Top

ഇന്ത്യ എങ്ങനെ ബംഗ്ലാദേശിന്റെ പിന്നിലായി? എണ്ണ വില ഇനിയും കൂടും, തളര്‍ച്ച പ്രവചനം തിരുത്താതെ എസ് ആന്‍ഡ് പി

ഇന്ത്യയുടെ വളര്‍ച്ചയെയും കോവിഡിനു ശേഷമുള്ള തിരിച്ചു വരവിനെയും പറ്റി ധാരാളം പറഞ്ഞു കേള്‍ക്കാറുണ്ട്. ഈ പ്രചാരണ കോലാഹലത്തിനിടയില്‍ ഇന്ത്യയുടെ യഥാര്‍ഥ നില എന്താണ്? പ്രചരിപ്പിക്കപ്പെടുന്ന വളര്‍ച്ച രാജ്യത്തെ ജനങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു?

ഇതിന്റെ ഉത്തരം ആളോഹരി വരുമാനത്തിലാണു തേടേണ്ടത്. മൊത്തം ജിഡിപി വളരുമ്പോള്‍ ജനസംഖ്യയും വളരുന്നുണ്ടല്ലോ. ഒരു ശതമാനം ജനസംഖ്യാ വളര്‍ച്ച എന്നാല്‍ ഇന്ത്യയില്‍ ഒരു വര്‍ഷം 1.36 കോടി ജനങ്ങള്‍ വര്‍ധിക്കുന്നു എന്നാണര്‍ഥം. അത്രയും പേര്‍ക്കു കൂടി തൊഴിലും വരുമാനവും ഉണ്ടാകണം.

ആളോഹരി ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യ ഈ ദശകത്തില്‍ ( 2010 - 20) വളരെ പിന്നില്‍ പോയി. 2000 - 10 ദശകത്തില്‍ ആളോഹരി വരുമാനം പ്രതിവര്‍ഷം 11.9 ശതമാനം വര്‍ധിച്ച സ്ഥാനത്ത് 2010 20 ദശകത്തിലെ വര്‍ധന 3.1 ശതമാനം മാത്രം.ഐ എം എഫ് / ലോക ബാങ്ക് കണക്കുകള്‍ ഉദ്ധരിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏഷ്യന്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഇന്‍ഡോനേഷ്യയും മാത്രമാണ് ഇന്ത്യയുടെ പിന്നിലുള്ളത്. ബംഗ്ലാദേശും വിയറ്റ്‌നാമും നേപ്പാളും ചൈനയുമൊക്കെ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട ആളോഹരി വരുമാന വര്‍ധന ഉറപ്പാക്കി.

ബംഗ്ലാദേശ് 2000- 10 കാലത്ത് 6.4 ശതമാനം തോതില്‍ വളര്‍ന്നിട്ട് കഴിഞ്ഞ 10 വര്‍ഷം 9.5 ശതമാനം തോതില്‍ കുതിച്ചു. ചൈന ആദ്യ ദശകത്തിലെ 16.8 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയില്‍ നിന്ന് 9.2 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയിലേക്കാണു താഴ്ന്നത്. വിയറ്റ്‌നാം 12.6 ശതമാനത്തില്‍ നിന്നു താണപ്പോഴും 7.9 ശതമാനം പ്രതിവര്‍ഷവളര്‍ച്ച നില നിര്‍ത്തി. നേപ്പാള്‍ 9.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലേക്കു മാത്രമാണു താണത്.

നീതി ആയോഗും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഒക്കെ വാചകമടിക്കുമ്പോഴും രാജ്യത്തു വളര്‍ച്ചയുടെ സുവര്‍ണകാലം ഒരു ദശകം മുമ്പായിരുന്നു എന്നും പിന്നീട് വിഡ്ഢിത്തങ്ങളിലൂടെ ആ വളര്‍ച്ചത്തോത് നഷ്ടപ്പെടുത്തി എന്നും കണക്കുകള്‍ കാണിക്കുന്നു.


