ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങിക്കോളൂ! പക്ഷെ ചില കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

ലോക്ഡൗണ്‍ വന്നതോടെ ഓണ്‍ലൈനിലൂടെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വാങ്ങുന്നവര്‍ കൂടിയിരിക്കുകയാണ്. നേരത്തെ തന്നെ മലയാളികളുടെ ഇടയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഒഴിച്ചു കൂടാത്തതാണെങ്കിലും ഈ കാറ്റഗറിയിലേക്ക് നിരവധി പേരാണ് പുതുതായി എത്തിയത്. സാധാരണ എല്ലാ അവശ്യ സാധനങ്ങളും വാങ്ങുന്നത് പോലെയല്ല, സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈന്‍ തെരഞ്ഞെടുക്കാന്‍ പലര്‍ക്കും പേടിയാണ്. ഓണ്‍ലൈന്‍ വഴി വാങ്ങിക്കാത്തതിന്റെ പ്രധാന കാരണം തട്ടിപ്പിനിരയായാലോ എന്ന ഭയമാണ്. എന്നാല്‍ രാജ്യമെങ്ങും ലോക്ഡൗണ്‍ ആയതോടെ സ്വര്‍ണവും ഓണ്‍ലൈന്‍ വില്‍പ്പനയിലെ താരമായി. സ്വര്‍ണ്ണത്തിന്റെ ക്വാളിറ്റിയിലും തൂക്കത്തിലും എന്തെങ്കിലും പ്രശ്നം വരുമോ എന്ന ഭയമാണ് പലരും ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാന്നത്. എന്നാല്‍ പിസ ഓര്‍ഡര്‍ ചെയ്യുന്നതിനേക്കാള്‍ സിമ്പിളാണ് ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുന്നത് എന്നതാണ് സത്യം.

ആദ്യം വിശ്വസ്തരായ ജൂവല്‍റിയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ഇഷ്ടപ്പെട്ട ഒരു ഡിസൈന്‍ ആഭരണം തിരഞ്ഞെടുത്തു സ്വന്തം കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായോ അതോ ഓണ്‍ലൈന്‍ മുഖേനയോ പണം അടയ്ക്കാം. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സ്വര്‍ണ്ണാഭരണത്തിന്റെ ഗുണത്തിനോ തൂക്കത്തിനോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടാവില്ല. കാരണം ഏറ്റവും മികച്ച ജൂവല്‍റികളാണ് സാധാരണയായി ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള അവസരം ഒരുക്കുന്നത്. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം;

പരിശുദ്ധി നോക്കണം

പ്രധാന ശ്രദ്ധ നല്‍കേണ്ട വിഭാഗം ആഭരണങ്ങളുടെ പ്യൂരിറ്റിയാണ്. 24, 22, 18, 14 എന്നീ കാരറ്റുകളിലാണ് സ്വര്‍ണ്ണം ലഭ്യമാവുക. കാരറ്റ് കുറയും തോറും ചെമ്പിന്റെയും നിക്കലിന്റെയും വെള്ളിയുടെയും അംശം സ്വര്‍ണ്ണത്തില്‍ കൂടുതലായിരിക്കും. ഇനി അഥവാ കല്ലു വച്ചതോ, ഡയമണ്ട് ആഭരണളോ ആണ് വാങ്ങുന്നതെങ്കില്‍ അവ 24 കാരറ്റില്‍ കുറഞ്ഞ ആഭരണങ്ങള്‍ ആയിരിക്കും. കാരണം എളുപ്പത്തില്‍ പൊട്ടി പോകാതിരിക്കാനായി മറ്റു ലോഹങ്ങള്‍ ചേര്‍ക്കുന്നത് സ്വാഭാവികമാണ്.

ബിഐഎസ് മറക്കല്ലേ

ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിലെ പ്രധാന കാര്യം ആഭരണത്തിന് ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്രയാണ്. സ്വര്‍ണ്ണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നത് ഇതാണ്. അതുകൊണ്ട് ഇത്തരം ആഭരണങ്ങള്‍ യാതൊരു ഭയവും കൂടാതെ വാങ്ങിക്കാം. പ്യൂരിറ്റി ഉറപ്പുവരുത്തിയ ആഭരണങ്ങള്‍ക്ക് വിലയിലും വ്യത്യാസം ഉണ്ടാകും. ഓണ്‍ലൈനിലൂടെ വിശദമായ ബില്ലു ആവശ്യപ്പെടാനുള്ള സൗകര്യവും ഉണ്ട്. ബില്ല് നോക്കിയാല്‍ കല്ലിന്റെ വിലയെല്ലാം കൃത്യമായി അതില്‍ നല്‍കിയിട്ടുണ്ടാകും.

