വെല്ലുവിളികള്‍ ഏറുന്നു, നിക്ഷേപകന്‍ എന്തു ചെയ്യണം?

ഓരോ തവണയും വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. എന്നാല്‍ പരിഭ്രാന്തരാകാതെ അവസരോചിതമായ നിക്ഷേപ തീരുമാനം എടുക്കുന്നവര്‍ക്ക് എപ്പോഴും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ കാണിക്കുന്നത്.

വിപണിയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെങ്കിലും ഒരു ബെയര്‍ മാര്‍ക്കറ്റിനുള്ള സാധ്യത ഇപ്പോള്‍ കാണുന്നില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. 'സാധാരണഗതിയില്‍ വിപണി അതിന്റെ എക്കാലത്തെയും ഉയരത്തില്‍ നിന്ന് 20 ശതമാനത്തിലധികം താഴേക്ക് പോയാല്‍ മാത്രമാണ് ഒരു ബെയര്‍ മാര്‍ക്കറ്റ് എന്നു വിളിക്കാനാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണി വലിയ താഴ്ചയിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്.' ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്റ്റര്‍ രാംകി പറയുന്നു.

നിക്ഷേപകര്‍ പിന്‍വലിയേണ്ട

നിക്ഷേപകര്‍ ഒട്ടും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം നോട്ടു നിരോധനത്തിനു ശേഷം ആളുകള്‍ കൂടുതലായി സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത് ആഭ്യന്തര വിപണി ശക്തിപ്രാപിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ധാരാളം റീറ്റെയ്ല്‍ നിക്ഷേപകരാണ് അടുത്ത കാലത്തായി വിപണിയിലേക്ക് നേരിട്ടും മ്യൂച്വല്‍ഫണ്ടുകള്‍ വഴിയും നിക്ഷേപിച്ചു തുടങ്ങിയത്. കഴിഞ്ഞ മാസം എസ്ഐപിയിലൂടെ 7000 കോടി രൂപയാണ് നിക്ഷേപിച്ചത്. വിദേശ നിക്ഷേപകര്‍ വിപണിയുടെ ഗതി നിയന്ത്രിക്കുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരുന്നുണ്ട്.

തെരഞ്ഞെടുപ്പുകളാണ് ഉടന്‍ വിപണിയെ സ്വാധീനിക്കാവുന്ന ഘടകം. എന്നാല്‍ അത് 60-70 ശതമാനം വരെ വിപണി ഡിസ്‌കൗണ്ട് ചെയ്തു കഴിഞ്ഞു. ഇനിയിപ്പോള്‍ ഏതു ഗവണ്‍മെന്റ് വന്നാലും വിപണിയില്‍ വലിയ ചലനമുണ്ടാക്കാനുള്ള സാധ്യതയില്ല.'' രാംകി പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളും ക്രൂഡോയ്ല്‍ വിലയുമാണ് ആഗോള തലത്തില്‍ വിപണിയെ സ്വാധീനിക്കാനിടയുള്ള കാര്യങ്ങള്‍. ക്രൂഡോയില്‍ വില 50-60 ഡോളറിനുള്ളില്‍ നിന്നാല്‍ വിപണിക്ക് ഗുണകരമാകും. 70 ഡോളറിനു മുകളില്‍ പോയാല്‍ കമ്മി കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതും നിക്ഷേപകര്‍ക്ക് വലിയ രീതിയിലുള്ള നഷ്ടം ഉണ്ടാക്കാനുള്ള സാധ്യത കാണുന്നില്ലെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള സമയമാണിത്. ഓട്ടോമൊബീല്‍, അഗ്രികള്‍ച്ചര്‍, എഫ്എംസിജി തുടങ്ങി ജനങ്ങള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളുടെ ഓഹരികളാണ് ഈ സമയത്ത് നല്ലത്.

''ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും വലിയ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ കമ്പനികള്‍ക്ക് നല്ല പ്രൊഫിറ്റ് മാര്‍ജിന്‍ നേടി മുന്നോട്ടു പോകാനാകും. അത്തരം കമ്പനികളെ നിക്ഷേപത്തിനായി പരിഗണിക്കാം'' ഡിബിഎഫ് എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നു.

