ഓഹരി വിപണി കുതിക്കുന്നു, കാരണമെന്ത്, ഇത് നിലനില്‍ക്കുമോ?

ലോക സമ്പദ് വ്യവസ്ഥ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ഇന്ത്യയുടെ ജിഡിപി നെഗറ്റീവാകുമെന്നും അനുമാനമുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലും കുത്തനെ ഇടിവുണ്ടാകും. എന്നാല്‍ ഓഹരി വിപണി ജനുവരിക്കു ശേഷമുണ്ടായ 39. 4 ശതമാനം ഇടിവില്‍ നിന്ന് നേരെ മുകളിലേക്ക് കുതിച്ചുയരുകയാണ്.

കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ദിവസക്കൂലിക്കാരെ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളെ വരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധ നിയന്ത്രണത്തിലാക്കിയില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം പ്രതിസന്ധിയിലാകുമെന്ന് മൂഡീസിന്റെ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാങ്കിംഗ് മേഖലയില്‍ നിഷ്‌ക്രിയാസ്തി കുതിച്ചുയരുകയാണ്. എന്നിരുന്നാലും ഓഹരി വിപണി നിലമെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഓഹരി വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെന്ത്?

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് പത്തോളം ഓഹരികളാണ്. മാര്‍ച്ച് 23 മുതലുള്ള വിപണിയുടെ കുതിപ്പിന് പിന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്‌ക്കൊപ്പം ഇന്‍ഫോസിസും പ്രധാനപങ്കുവഹിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് പിന്നീട് വിപണിയുടെ മുന്നേറ്റത്തില്‍ പങ്കുവഹിക്കുന്ന മറ്റ് ഓഹരികള്‍.

''പ്രധാനമായും മൂന്ന് ഘടകങ്ങളാണ് വിപണികളെ മുന്നോട്ട് നയിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ ഇറക്കിയ പണം, 2021 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ചയിലും കോര്‍പ്പറേറ്റ് ലാഭത്തിലും വീണ്ടെടുപ്പുണ്ടാകുമെന്ന പ്രതീക്ഷ, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കുകള്‍ എന്നിവയാണ് ഈ ഘടകങ്ങള്‍,'' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു.

ഓഹരി വിപണിയില്‍ സജീവമാകുന്ന പുതുനിക്ഷേപകരും വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് തിരക്കുകളില്ലാതെ വീടുകളില്‍ ഒതുങ്ങി കൂടേണ്ടി വന്നപ്പോള്‍ ഒട്ടേറെ പേര്‍ സ്വന്തം സ്മാര്‍ട്ട് ഫോണും ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരുടെ സഹായത്തോടെയും ഓഹരി വിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും വില കുറഞ്ഞ, ഗുണമേന്മയില്ലാത്ത ഓഹരികളിലായിരുന്നുവെങ്കിലും വിപണിയിലേക്കുള്ള ധനലഭ്യത കൂട്ടാന്‍ ഇത് ഉപകരിച്ചിട്ടുണ്ട്. ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരിലൂടെ തുറക്കപ്പെട്ട പുതിയ ഡീമാറ്റ് എക്കൗണ്ടുകളെ എണ്ണത്തിലും കഴിഞ്ഞ മാര്‍ച്ചിന് ശേഷം വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ''ഇന്ത്യന്‍ ഓഹരി വിപണിയില്‍ മാത്രമല്ല, ഗ്ലോബല്‍ വിപണികളിലെല്ലാം യംഗ് ജനറേഷന്‍ ട്രേഡര്‍മാരുടെ സാന്നിധ്യം വന്‍തോതില്‍ കൂടിയിട്ടുണ്ട്. ഇതിന് പലകാരണങ്ങളുണ്ട്.

