ഈ ആവേശം ശരിയായ വളര്‍ച്ചയ്ക്ക് തുടക്കമിടുമോ?

സെപ്റ്റംബറില്‍ രാജ്യത്ത് സാമ്പത്തിക ഉണര്‍വിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് എല്ലാവരും കരുതുന്നത്. അത് ഓഹരി വിപണിയിലെ ഇന്നലത്തെ ഉയര്‍ച്ചയില്‍ കണ്ടു.

സെപ്റ്റംബറിലെ ജി എസ് ടി പിരിവ് ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ നാലും തൊട്ടു മുന്‍ മാസത്തേക്കാള്‍ പത്തും ശതമാനം അധികമുണ്ട് കഴിഞ്ഞ മാസത്തെ പിരിവ് (95480 കോടി രൂപ). ഓഗസ്റ്റിലെ വില്‍പ്പനയുടേതാണു സെപ്റ്റംബറില്‍ കിട്ടുന്ന നികുതി. സെപ്റ്റംബറില്‍ വീണ്ടും വില്‍പ്പന കൂടിയിട്ടുണ്ട്.

സെപ്റ്റംബറിലെ യാത്രാ വാഹന വില്‍പ്പന മികച്ച വളര്‍ച്ച കുറിച്ചു. കയറ്റുമതിയിലാണു വലിയ കുറവുണ്ടായത്. നല്ല മണ്‍സൂണിന്റെ ഫലമായി ട്രാക്ടര്‍ വില്‍പ്പനയും കുതിച്ചു. എന്നാല്‍ വാണിജ്യ വാഹനവില്‍പ്പന ഇപ്പോഴും താഴെയാണെന്നത് സാമ്പത്തിക ഉണര്‍വ് എല്ലാ മേഖലകളിലും ഇല്ലെന്നു കാണിക്കുന്നു.

ഫാക്ടറി ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് പ്രി എം ഐ) 2012 - നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായി ( 56. 8). ജി ഡി പി യുടെ 15 ശതമാനം ഫാക്ടറി ഉല്‍പ്പാദനത്തില്‍ നിന്നാണ്.

റെയില്‍വേ ചരക്കുകടത്ത് സെപ്റ്റംബറില്‍ 15.35 ശതമാനം ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇ-വേ ബില്ലുകള്‍ ആറു മാസത്തിനിടയിലെ റിക്കാര്‍ഡായി. വൈദ്യുതി ഉപയോഗം 4.8 ശതമാനം കൂടി. പെട്രോള്‍, ഡീസല്‍ വില്‍പ്പന ലോക്ക് ഡൗണിനു മുമ്പത്തെ നിലയിലായി.

ഇതൊക്കെ കാണുമ്പോള്‍ പഴയ യു എസ് ഫെഡ് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍ സ്പാന്‍ പറഞ്ഞ യുക്തിരഹിതമായ അത്യുത്സാഹം (Irrational exuberance) ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇത്തരം ആവേശങ്ങള്‍ വിപണിയില്‍ നിന്നു യഥാര്‍ഥ സമ്പദ്ഘടനയിലേക്കു സംക്രമിക്കുന്നതും അസാധാരണമല്ല.

* * * * * * * *

കടം കൂട്ടാത്തത് വിപണിക്ക് തുണയായി

ഒക്ടോബറിന്റെ തുടക്കം ആവേശകരമായി. സൂചികകള്‍ ശരാശരി ഒന്നര ശതമാനം ഉയര്‍ന്നു. നാലു ദിവസം മാത്രമുണ്ടായിരുന്ന ഈ ആഴ്ചയില്‍ സെന്‍സെക്‌സ് 1308.39 പോയിന്റും നിഫ്റ്റി 366.7 പോയിന്റും കയറി. ബാങ്കുകളും എന്‍ ബി എഫ് സി കളുമാണു വലിയ നേട്ടമുണ്ടാക്കിയത്.

സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കുന്നില്ല എന്ന പ്രഖ്യാപനമാണു വിപണിയെ സഹായിച്ചത്. കടം കൂടുതല്‍ എടുക്കുന്നില്ലെങ്കില്‍ പലിശ താഴും. അതു നിലവിലുള്ള കടപ്പത്രങ്ങള്‍ക്കു വില കൂട്ടും. കടപ്പത്രങ്ങള്‍ കൈവശമുള്ള ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അതു നേട്ടമാണ്. പലിശ താഴുന്നത് എന്‍ബിഎഫ് സി കള്‍ക്കും നേട്ടം.

