ബിപിസിഎല്‍ വില കൂടിയതെന്തുകൊണ്ട്? അനിശ്ചിതത്വം മാറിയില്ലെങ്കിലും പ്രതീക്ഷ; മാരുതിയുടെ പ്രകടനം പോര!

ആഗോള വിപണികളില്‍ അനിശ്ചിതത്വം മാറിയില്ല. എങ്കിലും ഇന്ത്യന്‍ വിപണി ഇന്നു പ്രതീക്ഷയോടെയാണു തുടങ്ങുക. ഡെറിവേറ്റീവ് വ്യാപാരത്തിലെ പുതിയ സീരീസിന്റെ തുടക്കം വിദേശ നിക്ഷേപകരുടെ സാന്നിധ്യത്തില്‍ മികച്ചതാകും. ഇന്നലെ അവസാനിച്ച സീരീസ് വിദേശികള്‍ക്കു നല്ല നേട്ടമാണുണ്ടാക്കിയത്.
ഇന്നു 11750 ലേക്കു കയറാന്‍ നിഫ്റ്റിക്കു കഴിഞ്ഞാല്‍ വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കും. മറിച്ചായാല്‍ തിരുത്തലിനു വേഗം കൂടും.

* * * * * * * *

ഡോളറിനു കരുത്ത്

ഡോളറിനു പൊതുവേ കരുത്തു കൂടുകയാണ്. ഇന്നലെ രൂപയ്‌ക്കെതിരേ ഡോളറിനു മികച്ച നേട്ടമുണ്ടായി. 74.10 രൂപയിലേക്കു ഡോളര്‍ കയറി.

* * * * * * * *

ക്രൂഡ് താഴോട്ട്

ആഗോള വളര്‍ച്ചയെപ്പറ്റി ആശങ്ക കൂട്ടി കോവിഡ് പടരുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില താഴോട്ടു നീങ്ങുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 37 ഡോളറിനു താഴേക്കു നീങ്ങി. ഡബ്‌ള്യു ടി ഐ ഇനവും താഴോട്ടാണ്
ഔണ്‍സിന് 1863 ഡോളര്‍ വരെ ഇന്നലെ താണ സ്വര്‍ണം ഇന്നു രാവിലെ 1878 ഡോളറിലേക്കു കയറി.

* * * * * * * *

ബജറ്റ് കമ്മിയും ചില കണക്കുകളും

സെപ്റ്റംബര്‍ കഴിഞ്ഞപ്പോള്‍ ധനകാര്യ വര്‍ഷത്തിന്റെ പകുതി പിന്നിട്ടു. ആ സമയത്തു കേന്ദ്ര സര്‍ക്കാരിന്റെ കമ്മി മുഴുവന്‍ വര്‍ഷത്തേക്കു പ്രതീക്ഷിച്ചതിന്റെ 115 ശതമാനമായി. ബജറ്റില്‍ കണക്കാക്കിയ വാര്‍ഷിക കമ്മി 7.96 ലക്ഷം കോടി രൂപ. ഇതു വരെ കമ്മി 9.1 ലക്ഷം കോടി.

സാധാരണ ഗതിയില്‍ ഇത് വിഷമിക്കേണ്ട കാര്യമല്ല. രണ്ടാം പകുതിയിലാണ് നികുതി പിരിവ് ഊര്‍ജിതമാകുന്നത്. മാര്‍ച്ചോടെ ബജറ്റ് ലക്ഷ്യത്തിലേക്കു കാര്യങ്ങള്‍ അടുക്കും. പക്ഷേ ഇത്തവണ അങ്ങനെ ശുഭ പ്രതീക്ഷ വേണ്ട. നികുതി വരുമാനത്തില്‍ എത്ര കുറവു വരുമെന്നു നോക്കിയാല്‍ മതി.

പക്ഷേ വിഷമിക്കേണ്ട വേറൊരു കാര്യമുണ്ട്. കേന്ദ്രം ഓരോ മാസവും ചെലവ് കുറയ്ക്കുന്നു. സെപ്റ്റംബറില്‍ 26 ശതമാനമാണു ചെലവില്‍ കുറച്ചത്.

അര്‍ധവര്‍ഷമായപ്പോള്‍ മൂലധനച്ചെലവ് തലേക്കൊല്ലത്തെ അപേക്ഷിച്ച 11.6 ശതമാനം കുറഞ്ഞു; 22 ശതമാനം വര്‍ധന ബജറ്റില്‍ ഉദ്ദേശിച്ച സ്ഥാനത്താണിത്. റവന്യു ചെലവ് 12 ശതമാനം കൂട്ടാന്‍ ഉദ്ദേശിച്ചിടത്തു കിട്ടിയത് ഒരു ശതമാനം മാത്രം.

