ആഗോള സാമ്പത്തികം മോശമെങ്കിലും ഇന്ത്യയിലേയ്ക്ക് ഡോളര്‍ ഒഴുക്കിന്റെ പ്രതീക്ഷ, ഇന്ത്യ - യു എസ് കൂട്ടുകെട്ട്, ടാറ്റ മോട്ടോഴ്‌സിന് വീണ്ടും ക്ഷീണം

തിരുത്തലിനു പകരം നേട്ടങ്ങള്‍ നിലനിര്‍ത്താനാണ് ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച ശ്രമിച്ചത്. മറ്റിടങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായ ചിത്രം. ഇന്നും നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ തുടരും.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ എം എസ് സിഐ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയരാന്‍ പോകുന്നു. സൂചിക അടുത്ത മാസമാദ്യമാണു പരിഷ്‌കരിക്കുക. സൂചികയില്‍ പുതുതായി വരാവുന്നതും പദവി ഉയരാവുന്നതുമായ ഓഹരികളില്‍ വലിയ നിക്ഷേപ താല്‍പര്യം കാണുന്നു.

യു എസ് തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ചില്ലറ ആശങ്കകള്‍ നിലവിലുണ്ട്. ഫലപ്രഖ്യാപനം 2000ലേതുപോലെ നീണ്ടു പോകുമോ കഴിഞ്ഞ തവണയും 2000ലും സംഭവിച്ചതു പോലെ ജനകീയ വോട്ടില്‍ മുന്നില്‍ വരുന്നവര്‍ തോല്‍ക്കുമോ എന്നു തുടങ്ങിയ ആശങ്കകള്‍ നിലവിലുണ്ട്.

അമേരിക്കയുമായി ഇന്ത്യ പുതിയ ഉപഗ്രഹ ചിത്ര വിനിമയ കരാര്‍ ഉണ്ടാക്കിയത് ചൈനയ്‌ക്കെതിരേ ഇന്ത്യക്കു ശക്തമായ സൈനിക കൂട്ടാളി ഉണ്ടെന്ന പ്രഖ്യാപനമായി. അതിര്‍ത്തി സംഘര്‍ഷത്തെ ചൊല്ലിയുള്ള ആശങ്കകള്‍ കുറയ്ക്കാന്‍ ഇതു സഹായിച്ചേക്കും.

* * * * * * * *

ദുര്‍ബല സൂചനകള്‍

ഇന്നലെ നിഫ്റ്റി 11889.40ലും സെന്‍സെക്‌സ് 40522.10ലുമാണ് ക്ലോസ് ചെയ്തത്. ഇന്നു വിപണി ഉയര്‍ച്ച നേടി നിഫ്റ്റിയെ 12,000ലേക്ക് അടുപ്പിക്കുമെന്നു സാങ്കേതിക വിശകലനക്കാര്‍ കരുതി. തിരുത്തലാണെങ്കില്‍ 11775ലും 11661 ലും താങ്ങ് ഉള്ളതായി കണക്കാക്കി. എന്നാല്‍ ഇന്ത്യയിലെ ഉണര്‍വ് യൂറോപ്പിലും അമേരിക്കയിലും ഉണ്ടായില്ല. സൂചികകള്‍ താണു. ഇന്നു രാവിലെ ഡൗ ജോണ്‍സും എസ് ആന്‍ഡ് പിയും ഫ്യൂച്ചേഴ്‌സ് വിപണിയില്‍ താഴോട്ടു പോയി.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ എസ് ജി എക്‌സ് നിഫ്റ്റി രാവിലെ നല്കുന്ന സൂചന ദൗര്‍ബല്യത്തോടെയുള്ള തുടക്കമാണ്. കോവിഡ് വ്യാപനം വീണ്ടുമുയരുമോ എന്ന ആശങ്ക പ്രബലമാണ്. സാമ്പത്തിക ഉണര്‍വിനെപ്പറ്റി രാജ്യത്തും പുറത്തും ആശങ്കയുണ്ട്. ക്രൂഡ് വില ചാഞ്ചാടുന്നത് ഇതിന്റെ ഫലമാണ്.

