ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് എന്ത്? എങ്ങനെ?

നിലവിലുള്ള വരുമാനത്തില്‍നിന്നു കുറച്ചു കൂടുതല്‍ മിച്ചം പിടിച്ചാല്‍ നമ്മുടെ ജീവിതലക്ഷ്യങ്ങള്‍ നേടാം എന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്. പക്ഷേ, അങ്ങനെ മിച്ചം പിടിക്കുന്നത് മാത്രം മതി എന്നു കരുതുന്നത് തികച്ചും തെറ്റാണ്. വെറുതെ മിച്ചം പിടിച്ചതുകൊണ്ട് ഒന്നും നേടാനാകില്ല. പകരം നിക്ഷേപിക്കുക തന്നെ വേണം. വെറുതെ നിക്ഷേപിച്ചിട്ടും കാര്യമില്ല. പണപ്പെരുപ്പത്തെ മറികടക്കുംവിധം ശരിയായിത്തന്നെ നിക്ഷേപിക്കണം.

മിച്ചംപിടിക്കലും നിക്ഷേപവും ഒന്നാണെന്നു കരുതുന്ന വരും ഉണ്ട്. ഇവയുടെ യഥാര്‍ഥ അര്‍ഥമോ അവ തമ്മി ലുള്ള വ്യത്യാസമോ പോലും മിക്കവര്‍ക്കും അറിയില്ല. സേവിംഗ്‌സും ഇന്‍വെസ്റ്റ്‌മെന്റും വേറെയാണ്.
കിട്ടുന്ന വരുമാനത്തില്‍നിന്നു ചെലവുകളെല്ലാം കഴിച്ച് ബാക്കി അല്‍പം കൈവശം സൂക്ഷിക്കുന്നതാണ് മിച്ചം പിടിക്കല്‍ അഥവാ സേവിങ്‌സ്. ഇങ്ങനെ മിച്ചം പിടിക്കുന്ന തുക ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം തരുന്ന മാര്‍ഗം കണ്ടെത്തി അതില്‍ ഇടുന്നതാണ് ഇന്‍വെസ്റ്റ്‌മെന്റ് അഥവാ നിക്ഷേപം.
വെറുതെ ഏതെങ്കിലും പദ്ധതിയില്‍ നിക്ഷേപിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ഏറ്റവും മികച്ച പദ്ധതികളില്‍ത്തന്നെ നിക്ഷേപിക്കണം. ശരിയായ നിക്ഷേപങ്ങള്‍ നമ്മെ ഭാവിയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം എന്നാലെന്ത്?
നിങ്ങള്‍ റിട്ടയര്‍ ആകുന്ന സമയത്ത് അല്ലെങ്കില്‍ അധ്വാനിക്കാനാകാതെ വരുന്ന കാലത്ത് കൈവശമുള്ള തുക കൊണ്ട് ഭാവിയാവശ്യങ്ങളും ലക്ഷ്യങ്ങളും നേടാന്‍ കഴിയുമെങ്കില്‍ അതാണ് ഫിനാന്‍ഷ്യല്‍ ഫ്രീഡം. സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ഒരു വ്യക്തിക്ക് നാളത്തെ ജീവിതച്ചെലവുകള്‍, കടബാധ്യത എന്നിവയെക്കുറിച്ച് ആവലാതിപ്പെടേണ്ടി വരില്ല.
സ്ഥിരനിക്ഷേപം, റിക്കറിങ് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫിസ് നിക്ഷേപം, സ്വര്‍ണാഭരണം, ഭൂമി എന്നിങ്ങനെയുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ മതി നിക്ഷേപം എന്നു കരുതുന്നവര്‍ നിരവധിയാണ്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ തുടങ്ങിയ പുതുമയാര്‍ന്നതും നേട്ടസാധ്യത കൂടിയതുമായ ഫിനാന്‍ഷ്യല്‍ ടൂളുകള്‍ ഉപയോഗി ക്കാന്‍ തയാറാകുന്നവര്‍ തീരെ കുറവുമാണ്.
ഗോള്‍ അടിസ്ഥാനമാക്കിയുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ യുഗം ആണിത്. നിങ്ങളും അതിനു തയാറെടുക്കുക. ഓരോ നിക്ഷേപത്തിനും ഗോള്‍ അഥവാ ലക്ഷ്യം പരമപ്രധാനമാണ്. അതിനായി മൂന്നു മാർഗങ്ങളുണ്ട്
1 അച്ചടക്കത്തോടെയും ക്രമമായും നിക്ഷേപിക്കണം.
2 മുന്‍ഗണനയുള്ള ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യണം. അതനുസരിച്ചു കാര്യങ്ങള്‍ നടത്തണം.
3 കടം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഭാവിലക്ഷ്യ ങ്ങള്‍ക്കായി പ്ലാന്‍ ചെയ്തു നിക്ഷേപിക്കുന്നതി നാല്‍ ജീവിതത്തിലെ ഓരോ ലക്ഷ്യത്തിനും അതതിന്റെ സമയത്ത് ആവശ്യമായ പണം ലഭ്യമാക്കാനാകും. അതുകൊണ്ടുതന്നെ കടം വാങ്ങേണ്ട സാഹചര്യം സ്വാഭാവികമായി കുറയും.
ഗോള്‍ എങ്ങനെ സെറ്റ് ചെയ്യണം?
