നിന്നു വലിയ പുരോഗതിയാണിത്. ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം രാജ്യത്തു സാമ്പത്തിക പ്രവർത്തനം ഗണ്യമായി മെച്ചപ്പെട്ടു എന്ന് കാണിക്കുന്നതാണ് ജിഡിപി കണക്ക്. പലരും ആശങ്കപ്പെട്ടിടത്തോളം മോശമായില്ല തളർച്ച.things-that-will-decide-stock-action-on-nov-27-friday-by-tc-mathew

ജിഡിപി കണക്കാക്കുന്നത് രാജ്യത്തെ ഓരോ ഉൽപന്നത്തിൻ്റെയും ഉൽപാദനം എണ്ണിത്തിട്ടപ്പെടുത്തിയോ സേവനങ്ങൾ ക്രോഡീകരിച്ചോ അല്ല. അതൊക്കെ ചെയ്ത് അവസാന കണക്ക് തയാറാക്കുമ്പോൾ ഒരു വർഷം കൂടി കഴിയും. പകരം വിവിധ സൂചികകളും കമ്പനികൾ പുറത്തു വിടുന്ന കണക്കുകളും ഒക്കെ പെടുത്തിയാണ് ഓരോ പാദത്തിലെയും വളർച്ചക്കണക്ക് പുറത്തുവിടുന്നത്. ഇത് പിന്നീടു മൂന്നു നാലു തവണ തിരുത്തും. രണ്ടു വർഷത്തിനു ശേഷം അന്തിമ കണക്കു വരുമ്പോഴേക്ക് സാധാരണക്കാർക്ക് അതിൽ താൽപര്യമില്ലാതായിട്ടുണ്ടാകും.


* * * * * * * *


നമ്മൾ എവിടെ നിൽക്കുന്നു?


വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിലെ പ്രധാന കാര്യങ്ങൾ ഇവയാണ്: രണ്ടാം പാദത്തിൽ ജിഡിപി 33.14 ലക്ഷം കോടി രൂപ ഉണ്ട്. തൊട്ടു മുൻപത്തെ ഒന്നാം പാദത്തിലെ 26.9 ലക്ഷം കോടിയേക്കാൾ 23.2 ശതമാനം അധികം. ഇതൊരു വലിയ നേട്ടമായി സർക്കാർ അനുകൂലികൾ എടുത്തു കാണിക്കുന്നു. ലോക്ക് ഡൗൺ കാലത്തേക്കാൾ ഗണ്യമായ വളർച്ച നല്ലതു തന്നെ.

പക്ഷേ നമ്മൾ അറിയേണ്ട മറ്റു ചില സംഖ്യകളുമുണ്ട്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ജിഡിപി 35.84 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു. അന്നത്തേതിലും 7.5 ശതമാനം കുറവാണ് ഈ വർഷത്തേത്.

അത്രയും കാര്യം സർക്കാർ പറഞ്ഞിട്ടുണ്ട്. അതായതു കഴിഞ്ഞ വർഷം രണ്ടാം പാദത്തിലേക്കാൾ ഏഴര ശതമാനം താഴെയാണ് ഈ വർഷം നാട്ടിലെ വരുമാനവും സമ്പത്തും.

പക്ഷേ, അതു മാത്രമല്ല അറിയേണ്ടത്. 2018 ജൂലൈ - സെപ്റ്റംബറിലേതിലും കുറവാണ് ഇക്കൊല്ലം രണ്ടാം പാദത്തിലെ ജിഡിപി. അന്നു രണ്ടാം പാദത്തിൽ 34.32 ലക്ഷം കോടി രൂപയുണ്ടായിരുന്നു ജിഡിപി. അന്നത്തേതിലും 1.18 ലക്ഷം കോടി രൂപ കുറവാണ് ഇപ്പോൾ. 3.5 ശതമാനം കുറവ്.


* * * * * * * *

നമ്മൾ എത്ര താഴോട്ടു പോയി?

രാജ്യം രണ്ടു വർഷത്തിലേറെ പിന്നിലായി. അതു കഷ്ടം എന്ന് എല്ലാവരും പറയും. അത്രയും പറഞ്ഞു വിട്ടു കളയേണ്ട കാര്യമല്ല ഇത്.