വരവ് കുറഞ്ഞപ്പോള്‍ ചെലവ് കുറച്ചു എന്ന മട്ടില്‍ ന്യായീകരിക്കാവുന്ന കാര്യമല്ല ഇത്. മാന്ദ്യം മറികടക്കാന്‍ പണം വിപണിയിലെത്തണം. അതിന്റെ മുഖ്യ ഭാഗം സര്‍ക്കാരാണു ചെയ്യേണ്ടത്. ഇവിടെ നാമമാത്ര ഉത്തേജകം പ്രഖ്യാപിച്ച സര്‍ക്കാര്‍ പതിവുള്ള ചെലവ് പോലും ചെയ്യുന്നില്ല. രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയില്‍ നിന്നു കരകയറ്റാനല്ല, റേറ്റിംഗുകാരുടെ നല്ല പിള്ളയാകാനാണു കേന്ദ്രത്തിന്റെ ശ്രമം.

* * * * * * * *

അമേരിക്കന്‍ ജിഡിപിയും ഉണര്‍വും

സെപ്റ്റംബറിലവസാനിച്ച മൂന്നാം പാദത്തില്‍ അമേരിക്കയുടെ ജിഡിപി 33 ശതമാനം വേഗത്തില്‍ വളര്‍ന്നു. പെട്ടെന്ന് അവിശ്വസനീയമായി തോന്നുന്ന വളര്‍ച്ച.
രണ്ടാം പാദത്തില്‍ 31.4 ശതമാനം വേഗത്തില്‍ തളര്‍ന്ന ശേഷമാണിത്. ഇതറിഞ്ഞാലും സംശയങ്ങള്‍ ബാക്കിയാകും.

ഇന്ത്യ ജിഡിപി കണക്ക് അവതരിപ്പിക്കുന്നത് തും വര്‍ഷത്തെ ഇതേ പാദത്തില്‍ നിന്ന് എത്ര മാറ്റമുണ്ടായി എന്ന കണക്കു നിരത്തിയാണ്. അമേരിക്ക പറയുന്നത് ഈ പാദത്തിലെ മാറ്റത്തിന്റെ തോത് തുടര്‍ന്നാല്‍ ഒരു വര്‍ഷം എത്ര ശതമാനം മാറുമെന്നും .

ഇന്ത്യന്‍ രീതിയില്‍ പറഞ്ഞാല്‍ യു എസ് ജിഡിപി രണ്ടാം പാദത്തില്‍ ഒമ്പതു ശതമാനം ചുരുങ്ങി. മൂന്നാമത്തേതില്‍ 2.9 ശതമാനം മാത്രം ചുരുങ്ങി.

* * * * * * * *

വോഡഫോണ്‍ - ഐഡിയ ദൗര്‍ബല്യം കാണിച്ചു റിസല്‍ട്ട്

വോഡഫോണ്‍ - ഐഡിയ രണ്ടാം പാദ റിസല്‍ട്ട് കമ്പനിയുടെ ദൗര്‍ബല്യങ്ങള്‍ എടുത്തു കാണിക്കുന്നതായി. വരുമാനം നേരിയ തോതിലാണെങ്കിലും കുറഞ്ഞു. നഷ്ട കഥ തുടരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ എ ജി ആര്‍ കുടിശികയുടെ പേരില്‍ 50,921 കോടി രൂപ എന്ന റിക്കാര്‍ഡ് നഷ്ടം കമ്പനിക്കുണ്ടായി. ഇത്തവണ 7218 കോടിയാണു നഷ്ടം. ഒന്നാം പാദത്തില്‍ 25,467 കോടി നഷ്ടമുണ്ടായിരുന്നു.
വരുമാനത്തില്‍ 0.49 ശതമാനമാണു കുറവ്. വര്‍ക്ക് ഫ്രം ഹോം കമ്പനിക്കു തുണയായില്ലെന്നു വ്യക്തം. ഇടപാടുകാരില്‍ നിന്നുള്ള ശരാശരി വരുമാനം 119 രൂപ മാത്രമാണ്. കമ്പനിയുടെ വരിക്കാരുടെ എണ്ണം 27.18 കോടിയായി കുറഞ്ഞു.

