സ്വര്‍ണവില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സ്വര്‍ണവില കേരളത്തില്‍ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സംസ്ഥാനത്ത് ഇന്ന് മാത്രം ഇടിഞ്ഞത് 320 രൂപയാണ്. ഇന്നലെ 80 രൂപയാണ് (Today's Gold Rate) ഉയര്‍ന്നിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,800 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
രണ്ട് മാസം മുന്‍പ് മെയ് 18 ന് സ്വര്‍ണവില കുറഞ്ഞ് 36880 രൂപ വരെ എത്തിയിരുന്നു, അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്.
ആഗോള വിപണിയില്‍ സ്വര്‍ണം വീണ്ടും ദുര്‍ബലമായി.1700 ഡോളറിനു താഴെ ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തു. 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 1695ലാണ് ഇന്നലെ ക്ലോസിംഗ്. 1715.2 വരെ ഉയര്‍ന്ന ശേഷം 1692.2 ഡോളര്‍ വരെ സ്വര്‍ണം താണതാണ്.
ഇന്നു രാവിലെ വീണ്ടും തകര്‍ച്ചയിലായി.1694-1696 ഡോളറില്‍ തുടങ്ങിയ വ്യാപാരം 1689.8 ഡോളറിലേക്ക് ഇടിഞ്ഞു. പിന്നീട് 1692-1694 നിലവാരത്തിലായി വ്യാപാരം. യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ (ഇസിബി) പലിശ തീരുമാനം അറിഞ്ഞ ശേഷമാകും സ്വര്‍ണം ഗതി തീരുമാനിക്കുക.
ഇസിബി കുറഞ്ഞ പലിശ പൂജ്യത്തില്‍ നിന്നു 0.25 ശതമാനത്തിലേക്കു കൂട്ടുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ പൊതു നിഗമനം.എന്നാല്‍ ഇസിബി മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് നിരക്കു കൂടിയ തോതില്‍ വര്‍ധിപ്പിച്ചേക്കും എന്നു സൂചിപ്പിച്ചു. ഇപ്പോഴത്തെ പൊതു നിഗമനം അര ശതമാനം വര്‍ധനയാണ്. അത്രയും വര്‍ധിപ്പിച്ചാല്‍ സ്വര്‍ണം ഇനിയും താഴും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it