സംരംഭകര്‍ക്ക് ആരോഗ്യം കാക്കാന്‍ 8 വഴികള്‍

സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് സംരംഭകര്‍. എന്നാല്‍ ബിസിനസിലെ വിജയം മാത്രം ഹരമായി കൊണ്ടുനടക്കുമ്പോള്‍ ജീവിതത്തിലെ മറ്റു പല കാര്യങ്ങള്‍ക്കും ശ്രദ്ധകൊടുക്കാന്‍ പലരും മറന്നു പോകുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യമാണ് പലപ്പോഴും അവഗണിക്കപ്പെടുക.
പക്ഷെ ഒന്നു മനസിലാക്കുക, ആരോഗ്യകരമായ ജീവിതം നിങ്ങളെ സന്തോഷവാന്മാരാക്കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുകയും മാത്രമല്ല നിങ്ങളെ കൂടുതല്‍ പ്രോഡക്ടീവ് ആക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.
അപ്പോള്‍ തിരക്കുള്ള ബിസിനസുകാര്‍ക്ക് അത്യാവശ്യം ചില ആരോഗ്യ ചിന്തകളൊക്കെ വേണമെന്ന് സാരം. തിരക്കിട്ട ജീവിതത്തിലും ബിസിനസുകാര്‍ക്ക് ആരോഗ്യകരമായ മനസ് നിലനിര്‍ത്താന്‍ ചില വഴികള്‍:

1. അല്‍പ്പനേരം നന്നായി ശ്വസിക്കാം

എല്ലാ ദിവസവും എല്ലാ നേരവും നമ്മള്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെങ്ങനെ ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ മാനസിക സൗഖ്യം. കുറച്ചു നേരം മനസു നിറയും വിധത്തില്‍ ആഴത്തില്‍ ശ്വാസമെടുക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മള്‍ വളരെ സമ്മര്‍ദത്തിലായിരിക്കുമ്പോഴും ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും വളരെ ലഘുവായ ശ്വാസമാണ് എടുക്കുന്നത്. ഇത് നിങ്ങള്‍ക്ക് വേണ്ട ഓക്‌സിജന്‍ തരുമെന്നു മാത്രം. അതേസമയം വയറു നിറയും വിധത്തില്‍ ദീര്‍ഘശ്വാസം എടുക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം മന്ദഗതിയിലാവുകയും രക്തസമ്മര്‍ദം സ്ഥിരത പ്രാപിക്കുകയും ചെയ്യും. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും.

2. മുടങ്ങാതെ വ്യായാമം

ബിസിനസ് നടത്തുന്നത് ഒരു സ്പിരിച്ച്വലും ഇമോഷണലുമായ വര്‍ക്കൗട്ടാണ് എന്നാണ് പറയാറുള്ളത്. എന്നാല്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ട ശാരീരികമായ ഒരു എക്‌സര്‍സൈസ് ഇതില്‍ ലഭിക്കില്ല. ഓരോ ആഴ്ചയിലും ഒരാള്‍ 150 മിനിറ്റ് എക്‌സര്‍സൈസ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒറ്റത്തവണ ഇത്രയും നേരം എക്‌സര്‍സൈസ് ചെയ്യുക പലപ്പോഴും പ്രായോഗികമായിരിക്കില്ല. അപ്പോള്‍ 10-20 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷനുകളായി ഇതിനെ മാറ്റാം. ആദ്യദിവസം പട്ടിക്കുട്ടിക്കൊപ്പം നടത്തം ആകാം. അടുത്ത ദിവസം മറ്റെന്തെങ്കിലും. അങ്ങനെ ഒരാഴ്ച ഈ പറഞ്ഞത്രയും സമയം എക്‌സര്‍സൈസ് ചെയ്‌തെന്ന് ഉറപ്പാക്കുക.

3. ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ

ആരോഗ്യകരമായ, ന്യൂട്രീഷ്യസായ ഭക്ഷണം രുചികരമായിരിക്കണമെന്നില്ല. ഒരു ദിവസത്തെ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. സമയക്കുറവു മൂലം എന്തെങ്കിലും ഫാസ്റ്റ് ഫുഡില്‍ ഭക്ഷണം ഒതുക്കുന്നത് ഒഴിവാക്കി ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്ന ഹൈ ന്യൂട്രീഷ്യസ് ഭക്ഷണം തന്നെ കഴിക്കുക.

