ട്രംപിന്റെ പ്രഹരവും അമേരിക്ക മാന്ദ്യത്തിലേക്ക് എന്ന വാര്‍ത്തയും വിപണിക്ക് തിരിച്ചടിയാകും

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒറ്റയടിക്ക് ഓഹരി - ക്രൂഡ് ഓയ്ല്‍ - സ്വര്‍ണ വിപണികളെ പിന്നോട്ടു പായിച്ചു. ഈ ആഘാതം ഇന്ത്യന്‍ ഓഹരികളെയും വിഷമിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ മോറട്ടോറിയം കാലത്തെ കൂട്ടുപലിശയ്ക്ക് ഇളവ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകളും വിപണിയെ ബാധിക്കും.
അമേരിക്കയില്‍ ചര്‍ച്ചയിലായിരുന്ന പുതിയ ഉത്തേജക പദ്ധതി വേണ്ടെന്നു ട്രംപ് തീരുമാനിച്ചതാണ് യു എസ് വിപണികളെ താഴ്ത്തിയത്. ചൊവ്വാഴ്ച തുടര്‍ച്ചയായ നാലാം ദിവസം മികച്ച ബുള്ളിഷ് പ്രവണത കാണിച്ച ഇന്ത്യന്‍ ഓഹരി വിപണിയും ഇതിന്റെ ചുവടുപിടിച്ച് ഇന്നു ദുര്‍ബലമായേക്കും. എസ് ജി എക്‌സ് നിഫ്റ്റി നല്കുന്ന സൂചനയും അതാണ്.

* * * * * * * *

അമേരിക്കന്‍ ഉത്തേജനവും ഓഹരികളും

2.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് ഡെമോക്രാറ്റുകള്‍ നിര്‍ദേശിച്ചത്. 1.6 ലക്ഷം കോടി ഡോളറിന്റേതു മതിയെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പറഞ്ഞു. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയും ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌ന്യൂചിനും ചര്‍ച്ച നടത്തി ധാരണയിലെത്താന്‍ ശ്രമിച്ചു വരുമ്പോഴാണു ട്രംപിന്റെ വീറ്റോ.
ഉത്തേജകം പ്രതീക്ഷിച്ചാണു വിപണി കുറേ ആഴ്ചകളായി കഴിഞ്ഞിരുന്നത്. ഉത്തേജകം വിപണിയെ സഹായിക്കും. ഉത്തേജക പണം ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതു തന്നെ കാരണം.
യു.എസ് ഉത്തേജനം മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിലുമെത്തും.

* * * * * * * *

റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇളവില്ല?

മോറട്ടോറിയം കാലത്തെ കൂട്ടു പലിശയില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് ഇളവ് ലഭിക്കില്ലെന്നു സൂചന. ഡവലപ്പര്‍മാര്‍ക്ക് നേരത്തേ ചില ഇളവുകള്‍ നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിലപാട്.

* * * * * * * *

പവലിന്റെ മുന്നറിയിപ്പ്

അമേരിക്കന്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി നല്‍കിയ മുന്നറിയിപ്പ് പ്രസക്തമാണ്. ഉത്തേജക പദ്ധതിയില്ലെന്നായ നിലയ്ക്ക് ഇതിനു പ്രാധാന്യം കൂടുന്നു. അമേരിക്കയില്‍ കാര്യങ്ങള്‍ ഈ നിലയ്ക്കു പോയാല്‍ മാന്ദ്യമാകും എന്നാണു പവല്‍ പറഞ്ഞത്.
ഐ എം എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവയും സമാനമായ മുന്നറിയിപ്പ് ഇന്നലെ നല്കി.
ആഗോള വ്യാപാരം ഇക്കൊല്ലം 9.2 ശതമാനം കുറയുമെന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്‌ള്യു ടി ഒ ) പ്രസ്താവന ആശ്വാസകരമാണ്. 12 മുതല്‍ 30 വരെ ശതമാനം കുറയുമെന്നാണ് ഏപ്രിലില്‍ അവര്‍ പറഞ്ഞത്.

