അനിശ്ചിതാവസ്ഥയില്‍ നിക്ഷേപിക്കുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍

നിക്ഷേപകരോട് ഒട്ടും ദയ കാണിക്കാത്ത വര്‍ഷമായിരുന്നു ഇത്. ഭരണത്തിലെ പ്രശ്‌നങ്ങള്‍ മൂലം കോര്‍പ്പറേറ്റ് ഇന്ത്യ ഞെരുങ്ങിയിരിക്കുന്ന സാഹചര്യം. പ്രശ്‌നങ്ങളുള്ളിടത്ത് ബാന്‍ഡേജ് ഒട്ടിക്കുകയെന്നത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാഹചര്യം നിലവിലുള്ള സംവിധാനങ്ങളുടെ ഒരു ശുദ്ധീകരണപ്രക്രിയയാണ് ഞാന്‍ കാണുന്നതെങ്കിലും അടുത്ത രണ്ട്, മൂന്ന് വര്‍ഷം കൊണ്ട് വിപണിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പില്ല.

ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇത് അനിശ്ചിതത്വം നിറഞ്ഞ സമയമാണ്. ഈ സാഹചര്യത്തില്‍ ഓഹരികളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അഞ്ച് വര്‍ഷം മുന്നില്‍ക്കണ്ട് ആസൂത്രണം ചെയ്യണം. ഈ അഞ്ചു വര്‍ഷ കാലഘട്ടത്തിനിടയില്‍ രണ്ട് നല്ല വര്‍ഷങ്ങളുണ്ടായേക്കാം, ഒരു മോശം വര്‍ഷമുണ്ടായേക്കാം, രണ്ട് ശരാശരി വര്‍ഷങ്ങളുമുണ്ടായേക്കാം. ഓഹരിയുടെ വാല്യുവേഷന്‍, വിപണിയുടെ ഗതി എന്നിവ വിലയിരുത്തിയാണ് വില്‍ക്കേണ്ടത്. ചിലപ്പോഴിത് ഈ അഞ്ചുവര്‍ഷ കാലഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായാല്‍ അത് നല്ലതാണ്. അങ്ങനെയെങ്കില്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കാന്‍ തുടങ്ങാം. അത്യാഗ്രഹിയായി കാര്യങ്ങള്‍ കൈവിട്ടുകളയാതിരിക്കുക.

ഓരോ നിക്ഷേപ സാധ്യതകളെയും വിലയിരുത്താം

ബാങ്ക് നിക്ഷേപം

ടേം അല്ലെങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റെന്ന് എടുത്ത് പറയുന്നില്ല. ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനെ മൊത്തത്തിലാണ് ഇവിടെ പറയുന്നത്. ഇതില്‍ നമ്മുടെ ലിക്വിഡ് കാഷ്, ഒരിടത്തും നിക്ഷേപിക്കാത്ത പണം, നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം, അത്യാവശ്യത്തിനായി മാറ്റിവെച്ച പണം എന്നിവയൊക്കെയുണ്ടാകും. ഈ പണം ബാങ്കിന്റെ നിലവാരത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ സൗകര്യത്തിനായി നാം ഏതെങ്കിലുമൊരു ബാങ്കിലായിരിക്കും നിക്ഷേപിച്ചിട്ടുണ്ടാവുക.

നന്നായി മാനേജ് ചെയ്യുന്ന സ്വകാര്യബാങ്കിലോ പൊതുമേഖലാ ബാങ്കിലോ ഉറച്ചുനില്‍ക്കാനാണ് ഞാന്‍ താല്‍പ്പര്യപ്പെടുന്നത്. ഇതുവഴി അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു, ഒരു സഹകരണ ബാങ്ക് പോലും 'പരാജയപ്പെടാന്‍ അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഉറപ്പുനല്‍കുന്നുണ്ടെങ്കില്‍പ്പോലും. നമ്മുടെ പണം ദീര്‍ഘകാലത്തേക്ക് നമുക്ക് തൊടാന്‍ പറ്റാത്ത അവസ്ഥ നാം മുന്‍കാലങ്ങളില്‍ കണ്ടിട്ടുള്ളതാണ്. സഹകരണ ബാങ്കുകളിലും ചെറിയ ചെറിയ സ്വകാര്യ ബാങ്കുകളിലും അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഒരു പൊതുമേഖലാസ്ഥാപനത്തിലോ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ ബാങ്കുകളിലോ ഇത് സംഭവിക്കില്ല.

മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഫിക്‌സ്ഡ് ഇന്‍കം

2019 വലിയൊരു പാഠമാണ് തന്നത്. മ്യൂച്വല്‍ ഫണ്ടിലെ ലിക്വിഡ് മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലും ഫിക്‌സ്ഡ് മച്വരിറ്റി പ്ലാനുകളിലും മൂലധനത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെടാമെന്ന അപകടസാധ്യതയുണ്ടെന്ന് നാം 2008ല്‍ മനസിലാക്കിയതാണ്. പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ റെഗുലേറ്റര്‍ ശ്രമിക്കുന്നുവെങ്കിലും പുതിയൊരു പ്രശ്‌നം ഉടലെടുത്തിരിക്കുന്നു. ഇത്തവണ പ്രമോട്ടര്‍ ഫണ്ടിംഗ് ലോണുകളും റിയല്‍ എസ്‌റ്റേറ്റ് ലോണുകളും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് പദ്ധതികളെ നശിപ്പിക്കുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍ നിര്‍ദ്ദിഷ്ട പ്രതീക്ഷകളോടെ നല്‍കിയിട്ടുള്ള നിക്ഷേപകരുടെ പണം കരുതലോടെ സൂക്ഷിക്കുക എന്നതിലുപരി 'ഡീല്‍-മേക്കേഴ്‌സ്' ആയിക്കഴിഞ്ഞു. ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത് വലിയ ലിക്വിഡ് സ്‌കീമുകളില്‍ നാം ഉറച്ചുനില്‍ക്കുകയെന്നതാണ്. വലുപ്പത്തിന് ഇവിടെ സ്ഥാനമുണ്ട്.

നേരിട്ടുള്ള ഓഹരി നിക്ഷേപം

എല്ലാക്കാര്യത്തിലും ബാധകമായ പാഠം തന്നെയാണ് ഇവിടെയുള്ളത്. നിലവാരത്തില്‍ സുരക്ഷിതത്വമുണ്ടാകും. ഉന്നതനിലവാരമുള്ള ഓഹരി ആവേശകരമായ നേട്ടമൊന്നും വാഗ്ദാനം ചെയ്യില്ല, പക്ഷെ നമുക്ക് സമാധാനമായി ഉറങ്ങാന്‍ സാധിക്കും. 2008ലെ പോലൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. മിഡ്ക്യാപ്പുകളിലുണ്ടായ അമിതാവേശവും പിന്‍വാങ്ങലും മാത്രമേ നാം ഇപ്പോള്‍ കണ്ടിട്ടുള്ളു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഓഹരികള്‍ ശ്രദ്ധിക്കുക. കുറഞ്ഞ വില നോക്കി വാങ്ങാതെ മൂല്യമുള്ളവ വാങ്ങുക. ക്ഷമ വളരെ ആവശ്യമാണ്.

പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളുമൊക്കെ ഡിമാന്‍ഡിലും സര്‍ക്കാര്‍ നയങ്ങളിലുമുള്ള ആത്മവിശ്വാസത്തിന്റെ ഫലമായി ഉണ്ടാകേണ്ടതാണ്. ഇത് ഒറ്റരാത്രി കൊണ്ട് സംഭവിക്കില്ല. ഇതിന് സമയമെടുക്കും.

എന്നിരുന്നാലും മിസ്റ്റര്‍ മാര്‍ക്കറ്റ്, എല്ലാ തികഞ്ഞ സമയത്തിനായി കാത്തിരിക്കില്ല. ഫലത്തെക്കുറിച്ചുള്ള ആത്മവിശ്വാസം ലഭിച്ചാല്‍ പ്രതീക്ഷകൊണ്ട് വിപണി ഉയരും. തീര്‍ച്ചയായും നമ്മുടെ കണ്ണും കാതും തുറന്നുവെക്കുക.

ലേഖകന്‍: ആര്‍ ബാലകൃഷ്ണന്‍ കടപ്പാട്: www.moneylife.in

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it