രണ്ടു വർഷം മുമ്പത്തെ ജനസംഖ്യ മാത്രമേ ഇപ്പോൾ ഉള്ളുവെങ്കിൽ ഇതിൻ്റെ ഫലമിതാണ്. ഓരോരുത്തരുടെയും വരുമാനം രണ്ടു കൊല്ലം മുമ്പുണ്ടായിരുന്നതിലും മൂന്നര ശതമാനം കുറഞ്ഞു. 2018 സെപ്റ്റംബറിൽ 100 രൂപ വരുമാനം ഉണ്ടായിരുന്നയാൾക്ക് ഇപ്പാേൾ 96.5 രൂപ മാത്രം.

ഓരോ വർഷവും ജനസംഖ്യയിൽ 1.4 കോടി വർധിക്കുന്നുണ്ട്. രണ്ടു വർഷം കൊണ്ട് 2.8 കോടി വർധന. ഇതുകൂടി കണക്കാക്കിയാൽ രാജ്യത്ത് ആളാേഹരി വരുമാനം രണ്ടു വർഷം കൊണ്ടു നാലര ശതമാനം കുറഞ്ഞു.

ശതമാനക്കണക്കുകൾക്കപ്പുറമുള്ള സത്യമിതാണ്: നമ്മുടെ നിലവാരം രണ്ടു വർഷം മുമ്പത്തേതിലും മോശമായിരിക്കുന്നു.


* * * * * * * *

സുബ്രഹ്മണ്യൻ്റെ മൗനത്തിനു പിന്നിൽ എന്ത്?


ജിഡിപി കണക്ക് പുറത്തു വന്ന ശേഷം മാധ്യമങ്ങളുമായി സംസാരിച്ച മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പതിവിനു വിപരീതമായി അധികം അവകാശവാദങ്ങൾക്കു മുതിർന്നില്ല. എന്നു മാത്രമല്ല അടുത്ത പാദങ്ങളിൽ ജിഡിപി വളർച്ച ഉണ്ടാകും എന്നു പറയാൻ മടിക്കുകയും ചെയ്തു. കോവിഡ് ഇനിയും വ്യാപിച്ചാൽ വളർച്ചയെ ബാധിക്കുമെന്നാണു ന്യായം പറഞ്ഞത്.

പക്ഷേ അതല്ല കാര്യം. രണ്ടാം പാദത്തിലെ ഉണർവ് മൂന്നാം പാദത്തിൽ കാണുന്നില്ല. അത് ഇതിനകം സ്പഷ്ടമായി. ഒക്ടോബറിൽ കാതൽ മേഖലാ വ്യവസായങ്ങൾ താഴോട്ടാണു പോയത്. നവംബറിൽ രാജ്യത്തു പ്രതീക്ഷിക്കുന്ന ഉപഭോഗവളർച്ച ഉണ്ടായില്ല. വ്യവസായ മേഖല വായ്പയെടുക്കാൻ തയാറാകുന്നില്ല. ഇതെല്ലാം സുബ്രഹ്മണ്യന് അറിയാം. രണ്ടാം പാദത്തിലേതിൽ നിന്നു കാര്യമായ മുന്നേറ്റം മൂന്നാം പാദത്തിൽ ഉണ്ടാകുമെന്നു പറയാൻ അദ്ദേഹത്തിനു കഴിയില്ല. അതു കൊണ്ടാണു ഭാവിയെപ്പറ്റി മൗനം പാലിച്ചത്.


* * * * * * * *

മൂന്നാം പാദത്തിൻ്റെ സൂചന മെച്ചമല്ല


നവംബറിൽ തൊഴിലില്ലായ്മ റിക്കാർഡ് നിലവാരത്തിലായി. തൊഴിലാളി പങ്കാളിത്തം ഇടിഞ്ഞു. റെയിൽവേ ചരക്കുനീക്കത്തിലും മുരടിപ്പ് കാണാം. വാഹന വിൽപന ഉത്സവ സീസൺ കഴിഞ്ഞതോടെ കുറഞ്ഞു.

ബാങ്കുകളിൽ നിന്നു വ്യവസായ-വാണിജ്യ മേഖലകൾക്കുള്ള വായ്പ വർധിച്ചില്ല. പേഴ്സണൽ വായ്പകളും വർധിക്കുന്നില്ല.


