മണിക്കൂറുകള്‍ക്കകം പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്ത് വീനസ് പൈപ്‌സ് ഐപിഒ

ഐപിഒ (IPO) തുറന്നതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം പൂര്‍ണമായും സബ്‌സ്‌ക്രിപ്ഷന്‍ നേടി വീനസ് പൈപ്‌സ് ആന്റ് ട്യൂബ്‌സ് ലിമിറ്റഡ് (Venus Pipes IPO). ബുധനാഴ്ച ഉച്ചവരെയുള്ള ബിഎസ്ഇയില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം 35,51,914 ഓഹരികള്‍ക്കെതിരെ 51,67,502 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 165.41 കോടി രൂപയാണ് വീനസ് പൈപ്‌സ് സമാഹരിക്കുന്നത്.

റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകരുടെ വിഭാഗത്തില്‍ 2.59 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് ലഭിച്ചത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം ഭാഗം 34 ശതമാനവും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ 30 ശതമാനവും സബ്സ്‌ക്രൈബ് ചെയ്തു. 310-326 രൂപ എന്ന പ്രൈസ് ബാന്‍ഡില്‍ 50,74,100 ഇക്വിറ്റി ഷെയറുകളാണ് ഐപിഒയിലൂടെ കമ്പനി കൈമാറുന്നത്.
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി വീനസ് പൈപ്പ്സ് ആന്‍ഡ് ട്യൂബ്സ് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 49 കോടി രൂപ സമാഹരിച്ചിരുന്നു. ഐപിഒയില്‍നിന്ന് ലഭിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായും മറ്റ് പ്രോജക്ട് ചെലവുകള്‍ക്കുമായാണ് വിനിയോഗിക്കുക.
കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്എംസി ക്യാപിറ്റല്‍സാണ് ഐപിഒയുടെ മാനേജര്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it