* * * * * * * *

യുഎസ് ജി ഡി പി

അമേരിക്കയുടെ മൂന്നാം പാദ ജിഡിപി കണക്ക് ഇന്നു പുറത്തു വിടും. ഇന്നലെ വന്ന സെപ്റ്റംബറിലെ മൂലധന സാമഗ്രികള്‍ക്കുള്ള (യന്ത്രങ്ങള്‍) ഓര്‍ഡറുകളുടെ കണക്കു പ്രതീക്ഷ പകര്‍ന്നു. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കണക്കായിരുന്നു അത്. ജിഡിപി കണക്കും മെച്ചമാകാം. ഇതേ സമയം യുഎസ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സൂചിക സെപ്റ്റംബറില്‍ താഴോട്ടു പോയി.

* * * * * * * *

ക്രൂഡ് , സ്വര്‍ണം ചെറിയ ചാഞ്ചാട്ടത്തില്‍

സ്വര്‍ണം, ക്രൂഡ് ഓയില്‍, ഡോളര്‍ എന്നിവ ചെറിയ കയറ്റിറക്കങ്ങളോടെ ഏകദേശം സ്‌റ്റെഡിയായി തുടരുന്നു. ലിബിയയില്‍ നിന്നു ക്രൂഡ് വരവ് പുനരാരംഭിച്ചതും യൂറോപ്പില്‍ ക്രൂഡ് ആവശ്യം വര്‍ധിക്കില്ലെന്ന റിപ്പോര്‍ട്ടുകളും വില വര്‍ധനയെ തടയുന്നു. ജിഡിപി മികച്ചതായാലും പണപ്പെരുപ്പത്തോത് ഉടനേ കൂടില്ലെന്ന നിഗമനം സ്വര്‍ണത്തിന്റെ കുതിപ്പിനു തടസമാണ്.

ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 40.50 ഡോളറിനു ചുറ്റുമാണു രാവിലെ ഏഷ്യന്‍ വിപണിയില്‍. ഡബ്‌ള്യു ടി ഐ ഇനം 38.85 ഡോളറിന് സമീപം.

സ്വര്‍ണ വില ഔണ്‍സിന് 1906 ഡോളറിലാണു രാവിലെ.

* * * * * * * *

രൂപ കയറി

ഇന്നലെ ഡോളറിനെതിരേ രൂപ ചെറിയ നേട്ടമുണ്ടാക്കി. ഡോളര്‍ നിരക്കു 13 പൈസ താണ് 73.72 രൂപയായി.

* * * * * * * *

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പ്

ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ യു എസ് 2 +2 ചര്‍ച്ചയും അതില്‍ ഒപ്പുവച്ച ബെക കരാറും ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. 1971ലെ ഇന്ത്യ സോവ്യറ്റ് സൈനിക ഉടമ്പടിയോളം വരില്ലെങ്കിലും ബെക തന്ത്രപ്രധാനമാണ്. ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ ഓപ്പറേഷന്‍ എഗ്രീമെന്റ് ആണു ബെക (BECA). അമേരിക്കന്‍ ഉപഗ്രഹങ്ങളും മറ്റു സംവിധാനങ്ങളും ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യക്കു കൈമാറാനാണു കരാര്‍.

ലഡാക്ക് അടക്കം അതിര്‍ത്തിയില്‍ സന്നാഹം ഒരുക്കുകയും ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി കൈയടക്കുകയും ചെയ്ത ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പാണ് ഈ കരാര്‍. ഇന്ത്യക്കു തുണയായി യുഎസ് ഉണ്ടെന്ന തുറന്ന പ്രഖ്യാപനമാണ് ഇതിലുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ യു എസ് സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും ഡല്‍ഹിയിലെത്തി കരാര്‍ ഒപ്പിട്ടത് ഇന്ത്യയെ അമേരിക്ക കൂടുതല്‍ തന്ത്രപ്രധാന (സൈനിക) രാജ്യമായി പരിഗണിക്കുന്നതിന്റെ ഭാഗം കൂടിയാണ്.

ചൈനീസ് അതിര്‍ത്തിയെപ്പറ്റി അമേരിക്കന്‍ ഉപഗ്രഹങ്ങളും മറ്റും ശേഖരിക്കുന്ന വിവരങ്ങള്‍ അതേ സമയം ഇനി ഇന്ത്യക്കും കിട്ടും. ലഡാക്കിലും നേരത്തേ ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഡോക ലായിലും മറ്റും ഇന്ത്യ അറിയാതെ ചൈന കടന്നു കയറിയതു പോലുള്ള സാഹചര്യങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ഈ വിവരം പങ്കുവയ്ക്കല്‍ സഹായിക്കും. ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ഒരാക്രമണം നടത്താന്‍ ചൈനയ്ക്കു പറ്റില്ലെന്നു വരും.