* * * * * * * *

ബിപിസിഎല്‍ ലാഭവര്‍ധന സ്റ്റോക്കിന്റെ വില കൂടിയതിനാല്‍

സാധാരണ ഗതിയില്‍ മികച്ചതെന്നു കരുതാവുന്നതാണു പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎലിന്റെ രണ്ടാം പാദ റിസല്‍ട്ട്. അറ്റാദായം 58 ശതമാനം വര്‍ധിച്ചു.
പക്ഷേ, കമ്പനിയുടെ വിറ്റുവരവ് 12 ശതമാനം കുറഞ്ഞു. പ്രവര്‍ത്തനച്ചെലവ് 16 ശതമാനം കുറഞ്ഞു. മേയിലും ജൂണിലും കുറഞ്ഞ വിലയ്ക്കു ധാരാളം ക്രൂഡ് ഓയില്‍ വാങ്ങിയതാണ് ചെലവ് കുറച്ചത്. വില്‍പന കുറഞ്ഞപ്പോള്‍ സ്റ്റോക്ക് കൂടി. രണ്ടാം പാദത്തില്‍ വില്‍പന വില കൂടിയതിനാല്‍ ലാഭം വര്‍ധിച്ചു.
ഇന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിസല്‍ട്ട് വരാനുണ്ട്. 100 ശതമാനം ലാഭ വര്‍ധനയാണു കമ്പോളം പ്രതീക്ഷിക്കുന്നത്.

* * * * * * * *

ടി വി എസ് മോട്ടോര്‍ ലാഭം കുറഞ്ഞു

ടൂ വീലര്‍ വിപണിയിലെ ദൗര്‍ബല്യം ടി വി എസ് മോട്ടോോറിന്റെ രണ്ടാം പാദ ലാഭം കുത്തനെ കുറച്ചു. വിറ്റുുവരവില്‍ 5.9 ശതമാനം കുറവുണ്ടാായപ്പോള്‍ അറ്റാാദായം 23 ശതമാനം താണു. തലേ വര്‍ഷം രണ്ടാം പാദത്തില്‍ 76 കോടിയുടെ അസാധാര ണ വരുമാനം ഉണ്ടായിരുന്നതു കണക്കിലെടുത്താല്‍ ലാഭത്തിലെ കുറവ് അത്ര വലുതല്ലൈന്നു കാണാം.

* * * * * * * *

കാതല്‍മേഖലയുടെ തളര്‍ച്ചയും കണക്കിലെ കളിയും

കാതല്‍ മേഖലയിലെ വ്യവസായങ്ങളിലെ ഉല്‍പാദനം തുടര്‍ച്ചയായ ഏഴാം മാസവും കുറഞ്ഞു. സെപ്റ്റംബറിലെ താഴ്ച രണ്ടാം പാദത്തിലെ ജിഡിപി സംബന്ധിച്ച അമിത പ്രതീക്ഷയ്ക്കു കാര്യമില്ലെന്നു കാണിക്കുന്നു.
സെപ്റ്റംബറില്‍ കാതല്‍ മേഖലയിലെ ഉല്‍പാദനം 0.8 ശതമാനം ചുരുങ്ങി. മാര്‍ച്ച് മുതലുള്ള ഇടിവില്‍ ഏറ്റവും ചെറുതാണ് ഇത്. എന്നാല്‍ ഈ ചെറുപ്പം കാര്യമുള്ളതല്ല. കണക്കിലെ കളി മാത്രമാണത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കാതല്‍ മേഖല 5.1 ശതമാനം ചുരുങ്ങിയതാണ്. ആ ചുരുങ്ങിയ ഉല്‍പാദനക്കണക്കില്‍ നിന്നാണ് 0.8 ശതമാനം കുറഞ്ഞത്.
2019 സെപ്റ്റംബറില്‍ കാതല്‍ മേഖലയിലെ ഉല്‍പാദനം 20l8 സെപ്റ്റംബറിലേതിലും 5.1 ശതമാനം കുറവായി. ഇപ്പോള്‍ അവിടെ നിന്നു വീണ്ടും കുറഞ്ഞു. അതായതു 2020 സെപ്റ്റംബറിലെ കാതല്‍ മേഖലാ ഉല്‍പാദനം 2018 സെപ്റ്റംബറിലേതിന്റെ 94 ശതമാനമേ വരുന്നുള്ളൂ.

കല്‍ക്കരി (21.2 ശതമാനം അധികം), വൈദ്യുതി (+ 3.7%), സ്റ്റീല്‍ (+ 0.9%) എന്നിവ മാത്രമേ സെപ്റ്റംബറില്‍ വളര്‍ച്ച കാണിച്ചുള്ളു. ക്രൂഡ് ഓയില്‍ (ആറു ശതമാനം കുറവ്), പ്രകൃതി വാതകം ( - 10.6%), പെട്രോളിയം റിഫൈനറി ഉല്‍പന്നങ്ങള്‍ ( -9.5%), രാസവളം (-0.3%), സിമന്റ് (-3 .5 %) എന്നിവയിലാണ് ഇടിവ്.

* * * * * * * *

മാരുതി പ്രതീക്ഷയോളം വന്നില്ല

മാരുതി സുസുകിയുടെ രണ്ടാം പാദ റിസല്‍ട്ട് നിരീക്ഷകരുടെ പ്രതീക്ഷയോളം വന്നില്ല. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് വാഹന വില്‍പന 16.2 ശതമാനം കൂടി. വരുമാനം 10.34 ശതമാനമേ കൂടി യുള്ളു. അറ്റാദായം രണ്ടു ശതമാനം വര്‍ധിച്ച് 1419.6 കോടി രൂപയായി.

