വാറന്‍ ബഫറ്റിന്റെ പിന്‍ഗാമി ഇന്ത്യക്കാരനാകുമോ? 

ശതകോടീശ്വരനായ വാറന്‍ ബഫറ്റിന്റെ പിന്‍ഗാമിയാകാന്‍ ഒരു ഇന്ത്യക്കാരന് ഭാഗ്യമുണ്ടാകുമോ? അടുത്തിടെ വാറന്‍ ബഫറ്റ് നല്‍കിയ സൂചനകള്‍ യാഥാര്‍ത്ഥ്യമായാല്‍, കോടികളുടെ വിറ്റുവരവുള്ള ബെര്‍ക് ഷെയര്‍ ഹതാവേ സാമ്രാജ്യത്തിന്റെ നേതൃ പദവിയില്‍ ഒരിന്ത്യക്കാരന്‍ എത്തിയേക്കാം.

ലോകത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായ വാറന്‍ ബഫറ്റ് കമ്പനിയുടെ ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തിലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. അടുത്തിടെ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് അദ്ദേഹം തെരഞ്ഞെടുത്ത ഇന്ത്യക്കാരനായ അജിത് ജെയ്ന്‍ (67), ഗ്രിഗറി ആബേല്‍ (57) എന്നിവരില്‍ ആരെങ്കിലുമാകാം എന്ന സൂചനയാണ് 88 കാരനായ വാറന്‍ ബഫറ്റ് നല്‍കിയത്.

അദ്ദേഹത്തിന്റെ ബിസിനസ് പാര്‍ട്ണറായ ചാര്‍ലി മംഗറുടെ സാന്നിധ്യത്തിലായിരുന്നു വാറന്‍ ബഫറ്റിന്റെ പ്രഖ്യാപനം. മാത്രമല്ല, ഇവരെ പോലെ മിടുക്കരായ ഓപറേറ്റിംഗ് മാനേജര്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു വെച്ചു. മാത്രമല്ല, വര്‍ഷങ്ങളായുള്ള പതിവിന് വിപരീതമായി ഓഹരിയുടമകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അജിത് ജെയ്‌ന് അവസരം നല്‍കി.

1986 ല്‍ കമ്പനിയില്‍ പ്രവേശിച്ച ജെയ്ന്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ് ഡിവിഷന് നേതൃത്വം നല്‍കുകയാണിപ്പോള്‍. അതേസമയം 1992 ല്‍ സ്ഥാപനത്തിലെത്തിയ ആബേല്‍ കമ്പനിയുടെ എനര്‍ജി ഡിവിഷന് നേതൃത്വം നല്‍കി വരുന്നു.

2166 കോടി ഡോളര്‍ അറ്റാദായമാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. ഓഹരിയുടമകളുടെ യോഗത്തിലെത്തിയ വാറന്‍ ബഫറ്റ് കമ്പനി റിസള്‍ട്ട് പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഏതൊക്കെ ഓഹരികളില്‍ നിക്ഷേപം നടത്തണമെന്നും ഏതൊക്കെ നിക്ഷേപങ്ങളില്‍ നിന്ന് ഒഴിയണമെന്നുമടക്കമുള്ള കാര്യങ്ങളില്‍ ഓഹരിയുടമകളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തു.

അടുത്തിടെയാണ്, ചരിത്രത്തിലാദ്യമായി ബെര്‍ക് ഷെയര്‍ ഹതാവേ ടെക്‌നോളജി കമ്പനിയായ ആമസോണില്‍ നിക്ഷേപം നടത്തിയത്. ഇതിനു പുറമേ 4000 കോടി ഡോളറിന്റെ നിക്ഷേപം ആപ്പിളിലും നടത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it