* * * * * * * *

എം എസ് സി ഐ പരിഷ്‌കരിക്കുമ്പോള്‍ ഡോളര്‍ ഒഴുകി വരും

എംഎസ്‌സിഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്‍ഡെക്‌സ്) എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചിക അഴിച്ചുപണിയുന്നു. അഴിച്ചുപണിയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ സൂചികയില്‍ പെടും. ഇന്ത്യയുടെ വെയിറ്റേജും കൂടും. ഇപ്പോഴത്തെ 8.1 ശതമാനത്തില്‍ നിന്ന് വെയിറ്റേജ് 8.8 ശതമാനമാകും. ഇതിന് ആനുപാതികമായി ഇന്ത്യയിലേക്ക് 250 കോടി ഡോളറിന്റെ (18500 കോടി രൂപ) നിക്ഷേപം അധികമായി എത്തും

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇപ്കാ ലബോറട്ടറീസ്, പി ഐ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ പുതിയ നിക്ഷേപം എത്തും. ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, എല്‍ ആന്‍ഡ് ടി, നെസ്‌ലെ, ടെക് മഹീന്ദ്ര, എന്‍ടിപിസി, സിപ്‌ള, ടൈറ്റന്‍, മാരുതി, ടാറ്റാ സ്റ്റീല്‍, ഡിവിസ് ലാബ് തുടങ്ങിയവയിലും നിക്ഷേപം കൂടും.

ഇന്നലെ കൊട്ടക് മഹീന്ദ്ര ഓഹരി വില പത്തു ശതമാനത്തോളം കയറിയതും സൂചികമാറ്റ പ്രതീക്ഷയിലാണ്. കൊട്ടക് മഹീന്ദ്രയിലേക്ക് 50 കോടി ഡോളറെങ്കിലും നിക്ഷേപമായി എത്തും.

* * * * * * * *

എയര്‍ടെലിനു മികച്ച പാദം

ഭാരതി എയര്‍ടെലിന്റെ രണ്ടാം പാദ പ്രവര്‍ത്തനം മികച്ചതായി. വരുമാനവും പ്രവര്‍ത്തന ലാഭ മാര്‍ജിനും നിരീക്ഷകരുടെ പ്രതീക്ഷയേക്കാള്‍ മെച്ചമായി. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി മൂലം എജിആര്‍ കുടിശികയ്ക്കു വലിയ തുക വകയിരുത്തേണ്ടി വന്നതു മൂലം 23,045 കോടി രൂപ നഷ്ടമായിരുന്നു. ഇത്തവണ 763.2 കോടിയേ നഷ്ടമുള്ളൂ. വരുമാനം 22 ശതമാനം കൂടി. ഇന്ത്യയിലെ മാത്രം വരുമാനം 26 ശതമാനമാണു കൂടിയത്. ശരാശരി ഉപയോക്താവില്‍ നിന്നുള്ള പ്രതിമാസ വരുമാനം 128 രൂപയില്‍ നിന്ന് 162 രൂപയായി ഉയര്‍ന്നു.

* * * * * * * *

ടാറ്റാ മോട്ടോഴ്‌സിനു ക്ഷീണം

ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ടാം പാദത്തിലെ ആഗോള വരുമാനം ഇടിയുകയും നഷ്ടം വര്‍ധിക്കുകയും ചെയ്തു. വാണിജ്യ വാഹനങ്ങളുടെയും ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെയും വില്‍പനയിലെ വന്‍ ഇടിവാണു കാരണം.

നഷ്ടം കൂടിയെങ്കിലും നിരീക്ഷകര്‍ പ്രവചിച്ചതിലും വളരെ കുറവായി. വാണിജ്യ വാഹന വില്‍പന കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തേക്കാള്‍ 56 ശതമാനം കുറഞ്ഞു. എന്നാല്‍ യാത്രാ വാഹന വില്‍പന 73 ശതമാനം കൂടി.

