ഒരു വര്‍ഷത്തിനിടെ 261 ശതമാനത്തിന്റെ കുതിപ്പ്, വിപണിയിലും താരമായി രാജ്യത്തെ ആദ്യ ആദ്യ വാര്‍ത്താ ചാനല്‍

ഓഹരിവില കുതിച്ചുയര്‍ന്നതോടെ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനില തൊട്ട് രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവി ഓഹരി. വെള്ളിയാഴ്ച വ്യാപാരത്തിനിടെ ഒമ്പത് ശതമാനം ഉയര്‍ന്ന ഈ ഓഹരി ഒരുഘട്ടത്തില്‍ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 312.65 രൂപയിലെത്തി.

തുടര്‍ന്ന്, നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ 1.11 ശതമാനം ഇടിവില്‍ 293.30 രൂപ എന്ന നിലയിലാണ് രാജ്യത്തെ ആദ്യ 24X7 വാര്‍ത്ത ചാനലിന്റെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് & സോഫ്‌റ്റ്വെയര്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ സ്റ്റോക്ക് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13 ശതമാനത്തിന്റെ നേട്ടമാണ് സമ്മാനിച്ചത്.

ഒരു വര്‍ഷത്തിനിടെ 261 ശതമാനത്തിന്റെ കുതിപ്പ്

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ഡി ടിവി 261 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ബെഞ്ച്മാര്‍ക്ക് സൂചിക ഏഴ് ശതമാനം മുന്നേറിയപ്പോള്‍ എന്‍ഡിടിവിയുടെ ഓഹരിവില 81 രൂപയില്‍നിന്ന് 293.30 രൂപയായി ഉയര്‍ന്നു.

ആറ് മാസത്തിനിടെ 142 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 78 ശതമാനത്തിന്റെ നേട്ടവും എന്‍ഡിടിവി ഓഹരി കണ്ടു. നേരത്തെ, ഓഹരി വിപണിയില്‍ മുന്നേറിയിരുന്ന ഈ ഓഹരി 2008 ജനുവരി 4 ന് 512 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it