ഇപ്പോള്‍ എന്തുകൊണ്ട് എസ്‌ഐപിയില്‍ നിക്ഷേപിക്കണം?

വിലക്കുറവെന്ന് കേട്ടാല്‍ അവിടേക്ക് എല്ലാം മറന്ന് ഓടിയെത്തുന്നവരാണ് നമ്മള്‍. ഇ കോമേഴ്‌സ് സൈറ്റുകളിലാവട്ടെ, മാളുകളിലാവട്ടെ ഓഫര്‍ സെയ്‌ലുകള്‍ക്ക് എന്നും മികച്ച പ്രതികരണമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ വിലയിടിവ് ഓഹരി വിപണിയിലായാലോ? 10-15 ശതമാനം ഇടിവ് ഉണ്ടാകുമ്പോഴേക്കും ആളുകള്‍ വിപണിയില്‍ നിന്ന് പിന്തിരിയും. എന്നാല്‍ ഇത് ഓഹരി വിപണിയിലെ ഓഫര്‍ പീരിയഡ് ആണെന്ന് മനസിലാക്കുന്നവര്‍ ചുരുക്കം മാത്രം. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരമായാണ് ഓഹരി വിപണിയിലെ ബുദ്ധിശാലികള്‍ ഇതിനെ കാണുന്നത്.

അപ്രവചനീയമായ ഓഹരി വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഹരികള്‍ വാങ്ങാനും കൂടിയ നിരക്കില്‍ വില്‍ക്കാനും എപ്പോഴും സാധ്യമായിരിക്കണമെന്നില്ല. വിപണിയില്‍ തുടരുക എന്നതു മാത്രമാണ് വ്യതിയാനങ്ങളെ ഒരു പരിധി വരെ നേരിടാനുള്ള വഴി. ചാഞ്ചാട്ടങ്ങളില്‍ തളരാതെ വിപണിയില്‍ തുടരാനുള്ള സുരക്ഷിതമായ ഒരു മാര്‍ഗം എസ്‌ഐപികളാണ്.

നിക്ഷേപത്തിന് വളരാനുള്ള സമയം നല്‍കി ക്ഷമയോടെ കാത്തിരിക്കുകയാണ് വിപണി തളരുമ്പോള്‍ ചെയ്യാനുള്ളത്. നിലവിലുള്ള നിക്ഷേപം തുടരുന്നതിനൊപ്പം പുതിയ എസ്‌ഐപികള്‍ തുടങ്ങുകയും ചെയ്യാം.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമായി മാറിയിരിക്കുകയാണ് എസ്‌ഐപികള്‍. ബാങ്കില്‍ നിക്ഷേപിക്കുന്നതു പോലെ അത്ര എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന ഒന്നല്ല എസ്‌ഐപി. എപ്പോള്‍ തുടങ്ങണം?, എത്ര തുക നിക്ഷേപിക്കണം?, എപ്പോള്‍ പുറത്തു കടക്കണം? തുടങ്ങി നിരവധി കാര്യങ്ങള്‍ എസ്‌ഐപിയെ സംബന്ധിച്ച് പ്രധാനമാണ്. ഒരു നിശ്ചിത തുക ആഴ്ച- മാസ-വര്‍ഷ തവണകളായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് ഓര്‍ത്തു വെക്കേണ്ട കാര്യങ്ങളിതാ...

1. ലക്ഷ്യം തിരിച്ചറിയുക

എന്തെങ്കിലും ലക്ഷ്യ സാക്ഷാല്‍കാരത്തിനായാണ് പലരും നിക്ഷേപം തുടങ്ങാറുള്ളത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് ബോധവാനാവുക എന്നതാണ് എസ്‌ഐപി തുടങ്ങുമ്പോഴും ചെയ്യേണ്ടത്. എന്തിന് താന്‍ നിക്ഷേപം നടത്തണം? എത്രത്തോളം നഷ്ടം സഹിക്കാന്‍ തനിക്ക് കഴിയും? ഫണ്ടില്‍ എത്ര കാലം നിക്ഷേപം നടത്താനാവും തുടങ്ങിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

സാമ്പത്തിക ലക്ഷ്യങ്ങളെ ഹ്രസ്വകാലത്തേക്കുള്ളതും ദീര്‍ഘകാലത്തേക്കുള്ളതുമെന്ന് തരംതിരിക്കുക. എത്രമാത്രം റിസ്‌ക് നിങ്ങള്‍ക്കെടുക്കാനാകുമെന്ന് തീരുമാനിക്കുക. ഇത്രയുമായാല്‍ ഏത് ഫണ്ട് വേണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാനാകും.