* * * * * * * *

ദേ, ബംഗ്ലാദേശുകാര്‍ നമ്മേ പിന്നിലാക്കി

ശതമാനക്കണക്ക് വിട്ട് യഥാര്‍ഥ വരുമാനത്തിലേക്കു വരുമ്പോള്‍ നമ്മുടെ നില കൂടുതല്‍ മോശമാണെന്നു കാണാം. 2000ലെ 1384 ഡോളര്‍ ആളോഹരി വരുമാനം ഇക്കൊല്ലം 1877 ഡോളറില്‍ എത്തിക്കാനേ ഇന്ത്യക്കു കഴിഞ്ഞുള്ളൂ. അതേ സമയം ബംഗ്ലാദേശികളുടെ ആളോഹരി വരുമാനം 763 ഡോളറില്‍ നിന്ന് 1,900 ഡോളറിലെത്തി. വിയറ്റ്‌നാമിന്റേത് 1,628 ഡോളറില്‍ നിന്ന് 3,500 ഡോളറുമായി.

2010ല്‍ ശരാശരി ചൈനക്കാരന് 4,500 ഡോളര്‍ വാര്‍ഷിക വരുമാനമുണ്ടായിരുന്നു. ഇന്ത്യക്കാരന്റെ 3.3 മടങ്ങ്. ഇക്കൊല്ലം ചൈനക്കാരന് 10,839 ഡോളര്‍ വരുമാനം. ഇന്ത്യക്കാരന്റെ വരുമാനത്തിന്റെ ആറു മടങ്ങ്.


* * * * * * * *


എസ് ആന്‍ഡ് പി പ്രവചനം മാറ്റുന്നില്ല

രണ്ടാം പാദ ജിഡിപി പ്രതീക്ഷയിലും മെച്ചമായെങ്കിലും ഇന്ത്യയുടെ വാര്‍ഷിക ജിഡിപി പ്രതീക്ഷയില്‍ മാറ്റം വരുത്താന്‍ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ് ആന്‍ഡ് പി) തയാറില്ല. ഒന്‍പതു ശതമാനം താഴ്ചയാണ് ഈ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി നേരത്തേ പ്രവചിച്ചിരുന്നത്. രണ്ടാം പാദം മെച്ചമായെങ്കിലും കോവിഡ് വ്യാപനം ആശങ്ക വളര്‍ത്തുന്നു. ജനങ്ങളുടെ യാത്രകള്‍ കൂടിയതും ഗാര്‍ഹിക ഉപഭോഗം വര്‍ധിക്കുന്നതും അനുകൂല ഘടകങ്ങളായി ഏജന്‍സി കണക്കാക്കുന്നു.

മറ്റു പല ഏജന്‍സികളും ജിഡിപി പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. 10.8 ശതമാനം കുറയുമെന്ന നിഗമനം 8.2 ശതമാനം കുറവായി നൊമുറ മാറ്റി. 10.9 ശതമാനം താഴ്ച പ്രതീക്ഷിച്ച എസ് ബി ഐ പ്രതീക്ഷ പത്തിനു താഴെയാക്കും.


* * * * * * * *

പണമൊഴുക്ക് സഹായകരമാകും

വിപണികള്‍ അനിശ്ചിതത്വം കാണിക്കുമ്പോഴും തിരുത്തലിനു ഭാവമില്ല. ബുള്‍ തരംഗം തുടരാന്‍ വിദേശ പണമൊഴുക്ക് സഹായിക്കുമെന്ന ഉറപ്പിലാണു വിപണി.

ഗുരുനാനാക് ജയന്തിയുടെ അവധിക്കു ശേഷം ഇന്നു തുറക്കുന്ന ഇന്ത്യന്‍ വിപണി രണ്ടാം പാദ ജിഡിപിയുടെ ഉണര്‍വ് നഷ്ടപ്പെടുത്തിയ നിലയിലാണ്. എസ് ജി എക്‌സ് നിഫ്റ്റി തിങ്കളാഴ്ച 40 പോയിന്റോളം താഴോട്ടു പോയി.

