ട്രംപിന്റെ നില പരുങ്ങലില്‍, ഗൂഗ്‌ളിന്റെ ചൂഷണത്തിനെതിരെ സ്റ്റാര്‍ട്ടപ്പുകള്‍

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ബുള്ളിഷ് മനോഭാവം ശക്തമാകുമ്പോഴും യുഎസ് തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം വിപണിയെ നവംബര്‍ ആദ്യം വരെ വേട്ടയാടും.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ കയറി. സെന്‍സെക്‌സ് 276.75 പോയിന്റും ( 0.71 ശതമാനം) നിഫ്റ്റി 86.4 പോയിന്റും ( 0.76 ശതമാനം) കയറി. ഏഴു ശതമാനം ഉയര്‍ന്ന ടി സിഎസ് ഐ ടി ഓഹരികളുടെ കയറ്റത്തിനു നേതൃത്വം നല്കി. ബാങ്കുകള്‍ക്കും തിങ്കളാഴ്ച ഉയര്‍ച്ചയായിരുന്നു.
യൂറോപ്യന്‍, അമേരിക്കന്‍ ഓഹരികളും ഇന്നലെ കയറി. ഇന്ന് ഇന്ത്യന്‍ ഓഹരികള്‍ ഉണര്‍വോടെ തുടങ്ങും എന്ന സൂചനയാണ് എസ് ജി എക്‌സ് നിഫ്റ്റി നല്‍കുന്നത്. എന്നാല്‍ വലിയ ആവേശം കാണുന്നുമില്ല. 11,620-നു മുകളിലെത്തിയാല്‍ നിഫ്റ്റി കൂടുതല്‍ ബുള്ളിഷ് ആകുമെന്നു സാങ്കേതിക വിശകലനക്കാര്‍ പറയുന്നു.

ക്രൂഡിലും സ്വര്‍ണത്തിലും ഉയര്‍ന്നേക്കും

രാജ്യാന്തര വിപണികളില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1910 ഡോളറിലെത്തി. ഇനിയും ഉയര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്.
ക്രൂഡ് ഓയില്‍ തിങ്കളാഴ്ച അഞ്ചു ശതമാനം ഉയര്‍ന്നു. അല്പം കൂടി കയറുമെന്നാണു സൂചന.

ഡോളര്‍ കയറി

തിങ്കളാഴ്ച രൂപയോടുള്ള വിനിമയത്തില്‍ ഡോളറിനു കയറ്റം. 14 പൈസ നേട്ടത്തില്‍ 73.29 രൂപയായി ഡോളര്‍.

ഒടുവില്‍ എം പി സി യില്‍ അംഗങ്ങളായി

റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റിക്ക് (എംപി സി ) ഒടുവില്‍ അംഗങ്ങളായി. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കേണ്ട മൂന്ന് അംഗങ്ങളുടെ നിയമനം നടക്കാതിരുന്നതിനാല്‍ കഴിഞ്ഞ ഒന്നാം തിയതി പണ നയ അവലോകനം പുറത്തു വിടാന്‍ സാധിച്ചില്ല. അംഗങ്ങള്‍ ആയ നിലയ്ക്ക് അടുത്ത ആഴ്ച പണനയ പ്രഖ്യാപനം പ്രതീക്ഷിക്കാം.

ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ് റിസര്‍ച്ചിലെ ഡോ.അഷിമ ഗോയല്‍, അഹമ്മദാബാദ് ഐ ഐ എമ്മിലെ ഡോ.ജയന്ത് ആര്‍. വര്‍മ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ ഡോ.ശശാങ്ക ഭീഡെ എന്നിവരാണു പുതിയ നോമിനിമാര്‍.

പണനയ കമ്മിറ്റി ഇക്കൊല്ലത്തെ ജിഡിപി വളര്‍ച്ചയെപ്പറ്റി എന്തു നിഗമനത്തില്‍ എത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചില്ലറ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പലിശ നിരക്ക് താഴ്ത്താനായി റീപോ നിരക്കു കുറയ്ക്കില്ലെന്നാണു പൊതു വിലയിരുത്തല്‍.

സ്റ്റാര്‍ട്ടപ്പുകളെ ചൂഷണം ചെയ്ത് ഗൂഗിള്‍

ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ വഴി വില്‍ക്കുന്ന ആപ്പുകള്‍ ഗൂഗിള്‍ ബില്ലിംഗ് സിസ്റ്റത്തില്‍ വരണമെന്ന നിബന്ധന നടപ്പാക്കുന്നത് 2022 മാര്‍ച്ച് വരെ നീട്ടി. പ്ലേ സ്റ്റോറിനു 30 ശതമാനം ഫീസ് നല്‍കണമെന്ന നിര്‍ദ്ദേശവും നീട്ടി വച്ചു.
ഗൂഗിളും ഫേസ്ബുക്കും സ്റ്റാര്‍ട്ടപ്പുകളെ കൊള്ളയടിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണിത്. സ്റ്റാര്‍ട്ടപ് നിക്ഷേപത്തില്‍ 50 ശതമാനവും ഈ ഭീമന്മാര്‍ കൈയടക്കുകയാണെന്ന് പേടി എമ്മിന്റെ വിജയ്ശേഖര്‍ ശര്‍മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ശര്‍മ ഒരു സമാന്തര ആപ്പ് സ്റ്റോര്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ പിന്തുണയും ശര്‍മ ഉറപ്പാക്കിയിട്ടുണ്ട്.