* * * * * * * *

കാതൽ മേഖലയിൽ വീണ്ടും ഇടിവ്


ഒക്ടോബറിൽ കാതൽ മേഖലയിലെ വ്യവസായങ്ങളുടെ ഉൽപാദനം രണ്ടര ശതമാനം കുറഞ്ഞു. സെപ്റ്റംബറിൽ ഇവയുടെ ഉൽപാദനം 0.1 ശതമാനം മാത്രമേ കുറഞ്ഞിരുന്നുള്ളു. ഇതോടെ തുടർച്ചയായ എട്ടാം മാസവും കാതൽ മേഖല താഴോട്ടു പോയി. ഏപ്രിലിൽ 37.9 ശതമാനം ഇടിഞ്ഞ ഉൽപാദനം ക്രമമായി അഭിവൃദ്ധിപ്പെട്ടു വന്നതാണ്‌. എങ്കിലും വളർച്ചയിലേക്കു കടക്കാൻ കഴിഞ്ഞില്ല.

കൽക്കരി, വൈദ്യുതി, രാസവളം, സിമൻറ് എന്നിവയുടെ ഉൽപാദനത്തിൽ വളർച്ചയുണ്ട്. സ്റ്റീൽ, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉൽപന്നങ്ങൾ തുടങ്ങിയവ താഴോട്ടു പോയി. കാതൽ മേഖലയക്കു വ്യവസായ ഉൽപാദന സൂചികയിൽ 40 ശതമാനം പങ്കുണ്ട്.

ഈ സാഹചര്യത്തിൽ ഒക്ടോബറിലെ വ്യവസായ ഉൽപാദന സൂചിക നെഗറ്റീവ് ആകുമെന്നാണ് കെയർ റേറ്റിംഗ്സ് കണക്കുകൂട്ടുന്നത്. മറ്റൊരു റേറ്റിംഗ് സ്ഥാപനമായ ഇക്ര നാലു മുതൽ ഏഴുവരെ ശതമാനം ഉയർച്ച പ്രതീക്ഷിക്കുന്നു. ഉത്സവകാലം പ്രമാണിച്ചു സ്റ്റോക്ക് കൂട്ടി എന്നതാണ് ഇക്ര കാണുന്ന ന്യായം. എന്നാൽ നവംബറിൽ വളർച്ച കുറയുമെന്ന് അവർ പറയുന്നു.


* * * * * * * *


കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു


സർക്കാരിൻ്റെ ജിഡിപി കണക്കുകളെപ്പറ്റി രാജ്യത്തും പുറത്തും സംശയങ്ങൾ ഉയരാറുണ്ട്. 2015- ലെ ജിഡിപി പരിഷ്കാരവും തിരുത്തലും മുതലാണു സംശയം ഉയർന്നത്. ഐ എം എഫ് പോലും ഇന്ത്യയുടെ ഡാറ്റാ വിശ്വാസ്യതയെപ്പറ്റി സംശയം ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ജിഡിപി കണക്കിനെപ്പറ്റിയും സംശയങ്ങളും ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഫാക്ടറി ഉൽപാദനത്തിലെ ജിവിഎ (മൊത്ത മൂല്യവർധന) രണ്ടാം പാദത്തിൽ 0.6 ശതമാനം വർധിച്ചെന്ന് കണക്കിൽ പറയുന്നു. ഒന്നാം പാദത്തിൽ 39.3 ശതമാനം ചുരുങ്ങിയ മേഖലയാണത്. ഇതെങ്ങനെ സംഭവിക്കും എന്നാണു ചോദ്യം.

ജൂലൈ - സെപ്റ്റംബർ കാലയളവിൽ ഫാക്ടറി ഉൽപാദനത്തിൻ്റെ ഐഐപി (വ്യവസായ ഉൽപാദന സൂചിക) 6.7 ശതമാനം കുറഞ്ഞ താണ്. ഐഐപി യും ഫാക്ടറി ഉൽപാദന ജിവിഎയും തമ്മിലുള്ള പരസ്പര ബന്ധം (Correlation) 0.9 വരും. ഐഐപി ഒരു ശതമാനം മാറുമ്പോൾ ജിവിഎ 0.9 ശതമാനം മാറണം. അതനുസരിച്ച് ഫാക്ടറി ഉൽപാദന ജിവിഎ 6.03 ശതമാനം കുറയേണ്ടതാണ്. പകരം 0.6 ശതമാനം വളർച്ച കാണിച്ചു.

ജിഡിപിയുടെ യഥാർഥ ഇടിവ് മറച്ചു വച്ചാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കുണ്ടാക്കിയതെന്ന് ചുരുക്കം.

എസ് ബി ഐ ചീഫ് ഇക്കണോമിക്‌ അഡ്വൈസർ സൗമ്യകാന്തി ഘോഷ്, ഇക്ര പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് അദിതി നയ്യാർ, ഇന്ത്യ റേറ്റിംഗ്സ് പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ തുടങ്ങി നിരവധി പേർ ഈ വൈരുധ്യം ചൂണ്ടിക്കാട്ടി.


