ഓഹരി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യന്‍ ഓഹരി വിപണി വലിയ തിരുത്തലുകളിലൂടെ മുന്നേറുകയാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിനുള്ളില്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സ് 17.22 ശതമാനവും നിഫ്റ്റി 15.49 ശതമാനവും വളര്‍ച്ചയാണ് നേടിയത്. ഓഗസ്റ്റ് 29 ന് സെന്‍സെക്‌സ് 38990 ലെത്തിയിരുന്നു. നിഫ്റ്റി 11760 പോയ്ന്റിനു മുകളിലും. സെന്‍സെക്‌സും നിഫ്റ്റിയും ഇത്രയധികം ഉയര്‍ന്നതുകൊണ്ട് ഇനിയൊരു വളര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുന്നോട്ടുള്ള കാലയളവിലും സെന്‍സെക്‌സ് ഉയരും. പക്ഷേ, ഇതൊരു അവസരമായി എടുക്കുന്നവര്‍ക്ക് മാത്രമാണ് നേട്ടംകൊയ്യാന്‍ സാധിക്കുക എന്നതാണ് ഇവരുടെയെല്ലാം അഭിപ്രായം. യുഎസിന്റെ ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ്, യൂറോസോണിലെ പണപ്പെരുപ്പം, ഇന്ത്യയുടെ ആദ്യ ക്വാര്‍ട്ടര്‍ വളര്‍ച്ച തുടങ്ങിയവയാണ് വരും ആഴ്ചകളില്‍ വിപണിക്ക് കരുത്തു പകരുക.

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യമിടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറ്റം തുടരുന്നതും ക്രൂഡ് ഓയ്ല്‍ വിലയിലെ വര്‍ധനയുമൊക്കെ വിപണിയെ ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്രൂഡ് ഓയ്‌ലും രൂപയും

ക്രൂഡ് ഓയ്ല്‍ വില, രൂപയുടെ മൂല്യം എന്നിവയിലെ സ്ഥിരതയാണ് വിപണിയെ മുന്നോട്ട് നയിക്കുക. രൂപയുടെ മൂല്യ ശോഷണം വിപണിയിലേക്കുള്ള വിദേശ നിേക്ഷപങ്ങളുടെ പണമൊഴുക്കിനെ കുറയ്ക്കുന്നുണ്ട്. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതില്‍ ഒന്നാണ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ 13 ശതമാനം മൂല്യശോഷണമാണ് രൂപയ്ക്ക് സംഭവിച്ചത്.

ചൈനയുമായുള്ള യുഎസിന്റെ വ്യാപാരയുദ്ധവും ഇറാനെതിരെയുള്ള ഉപരോധം നവംബറോടെ ശക്തമാക്കുന്നതും ക്രൂഡ് ഓയ്‌ലിന്റെ വില വര്‍ധനയ്ക്കു വഴി തെളിക്കും. ഇത് ഡോളറിന്റെ ആവശ്യം വര്‍ധിപ്പിക്കുകയും രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടാക്കുകയും ചെയ്യും. എന്നാല്‍ രൂപയുടെ സ്ഥിരത ഇന്ത്യന്‍ വിപണിയിലേക്കുള്ള പണമൊഴുക്കില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

രൂപയുടെ വില ഇടിഞ്ഞു നില്‍ക്കുന്നത് കയറ്റുമതിക്കാരെ മാത്രമാണ് സഹായിക്കുക. ബ്രെന്റ് ക്രൂഡിന്റെ ഇന്റര്‍നാഷണല്‍ വില 75 ഡോളറില്‍ തന്നെ നില്‍ക്കുകയാണെങ്കിലും രൂപയില്‍ രണ്ടോ മൂന്നോ ശതമാനം ഇടിവുണ്ടായാല്‍ വീണ്ടും ഇവിടെ പെട്രോളിന്റെയും ഡീസലിന്റേയും വില കൂടുകയേ ഉള്ളൂ. കാരണം ഓയ്ല്‍ വാങ്ങാന്‍ നമ്മള്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും.