സെസ് ഭാരം തുടരും

ജി എസ് ടി യിലെ കോംപന്‍സേഷന്‍ സെസ്കറേ കാലം കൂടി തുടരാന്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു. ജി എസ് ടി നടപ്പാക്കല്‍ സംസ്ഥാനങ്ങള്‍ക്കു വരുമാനം കുറച്ചാല്‍ നഷ്ടപരിഹാരം നല്‍കാനാണ് ഈ സെസ്. അഞ്ചു വര്‍ഷത്തേക്ക് ഉദ്ദേശിച്ച സെസ് 2022-നു ശേഷവും തുടരും. വാഹനങ്ങള്‍, കോളകള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഉയര്‍ന്ന നികുതിഭാരം ഉടനെങ്ങും മാറ്റില്ലെന്നു ചുരുക്കം.

ലിസ്റ്റിംഗില്‍ നഷ്ടം

ഏഞ്ചല്‍ ബ്രോക്കിംഗിന്റെ ഓഹരികള്‍ ഇന്നലെ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയിലും 10 ശതമാനം താഴെ 275 രൂപയ്ക്കാണ്. നാലു മടങ്ങ് അപേക്ഷകള്‍ ഉണ്ടായിരുന്ന ഇഷ്യു ആണത്.
കഴിഞ്ഞയാഴ്ച ഇഷ്യു നടത്തിയ മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ് 157.41 മടങ്ങ് അപേക്ഷകളോടെ റിക്കാര്‍ഡ് കുറിച്ചു. അതിനു മുമ്പത്തെ ആഴ്ചയില്‍ 151 മടങ്ങ് അപേക്ഷ ലഭിച്ച കെംകോണ്‍ സ്‌പെപെഷാലിറ്റി കെമിക്കല്‍സിനായിരുന്നു റിക്കാര്‍ഡ്.

മോറട്ടോറിയംകാലത്തെ പലിശ: കേസ്നീളുന്നു.

മോറട്ടോറിയം കാലത്തെ പലിശയ്ക്കു കൂട്ടുപലിശ ഈടാക്കുന്നതടക്കമുള്ള വിഷയങ്ങളിലെ കേസ് തീരുന്നില്ല. സര്‍ക്കാരും റിസര്‍വ് ബാങ്കും മറ്റും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം നല്കി. ഇനി 13 - നേ കേസ് പരിഗണിക്കു. ബാങ്കുകള്‍ക്കു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റി കോടതിക്കും സര്‍ക്കാരിനും ഒരു ചിന്തയുമില്ലെന്നു തോന്നും.

ട്രംപ് തോറ്റാല്‍ വിപണിയില്‍ തിരിച്ചടി?

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ മേല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ലീഡ് 14 ശതമാനമായി. ഒന്നാമത്തെ ടി വി സംവാദത്തിനു ശേഷം എന്‍ ബി സി- വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ സര്‍വേയിലാണിത്. ട്രംപിനു കോവിഡ് സ്ഥിരീകരിക്കും മുമ്പായിരുന്നു സര്‍വേ. കോവിഡ് സ്ഥിരീകരണം ട്രംപിനുള്ള സാധ്യത വീണ്ടും കുറച്ചെന്നാണു മാധ്യമങ്ങളുടെ വിലയിരുത്തല്‍.

രണ്ടാഴ്ച മുമ്പുവരെ ട്രംപിന്റെ ജയത്തെപ്പറ്റി സംശയമില്ലാതിരുന്നവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. ട്രംപ് മാറി ബൈഡന്‍ പ്രസിഡന്റാകുമ്പോള്‍ നയപരമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ചൈനയോടുള്ള വാണിജ്യ യുദ്ധം ബൈഡന്‍ അവസാനിപ്പിച്ചേക്കും. കൂടുതല്‍ വലിയ ഉത്തേജക പദ്ധതി പ്രഖ്യാപിക്കാനിടയുണ്ട്. അതിലുപരി ധനകാര്യ മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം വര്‍ധിപ്പിക്കും. ഇതെല്ലാം യു എസ് ഓഹരി വിപണിയെ താഴ്ത്തും.

ഇന്ത്യക്കു ട്രംപ് ഭരണകൂടത്തില്‍ നിന്നു കിട്ടിയ പരിഗണനയും പിന്തുണയും ബൈഡന്‍ ഭരണകൂടത്തില്‍ നിന്നു കിട്ടാനിടയില്ല. ഇന്ത്യന്‍ വിപണിക്കു ബൈഡന്‍ വിജയം ആശങ്കാജനകമാണ്. ചൈനയോടും പാക്കിസ്ഥാനോടും ബൈഡന്‍ കൂടുതല്‍ അടുപ്പം കാണിക്കും എന്നത് ഇന്ത്യക്കു സൈനിക -നയതന്ത്ര രംഗങ്ങളില്‍ തിരിച്ചടിയാകും.
ഓഹരി -ഉല്‍പ്പന്ന വിപണികളിലെ നിക്ഷേപകര്‍ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിച്ച് തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it