* * * * * * * *

നിഗമനം ഉയർത്തുന്നു


രണ്ടാം പാദ ജിഡിപി കണക്കു വന്നതോടെ 2020-21 വർഷത്തെ ജിഡിപി സംബസിച്ച നിഗമനം വിവിധ ഏജൻസികളും റേറ്റിംഗ് സ്ഥാപനങ്ങളും തിരുത്തിത്തുടങ്ങി. വാർഷിക ജിഡിപി 7.7- 7.9 ശതമാനം ഇടിവ് കാണിക്കുമെന്നു കെയർ റേറ്റിംഗ്സ് പറയുമ്പോൾ 7.0- 9.0 ശതമാനം ഇടിവാണ് ഇക്ര പറയുന്നത്. നേരത്തേ കെയർ 8.2 ശതമാനവും ഇക്ര 11 ശതമാനവും ഇടിവ് പ്രതീക്ഷിച്ചിരുന്നു.

റിസർവ് ബാങ്ക് 9.6-ഉം ഐ എം എഫ് 10.3 ഉം ശതമാനം ഇടിവ് കണക്കാക്കിയിരുന്നു. റിസർവ് ബാങ്കിൻ്റെ പുതിയ നിഗമനം വെള്ളിയാഴ്ച അറിയാം. ഐ എം എഫ് ജനുവരിയിലാകും പുതിയ നിഗമനം പ്രസിദ്ധീകരിക്കുക.

നിഗമനങ്ങൾ കാര്യമായി തിരുത്താൻ മാത്രം സാഹചര്യം ഉണ്ടായിട്ടില്ല. വളർച്ചയ്ക്കു കോവിഡ് വ്യാപനം, വിലക്കയറ്റം തുടങ്ങിയ തടസങ്ങളും മുന്നിലുണ്ടല്ലോ?


* * * * * * * *

ബുൾ കുതുപ്പിനു ഒരുക്കം

ആശങ്കപ്പെട്ടതിലും മെച്ചമായ ജിഡിപി കണക്ക്; ക്രൂഡ് ഓയിൽ ഉൽപാദന നിയന്ത്രണം നീക്കുമെന്ന സൂചന; ഇതേ തുടർന്ന് ഓഹരികളിൽ വലിയ നിക്ഷേപ സ്ഥാപനങ്ങൾക്കു താൽപര്യം വർധിച്ചത്; വിദേശ നിക്ഷേപകർ വികസ്വര രാജ്യങ്ങളോടുള്ള താൽപര്യം തുടരുന്നത്; മഞ്ഞലോഹത്തിൽ നിന്നു നിക്ഷേപകർ പിന്മാറുന്നത്: ഓഹരി വിപണിയിൽ ആവേശകരമായ മുന്നേറ്റം ഈയാഴ്ച പ്രതീക്ഷിക്കാം. വെള്ളിയാഴ്ച റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുമ്പോൾ പലിശ നിരക്ക് കുറയ്ക്കുകയില്ലെങ്കിലും ബുൾ തരംഗത്തിനു തടസമില്ല. ജിഡിപി സംബന്ധിച്ച റിസർവ് ബാങ്ക് വിലയിരുത്തൽ ആണു വിപണി ഉറ്റുനോക്കുക.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഉത്സാഹത്തിലാണ്. ചൈനീസ് ഓഹരികൾ ഒരു ശതമാനത്തിലേറെ ഉയർന്നു. എസ്ജിഎക്സ് നിഫ്റ്റി നല്ല ഉയർച്ച കാണിക്കുന്നു.

ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി ഏഴര ശതമാനമേ ചുരുങ്ങി യുള്ളു എന്ന കണക്ക് വിപണി പ്രവർത്തകരെ രസിപ്പിക്കും. കണക്കിൻ്റെ വിശ്വാസ്യത പലരും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വിപണി ആവേശമാണു കാണിക്കുക.