വിദേശ നിക്ഷേപകരുടെ സ്വാധീനം

മുന്‍കാലങ്ങളില്‍ ഓഹരി വിപണിയിലെ മുഖ്യ പങ്കാളികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളായിരുന്നു. അവരുടെ പിന്മാറ്റം വിപണിയെ വല്ലാതെ ഉലയ്ക്കാറുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങളും മ്യൂച്വല്‍ഫണ്ടുകളും വിപണിക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ വിപണിയിലെ മുന്നേറ്റത്തിന് ഇത് ശക്തമായൊരു കാരണമാണ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിക്കല്‍ തുടരുകയാണെങ്കിലും അത് വിപണിയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. ഓഗസ്റ്റിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ഉടനെ ഈ ട്രെന്‍ഡിന് മാറ്റം വരാനിടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റില്‍ 1300 കോടി രൂപയ്ക്കു മുകളില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്.

എസ്‌ഐപിയില്‍ തുടരണോ?

ഓരോ താഴ്ചയിലും വാങ്ങുക എന്നതാണ് ഇനി നിക്ഷേപകര്‍ ചെയ്യേണ്ട ഒരു കാര്യം. വിപണി ഇടിഞ്ഞ് തുടങ്ങുമ്പോള്‍ പലരും ചിന്തിക്കുന്നത്. എത്ര വരെ പോകുമെന്ന് നോക്കാം എന്നിട്ടു നിക്ഷേപിക്കാം എന്നായിരിക്കും. വിപണി എത്ര വരെ താഴുമെന്ന് നമുക്ക് അറിയാനാവില്ല. ഇവിടെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ആവശ്യം. താഴ്ചയിലേക്കെത്തുന്നതിനനുസരിച്ച് വാങ്ങുക, ഒപ്പം ഓഹരികളുടെ എണ്ണവും കൂട്ടുക. അല്ലാതെ ഒന്നിച്ചു താഴെ നിന്നു വാങ്ങാമെന്നു വച്ചാല്‍ വിപണി വീണ്ടും തിരിച്ചു പോയേക്കാം.

ദീര്‍ഘകാല നിക്ഷേപം എന്നതാണ് എസ്‌ഐപിയുടെ മുഖമുദ്ര. മാര്‍ക്കറ്റിന്റെ ഗതിവിഗതികളും സാമ്പത്തിക മാറ്റങ്ങളുമൊന്നും എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതില്ല. നേരത്തെ എസ്‌ഐപിയില്‍ നിക്ഷേപം തുടങ്ങിയിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ പുനരവലോകനം ചെയ്യാവുന്നതാണ്. അവര്‍ നല്ലൊരു വെല്‍ത്ത് ക്രിയേറ്റ് ചെയ്തിട്ടുണ്ടാകും. ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ട് എസ്‌ഐപിയിലേക്ക് നോക്കേണ്ടതില്ല. കുറഞ്ഞത് ഏഴ് എട്ടു വര്‍ഷമെങ്കിലും നിക്ഷേപിക്കാന്‍ തയാറാകുന്നവര്‍ക്ക് ഏകദേശം മികച്ച റിട്ടേണ്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിപണിയുടെ ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്നത്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഓഹരി വിപണിയില്‍ ഇടക്കിടെ തിരുത്തലുകളുണ്ടാകുന്ന സാഹചര്യത്തില്‍ വളരെ കരുതലോടെ മുന്നോട്ട് പോകണമെന്ന് നിക്ഷേപകരെ ഓര്‍മിപ്പിക്കുകയാണ് വിദഗ്ധര്‍.