ബൈബാക്ക് നോക്കുക

ലഭിച്ച ആഭരണം ഇഷ്ടമായില്ലെങ്കില്‍ മാറ്റിയെടുക്കാനും തിരിച്ചു നല്‍കാനുമുള്ള സൗകര്യവും ലഭ്യമാണോ എന്നു പരിശോധിക്കണം. ഒട്ടുമിക്ക സൈറ്റുകളും വളരെ പെട്ടെന്നുതന്നെ നിങ്ങളുടെ പണം റീഫണ്ട് ചെയ്തു നല്‍കും. ഏറ്റവും മികച്ച ഓണ്‍ലൈന്‍ സ്വര്‍ണ്ണ സൈറ്റുകളെല്ലാം കൃത്യമായ ബില്ല് നല്‍കുന്നവരാണ്. അതുകൊണ്ട് ആഭരണം വാങ്ങാന്‍ തയാറാവുമ്പോള്‍ വിശ്വാസ്യത മാനദണ്ഡമാക്കി പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

ഹോള്‍മാര്‍ക്ക് നോക്കാം

അഞ്ച് സീലുകള്‍ ചേര്‍ന്നതാണ് ആകട ഹോള്‍മാര്‍ക്ക് അടയാളം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ ചുരുക്കെഴുത്തായ ആകട എന്ന ലോഗോ ആണ് ആദ്യത്തേത്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കാണിക്കുന്ന അടയാളം രണ്ടാമതായി കാണാം. അതായത് 22 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 916 എന്നും നവരത്‌ന ആഭരണങ്ങള്‍ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 875 എന്നും 18 കാരറ്റ് ആണെങ്കില്‍ 750 എന്നുമാകും ഉണ്ടാകുക. മൂന്നാമതായി ഗവണ്‍മെന്റ് അംഗീകരിച്ച അതതു ജില്ലയിലെ ഹോള്‍മാര്‍ക്കിങ് സെന്റിന്റെ ചിഹ്നമുണ്ടാകും. നാലാമതായി ആഭരണമെടുത്ത ജ്വല്ലറിയുടെ ലോഗോ അല്ലെങ്കില്‍ ചുരുക്കെഴുത്ത് കാണാം. ഹോള്‍മാര്‍ക്ക് ചെയ്ത വര്‍ഷത്തെ കാണിക്കുന്ന ഇംഗ്ലീഷ് ആല്‍ഫബെറ്റ് അഞ്ചാമതു വരും.

അഡ്വാന്‍സ് സ്‌കീമുകള്‍

ചെറിയ ചില സെലക്ഷനുകള്‍ അല്ലാതെ കൂടുതല്‍ സ്വര്‍ണം വാങ്ങേണ്ടി വരുമ്പോള്‍ അഡ്വാന്‍സ് സ്‌കീമുകള്‍ നോക്കുന്നതാണ് നല്ലത്. സ്വര്‍ണത്തിന് വില കുറയുമ്പോഴോ ഓഫ് സീസണിലോ സ്‌കീമുകളില്‍ ചേര്‍ന്നാല്‍ വില കൂടിയാലും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാം.

കേരളത്തില്‍ മുന്‍നിര ജൂവര്‍റികള്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സൈറ്റുകളും ഓണ്‍ലൈന്‍ പര്‍ചേസിങ്ങിനുമുളള സൗകര്യവുമുളളൂ. ഓണ്‍ലൈന്‍ പര്‍ചേസിന്റെ നെഗറ്റീവ് വശങ്ങള്‍ ഇക്കാര്യത്തിലും ബാധകമാണ്. തൊട്ടു നോക്കുവാനോ ആഭരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനോ പറ്റില്ല എന്നതാണ് ആദ്യ പോരായ്മ. മാത്രമല്ല, അതില്‍ പറഞ്ഞിരിക്കുന്ന വിലയില്‍ മാറ്റവും ഉണ്ടാകില്ല. ഓണ്‍ലൈന്‍ പര്‍ചേസിങ്ങിലൂടെ വാങ്ങിയ ആഭരണം ഇഷ്ടമായില്ലെങ്കില്‍ മാറ്റിയെടുക്കാന്‍ എല്ലാ ജൂവല്‍റിക്കാരും അനുവദിക്കണമെന്നുമില്ല. അതിനാല്‍ ആദ്യം ജൂവല്‍റിക്കാരുമായി ഫോണില്‍ സംസാരിച്ച് മാത്രം ഓണ്‍ലൈനിലൂടെ വാങ്ങുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it