* * * * * * * *

സേവന മേഖലയില്‍ ആശ്വാസം

തുടര്‍ച്ചയായ അഞ്ചാം മാസവും സേവന മേഖലയുടെ പി എം ഐ ഉയര്‍ന്നു. സെപ്റ്റംബറില്‍ 49.8 ആണു സൂചിക. ഓഗസ്റ്റില്‍ 41.8 ആയിരുന്നു. എന്നാല്‍ സേവനമേഖലയില്‍ തൊഴില്‍ കുറയുകയാണെന്ന കണ്ടെത്തല്‍ കാര്യങ്ങള്‍ ഒട്ടും ശരിയായിട്ടില്ലെന്നു കാണിക്കുന്നു.

* * * * * * * *

ബാങ്കുകളില്‍ അമിതാവേശം വേണ്ട

സമീപ ആഴ്ചകളില്‍ ബാങ്ക് ഓഹരികള്‍ക്കു വലിയ പ്രിയം കണ്ടു. വായ്പ വര്‍ധിക്കുന്നു എന്നതാണു പ്രധാന ന്യായം. കിട്ടാക്കടങ്ങള്‍ കുറയുകയാണെന്ന വലിയ പ്രചാരണവും ഉണ്ട്.
എന്നാല്‍ ഒരു യാഥാര്‍ഥ്യം നിക്ഷേപകര്‍ വിസ്മരിക്കരുത്. മോറട്ടോറിയം കാലത്തു വായ്പകള്‍ പുനര്‍ ക്രമീകരിക്കാന്‍ അനുവാദം നല്‍കിയതും നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതു മരവിപ്പിച്ചതും ആണു നല്ല ചിത്രത്തിനു പിന്നില്‍. ഇനി തിരിച്ചടവ് ആരംഭിക്കുമ്പോഴാണ് കിട്ടാക്കടങ്ങള്‍ എത്രയുണ്ടെന്നറിയുക. പ്രശ്‌ന കടങ്ങള്‍ 20 ശതമാനം വരുമെന്നാണു ചില റേറ്റിംഗ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.

* * * * * * * *

പലിശയില്‍ മാറ്റം പ്രതീക്ഷിക്കാനില്ല

റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എം പി സി) ഇന്നുതന്നെ ത്രിദിനയോഗം തുടങ്ങും. വെള്ളിയാഴ്ച നയം പ്രഖ്യാപിക്കും.
ചില്ലറ വിലക്കയറ്റം പരമാവധി ആറു ശതമാനത്തില്‍ ഒതുക്കണമെന്നാണു കമ്മിറ്റിക്കുള്ള ടാര്‍ഗറ്റ്. കഴിഞ്ഞ മാസവും ചില്ലറ വിലക്കയറ്റം (സി പി ഐ) ആറു ശതമാനത്തില്‍ കൂടുതലാണ്. ആ നിലയ്ക്ക് പണനയ കമ്മിറ്റി പലിശ നിരക്ക് താഴ്ത്താന്‍ ശ്രമിക്കില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍ വായ്പയെടുക്കല്‍ വര്‍ധിപ്പിക്കാന്‍ തക്ക നടപടികള്‍ പ്രഖ്യാപിച്ചേക്കും.
ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലാണ് എല്ലാവരും പ്രധാനമായി ശ്രദ്ധിക്കുന്നത്. രണ്ടാം പാദ ജി ഡി പി കണക്ക് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) നവംബര്‍ 30 - നേ പുറത്തുവിടൂ .അതിനു മുമ്പ് അക്കാര്യത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വിലയിരുത്തലാണ് റിസര്‍വ് ബാങ്കിന്റേത്.

* * * * * * * *

ടിസിഎസ് ഓഹരി തിരികെ വാങ്ങും

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ബോര്‍ഡ് യോഗം ഇന്ന് ഓഹരികള്‍ തിരികെ വാങ്ങുന്നതിനെപ്പറ്റി തീരുമാനമെടുക്കും. പ്രൊമോട്ടര്‍മാര്‍ ഓഹരി വില്‍ക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ഈ നല്ല വാര്‍ത്ത. എത്ര ഓഹരികള്‍ തിരികെ വാങ്ങും എന്നു ബോര്‍ഡ് തീരുമാനിക്കും. ഈ ദിവസങ്ങളില്‍ ടി സിഎസ് ഓഹരികള്‍ കുതിക്കാന്‍ ഇതു കാരണമായി. ടി സി എസിന്റെ വിപണി മൂല്യം 10 ലക്ഷം കോടി രൂപ കടന്നിട്ടുണ്ട്.. റിലയന്‍സാണ് ആ നാഴികക്കല്ല് ആദ്യം പിന്നിട്ട ഇന്ത്യന്‍ ഓഹരി.
ടി സി എസിന്റെ രണ്ടാം പാദ ഫലങ്ങളും ഇന്നു പ്രഖ്യാപിക്കും.
2018-ല്‍ ടി സിഎസ് ഓഹരികള്‍ തിരിച്ചു വാങ്ങിയതിനു പിന്നാലെ ഇന്‍ഫോസിസും വിപ്രോയും ടെക് മഹീന്ദ്രയും ഓഹരികള്‍ തിരിച്ചു വാങ്ങിയിരുന്നു. പക്ഷേ ഇത്തവണ അതിനു സാധ്യത കുറവാണെന്നാണു വിലയിരുത്തല്‍.