യംഗ് ജനറേഷന് ടെക്‌നോളജിയുടെ പിന്‍ബലത്താല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ അനായാസം നിക്ഷേപം നടത്താം, മറ്റേതൊരു നിക്ഷേപമാര്‍ഗത്തേക്കാള്‍ സംഘടിതമായ രൂപം വിപണിക്കുള്ളത് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്, മറ്റേതൊരു നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ റിട്ടേണ്‍ ഓഹരി വിപണിയില്‍ നിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ വിപണിയില്‍ റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വന്‍തോതില്‍ കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം ഗ്ലോബല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതുകൊണ്ടുള്ള ധനലഭ്യതയും വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുന്നു,'' ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ രാംകി അഭിപ്രായപ്പെടുന്നു.

ഇക്വിറ്റി മാര്‍ക്കറ്റില്‍ മ്യൂച്വല്‍ ഫണ്ട് വര്‍ധിക്കുന്നു

2020ലെ ആദ്യ ആറുമാസത്തിനുള്ളില്‍ ഓഹരി വിപണിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 39,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലുണ്ടായതിന്റെ ഏകദേശം നാലു മടങ്ങ് വരുമിത്. ഇതൊടൊപ്പം എസ് ഐ പി വഴിയുള്ള നിക്ഷേപവും കൂടുകയാണ്. ''ഇപ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്‍ബലത്തില്‍ മാത്രമല്ല ഇന്ത്യന്‍ ഓഹരി വിപണി നിലനില്‍ക്കുന്നത്. വിപണിയില്‍ എഫ്‌ഐഐകളുടെ മൊത്തം നിക്ഷേപം ഒന്‍പത് ലക്ഷം കോടി രൂപയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി നിക്ഷേപം 11 ലക്ഷം കോടി രൂപയാണ്. അതായത് എഫ്‌ഐഐകള്‍ വില്‍പ്പന നടത്തിയാലും ഇവിടെ വാങ്ങാന്‍ ആളുണ്ട്,'' രാംകി നിരീക്ഷിക്കുന്നു. എഫ്‌ഐഐകളെ ആശ്രയിച്ചുമാത്രമല്ല ഇന്ത്യന്‍ വിപണി ഇപ്പോള്‍ നില്‍ക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കുതിപ്പ് നിലനില്‍ക്കുമോ?

കോവിഡ് ഇന്ത്യയിലെ ഇടത്തരക്കാരെ ദരിദ്രരും ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ''ഇപ്പോഴും ഓഹരി വിപണിയുടെ ഉയര്‍ച്ചയ്ക്കു പിന്നിലെ പ്രധാന കാരണം കോവിഡ് അധികം ബാധിക്കാത്ത മേഖലകളിലെ മികച്ച കമ്പനികളാണ്. ഐറ്റി, ടെലികോം, ഫാര്‍മ, എഫ്എംസിജി രംഗത്തെ കമ്പനികളാണ് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. എന്നാല്‍ അതിന് പുറത്തുള്ള മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ ഇപ്പോഴും 30-40 ശതമാനം ഇടിവിലാണ്. സെന്‍സെക്‌സും നിഫ്റ്റും പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോഴും ഇതാണ് സ്ഥിതി,'' അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്ററും ഓഹരി വിദഗ്ധനുമായ എന്‍. ഭുവനേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ ഇന്ത്യന്‍, ആഗോള വിപണികളില്‍ തിരുത്തല്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പാണ് അദ്ദേഹം തരുന്നത്. ''കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഗോള തലത്തിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ പണം ഒഴുക്കുന്നത് ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റിലേക്കാണ് വരുന്നത്. എന്നാല്‍ ഈ പണമൊഴുക്ക് എക്കാലവും ഉണ്ടാവണമെന്നില്ല. ഉത്തേജക പാക്കേജുകള്‍ കുറയും. കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ഇന്ത്യയുടെയും ഇതര ലോകരാജ്യങ്ങളുടെയും വളര്‍ച്ചയും സമ്പദ് വ്യവസ്ഥയും കൂടുതല്‍ ദുര്‍ബലമാകും. അതുകൊണ്ട് തന്നെ അടുത്ത മൂന്നുമുതല്‍ ആറ് മാസക്കാലം വിപണിയില്‍ ചാഞ്ചാട്ടവും തിരുത്തലും പ്രതീക്ഷിക്കാം,'' ഭുവനേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യന്‍ ഓഹരി വിപണി ബുള്ളിഷ് ട്രെന്‍ഡിലാണെങ്കിലും കോവിഡ് മഹാമാരി വന്‍ ഭീഷണി തന്നെയാണെന്ന് രാംകിയും അഭിപ്രായപ്പെടുന്നു. ''ആപ്പിളിന്റെ പത്തിലൊന്ന് വിപണി മൂല്യമാണ് നമ്മുടെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സിനുള്ളത്. ആഗോള തലത്തില്‍ നി്ന്നുള്ള ഫണ്ടുകള്‍ ഇനിയും ഇതുപോലുള്ള മികച്ച കമ്പനികളില്‍ നിക്ഷേപിക്കാന്‍ തയ്യാറായി വരും. നേട്ടം കിട്ടുമെങ്കില്‍. അത് ഇന്ത്യന്‍ ഓഹരി വിപണിയെ മുന്നോട്ടു നയിക്കും. പക്ഷേ കോവിഡ് ഒരു ഭീഷണി തന്നെയാണ്,'' രാംകി വിശദീകരിക്കുന്നു.