2. ഫണ്ടില്‍ നിന്നുള്ള വരുമാനം

ഫണ്ട് തെരഞ്ഞെടുക്കുന്നതില്‍ പ്രധാന ഘടകമാണ് ആ ഫണ്ടിന്റെ മുന്‍കാല പ്രകടനം വിലയിരുത്തുക എന്നുള്ളത്. വിപണി നേട്ടമുണ്ടാക്കുമ്പോള്‍ ഉയര്‍ന്ന നേട്ടം തരുന്നത് മാത്രമല്ല, വിപണി തകരുമ്പോള്‍ നഷ്ടം നിയന്ത്രിതമാക്കുന്ന ഫണ്ടുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. എന്നിരുന്നാലും ഫണ്ടിന്റെ പ്രകടനം ഭാവിയിലും അതേ പോലെ തുടരണമെന്നോ മുന്‍കാല പ്രകടനം ഭാവിയിലും ഉണ്ടാകുമെന്നോ ഉറപ്പിക്കാനാകില്ല.

3. എക്‌സ്‌പെന്‍സ് റേഷ്യോ

ഫണ്ടുകള്‍ക്കായി നല്‍കേണ്ട വാര്‍ഷിക ചാര്‍ജ് എത്രയെന്ന് അറിഞ്ഞിരിക്കണം. എക്‌സ്‌പെന്‍സ് റേഷ്യോ കൂടിയ ഫണ്ടുകളില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള നേട്ടമേ ലഭിക്കുകയുള്ളൂ. ഫണ്ടില്‍ നിന്നുള്ള വരുമാനം പത്ത് ശതമാനമാണെന്നും എക്‌സ്‌പെന്‍സ് റേഷ്യോ 1.5 ശതമാനമാണെന്നും കരുതുക. ഫലത്തില്‍ ലഭിക്കുന്ന നേട്ടം 8.5 ശതമാനം മാത്രമായിരിക്കും. കുറഞ്ഞ എക്‌സ്‌പെന്‍സ് റേഷ്യോയും കൂടുതല്‍ റിട്ടേണ്‍ നല്‍കാന്‍ പ്രാപ്തിയുള്ളതുമായ ഫണ്ട് തെരഞ്ഞെടുക്കണം.

4. ഫണ്ടിന്റെ വലിപ്പം

ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപകരില്‍ നിന്നുള്ള തുക വിവിധ മേഖലകളിലായാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിച്ചിരിക്കുന്ന ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഫണ്ടിന്റെയും മൂല്യം കണക്കാക്കുന്നത്. ഏറ്റവും കൂടിയ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (AUM) ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് സുരക്ഷിതം. കുറഞ്ഞത് 500 കോടി രൂപയുടെ അഡങ ഉള്ള കമ്പനികളെയാവണം തെരഞ്ഞെടുക്കേണ്ടത്.

5. ഫണ്ടിന്റെ ചരിത്രം അറിഞ്ഞിരിക്കുക

നാലോ അഞ്ചോ അതില്‍ കൂടുതലോ വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള മികച്ച ഫണ്ട് ഹൗസുകളില്‍ നിന്നു വേണം എസ്‌ഐപി തെരഞ്ഞെടുക്കാന്‍. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുരൂപമായ എസ്‌ഐപി തന്നെയാണ് അതെന്ന് ഉറപ്പാക്കുകയും വേണം. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് എസ്‌ഐപിയില്‍ നിക്ഷേപിക്കുന്ന തുകയിലും വര്‍ധന വരുത്താം.

മിക്ക എസ്‌ഐപികളും, വിപണി തളര്‍ച്ച നേരിടുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിനായുള്ള അലേര്‍ട്ട് നിക്ഷേപകന് നല്‍കാറുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it