അര്‍ബുദം തടയാന്‍ ഗോമൂത്രം? ഗവേഷണ നീക്കത്തിനെതിരെ അഞ്ഞൂറ് ശാസ്ത്രജ്ഞര്‍

കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്‍പ്പെടെ ഗോമൂത്രം, ചാണകം, പാല്‍ എന്നിവ ഫലപ്രദമാണെന്നു തെളിയിച്ചുകൊണ്ട് തദ്ദേശീയ പശുക്കളുടെ 'അതുല്യത' സാക്ഷ്യപ്പെടുത്താനുള്ള ഗവേഷണ നീക്കം റദ്ദാക്കണമെന്ന് അഞ്ഞൂറിലധികം ശാസ്ത്രജ്ഞര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഗവേഷണങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് അശാസ്ത്രീയ നടപടികളിലൂടെ പൊതുജനങ്ങളില്‍ അന്ധവിശ്വാസം വളര്‍ത്താനുള്ള നീക്കമാണു നടക്കുന്നതെന്ന് ഓണ്‍ലൈന്‍ കത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

വസ്തുനിഷ്ഠമായ ശാസ്ത്രീയ അന്വേഷണത്തിലൂടെയല്ല പശുക്കളെ വിശുദ്ധീകരിക്കാനുള്ള ശ്രമം നടക്കുന്നത്. മറിച്ച് 'നിലവിലുള്ള വിശ്വാസങ്ങളെ സ്ഥിരീകരിക്കാന്‍ ലക്ഷ്യമിട്ടാണ്'-കത്ത് തയ്യാറാക്കാന്‍ സഹകരിച്ച ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ റീഡര്‍ അനികേത് സുലെ പറഞ്ഞു. 'ഇതിനായി പണം എറിയുന്നതിനുമുമ്പ് ഈ ഗവേഷണം തുടരുന്നതിന് എന്തെങ്കിലും യോഗ്യതയുണ്ടെന്ന് തെളിയിക്കണം,' സുലെ ആവശ്യപ്പെട്ടു.

ഗവേഷണ പ്രോജക്ടുകള്‍ സ്തംഭിക്കുകയും യുവ ഗവേഷകര്‍ക്ക് അവരുടെ പ്രതിമാസ സ്‌റ്റൈപ്പന്റ് കൃത്യസമയത്ത് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ആരും കാണുന്നില്ല.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനം ഉപയോഗിക്കാന്‍ രാജ്യമെമ്പാടുമുള്ള ശാസ്ത്രജ്ഞരോട് അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഗോമൂത്രം കുടിച്ചാല്‍ ക്യാന്‍സര്‍ മാറുമെന്നും തന്റെ സ്തനാര്‍ബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്നും ബിപി കുറയാന്‍ പശുവിനെ തടവിയാല്‍ മതിയെന്നുമൊക്കെയുള്ള നീരീക്ഷണങ്ങള്‍ മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍ നടത്തിയിരുന്നു. രാജ്യത്ത് പല മരുന്നുകള്‍ ഉണ്ടാക്കുന്നതിനും ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കു പോലും ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പറഞ്ഞിരുന്നു. മരുന്നുകള്‍ ഉണ്ടാക്കുന്നതിനായി നാട്ടിലുള്ള വിവിധയിനം പശുക്കളുടെ മൂത്രം പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്നും ആയുഷ് മന്ത്രാലയം ഇതിനായി ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചൗബേ ചൂണ്ടിക്കാട്ടിയിരുന്നു.

ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, സോവ റിഗ്പ, ഹോമിയോപ്പതി, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ വലിയ ധനസഹായ പദ്ധതികളോടെയാണ് ഗവേഷണ നിര്‍ദേശങ്ങള്‍ക്കായുള്ള ആഹ്വാനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഫെബ്രുവരി 14 ന് പുറത്തിറക്കിയത്. അര്‍ബുദ, പ്രമേഹ മരുന്നുകള്‍ വികസിപ്പിക്കാനും കീടനാശിനികള്‍, ഷാംപൂ, ഹെയര്‍ ഓയില്‍, ഫ്‌ളോര്‍ ക്ലീനര്‍ തുടങ്ങിയവ നിര്‍മ്മിക്കാനും മറ്റും ലക്ഷ്യമാക്കിയുള്ള ഗവേഷണമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. പക്ഷേ, പദ്ധതി പ്രഥമദൃഷ്ട്യാ അശാസ്ത്രീയമാണെന്നും മതഗ്രന്ഥങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ സാങ്കല്‍പ്പിക ഗുണങ്ങള്‍ 'അന്വേഷിക്കാന്‍' ഖജനാവിലെ പണം പാഴാക്കരുതെന്നും ശാസ്ത്രലോകം പറഞ്ഞു.

'ഇതൊരു തുറന്ന ഗവേഷണമാണെങ്കില്‍, എന്തുകൊണ്ട് പശുക്കളില്‍ മാത്രം കേന്ദ്രീകരിക്കണം? എന്തുകൊണ്ട് ഒട്ടകം, ആട് തുടങ്ങിയ ജീവികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല?'- കൊല്‍ക്കത്ത സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അയാന്‍ ബാനര്‍ജി പറഞ്ഞു. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്ന പ്രകാരം പശുവിന്‍ പാല്‍, തൈര്, നെയ്യ്, ചാണകം, മൂത്രം എന്നിവയുടെ കൂട്ടായ്മയായ 'പഞ്ചഗവ്യ' ത്തെ ശാസ്ത്രീയമായി സാധൂകരിക്കുന്നതിനുള്ള ഗവേഷണ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ 2017 ല്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

പുതിയ ഗവേഷണത്തിന് ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തിരുന്നുവെങ്കിലും പഠനത്തില്‍ നിന്ന് ഇവര്‍ പിന്‍മാറി. ഗോമൂത്രത്തില്‍ ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇല്ലെന്നും പഠനത്തില്‍ കഴമ്പില്ലെന്നും ശാസ്ത്രകാരന്മാര്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടും ഗോമൂത്രത്തെപ്പറ്റിയുള്ള സൂചനകള്‍ എവിടെയും കണ്ടിട്ടില്ലെന്നതിനാല്‍ തന്നെ ഈ പഠനം നടത്തുക വഴി ശാസ്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് കരുതുന്നതായാണ് ശാസ്ത്രകാരന്മാര്‍ അറിയിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it