'ഇന്ത്യ കൊള്ളാം!' പറയുന്നത് യൂറോപ്പിലെ ഏറ്റവും വലിയ അസറ്റ് മാനേജർ

എമർജിങ് മാർക്കറ്റുകളിൽ നിക്ഷേപത്തിന് മികച്ചത് ഇന്ത്യ, റഷ്യ, ചിലി എന്നീ മൂന്ന് രാജ്യങ്ങളാണെന്ന് യൂറോപ്പിലെ ഏറ്റവും വലിയ അസറ്റ് മാനേജരായ അമൻഡി അസറ്റ് മാനേജ്മെൻറ്.

ദുർബലമായ സാമ്പത്തിക അടിസ്ഥാനമുള്ളതും രാഷ്രീയ അസ്ഥിരത നേരിടാൻ സാധ്യതയുള്ളതുമായ മറ്റ് എമർജിങ് രാജ്യങ്ങളെ അപേക്ഷിച്ച് ഈ മൂന്ന് രാജ്യങ്ങളും മികച്ചതാണ്.

വരാനിരിക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യം തരണം ചെയ്യാൻ ഇവയ്ക്ക് കരുത്തുണ്ടെന്നാണ് അമൻഡി വിലയിരുത്തുന്നത്.

എമർജിങ് മാർക്കറ്റുകളടക്കമുള്ള രാജ്യങ്ങളിലെ ഏകദേശം 4500 കോടി ഡോളറിന്റെ അസറ്റുകളാണ് അമൻഡി കൈകാര്യം ചെയ്യുന്നത്. ചൈന, ഇന്തോനേഷ്യ, ചെക്ക് റിപ്പബ്ലിക്, ബ്രസീൽ, പെറു എന്നിവിടങ്ങളിലെ സ്റ്റോക്കുകളും ബോണ്ടുകളും കൊള്ളാമെന്നാണ് അമൻഡിയുടെ പക്ഷം.

ഇവയുടേത് ഉയർന്ന യീൽഡ് നൽകുന്ന കറൻസികളാണ്. കടം, വരുമാനം, സാമ്പത്തിക ഭദ്രത എന്നിവ സ്ഥിരതയാർന്ന നിലവാരത്തിലാണെന്നും അമൻഡി അഭിപ്രായപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ഒരു ഗ്ലോബൽ സ്ലോഡൗണിനെ അതിജീവിക്കാൻ സഹായിക്കും.

മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്‌സ് എന്നിവയും അമൻഡിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. 2018-ലെ ഇരുണ്ട കാലത്തെ അതിജീവിച്ചയാണ് ഈ സമ്പദ് വ്യവസ്ഥകളെന്നതും ഇവരുടെ കാഴ്ചപ്പാടിനെ അടിവരയിടുന്ന വസ്തുതയാണ്.

വ്യാപാരയുദ്ധം അയയുന്നതും ഫെഡറൽ റിസർവിന്റെ പണനയത്തോടുള്ള തണുത്ത സമീപനവും ഈ രാജ്യങ്ങളെ നിക്ഷേപത്തിന് കൂടുതൽ അനുയോജ്യമാക്കുന്ന ഘടകങ്ങളാണ്.

അതേസമയം, ഏതൊക്കെ രാജ്യങ്ങൾ നിലവിൽ നിക്ഷേപത്തിന് യോജിച്ചതല്ല എന്നും അമൻഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിൻറെ ബാലൻസ്-ഓഫ്-പേയ്മെന്റ്സ് നോക്കിയാണ് ഇത് തീരുമാനിക്കുക.

അങ്ങനെ നോക്കിയിൽ തുർക്കിയിൽ നിക്ഷേപം നടത്താൻ അനുകൂലമായ സാഹചര്യമല്ല ഇപ്പോൾ. ഉയർന്ന ധനക്കമ്മിയുള്ള ദക്ഷിണാഫ്രിക്കയും അർജന്റീനയും അല്പം റിസ്ക് കൂടുതലുള്ളവയാണെന്നും അമൻഡി വിലയിരുത്തുന്നു. ദക്ഷിണാഫ്രിക്ക, അർജന്റീന, നൈജീരിയ എന്നിവിടങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും റിസ്ക് കൂട്ടുന്നു.

കടപ്പാട്: ബ്ലൂംബർഗ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it