വില്പന കൂടിയെങ്കിലും പരസ്യം, സെയില്‍സ് പ്രൊമോഷന്‍ തുടങ്ങിയവയ്ക്കു ചെലവ് കുറഞ്ഞതാണു ലാഭം നിലനിര്‍ത്താന്‍ സഹായിച്ചത്.

കമ്പനി രണ്ടാം പാദത്തില്‍ 3,93,130 വാഹനങ്ങള്‍ വിറ്റു. ഇതില്‍ 22,511 കയറ്റുമതിയാണ്.

* * * * * * * *

ബാങ്ക് ഓഫ് ബറോഡ ലാഭം ഇരട്ടിച്ചു; വകയിരുത്തല്‍ കുറഞ്ഞു

നഷ്ടസാധ്യതയ്ക്കുള്ള വകയിരുത്തല്‍ കുറഞ്ഞത് ബാങ്ക് ഓഫ് ബറോഡയുടെ രണ്ടാം പാദ അറ്റാദായം ഇരട്ടിപ്പിച്ചു. വകയിരുത്തല്‍ 3002 കോടി രൂപയാണ്. ഇത് ഒന്നാം പാദത്തേക്കാള്‍ 46.7 ശതമാനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.7 ശതമാനവും കുറവാണ്. കോവിഡുമായി ബന്ധപ്പെട്ട വകയിരുത്തല്‍ 1748 കോടി രൂപയുണ്ട്.

* * * * * * * *

ബാങ്കിന്റെ അറ്റാദായം 736.7 കോടി രൂപയില്‍ നിന്ന് 1678.6 കോടി രൂപയായി.

അറ്റപലിശ വരുമാനം (കിട്ടിയ പലിശയില്‍ നിന്ന് കൊടുത്ത പലിശ കുറച്ച ശേഷമുള്ളത്) 6.9 ശതമാനമേ വളര്‍ന്നുള്ളൂ. 7507.5 കോടി ഡോളറാണ് ഈ വരുമാനം.

* * * * * * * *

ഇന്‍ഡിഗോ പ്രതീക്ഷയിലും മെച്ചം

ഇന്‍ഡിഗോ വിമാന സര്‍വീസ് നടത്തുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ റിസല്‍ട്ട് പ്രതീക്ഷയിലും മികച്ചതായി . ചാനല്‍ നിരീക്ഷകര്‍ 1897 കോടി നഷ്ടം പ്രതീക്ഷിച്ചിടത്ത് 1194.8 കോടിയാണു നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1062 കോടി രൂപ നഷ്ടം വന്നിരുന്നു. കമ്പനിയുടെ വരുമാനം 8l05 കോടിയില്‍ നിന്ന് 2741 കോടിയായി കുറഞ്ഞു. ചെലവുകള്‍ 9572 കോടി രൂപയില്‍ നിന്ന് 4224 കോടിയായും താണു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയാണ് ഇന്‍ഡിഗോ. ജൂണിലവസാനിച്ച പാദത്തില്‍ 2844 കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായിരുന്നു.

ഡിസംബറിലവസാനിക്കുന്ന പാദത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ 60 ശതമാനം ആള്‍ക്കാരെ കയറ്റാന്‍ അനുവാദമുണ്ട്. ഇത് ഇന്‍ഡിഗോയുടെ വരുമാനം വര്‍ധിപ്പിക്കും. ഇന്‍ഡിഗോയ്ക്ക് ഇപ്പോള്‍ 282 വിമാനങ്ങള്‍ ഉണ്ട്. കഴിഞ്ഞ പാദത്തില്‍ എട്ടു വിമാനങ്ങള്‍ കൂടി കമ്പനി സ്വന്തമാക്കി.

* * * * * * * *

ഇന്നത്തെ വാക്ക് : ഡെറിവേറ്റീവ് - 5 പുട് ഓപ്ഷന്‍

ഒരു ആസ്തി ( ഓഹരിയോ കടപ്പത്രമോ കറന്‍സിയോ ഉല്‍പന്ന മോ) നിശ്ചിത തീയതിയില്‍ നിശ്ചിത വിലയക്കു വില്‍ക്കാം എന്ന കരാറാണു പുട് ഓപ്ഷനില്‍ ഉണ്ടാക്കുന്നത്. ഓപ്ഷനായതിനാല്‍ വില്‍ക്കാന്‍ അവകാശമുണ്ടെങ്കിലും വില്‍ക്കാന്‍ ബാധ്യതയില്ല. വില താഴുമെന്നു പ്രതീക്ഷിക്കുമ്പോഴാണ് പുട് ഓപ്ഷനില്‍ ചേരുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it