* * * * * * * *

ലിസ്റ്റിംഗില്‍ നേട്ടം

കഴിഞ്ഞയാഴ്ച ഐ പി ഒ നടത്തിയ രണ്ടു കമ്പനികള്‍ ഇന്നലെ ലിസ്റ്റ് ചെയ്തു. കെംകോണ്‍ സ്‌പെഷാലിറ്റി കെമിക്കല്‍സ് ഓഹരി ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയേക്കാള്‍ ഗണ്യമായി ഉയര്‍ന്ന് 731 രൂപയ്ക്കാണ്. വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം താഴോട്ടു പോയി വില. കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് 1518 രൂപയില്‍ ലിസ്റ്റ് ചെയ്തിട്ട് എട്ടു ശതമാനം താണു. എങ്കിലും രണ്ടു കമ്പനികളും നിക്ഷേപകര്‍ക്കു നേട്ടമായി.

* * * * * * * *

യു ടി ഐ കടന്നു കൂടി, മസഗോണിനു പ്രിയമേറെ.

ഈയാഴ്ചത്തെ മൂന്ന് ഐപിഒ കളും ഇന്നലെ ക്ലോസ് ചെയ്തു. മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സിനായിരുന്നു ഏറ്റവും പ്രിയം. 92 മടങ്ങ് അപേക്ഷകള്‍ ഉണ്ടായി. യു ടി ഐ എ എം സി ക്ക് ക്ലോസിംഗിനു തൊട്ടുമുമ്പാണ് വേണ്ടത്ര അപേക്ഷകളായത്. ഈയാഴ്ചയിലെ ഏറ്റവും വലിയ ഇഷ്യു ഇതായിരുന്നു. ലിഖിതാ ഇന്‍ഫ്രയും മികച്ച പ്രതികരണം നേടി.
സമീപകാല ഐപിഒകള്‍ പലതും നിക്ഷേപകര്‍ക്കു നഷ്ടം വരുത്തിയതു റീറ്റൈയ്ല്‍ നിക്ഷേപകരെ മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

* * * * * * * *

ഫാക്ടറികളില്‍ ഉണര്‍വ്

സെപ്റ്റംബറിലെ ഫാക്ടറി പ്രവര്‍ത്തനം വലിയ കുതിപ്പ് കാണിക്കുമെന്ന സൂചന. നിക്കൈ മനുഫാക്ചറിംഗ് പി എം ഐ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 56.8 ആയി. ഓഗസ്റ്റില്‍ 52 ആയിരുന്നു സൂചിക. ഉത്സവ സീസണ്‍ കണക്കാക്കി ഫാക്ടറികള്‍ക്കു വലിയ ഓര്‍ഡറുകള്‍ ലഭിച്ചെന്നു കരുതണം. ഇതു ശരിയാണെങ്കില്‍ സെപ്റ്റംബറിലെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐഐപി) വലിയ ഉയര്‍ച്ച കാണിക്കണം.

* * * * * * * *

വാഹന വില്‍പ്പനയില്‍ ഉണര്‍വ്

സെപ്റ്റംബറിലെ വാഹന വില്‍പ്പന കണക്കുകള്‍ പ്രതീക്ഷ പോലെ മികച്ചതായി. ഫാക്ടറികളില്‍ നിന്നു വില്‍പ്പനശാലകളിലേക്കുള്ള നീക്കം വര്‍ധിച്ചു. ഇതേപടി റീറ്റെയ്ല്‍ വില്‍പ്പന കൂടിയിട്ടില്ല എന്നതു മറക്കരുത്. ഉത്സവ കാലം കണക്കാക്കി കൂടുതല്‍ സ്റ്റോക്ക് എത്തിച്ചു എന്നേയുള്ളു. വാഹന രജിസ്‌ട്രേഷന്‍ കണക്കുകള്‍ വരുമ്പോള്‍ ഇതു വ്യക്തമാകും.

മാരുതി സുസുക്കി 30.8 ശതമാനം വളര്‍ച്ച കാണിച്ചു. 1,60,412 വാഹനങ്ങള്‍ വിറ്റു. ചെറുകാറുകളുടെ വില്‍പ്പന 35.7 ശതമാനം കൂടിയപ്പോള്‍ കോംപാക്റ്റ് കാറുകളുടേത് 47.3 ശതമാനം വര്‍ധിച്ചു.

ഹ്യുണ്ടായി ഇന്ത്യയുടെ സെപ്റ്റംബറിലെ ആഭ്യന്തര വില്‍പന 24ശതമാനം വര്‍ധിച്ചു. എന്നാല്‍ കയറ്റുമതി 44 ശതമാനം കുറഞ്ഞത് മൊത്തം വില്‍പ്പന വളര്‍ച്ച 3.8 ശതമാനമായി കുറച്ചു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹന വില്‍പ്പന നാലു ശതമാനം കൂടിയപ്പോള്‍ വാണിജ്യ വാഹന വില്‍പ്പന മാറ്റമില്ലാതെ തുടര്‍ന്നു. കയറ്റുമതിയില്‍ 41 ശതമാനമാണ് ഇടിവ്.

ടൊയോട്ട കിര്‍ലോസ്‌കര്‍ വില്‍പ്പന 20 ശതമാനം കുറഞ്ഞു. എന്നാല്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് 46 ശതമാനം വര്‍ധിച്ചു.