നിഫ്റ്റി സൂചിക 13,000 നു മുകളില്‍ കടക്കാനുള്ള ശ്രമത്തില്‍ പലവട്ടം പരാജയപ്പെട്ടു. 13,00013 100 ന്റെ പ്രതിരോധം ശക്തമാണ്. 12,800ല്‍ നിന്നു താഴോട്ടു നിഫ്റ്റി നീങ്ങിയാല്‍ തിരുത്തല്‍ ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു സാങ്കേതിക വിശകലനക്കാര്‍ പറയുന്നു. പക്ഷേ ആ നിലയിലേക്കു താഴാതെ 12,900 മേഖലയില്‍ സ്ഥിരത തേടാനാണു കൂടുതല്‍ സാധ്യത.


* * * * * * * *


ക്രൂഡ് ഓയില്‍ ഉല്‍പാദനം ഇപ്പോള്‍ കൂട്ടില്ല, വില കൂടും.

ക്രൂഡ് ഓയില്‍ ഉല്‍പാദന നിയന്ത്രണം മൂന്നു മാസം കൂടി തുടരാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) തീരുമാനിച്ചു. ഈ തീരുമാനത്തോട് റഷ്യ അടക്കമുള്ള ഒപെക് പ്ലസ് രാജ്യങ്ങള്‍ യോജിക്കു മെന്നാണു പ്രതീക്ഷ. ഒപെക് പ്ലസുമായി ഇന്നു ചര്‍ച്ച ഉണ്ട്. ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ ജനുവരി മുതല്‍ ഉല്‍പാദനം കൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ധാരണയിലേക്കാണു നീക്കമെന്ന സൂചനയില്‍ ക്രൂഡ് വില താഴ്ചയില്‍ നിന്നു കയറി. ബ്രെന്റ് ഇനം 47.1 ഡോളറില്‍ നിന്ന് ചൊവ്വ രാവിലെ 47.94 ഡോളറിലെത്തി.

സ്വര്‍ണം ഔണ്‍സിന് 1779 ഡോളറിലാണ്. തിങ്കളാഴ്ച 1766 വരെ താണ ശേഷമാണ് ഈ കയറ്റം. എന്നാല്‍ ക്രിസ്മസ് കാല ഉയര്‍ച്ച സ്വര്‍ണ വിലയില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നു ബ്രോക്കറേജുകള്‍ വിലയിരുത്തുന്നു.

തിങ്കളാഴ്ച ഏഷ്യന്‍, യു എസ്, യൂറോപ്യന്‍ ഓഹരികള്‍ക്ക് ഇടിവായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച യുഎസ് ഡൗ സൂചികയുടെ ഫ്യൂച്ചേഴ്‌സ് ഉയരത്തിലാണ്. നിക്കൈ അടക്കം ഏഷ്യന്‍ സൂചികകളും ഉയര്‍ന്നു. ഡോളര്‍ നിരക്ക് താഴോട്ടു നീങ്ങി.

* * * * * * * *


എസ് ആന്‍ഡ് പി, ഐഎച്ച്എസ് മാര്‍ക്കിറ്റിനെ വാങ്ങുന്നു

ആഗോള റേറ്റിംഗ് സ്ഥാപനമായ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സ് ധനകാര്യ ആസ്തികളും ഡെറിവേറ്റീവുകളും സംബന്ധിച്ച വില വിവരങ്ങളും ആധികാരിക കണക്കുകളും നല്‍കുന്ന സ്ഥാപനമായ ഐഎച്ച് എസ് മാര്‍ക്കിറ്റിനെ വാങ്ങും. 4400 കോടി ഡോളര്‍ മൂല്യമുണ്ട് ഇടപാടിന്. 2020ലെ ഏറ്റവും വിലയേറിയ കമ്പനി ഏറ്റെടുക്കലാണിത്. ഇതു വഴി എസ് ആന്‍ഡ് പി റേറ്റിംഗിലും ഡാറ്റാ വിതരണത്തിലും ഒന്നാം സ്ഥാനത്തെത്തും. ഓഹരി കടപ്പത്രഉല്‍പന്ന വിപണികളുടെ ഡാറ്റാ കാര്യത്തില്‍ എസ് ആന്‍ഡ് പിയുടെ ആധിപത്യം ഇതോടെ ഉറയ്ക്കും. ജെയ്ന്‍സ് ഡിഫന്‍സ് വീക്ക്‌ലി ഐ എച്ച് എസ് മാര്‍ക്കിറ്റ് ആണു പ്രസിദ്ധീകരിക്കുന്നത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it