* * * * * * * *


ക്രൂഡ് വില താഴോട്ട്


ക്രൂഡ് ഓയിൽ ഉൽപാദന നിയന്ത്രണം ജനുവരിയിൽ മാറ്റാനായിരുന്നു നേരത്തേ ഒപെക്കും (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) മറ്റു പ്രമുഖ ഉൽപാദക രാജ്യങ്ങളും ചേർന്ന് (ഒപെക് പ്ലസ്) തീരുമാനിച്ചിരുന്നത്. വാരാന്ത്യത്തിൽ ഒപെക് പ്ലസ് അനൗപചാരിക ചർച്ച നടത്തിയപ്പോൾ നിയന്ത്രണം നീട്ടാനുള്ള സൗദി നിർദേശത്തെ റഷ്യ അടക്കമുള്ളവർ എതിർത്തു. ഈ അനിശ്ചിതത്വത്തിനു നടുവിലാണ് ഇന്ന് ഒപെക് യോഗം ചേരുക. ഉൽപാദനം കുറയ്ക്കാൻ തീരുമാനിക്കില്ലെന്ന കണക്കുകൂട്ടലിൽ ക്രൂഡ് വില വാരാന്ത്യത്തിൽ താണു.

ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്കു 47.60 ഡോളർ വരെ താണിട്ടു തിങ്കളാഴ്ച രാവിലെ 47.74 വരെ കയറി. ക്രൂഡ് വില കൂട്ടിയെടുക്കാൻ സൗദി അറേബ്യ നയതന്ത്ര നീക്കങ്ങൾ നടത്തുന്നതായി പുതിയ റിപ്പോർട്ടുണ്ട്. ഇറാൻ്റെ പ്രമുഖ ആണവ ശാസ്ത്രജ്ഞനെ വധിച്ചതിനു പകരം വീട്ടുമെന്ന പ്രഖ്യാപനവും ക്രൂഡ് വില അധികം താഴാതിരിക്കാൻ കാരണമാണ്. ഇസ്രയേലാണു വധത്തിനു പിന്നിലെന്ന് ഇറാൻ വിശ്വസിക്കുന്നു. തിരിച്ചടി ഇറാനെതിരായ ഉപരോധം നീക്കുന്നതിനു തടസമാകും. ചിലപ്പോൾ വ്യാപക സംഘർഷത്തിനും കാരണമാകും. ക്രൂഡ് വിലയെ അതു സ്വാധീനിക്കും.


* * * * * * * *

സ്വർണത്തിൽ നിന്നു നിക്ഷേപകർ വലിയുന്നു


സ്വർണത്തിൽ നിന്നു വലിയ നിക്ഷേപകരും ഫണ്ടുകളും പിന്മാറുകയാണ്. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിയിരുന്ന പ്രവണതയ്ക്കു മാറ്റം വന്നിട്ടുണ്ട്. ചില കേന്ദ്ര ബാങ്കുകൾ വിൽപനക്കാരാകുമെന്ന കിംവദന്തിയും വിപണിയിലുണ്ട്.

ഔൺസിന് 1800 ഡോളറിന് താഴെയായപ്പോൾ സാങ്കേതിക സപ്പോർട്ട് നഷ്ടമായെന്നു വിശകലനക്കാർ പറയുന്നു. 1700 ഡോളറിനു താഴോട്ടു സ്വർണം നീങ്ങുമെന്നാണ് അവർ പറയുന്നത്. വെള്ളിയാഴ്ച 1786 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 1782 ലേക്കു താണു.


* * * * * * * *


വിദേശികളെ ശ്രദ്ധിക്കുക


ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. നവംബറിൽ ഇതിനകം 62,951 കോടി രൂപ വിദേശികൾ ഇവിടെ നിക്ഷേപിച്ചു. ഇതു സർവകാല റിക്കാർഡാണ്. ഓഹരി സൂചികകളുടെ പ്രതിമാസ ഉയർച്ചയും റിക്കാർഡാണ്.

ഇന്ത്യയിലെ നിക്ഷേപ താൽപര്യം വിദേശികൾക്കു കുറഞ്ഞിട്ടില്ല. എന്നാൽ ഡെറിവേറ്റീവ് (ഫോർവേഡ്സ് ആൻഡ് ഓപ്ഷൻസ്) വ്യാപാരത്തിൽ മാർജിൻ റിപ്പോർട്ടിംഗിനു പുതിയ നിബന്ധന ഇന്നു നടപ്പാക്കുന്നത് വിദേശികൾക്കു ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.