ബജാജ് ഓട്ടോയുടെ ആഭ്യന്തര വില്‍പ്പന 24 ശതമാനവും കയറ്റുമതി 16 ശതമാനവും കൂടി.

* * * * * * * *

രൂപയ്ക്കു നേട്ടം

ഡോളര്‍ - രൂപ വിനിമയ നിരക്ക് ഈയാഴ്ച രൂപയ്ക്കു അനുകൂലമായി. വ്യാഴാഴ്ച ഡോളര്‍ നിരക്ക് 63 പൈസ താഴ്ന്ന് 73.13 രൂപയായി. വിദേശ നിക്ഷേപകര്‍ ഇന്ത്യയുടെ കടപ്പത്രവിപണിയിലേക്കു തിരിച്ചുവന്നത് രൂപയ്ക്കു കരുത്തു കൂട്ടുന്ന ഘടകമാണ്. 11 വര്‍ഷത്തിനുശേഷമാണ്് കടപ്പത്രവിപണിയില്‍ വിദേശികള്‍ വില്‍പ്പനയേക്കാള്‍ കൂടുതല്‍ വാങ്ങല്‍ നടത്തിയത്. ഓഹരികളിലും ഈ ദിവസങ്ങളില്‍ വിദേശ നിേേക്ഷപം കൂടി.

* * * * * * * *

ക്രൂഡ് താഴോട്ട്

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനവും കയറ്റുമതിയും കൂട്ടിയത് ക്രൂഡ് വില താഴാനിടയാക്കി. ബ്രെന്റ് ഇനം 41 ഡോളറിന്യം ഡബ്‌ള്യു ടി ഐ ഇനം 39 ഡോളറിനും താഴെയായി. വ്യാഴാഴ്ച മാത്രം ആറര ശതമാനം ഇടിവ്. ഇനിയും വില താണാല്‍ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ ഞെരുക്കത്തിലാക്കും. പെട്രോ കെമിക്കല്‍ കമ്പനികളും ബുദ്ധിമുട്ടും.

* * * * * * * *

സ്വര്‍ണം കയറിയിറങ്ങി

സ്വര്‍ണം രാജ്യാന്തര വിപണിയില്‍ കയറിയിറങ്ങി. വ്യാഴാഴ്ച ഔണ്‍സിന് 1913.5 ഡോളര്‍ വരെ കയറിയിട്ട് 1897 ലേക്കു താണു. ഇന്ന് ഏഷ്യന്‍ വ്യാപാരം 1900- നു താഴെയാണ്.

* * * * * * * *

യുഎസ് ഉത്തേജനം: പ്രതീക്ഷ തെറ്റുമോ?

അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ 2.2 ലക്ഷം കോടി ഡോളറിന്റെ ഉത്തേജക പദ്ധതി പാസാക്കി. പക്ഷേ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സെനറ്റ് ഇതു പാസാക്കാനിടയില്ല. ഈ അനിശ്ചിതത്വം യു എസ് ഓഹരി സൂചികകളെ അല്‍പ്പം താഴ്ത്തി -ഇന്ന് ഫ്യൂച്ചേഴ്‌സിലും ഡൗ താഴെയാണ്.

അനുകൂലമായ നിരവധി ഘടകങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച എസ് ജി എക്‌സ് നിഫ്റ്റി താഴോട്ടു പോയത് യു എസ് ഉത്തേജകം ഉണ്ടാവില്ലെന്ന സംശയത്തിലാണ്. അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകള്‍ കുറവായതും ഉത്തേജകം ചെറുതാകാന്‍ കാരണമാകും.

* * * * * * * *

റിയല്‍ എസ്‌റ്റേറ്റ് : മുംബൈയെ കണ്ടു പഠിക്കണം

മുംബൈയില്‍ പാര്‍പ്പിട വിലകള്‍ കുറയുകയും രജിസ്‌ട്രേഷന്‍ ഫീസ് താഴ്ത്തുകയും ചെയ്തപ്പോള്‍ ഇടപാടുകള്‍ കൂടി കോവിഡിനു മുമ്പുള്ള നിലയിലായി. കേരളത്തിലെ ബില്‍ഡര്‍മാരും സര്‍ക്കാരും ഇതില്‍ നിന്ന് പല പ്രധാന പാഠങ്ങളും പഠിക്കേണ്ടതുണ്ട്.

ഇന്നത്തെ വാക്ക് : പി എം ഐ

കമ്പനികളുടെ ബിസിനസ് പ്രതീക്ഷകള്‍ സംബന്ധിച്ച സര്‍വേ നടത്തി പ്രസിദ്ധീകരിക്കുന്ന സൂചിക (index) ആണു പി എം ഐ (Purchasing Managers Index) .ഈ സൂചിക 50 - ന് മുകളിലായാല്‍ വളര്‍ച്ച എന്നും താഴെയായാല്‍ തളര്‍ച്ച എന്നു മാണ് അര്‍ഥം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it