4. ആരോഗ്യത്തെ കാണണം, കസ്റ്റമറെ പോലെ

സ്വന്തമായി ബിസിനസ് നടത്തുമ്പോള്‍ പല സംരംഭകരും ആരോഗ്യത്തിനായി സമയം ചെലവഴിക്കില്ല. അത്തരം സംരംഭകര്‍ ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തെ ഒരു കസ്റ്റമറായി കാണുക എന്നതാണ്. നിങ്ങളുടെ മനസിനും ശരീരത്തിനും മനസിനും വേണ്ട പരിപാലനം നല്‍കാന്‍ കലണ്ടറില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക. കസ്റ്റമര്‍ക്ക് അപ്പോയന്റ്‌മെന്റ് കൊടുക്കും പോലെ പ്രാധാന്യം ഇതിനും കൊടുക്കുക.

5. സുഹൃത്തിനൊപ്പമൊരു കാപ്പി ആകാം

വീട്ടിലെ ഒരു മുറിയിലിരുന്നു തന്നെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കാന്‍ സാധിക്കുന്നവെന്നതിനാല്‍ പല ആളുകളും ഇന്ന് കമ്പനികള്‍ നടത്തുന്നത് ഒറ്റപ്പെട്ടിരുന്നാണ്. എന്നാല്‍ മറ്റുള്ളവരുമായി ഇടപഴകാനും ഇടയ്ക്ക് അവസരമൊരുക്കണം. സുഹൃത്തുമായൊരു കാപ്പി കുടിക്കാന്‍ സമയം കണ്ടെത്തിയാല്‍ അതിന് ഗുണങ്ങളെറെയെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങളുടെ ജോലിക്ക് ഊര്‍ജം പകരാന്‍ മറ്റൊരാളുമായി അല്‍പ്പസമയം ചെലവഴിക്കുന്നതിലൂടെ സാധിക്കും.

6. ഒന്നിറങ്ങൂ പുറത്തേക്ക്!

സ്വന്തം ബിസിനസാകുമ്പോള്‍ എല്ലാ ദിവസവും യാത്രചെയ്യേണ്ടി വരില്ല. നിങ്ങളുടെ സ്വന്തം നിയമങ്ങള്‍ക്കനുസരിച്ച് എവിടിരുന്നും വര്‍ക്ക് ചെയ്യാനാകുന്നു. എന്നാല്‍ ഫ്രഷല്ലാത്ത വായു അധിക നേരം ശ്വസിക്കേണ്ടി വരുന്നത് ഉല്‍പ്പാദനക്ഷമതയെ ബാധിക്കും. ഭക്ഷണം കഴിക്കാനായാണെങ്കിലും ഇടയ്‌ക്കൊന്ന് പുറത്തിറങ്ങുക. അല്ലെങ്കില്‍ രാവിലെ ജോലി തുടങ്ങും മുന്‍പ് കെട്ടിടത്തിനു പുറത്തൊന്നു ചുറ്റിക്കറങ്ങുക.

7. ഉറങ്ങൂ, മതിയാവോളം

ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങിയാല്‍ സമയം മുഴുവന്‍ തീര്‍ന്നെന്നു വിചാരിക്കുന്നയാളാണോ നിങ്ങള്‍? ഓഫീസില്‍ നേരത്തെ എത്താന്‍ എന്നും അലാം സമയം നേരത്തെ ആക്കി സെറ്റ് ചെയ്യാറുണ്ടോ? എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചോളു നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം കിട്ടുന്നില്ല. എല്ലാ ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങിയിരിക്കണം. മാത്രമല്ല ആ ഉറക്കം സുഖകരവുമായിരിക്കണം. അതായത് ഇടയ്ക്ക് ഫോണ്‍ എടുക്കാനോ മെസേജ് ചെക്ക് ചെയ്യാനോ ഒന്നും ശ്രമിക്കരുത്.

8. വേണം, സ്വന്തമായി അല്‍പ്പനേരം

സാധാരണ ഉദ്യോഗതലത്തിലുള്ളവരെ അപേക്ഷിച്ച് സംരംഭകര്‍ക്ക് മാനസിക സമ്മര്‍ദം കൂടുതലാണ്. അതുകൊണ്ട് ഈ സ്‌ട്രെസ് അതിജീവിക്കാന്‍ വേണ്ട വഴികള്‍ കൂടി സ്വന്തമായി കണ്ടെത്തണം. കൂട്ടുകാര്‍ക്കും ഫാമിലിക്കുമൊപ്പം ചെലവഴിക്കാന്‍ സമയം നീക്കി വയ്ക്കുന്നതു പോലെ സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടിയും അല്‍പ്പ സമയം മാറ്റിവയ്ക്കണം. യോഗ, കുക്കിംഗ് അങ്ങനെ പുതിയ ഹോബികള്‍ കണ്ടെത്താം. 'എന്റെ സമയം' എന്ന് കലണ്ടറില്‍ നോട്ട് ചെയ്തു വയ്ക്കുകയും അത് പിന്തുടരുകയും ചെയ്യുക.

Resya Raveendran
Resya Raveendran  

Assistant Editor

Related Articles

Next Story

Videos

Share it