* * * * * * * *


പണനയം വെള്ളിയാഴ്ച; പലിശ കുറയ്ക്കില്ല


റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപി സി) ബുധനാഴ്ച സമ്മേളനം തുടങ്ങും. വെള്ളിയാഴ്ച നയം പ്രഖ്യാപിക്കും. കോവിഡ് തുടങ്ങിയ ശേഷം റീപോ നിരക്കിൽ 1.15 ശതമാനം കുറവു വരുത്തിയ റിസർവ് ബാങ്ക് ഇത്തവണയും നിരക്ക് കുറയ്ക്കാതിരിക്കാനാണു സാധ്യത. ചില്ലറ വിലക്കയറ്റം ഉയർന്നു നിൽക്കുന്നതാണു കാരണം. വിലക്കയറ്റം ആറു ശതമാനത്തിൽ താഴെ നിർത്താനാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം. ഒക്ടോബറിൽ ചില്ലറ വിലക്കയറ്റം 7.61 ശതമാനമായിരുന്നു. ഒക്ടോബറിലെ എംപിസി യോഗവും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

ജിഡിപി രണ്ടാം പാദത്തിലും ചുരുങ്ങിയതു ചൂണ്ടിക്കാട്ടി സാഹസികമായി നിരക്ക് കുറയ്ക്കാൻ നിർദേശിക്കുന്നവരുണ്ട്. പക്ഷേ ഭക്ഷ്യ വിലക്കയറ്റം കുറയാനുള്ള ലക്ഷണം കാണാതിരിക്കുകയും ഇന്ധനവില വീണ്ടും വർധിക്കുകയും ചെയ്യുമ്പോൾ റിസർവ് ബാങ്കിനു പലിശ താഴ്ത്തി പണപ്പെരുപ്പം വർധിപ്പിക്കാൻ പറ്റില്ല.

പലിശയല്ല വളർച്ചയ്ക്കു തടസമെന്ന് എല്ലാവർക്കും അറിയാം. കോവിഡും ലോക്ക് ഡൗണും മൂലം പണിപോയവരിൽ ഭൂരിപക്ഷവും ഇപ്പോഴും പണിയില്ലാതെ തുടരുന്നു. ശമ്പളം കുറഞ്ഞവർക്ക് അതു വർധിപ്പിച്ചു കിട്ടിയില്ല. ചില ആശ്വാസ നടപടികളല്ലാതെ സാമ്പത്തിക ഉത്തേജക പദ്ധതികളൊന്നും ഉണ്ടായില്ല. വരുമാനം കുറഞ്ഞപ്പോൾ ജനം പണം ചെലവഴിക്കൽ (Private Consumption) കുറച്ചു. ഗവണ്മെൻ്റും പണം ചെലവഴിക്കൽ കുറച്ചു. രണ്ടു ഗഡു ഡി എ തടഞ്ഞുവച്ചതും മൂലധനച്ചെലവ് കുറച്ചതുമൊക്കെ സമ്പദ്ഘടനയിൽ ഡിമാൻഡ് (Aggregate Demand) കുറച്ചു. ഇതാണു ജിഡിപി കുറയാൻ കാരണം. അതിനു ചികിത്സ സർക്കാർ ചെയ്യണം. പലിശ കുറയ്ക്കലല്ല ചികിത്സ.

സമ്പദ്ഘടനയെ ചൂടുപിടിപ്പിക്കാൻ റിസർവ് ബാങ്ക് പറ്റുന്നതൊക്കെ ചെയ്തു. ബാങ്കുകൾക്കും എൻബി എഫ്സി കൾക്കും പണലഭ്യത ഉറപ്പാക്കി. പല ഇനങ്ങളിലായി ഒൻപതു മാസം കൊണ്ടു 12 ലക്ഷം കോടിയിൽപരം രൂപ റിസർവ് ബാങ്ക് പണ വിപണിയിലിറക്കി. ഗവണ്മെൻ്റ് ശരിയായ ഉത്തേജക പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഡിമാൻഡ് വർധിച്ചു ജിഡിപി വളർച്ച വീണ്ടെടുക്കാമായിരുന്നു.


* * * * * * * *


ഇന്നത്തെ വാക്ക് : ജി വി എ


ദേശീയ വരുമാനവും സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട സംജ്ഞയാണ് മൊത്ത മൂല്യവർധന (Gross Value Added) അഥവാ ജി വി എ. തേയ്മാനക്കിഴിവ് കുറയയ്ക്കാതെ സമ്പദ്ഘടനയിലെ മൂല്യവർധന ഇതിൽ കണക്കാക്കുന്നു. ജിഡിപിയോടു സബ്സിഡി തുക കൂട്ടുകയും നികുതിത്തുക കുറയ്ക്കുകയും ചെയ്യുമ്പോൾ ജിവിഎ കിട്ടും.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it