 • ഇതൊരു ഷോര്‍ട്ട് ടേം മാര്‍ക്കറ്റല്ല. വാങ്ങുക- ചെറിയ കാലത്തേക്ക് ഹോള്‍ഡ് ചെയ്യുക- വില്‍ക്കുക എന്ന തീരി അവലംബിക്കുന്നവര്‍ക്ക് കൈപൊള്ളാനാണ് സാധ്യത.
 • താഴേക്ക് പോയാല്‍ വാങ്ങുക എന്ന സമീപനമാണ് ഈ അവസരത്തില്‍ പിന്തുടരേണ്ടത്. പുതിയ നിക്ഷേപകര്‍ക്ക് ഓരോ താഴ്ചയിലും 20-30 ശതമാനമൊക്കെ നാലഞ്ച് തവണയായി വാങ്ങാവുന്നതാണ്.
 • സാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കുക. പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, സര്‍വീസ് സെക്ടര്‍, കയറ്റുമതി സ്ഥാപനങ്ങള്‍, മാനുഫാക്ചറിംഗ് എന്നിവ മികച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫാര്‍മയും നല്ലൊരു സെഗ്മെന്റാണ്.
 • നിക്ഷേപകന് അറിയാവുന്ന, മികച്ച വളര്‍ച്ച കാഴ്ചവയ്ക്കാവുന്ന, ശക്ത

  മായ മാനേജ്‌മെന്റ് നേതൃത്വം നല്‍

  കുന്ന, സാമ്പത്തികാടിത്തറയുള്ള, കടം കുറവുള്ള കമ്പനികളെ നിക്ഷേപത്തിന് പരിഗണിക്കുക.

 • തുടക്കക്കാരും ചെറുകിട നിക്ഷേപകരും മിഡ്ക്യാപ് ഓഹരികളുടെ പിന്നാലെ പോകുന്നത് ഒഴിവാക്കുക. വളര്‍ച്ചാസാധ്യതയുള്ള മിഡ്ക്യാപ്പുകള്‍ കണ്ടെത്തി നിക്ഷേപിക്കാനാകുന്നവര്‍ മാത്രം ആ വഴി പോവുക. അല്ലാത്തവര്‍ ഡിസ്‌കൗണ്ട് പ്രൈസില്‍ ലഭ്യമായ ലാര്‍ജ്ക്യാപ്പുകള്‍ തന്നെ തെരഞ്ഞെടുക്കുക.
 • പോര്‍ട്ട്‌ഫോളിയോയില്‍ സാഹചര്യത്തിന് അനുസരിച്ച് മാറ്റം വരുത്താവുന്നതാണ്. ദീര്‍ഘകാലം നേട്ടം നല്‍കുന്ന ഓഹരികള്‍ കൈവശം വയ്ക്കുകയും കാര്യമായ നേട്ടം നല്‍കാത്തവ വിറ്റഴിക്കുകയും ചെയ്യാം. ലോകം മുഴുവന്‍ മത്സരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്തുകയാണ് ഉചിതം.
 • വില കുറഞ്ഞ ഓഹരികള്‍ വാങ്ങാന്‍ അമിതാവേശം കാണിക്കേണ്ട. ചില ഓഹരികള്‍ ഇപ്പോള്‍ ഓവര്‍ പ്രൈസ്ഡ് ആയി തോന്നിയേക്കാമെങ്കിലും വാല്യുവേഷനില്‍ ശ്രദ്ധിക്കുക. കൃത്യമായ വാല്വേഷന്‍ നേടാനായി എന്‍ഐഎസ്എം അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ള വ്യക്തികളെ തന്നെ സമീപിക്കുക.
 • ചെറുകിട നിക്ഷേപകര്‍ ഡേ ട്രേഡിംഗിലേക്ക് ഇറങ്ങുന്നത് ബുദ്ധിയല്ല. പെട്ടെന്ന് പണമുണ്ടാക്കണം എന്ന മനോഭാവം മാറ്റിവെക്കുക. ലക്ഷ്യവും ക്ഷമയുമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മാത്രമേ ഓഹരിയില്‍ നിന്നു പണമുണ്ടാക്കാനാവൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it