ഒരൊറ്റ വാട്സാപ്പ് സന്ദേശം; കമ്പനിയുടെ മൂല്യം ഇടിഞ്ഞത് 71 ശതമാനം 

നെഗറ്റീവ് വാർത്തകൾ ഒരു കമ്പനിയുടെ ഓഹരി വിലയെ എത്രമാത്രം സ്വാധീനിക്കുമെന്ന് നമുക്കറിയാം. സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ ഇത്തരം വാർത്തകളെ നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വെറുമൊരു വാട്സാപ്പ് സന്ദേശം കാരണം ഐഫോണുകളുടെ റീറ്റെയ്ലറായ ഇന്‍ഫിബീം എന്ന ഇ-കോമേഴ്‌സ് കമ്പനിയുടെ ഓഹരിമൂല്യം 71 ശതമാനമാണ് ഇടിഞ്ഞത്. ഇതിന് മുൻപ് ഇത്രയും വലിയ തകർച്ച ഉണ്ടായത് 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞപ്പോഴാണ്.

ഇന്‍ഫിബീമിന്റെ എക്കൗണ്ടിങ് രീതിയെ വിമർശിച്ചുകൊണ്ടും കമ്പനിയിൽ ഭരണപരമായും സാമ്പത്തികപരമായും പ്രശ്നങ്ങൾ ഉണ്ടെന്ന് സൂചിപ്പിച്ചുള്ള സന്ദേശമായിരുന്നു പ്രചരിച്ചത്. കുറച്ചുമാസങ്ങൾക്ക് മുൻപ് ഒരു ബ്രോക്കറേജ് കമ്പനി തങ്ങളുടെ ക്ലയന്റുകൾക്ക് അയച്ച ഒരു സന്ദേശമാണ് ഇപ്പോൾ പ്രചരിച്ചതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

വെള്ളിയാഴ്ച ഒരു ദിവസം കൊണ്ട് കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍നിന്ന് 3,900 കോടിയായി ഇടിഞ്ഞു. ഓഹരി വില 138.75 രൂപയായിരുന്നത് വെള്ളിയാഴ്ച തകര്‍ന്ന് 58.80 ലാണ് ക്ലോസ് ചെയ്തത്‌.

എന്നാല്‍, പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it