ഈ വസ്ത്രവ്യാപാര കമ്പനിയും ലിസ്റ്റിംഗിന്, രേഖകള്‍ ഉടന്‍ ഫയല്‍ ചെയ്‌തേക്കും

ഹൈദരാബാദ് ആസ്ഥാനമായുള്ള വസ്ത്രവ്യാപാര സ്ഥാപനമായ സായ് സില്‍ക്സ് (കലാമന്ദിര്‍) (Sai Silks (Kalamandir)) ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യില്‍ ഉടന്‍ കരട് രേഖകള്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയിലൂടെ 1,000-1,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയ്ക്കായി മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍, എഡല്‍വീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയെ ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെയുള്ള വരുമാനം കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിനായിരിക്കും വിനിയോഗിക്കുക. കെയര്‍ റേറ്റിംഗിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 സെപ്റ്റംബര്‍ 30 വരെ ദക്ഷിണേന്ത്യയിലുടനീളം 45 റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാണ് സായി സില്‍ക്സിനുള്ളത്. സായി സില്‍ക്സിന്റെ (Sai Silks (Kalamandir)) മുന്‍നിര ബ്രാന്‍ഡായ കലാമന്ദിറിന് തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ സ്റ്റോറുകളുണ്ട്.സായി സില്‍ക്സിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സ്ത്രീകളുടെ വസ്ത്രങ്ങളില്‍ നിന്നാണ്, വില്‍പ്പനയുടെ 80 ശതമാനത്തോളമാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, വിവിധ ഫാഷന്‍ റീട്ടെയിലര്‍മാര്‍ പ്രാഥമിക ഓഹരി വില്‍പ്പനയീലൂടെ തുക സമാഹരിച്ചിരുന്നു. ഫെബ്രുവരിയില്‍, സെലിബ്രേഷന്‍ വെയര്‍ കമ്പനിയായ വേദാന്ത് ഫാഷന്‍സ് 3,149 കോടി രൂപ സമാഹരിച്ചു, ഗോ ഫാഷന്‍ കഴിഞ്ഞ നവംബറില്‍ 1,014 കോടി രൂപ സമാഹരിച്ചു. 4,000 കോടി രൂപയുടെ ഐപിഒയുമായി (IPO) മുന്നോട്ട് പോകാന്‍ ഫാബ് ഇന്ത്യ (Fab India) സെബിയുടെ അനുമതി നേടിയിട്ടുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it