100 വര്‍ഷം പാരമ്പര്യമുള്ള ഈ ബാങ്കും ഓഹരി വിപണിയിലേക്ക്, സെബിയുടെ അനുമതിയായി

രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കും ഓഹരി വിപണിയിലേക്ക്. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) അനുമതി ലഭിച്ചു. ഐപിഒയിലൂടെ ആയിരം കോടി രൂപയോളം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

1.582 കോടി പുതിയ ഓഹരികളുടെ വില്‍പ്പനയും 12,505 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും ഐപിഒ. പ്രേം പളനിവേല്‍, പ്രിയ രാജന്‍, പ്രഭാകര്‍ മഹാദേവ് ബോബ്ഡെ, നരസിംഹന്‍ കൃഷ്ണമൂര്‍ത്തി, എം മല്ലിഗാ റാണി, സുബ്രഹ്‌മണ്യന്‍ വെങ്കിടേശ്വരന്‍ അയ്യര്‍ എന്നിവരുടെ ഓഹരികളായിരിക്കും ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുക. 2021 സെപ്റ്റംബറിലാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഐപിഒയ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്തത്.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക അതിന്റെ ഭാവി മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വിനിയോഗിക്കും. ആക്‌സിസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. 509 ബ്രാഞ്ചുകളാണ് മെര്‍ക്കന്റൈല്‍ ബാങ്കിന് കീഴിലുള്ളത്. രാജ്യത്ത് 12 റീജ്യണല്‍ ഓഫീസുകളുള്ള ബാങ്കിന് ആകെ 4.93 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ 4,656 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ മൊത്തവരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 9.48 ശതമാനം വര്‍ധനവാണിത്. 2021 സാമ്പത്തിക വര്‍ഷത്തിലെ 603 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 822 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. 36.23 ശതമാനം വര്‍ധന.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it