Top

ഒരു വര്‍ഷത്തിനിടെ 75 ശതമാനം നേട്ടമുണ്ടാക്കി അമേരിക്കന്‍ ഓഹരി വിപണി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 76 ശതമാനം നേട്ടം കൈവരിച്ച ജൈത്രയാത്ര അമേരിക്കന്‍ ഓഹരി വിപണി തുടരുമ്പോള്‍ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ എന്താവുമെന്ന ചോദ്യം ബാക്കിയാവുന്നു. വാള്‍സ്ട്രീറ്റിന്റെ പ്രധാന സൂചികയായ എസ്&പി 500 സൂചിക കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 76.1 ശതമാനം നേട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് 1936-ലാണ് എസ്&പി സൂചിക 365 ദിവസം നീണ്ടുനിന്ന നേട്ടം കൈവരിച്ചതെന്ന് എസ്&പി ഡൗ ജോണ്‍സ് സൂചികയിലെ വിശകലന വിദഗ്ധനായ ഹൊവാര്‍ഡ് സില്‍വര്‍ബ്ലാറ്റ് പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23, 2020-ല്‍ എസ്&പി സൂചിക 2.9 ശതമാനം ഇടിയുകയും ഒരു മാസത്തിനകം പോയ മൂന്നു വര്‍ഷങ്ങളില്‍ വിപണി കൈവരിച്ച നേട്ടത്തിന്റെ 34 ശതമാനം ഇല്ലാതാക്കുകയും ചെയ്തു.

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വും, അമേരിക്കന്‍ ഭരണകൂടവും വന്‍തോതില്‍ പണമിറക്കിയതിന്റെ ബലത്തിലാണ് തകര്‍ച്ചയെ അതിജീവിച്ച വിപണി 2020 ആഗസ്റ്റോടെ നഷ്ടമെല്ലാം തിരിച്ചുപിടിച്ചു. സാമ്പത്തിക ഉത്തേജനത്തിന്റെ പേരില്‍ അനുവദിച്ച പാക്കേജുകള്‍ ഓഹരി കമ്പോളത്തില്‍ വന്നു ചേര്‍ന്നതിന്റെ വിശദവിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പ്രധാനമായും അഞ്ചു ട്രെന്‍ഡുകളാണ് വിപണിയുടെ കഴിഞ്ഞ ഒരു കൊല്ലത്തെ കുതിപ്പില്‍ കാണാനാവുന്നത്. അടച്ചു പൂട്ടല്‍ എക്കോണമിയുടെ കാലത്ത് പുതിയ ബിസിനസ്സ് അവസരങ്ങള്‍ കരസ്ഥമാക്കിയ വന്‍ ടെക് കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നതാണ് ഒരു പ്രധാന വസ്തുത. ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ കമ്പ്യൂട്ടേര്‍സ്, സൂം വീഡിയോ തുടങ്ങിയവര്‍ ഈ നേട്ടത്തിന്റെ പ്രധാന ഗുണഭോക്താക്കളായിരുന്നു. ടെക് കമ്പനികളുടെ ഓഹരികളിലുള്ള 'ബുള്‍' തരംഗത്തിനൊപ്പം വന്നതാണ് ആദ്യസമയ നിക്ഷേപകരുടെ തള്ളിക്കയറ്റം. അടച്ചു പൂട്ടലിനെ തുടര്‍ന്ന് വീട്ടിലിരിപ്പായവരില്‍ ഒരു വിഭാഗം ഓഹരി കമ്പോളത്തില്‍ സജീവമായതിന്റെ ഭാഗമായി വിപണിയില്‍ ഒരു പുതുതലമുറ റീടൈല്‍ നിക്ഷേപകരുടെ സാന്നിദ്ധ്യം പ്രകടമായി. വാക്‌സിന്‍ വ്യാപകമായതും അമേരിക്കന്‍ സര്‍ക്കാര്‍ പുതിയ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചതും വിപണിയെ ഇനിയും ഉത്തേജിപ്പിക്കുമെന്ന പ്രത്യാശയിലാണ് നിക്ഷേപകര്‍.

അതേ സമയം വിപണി താങ്ങാനാവുന്നതിലധികം ചൂടിലാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ച്ചയെ അഭിമുഖീകരിക്കാമെന്നുമുള്ള മുന്നറിയിപ്പുകള്‍ക്കും കുറവൊന്നുമില്ല. ഏതാണ്ട് സീറോ പലിശ നിരക്കില്‍ പണം ലഭ്യമാവുന്ന അയഞ്ഞ ധനനയത്തില്‍ വലിയ മാറ്റങ്ങളൊന്നും അടുത്ത പ്രതിക്ഷിക്കേണ്ടില്ലെന്ന ഫെഡറല്‍ റിസര്‍വിന്റെ വീക്ഷണ ബുള്‍ തരംഗത്തെ ആവേശപ്പെടുത്തുമെങ്കിലും അമേരിക്കന്‍ വിപണിയുടെ ഫണ്ടമെന്റല്‍സിന് താങ്ങാനാവുന്നതിലധികാണ് ഇപ്പോഴത്തെ ഉയരങ്ങള്‍ എന്നാണ് ദോഷൈകദൃക്കുകളുടെ നിഗമനം. അതിനെക്കാള്‍ പ്രധാനം വിപണിയിലെ നേട്ടം ചെറിയ ന്യൂനപക്ഷത്തിന്റെ കൈകളില്‍ മാത്രമായി ഒതുങ്ങുന്നു എന്ന വിഷയമാണ്. അമേരിക്കയിലെ മൊത്തം ജനസംഖ്യയില്‍ 50 ശതമാനത്തിന് തൊട്ടുമുകളില്‍ ഉള്ളവര്‍ മാത്രമാണ് ഏതെങ്കിലും തരത്തില്‍ ഓഹരി വിപണിയുമായി ബന്ധമുള്ളവര്‍. അതായത് ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ക്കും വിപണയിലെ ആര്‍പ്പുവിളികളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.

വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള എല്ലാ ഓഹരികളും നേട്ടം കൈവരിച്ചവരല്ല. മറ്റു പലതിലുമെന്ന പോലെ നേട്ടം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. എസ്&പി സൂചികയിലെ തന്നെ പല കമ്പനികളുടെയും ഓഹരി നേരത്തെ ഉള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് വാര്‍ത്ത ഏജന്‍സിയായ എപി-യുടെ റിപോര്‍ട്ടില്‍ പറയുന്നു. 'മുത്തശ്ശിമാര്‍ ടിക്കര്‍ നോക്കാന്‍ തുടങ്ങുമ്പോള്‍ വിറ്റൊഴിയാനുള്ള സമായമായി' എന്ന് പ്രസിദ്ധമായ ഒരു പറച്ചില്‍ പഴയ വോള്‍ സ്ട്രീറ്റില്‍ ഉണ്ടായിരുന്നു. വിപണിയില്‍ പരിധിക്കപ്പുറം ആവേശം നിറയുന്നതിനെ പറ്റിയുള്ള മുന്നറിയിപ്പായിരുന്നു ഈ പറച്ചില്‍. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ കച്ചവടം നിശ്ചയിക്കുന്ന കാലത്ത് പഴയ ചൊല്ലിന്റെ പ്രസക്തി എന്താണെന്ന് വരുംദിനങ്ങളില്‍ വ്യക്തമാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it