അയര്‍ലണ്ടിലേക്കു കുടിയേറാന്‍ ഇന്ത്യാക്കാരുടെ പ്രവാഹം

അയര്‍ലണ്ടിലേക്കു കുടിയേറാന്‍ ഇന്ത്യാക്കാര്‍ തിക്കിത്തിരക്കുന്നതായി റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് പ്രാബല്യത്തിലാകുന്നതോടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഏറ്റവും ആകര്‍ഷകമായ കവാടമായി അയര്‍ലണ്ട് മാറുന്നതാണു കാരണം.

യു.കെ യ്ക്കും അയര്‍ലണ്ടിനും മാത്രം ഉപയോഗപ്പെടുത്താവുന്ന ഇപ്പോള്‍ നിലവിലുള്ള 'കോമണ്‍ ട്രാവല്‍ ഏരിയ കരാര്‍ ' പ്രകാരം ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലേക്കും തിരിച്ചും ഫ്രീ വിസയോടെ യാത്ര ചെയ്യാവുന്ന യൂറോപ്യന്‍ യൂണിയനിലെ ഏക രാജ്യമായി അയര്‍ലണ്ട് മാറുമെന്ന് ഐറിഷ് ഡയസ്‌പോറ ലോണ്‍ ഫണ്ടിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ആന്‍ഡ്രൂ പാരിഷ് പറഞ്ഞു. ഇംഗ്ളണ്ട് വിട്ട് പോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ഇംഗ്ലീഷ് മുഖ്യഭാഷയായ ഏക രാജ്യവും അയര്‍ലണ്ടാവും. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന കവാടമാകും അയര്‍ലണ്ട്.

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അയര്‍ലണ്ടിലും,ഐറിഷ് പൗരന്മാര്‍ക്ക് യു കെ യിലും പ്രത്യേക പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യാനുള്ള അവസരവും ഇപ്പോള്‍ നിലവിലുണ്ട്.
ജോലി തേടി അയര്‍ലണ്ടിലെത്തിയാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാം.ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഐറിഷ് പൗരത്വത്തിനായി കാത്തിരിക്കുന്നത്.'കോമണ്‍ ട്രാവല്‍ ഏരിയ കരാര്‍' പ്രകാരം ഐറിഷ് പൗരത്വം നേടിയെടുക്കുമ്പോള്‍, വ്യക്തികള്‍ക്ക് കൂടുതല്‍ വിസയോ വര്‍ക്ക് പെര്‍മിറ്റോ ആവശ്യമില്ലാതെ യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയും.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി. അതേസമയം, 2012 വരെ അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന ഇന്ത്യാക്കാരില്‍ എഴുപത് ശതമാനം വരെ മലയാളികള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ മലയാളികളുടെ എണ്ണം ഏകദേശം മുപ്പത് ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.ആരോഗ്യ മേഖലയില്‍ മാത്രമാണ് മലയാളി സമൂഹം കാര്യമായ സ്വാധീനം ചെലുത്തുന്നത്.

2012 ല്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി ഇന്ത്യാക്കാര്‍ അയര്‍ലണ്ടില്‍ ഇപ്പോഴുണ്ട്. 2018 ലെ കണക്കുകള്‍ അനുസരിച്ച് 56,596 ഇന്ത്യാക്കാരാണ് അയര്‍ലണ്ടില്‍ ഉള്ളത്.2019 ലെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ ഇത് 65,000 കവിയും. 2018 ല്‍ 629 ഇന്ത്യക്കാര്‍ക്ക് ഐറിഷ് പൗരത്വം ലഭിച്ചു.യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ (ഇഇഎ) ഉള്‍പ്പെടുന്ന പോളണ്ട്, റൊമാനിയ, യുകെ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനമാണിത്.

ഐ ടി അടക്കമുള്ള മറ്റു തൊഴില്‍ മേഖലകളിലേക്കും ,വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ഒഴുക്കാണ് അയര്‍ലണ്ടിലേക്ക് ഉണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ സ്വാധീനമാണ് ഇതിന് കാരണം. എന്നാല്‍, മലയാളികള്‍ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റുകളില്‍ മാത്രമേ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുള്ളൂ.

നഴ്‌സിംഗിനു പുറമെ പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍,ഐ ടി,ഹോസ്പിറ്റാലിറ്റി, മേഖലകളിലും അയര്‍ലണ്ട് വിദേശ ഉദ്യോഗാര്‍ത്ഥികളെ സ്വീകരിക്കുന്നുണ്ട്. എന്‍ജിനീയറിംഗ്,ഡയറി ഫാമിങ് വിസകളിലും കഴിഞ്ഞ വര്‍ഷം ഇളവ് വരുത്തിയതോടെ ഇന്ത്യയില്‍ നിന്നും ധാരാളം പേര്‍ ആ മേഖലകളിലേക്കും തൊഴില്‍ തേടിയെത്തുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it