* * * * * * * *

ശോഭയുടെ നല്ല പ്രകടനം

ശോഭ ഡവലപ്പേഴ്‌സിന്റെ രണ്ടാം പാദ ഫലങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ സന്തോഷിപ്പിക്കും. കമ്പനിയുടെ വിറ്റുവരവ് മുന്‍വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 1.1 ശതമാനവും ഒന്നാം പാദത്തെ അപേക്ഷിച്ച് 41.5 ശതമാനവും കൂടി. അതിലേറെ പ്രധാനം ചതുരശ്ര അടിക്കു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വില കിട്ടി എന്നതാണ്. ശോഭ ഓഹരികള്‍ മുന്നേറി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നല്ല കമ്പനികളില്‍ നിന്നു നല്ല ഫലപ്രഖ്യാപനം പ്രതീക്ഷിക്കാം.
രണ്ടാം പാദത്തില്‍ ഓഫീസ് സ്ഥലങ്ങളുടെ വില്‍പ്പന മുന്‍ പാദത്തെ അപേക്ഷിച്ച് 64 ശതമാനം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടും പ്രതീക്ഷ പകരും

* * * * * * * *

റിലയന്‍സില്‍ വീണ്ടും പണം

റിലയന്‍സ് റീറ്റെയ്‌ലില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി 5512 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ റീറ്റെയ്ല്‍ സബ്‌സിഡിയറിയില്‍ 37,710 കോടി രൂപ നിക്ഷേപമായി. സബ്‌സിഡിയറിക്ക് 4.29 ലക്ഷം കോടി രൂപ വിലയിട്ടാണ് നിക്ഷേപങ്ങള്‍.

* * * * * * * *

സ്വർണം, ക്രൂഡ് താഴോട്ട്

യു എസ് ഉത്തേജക പദ്ധതി ഉണ്ടാകില്ലെന്നു വ്യക്തമായതോടെ സ്വർണ്ണവും ക്രൂഡ് ഓയ്ലും കുത്തനെ ഇടിഞ്ഞു.
ഔൺസിന് 1921 ഡോളറിൽ എത്തിയ ശേഷമാണ് ഇന്നലെ ന്യു യോർക്കിൽ സ്വർണ വില 1880 ഡോളറിലേക്കു താണത്.
ക്രൂഡ് വില മൂന്നു ശതമാനം താണു. ബ്രെൻ്റ് ഇനം വീപ്പയ്ക് 43 ഡോളറിനു മുകളിലെത്തിയിട്ട് 42 ഡോളറിനു താഴോട്ടു വീണു. യു എസ് ക്രൂഡ് സ്റ്റോക്ക്‌ വർധിച്ചതും താഴ്ചയ്ക്കു കാരണമായി.

* * * * * * * *

രൂപ താണു

ഡോളർ വീണ്ടും കരുത്തുകാട്ടുകയാണ്. ഇന്നലെ 16 പൈസ കൂടി 73. 45 രൂപയായി ഡോളർ വില.

ഇന്നത്തെവാക്ക് : ഓഹരി തിരിച്ചു വാങ്ങല്‍

കമ്പനികള്‍ ഓഹരി ഉടമകളില്‍ നിന്ന് ഒരു നിശ്ചിത ശതമാനം ഓഹരി തിരിച്ചു വാങ്ങുന്നത്. ഇതു വഴി നിക്ഷേപകര്‍ക്ക് കമ്പനി ലാഭത്തില്‍ ഒരു ചെറിയ പങ്ക് തിരിച്ചു നല്‍കുകയാണ്. കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിക്കുന്നതിനാല്‍ ഓഹരി തിരിച്ചു നല്‍കാത്തവര്‍ക്കും ഇതു നേട്ടമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it