വിപണിയും സമ്പദ്ഘടനയും തമ്മില്‍ വ്യക്തമായ പൊരുത്തക്കേടുണ്ടെന്ന് ഡോ. വി കെ വിജയകുമാറും വിശദമാക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ് കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വന്നില്ലെങ്കില്‍ ഇപ്പോഴത്തെ വാല്യുവേഷന്‍ നീതികരിക്കാനാവാത്തത് തന്നെയാകും. അതുകൊണ്ട് തിരുത്തല്‍ വരും. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തി, ഫലപ്രദമായി ജനങ്ങളിലെത്തിയാല്‍ കോവിഡ് കാലത്തിന് ശേഷം കമ്പനികള്‍ നേട്ടമുണ്ടാക്കി മുന്നേറുക തന്നെ ചെയ്യും.

എന്തായാലും കാലത്തിന് മാത്രം ഉത്തരം പറയാന്‍ പറ്റുന്ന ചില ചോദ്യങ്ങള്‍ വിപണിയിലുണ്ടെന്നതാണ് വാസ്തവം.

നിക്ഷേപകര്‍ എന്തുചെയ്യണം?

സെന്‍സെക്‌സും നിഫ്റ്റും ഉയരുന്നുവെന്നതിന്റെ പേരില്‍ കണ്ണുമടച്ച് നിക്ഷേപിക്കാനാവില്ല. ''നല്ല കമ്പനികളെ തെരഞ്ഞ് പിടിച്ച് നിക്ഷേപിക്കുന്ന എന്നതാണ് ഇക്കാലത്ത് സ്വീകരിക്കേണ്ട രീതി. ഓരോ സ്‌റ്റോക്കുകളെ പരിശോധിച്ച് മാത്രം നിക്ഷേപിക്കുക,'' ഭുവനേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവാരം കുറഞ്ഞ ചെറുകിട ഓഹരികള്‍ കുതിക്കുന്ന അനാരോഗ്യകരമായ പ്രവണത ഇപ്പോഴുമുണ്ടെന്് ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഓഹരികളില്‍ പണമെറിയുന്നത് ദുരന്തത്തിന് വഴിമരുന്നിടുമെന്ന മുന്നറിയിപ്പാണ് ഇദ്ദേഹം നല്‍കുന്നത്. ''ഉയര്‍ന്ന റിസ്‌കെടുത്ത് നിക്ഷേപത്തിന് പറ്റിയ സമയമല്ലിത്. ജാഗ്രത പുലര്‍ത്തുക. ഗുണമേന്മയുള്ള മികച്ച ഓഹരികളില്‍ കൂടുതല്‍ പണം നിക്ഷേപിക്കുക. എസ്‌ഐപി തുടരുക. നിലവാരം കുറഞ്ഞ ഓഹരികള്‍ പൂര്‍ണമായും ഒഴിവാക്കുക,'' ഡോ. വി കെ വിജയകുമാര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it