ഹൃദയാഘാതം കുറഞ്ഞു, ഗര്‍ഭധാരണം കൂടി: കോവിഡ് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഡോ.ഹഫീസ് റഹ്മാന്‍ എഴുതുന്നു

കോവിഡ് കാലത്തെ തന്റെ രസകരമായ ചില നിരീക്ഷണങ്ങള്‍ സണ്‍റൈസ് ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാന്‍ ഡോ.ഹഫീസ് റഹ്മാന്‍ പങ്കുവെക്കുന്നു

-Ad-

കോവിഡ് എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. ആളുകളുടെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടായി. രോഗങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മനസിന് സന്തോഷം തരുന്ന ചില കാര്യങ്ങളും ഈ കോവിഡ് കാലഘട്ടത്തിലുണ്ടായി. അതിലൊന്ന് ചില രോഗങ്ങള്‍ വളരെ കുറഞ്ഞുവെന്നതാണ്. എന്നാല്‍ ആശങ്കയുണര്‍ത്തുന്ന കാര്യങ്ങളുമുണ്ട്.കോവിഡ് കാലത്തെ രസകരമായ ചില നിരീക്ഷണങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

$ കോവിഡ് വ്യാപിക്കുന്നതുകൊണ്ട് ആളുകള്‍ യാത്ര വളരെ കുറച്ചിരിക്കുകയാണല്ലോ. സ്വാഭാവികമായി വായുമലീനികരണവും നല്ല രീതിയില്‍ കുറഞ്ഞു. ഇത് ചില രോഗങ്ങള്‍ വളരെ കുറയാന്‍ വഴിയൊരുക്കി. ഉദാഹരണത്തിന് ഞങ്ങളുടെ കാഷ്വാലിറ്റിയില്‍ ദിവസം ശരാശരി 30ഓളം കുട്ടികള്‍ നെബുലൈസേഷന് വരാറുണ്ടായിരുന്നു. അതിപ്പോള്‍ അഞ്ച് ആയി ചുരുങ്ങി. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. വീടുകളില്‍ തന്നെയായതിനാല്‍ പൊടി കുറവാണ്. മറ്റ് കുട്ടികളില്‍ നിന്ന് അസുഖങ്ങള്‍ പകര്‍ന്ന് കിട്ടുന്നുമില്ല. ഇത് കുട്ടികളില്‍ രോഗങ്ങള്‍ കുറച്ചിട്ടുണ്ട്.

$ കാര്‍ഡിയാക് കേസുകളുടെ എണ്ണം വളരെ കുറഞ്ഞതാണ് ഏറെ അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുത. ഹൃദയാഘാതത്തിന്റെ നിരക്ക് കുറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന രോഗികളുടെ എണ്ണം വളരെ കുറഞ്ഞു. ആളുകള്‍ വീട്ടിലിരിക്കുന്നതുകൊണ്ടും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നതുകൊണ്ടും മാനസികസമ്മര്‍ദ്ദം കുറഞ്ഞിട്ടുണ്ടാകണം. കാര്‍ഡിയാക് കേസുകളുടെ എണ്ണം കുറഞ്ഞത് എന്തുകൊണ്ടാണെന്നതിന്റെ കൃത്യമായ കാരണം ആര്‍ക്കുമറിയില്ല. ഇതിനക്കുറിച്ച് ഫ്രാന്‍സ് അടക്കം പല രാജ്യങ്ങളിലും പഠനം നടക്കുന്നുണ്ട്. ശ്രീചിത്തിരയിലും പഠനം നടത്തുന്നുണ്ട്.

-Ad-

$ ഇപ്പോള്‍ ഗര്‍ഭധാരണനിരക്ക് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഏറെ കൂടിയതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പലരുടെയും ആഗ്രഹിക്കാത്ത ഗര്‍ഭധാരണമായതിനാല്‍ അബോര്‍ഷനായി വരുന്നവരുടെ എണ്ണവും വലിയ തോതില്‍ കൂടി.

$ വന്ധ്യത കുറഞ്ഞതാണ് ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ഏറെ സന്തോഷം തോന്നുന്ന കാര്യം. ഏറെ വര്‍ഷങ്ങളായി കുട്ടികളില്ലാതിരുന്ന പലരും ഇക്കാലയളവില്‍ ഗര്‍ഭം ധരിച്ചു. മാനസികസമ്മര്‍ദ്ദം കുറഞ്ഞതും ലോക്ഡൗണ്‍ വന്നതോടെ ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിഞ്ഞതുമാണ് ഇതിന് പ്രധാന കാരണം.

$ ‘മാളുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ പോകാം, എന്നാല്‍ ആശുപത്രിയില്‍ പോകരുത്. കോവിഡ് പകരും.’ എന്നാണ് കൂടുതല്‍പ്പേരും വിശ്വസിക്കുന്നത്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ പോകുന്നതിനെക്കാള്‍ സുരക്ഷിതമായ ഇടങ്ങളാണ് ആശുപത്രികള്‍. എല്ലാ വലിയ ആശുപത്രികളും തന്നെ അങ്ങേയറ്റത്തെ സുരക്ഷാമാനദണ്ഡങ്ങളാണ് പാലിക്കുന്നത്. കോവിഡ് ടെസ്റ്റ് നടത്തിയിട്ടാണ് രോഗിയെയും കൂട്ടിരുപ്പുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുതന്നെ. ഒപിയില്‍ മാത്രമേ കോവിഡ് ടെസ്റ്റ് നടത്താത്തതായിട്ടുള്ളു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നതിന്റെ ശതമാനം വളരെ കുറവാണെന്ന് പരിശോധിച്ചാല്‍ മനസിലാകും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതുകൊണ്ടാണിത്. എന്നാല്‍ ചെറിയ ആശുപത്രികളെ സംബന്ധിച്ചടത്തോളം അവയുടെ പ്രവര്‍ത്തനച്ചെലവ് വളരെ വര്‍ദ്ധിച്ചിരിക്കുന്നതുകൊണ്ട് ഈ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

$ ചില രോഗങ്ങളെയും രോഗസൂചനകളെയും അവഗണിക്കുന്നതാണ് എനിക്ക് ഇതില്‍ അപകടകരമായി തോന്നിയ ഒരു കാര്യം. ഉദാഹരണത്തിന് നിരവധി പ്രമേഹരോഗികള്‍ സ്ഥിരമായി നടത്തുന്ന ചെക്കപ്പുകള്‍ ചെയ്യാതെയും വേണ്ട മുന്‍കരുതലുകളെടുക്കാതെയും ശ്രദ്ധിക്കാതിരുന്നതുകൊണ്ട് പ്രമേഹം കൂടി ഡയബറ്റിക് കീറ്റോഅസിഡോസ് എന്ന ഗുരുതരമായ അവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടി.

$ വര്‍ഷം തോറും നടത്തിയിരുന്ന മെഡിക്കല്‍ ചെക്കപ്പുകളും ഇപ്പോള്‍ ആരും ചെയ്യുന്നില്ല. എന്നാല്‍ വലിയ രോഗങ്ങളായിത്തീരാവുന്ന ചില സൂചനകളെ അവഗണിച്ച് ഡോക്ടറെ കാണാതിരിക്കുന്നത് അപടകരമായ അവസ്ഥയ്ക്ക് വഴിതെളിച്ചേക്കാം എന്നതാണ് ഇതിന്റെ ഒരു മറുവശം. പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാതിരിക്കുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here