* * * * * * * *

നൊമുറ നല്ലതു കാണുന്നു, പക്ഷേ...

കാര്യങ്ങളെല്ലാം ഭദ്രമായി വരികയാണ് എന്നു വിശ്വസിക്കാനാഗ്രഹിക്കുന്നവര്‍ക്കു ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനം നൊമുറയുടെ റിപ്പോര്‍ട്ട് സന്തോഷകരമാകും. രണ്ടാം പാദത്തില്‍ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു രാജ്യം അതിവേഗം കരകയറുന്നുവെന്നാണു നൊമുറ റിപ്പോര്‍ട്ട്. വിവിധ പ്രവര്‍ത്തനമേഖലകളില്‍ നിന്നുള്ള സൂചകങ്ങള്‍ പരിശോധിച്ച് അവര്‍ കണ്ടെത്തിയവ ഇങ്ങനെ:

1. രണ്ടാം പാദത്തില്‍ ജിഡിപി 10.4 ശതമാനം ചുരുങ്ങി. ഒന്നാം പാദത്തില്‍ 23.9 ശതമാനം ചുരുങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്.

2. ജൂണില്‍ 37.8 ശതമാനം താഴോട്ടു പോയ ജിഡിപി ഓഗസ്റ്റില്‍ 19.7 ശതമാനം മാത്രമേ ചുരുങ്ങിയുള്ളൂ. സെപ്റ്റംബറില്‍ ഇത് 8.6 ശതമാനമായി കുറഞ്ഞു.

3. ഉത്സവ സീസണു പ്രാരംഭമായി സെപ്റ്റംബറില്‍ ഉപഭോഗ ഡിമാന്‍ഡ് പതിവുള്ളതിന്റെ 77 ശതമാനത്തിലെത്തി. ലഭ്യതയാകട്ടെ 92 ശതമാനത്തിലേക്കു ഉയര്‍ന്നു. എന്നാല്‍ ഉത്സവ സീസണിലേക്കുള്ള ഈ ഉണര്‍വ് സ്ഥായിയാണോ എന്നു നൊമുറ സംശയിക്കുന്നുമുണ്ട്.

മാത്രമല്ല, ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രതീക്ഷ നൊമുറ ഉയര്‍ത്തിയിട്ടുമില്ല. ഇക്കൊല്ലം ജി ഡി പി 10.8 ശതമാനം ചുരുങ്ങും എന്നാണു നൊമുറയുടെ പ്രവചനം. മൂന്നാം പാദത്തില്‍ 5.4 ഉം നാലാംപാദത്തില്‍ 4.3 ഉം ശതമാനം താഴുമെന്ന് നൊമുറ പറയുന്നു. ഉത്സവ സീസണും ബിഹാര്‍ തെരഞ്ഞെടുപ്പും കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് നൊമുറ കരുതുന്നു.രാജ്യത്തെ വിലക്കയറ്റം ഒരു വര്‍ഷം കൊണ്ടേ താഴോട്ടു പോരൂ എന്നാണ് അവരുടെ വിലയിരുത്തല്‍. റിസര്‍വ് ബാങ്ക് റീപോ റേറ്റ് അര ശതമാനം കുറയ്ക്കുമെന്നും അവര്‍ കണക്കാക്കുന്നു.

* * * * * * * *

ഇന്നത്തെ വാക്ക് : ഡെറിവേറ്റീവ് - 3 ഓപ്ഷന്‍

ധനകാര്യ മേഖലയില്‍ ഓപ്ഷന്‍ (Option) എന്നത് ഏതെങ്കിലും ആസ്തി ഒരു നിശ്ചിത തീയതിയില്‍ മുമ്പേ നിശ്ചയിച്ച വിലയ്ക്കു വാങ്ങാനോ വില്‍ക്കാനോ ഉള്ള അവകാശമാണ്. വിലക്കയറ്റത്തിലും ഇടിവിലും ചെറിയ പ്രീമിയം മാത്രം മുടക്കി ഊഹക്കച്ചവടം നടത്താന്‍ സഹായിക്കുന്ന ഓപ്ഷന്‍ വ്യാപാരം വളരെ സങ്കീര്‍ണമാണ്. ശ്രദ്ധിച്ചു നീങ്ങിയില്ലെങ്കില്‍ വന്‍ നഷ്ടം നേരിടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it