ജീവിതത്തില്‍ നാം വ്യത്യസ്ത ഘട്ടങ്ങളിലൂടെ ആണ് വളര്‍ന്നുവരുന്നത്. ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ലക്ഷ്യങ്ങളും ഉണ്ടാകും. അതിനാല്‍, മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ ഓരോ സമയത്തും ലക്ഷ്യങ്ങള്‍ തടസ്സങ്ങളില്ലാതെ നേടാം. പക്ഷേ, ലക്ഷ്യങ്ങള്‍ക്കു ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചു വേണം ഗോള്‍ സെറ്റ് ചെയ്യാന്‍. ഓരോ ഗോളും കൃത്യമായിരിക്കണം. അളക്കാന്‍ കഴിയണം. സമയവുമായി ബന്ധപ്പെടുത്തിയാകണം.
ഉദാഹരണത്തിന്, മകന്റെ ഉന്നതപഠനത്തിനായി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ 25 ലക്ഷം രൂപ വേണം എന്നതാണ് നിങ്ങളുടെ ഒരു ഗോള്‍ എന്നിരിക്കട്ടെ. ഇവിടെ ഗോളിനു വേണ്ട മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ട്.
ലക്ഷ്യം നിങ്ങള്‍ക്കു നേടാന്‍ കഴിയുന്നതാകണം. അതായത്, യഥാര്‍ഥ്യബോധത്തോടെ ഉള്ളതാകണം ഗോള്‍. മാസം 10,000 രൂപ മാത്രം മിച്ചം പിടിക്കാന്‍ കഴിയുന്ന ഒരാള്‍ അഞ്ചു വര്‍ഷം കൊണ്ട് ഒരു കോടി രൂപയുടെ റിട്ടയര്‍മെന്റ് ഫണ്ട് സ്വരൂപിക്കണം എന്ന ലക്ഷ്യം നിശ്ചയിച്ചാല്‍ അത് ഒട്ടും യാഥാര്‍ഥ്യബോധം ഇല്ലാത്തതാകും.
എന്താണ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്?
ഭാവിയിലെ വിവിധ സാമ്പത്തികലക്ഷ്യങ്ങള്‍ നേടാനായി നിലവിലെ ആസ്തിയും കാഷ് ഫ്‌ലോയും തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്, ഓരോ വ്യക്തിയെ സംബന്ധിച്ചും ഇതു വ്യത്യസ്തവും വളരെ സമഗ്രവുമായിരിക്കണം.
ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വളരെ സമഗ്രമായിരിക്കണം. അതിന് ആറു തരത്തിലുള്ള പ്ലാനിംഗ് ആവശ്യമാണ്.
1 കാഷ് ഫ്‌ളോ പ്ലാനിംഗ്
നിങ്ങളുടെ വരുമാനങ്ങള്‍ക്ക് അനുസരിച്ച് ശരിയായ ബജറ്റിംഗിലൂടെ ചെലവുകള്‍ക്കും നിക്ഷേപത്തിനും പണം ഉറപ്പാക്കുക.
2 ഇന്‍ഷുറന്‍സ് പ്ലാനിംഗ്
ഒരു വ്യക്തിക്ക് ആവശ്യമായ ലൈഫ്, ഹെല്‍ത്ത്, ക്രിട്ടിക്കല്‍ ഇനസ്, മോട്ടര്‍, ഹോം ഇന്‍ഷുറന്‍സുകള്‍ ഉറപ്പാക്കുക. അതുവഴി അപ്രതീക്ഷിത സാഹചര്യങ്ങളില്‍ കയ്യില്‍നിന്ന് അധിക തുക കണ്ടെത്തേണ്ട അവസ്ഥ ഇല്ലാതാക്കാം.
3 ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ്
ഇത് ഉറപ്പാക്കാനായി നിലവിലെ സാമ്പത്തിക സ്രോതസ്സുകള്‍ എങ്ങനെ വിനിയോഗിക്കണം എന്നതിനുള്ള പ്ലാനിംഗ്.
4 റിട്ടയര്‍മെന്റ് പ്ലാനിംഗ്
യഥാര്‍ഥത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗിന്റെ ഒരു വിഭാഗം ആണ് റിട്ടയര്‍മെന്റ് പ്ലാന്‍ എങ്കിലും അതിന്റെ പ്രാധാന്യം പരിഗണിച്ച് പ്രത്യേകമായിത്തന്നെ വേണം.
5 ടാക്‌സ് പ്ലാനിംഗ്
ഒരു വ്യക്തിയുടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വ്യത്യസ്ത വരുമാനങ്ങള്‍ കണക്കാക്കി അതിനു വരുന്ന ആദായനികുതി ബാധ്യത പരമാവധി കുറയ്ക്കാനുള്ള പ്ലാനിംഗ്. ശരിയായ ടാക്‌സ് പ്ലാനിംഗ് ഇല്ലെങ്കില്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്നു നല്ലൊരു വിഹിതം നികുതിയായി നഷ്ടപ്പെടും. അതു ലക്ഷ്യങ്ങള്‍ നേടാന്‍ തടസ്സമാകും.
6 എസ്റ്റേറ്റ് പ്ലാനിംഗ്
ഒരു വ്യക്തിയുടെ മരണാനന്തരം ആസ്തികള്‍ ആര്‍ക്കെല്ലാം എങ്ങനെ ലഭ്യമാക്കണമെന്ന പ്ലാനിംഗാണിത്. ശരിയായ സമയത്ത് ശരിയായ രീതിയില്‍ വില്‍പത്രം തയാറാക്കണം. എങ്കിലേ അനന്തരാവകാശിക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിങ്ങളുടെ സമ്പാദ്യം ഉറപ്പാകൂ.
ഇത്തരത്തില്‍ ആറു തരം പ്ലാനിംഗുകളാണ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗില്‍ ഉള്ളില്‍, ഇതെല്ലാം കൃത്യമായി ചെയ്താലെ ശരിയായ ഫലം കിട്ടൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it