മികച്ച വഴി എസ്‌ഐപി

ഈ സമയത്ത് നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ മികച്ചത് എസ്‌ഐപി വഴിയുള്ള നിക്ഷേപമാണെന്ന് വിദഗ്ധര്‍ പറയുന്നു. റുപീ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം നേടാന്‍ എസ്ഐപി സഹായിക്കും. അതായത് വിപണിയില്‍ വിലയിടിവുണ്ടാകുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനാകും. അതേസമയം, ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ കുറച്ചു യൂണിറ്റുകളായിരിക്കും വാങ്ങാനാവുക. കാലം ചെല്ലുന്തോറും യൂണിറ്റുകളുടെ മൊത്തം ശരാശരി വാങ്ങിയ വില കുറഞ്ഞു വരും. അതിനാല്‍ എസ്ഐപി നിക്ഷേപത്തിന് വിപണിയില്‍ പ്രവേശിക്കുന്ന സമയം പ്രശ്നമാകുന്നില്ല.

മിഡ് കാപ് വേണ്ട

മിഡ്, സ്മോള്‍ കാപ് ഓഹരികളുള്ള മിക്ക മ്യൂച്വല്‍ഫണ്ടുകളും അടുത്ത കാലത്ത് 70 ശതമാനം വരെ താഴേക്ക് പോയിട്ടുണ്ട്. പല മ്യൂച്വല്‍ഫണ്ടുകളുടേയും പ്രകടനം മോശമാണ് അതേ സമയം ലാര്‍ജ് കാപ് ഫണ്ടുകള്‍ പലതും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.

എവിടെ വരെ പോകാം

അപ്രതീക്ഷിതമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ വിപണി ഒരു പ്രത്യേക നിലവാരത്തിനിടയില്‍ ചലിച്ചേക്കാം. വ്യക്തമായ ഭൂരിപക്ഷത്തിലൊരു ഗവണ്‍മെന്റ് വന്നാല്‍ അതു വിപണിക്ക് ഗുണം ചെയ്യും. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ നിഫ്റ്റിയും സെന്‍സെക്സും പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഗവണ്‍മെന്റിന്റെ പല ഭരണ പരിഷ്‌കാരങ്ങളും വന്നതിന്റെ ഗുണഫലം വന്നു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വിപണിയിലും കാണാനാകും.

ബെയര്‍ മാര്‍ക്കറ്റിനുള്ള സാധ്യതയില്ലെങ്കിലും തിരുത്തലുകള്‍ പ്രതീക്ഷിക്കാം

മികച്ച പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്താം

നേരിട്ട് നിക്ഷേപിക്കാതെ എസ്ഐപി വഴി സ്ഥിരമായി നിക്ഷേപിക്കുക

മിഡ് കാപ് ഓഹരികള്‍ നിക്ഷേപത്തില്‍ വേണ്ട. അത്തരം ഓഹരികള്‍ ഫണ്ടുകളില്‍ ഉള്‍പ്പെടുത്തുന്ന ഫണ്ട് മാനേജര്‍മാരെയും ഒഴിവാക്കുക

നല്ല ഗുണമേന്മയുള്ള ശക്തമായ അടിത്തറയുള്ള ലാര്‍ജ് കാപ് ഓഹരികള്‍ നിക്ഷേപത്തിന് അനുയോജ്യം

പൊതു തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ സെന്‍സെക്സ് റെക്കോര്‍ഡ് ഭേദിച്ചേക്കാം

നേട്ടം കൊയ്യാന്‍ 10 ഓഹരികള്‍

  1. ഐടിസി
  2. എല്‍&ടി
  3. സൗത്ത് ഇന്ത്യന്‍ ബാങ്ക്
  4. വി-ഗാര്‍ഡ്
  5. ഫെഡറല്‍ ബാങ്ക്
  6. ഹാവെല്‍സ്
  7. യുണൈറ്റഡ് സ്പിരിറ്റ്സ്
  8. മാരികോ
  9. എച്ച്സിഎല്‍
  10. ഇന്‍ഫോസിസ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it