എയര്‍ ഇന്ത്യ രാത്രികാല ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നിരക്ക് 1000 രൂപ മുതല്‍

നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ രാത്രി വൈകിയും അതിരാവിലെയുമുള്ള വിമാനസര്‍വീസിന് എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. കുറഞ്ഞ നിരക്കുകളാണ് ഇവയുടെ പ്രത്യേകത. പ്രധാന നഗരങ്ങളായ ബാംഗ്ലൂര്‍, ഡല്‍ഹി, അഹമ്മദാബാദ്, കോയമ്പത്തൂര്‍, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള നിരക്കുകള്‍ ആരംഭിക്കുന്നത് 1000 രൂപയിലാണ്.

ഇപ്പോള്‍ മൂന്ന് റൂട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍-അഹമ്മദാബാദ്- ബാംഗ്ലൂര്‍, ഡല്‍ഹി- കോയമ്പത്തൂര്‍- ഡല്‍ഹി, ഗോവ-ഡല്‍ഹി-ഗോവ എന്നിവയാണവ. 15 ദിവസം മുമ്പ് ബുക്ക് ചെയ്താല്‍ 1000 രൂപ മുതല്‍ ആകര്‍ഷകമായ നിരക്കുകളില്‍ യാത്ര ചെയ്യാനാകും.

ബാംഗ്ലൂരില്‍ നിന്നുള്ള എഐ 589 വിമാനം രാത്രി 12.30ക്ക് പുറപ്പെട്ട് പുലര്‍ച്ചെ 2.35ന് അഹമ്മദാബാദിലെത്തും. അഹമ്മദാബാദില്‍ നിന്ന് തിരിച്ച് ബാംഗ്ലൂരിലേക്കുള്ള ഫ്‌ളൈറ്റ് പുലര്‍ച്ചെ 3.05 പുറപ്പെട്ട് 5.25ന് എത്തും.

ഡല്‍ഹി-കോയമ്പത്തൂര്‍ ഫ്‌ളൈറ്റ് പുറപ്പെടുന്നത് രാത്രി ഒമ്പതേകാലിനാണ്. കോയമ്പത്തൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഫ്‌ളൈറ്റ് രാത്രി ഒരു മണിക്കും. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഫ്‌ളൈറ്റ് രാത്രി 10 മണിക്കാണ്. തിരിച്ച് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഫ്‌ളൈറ്റ് ഒരു മണിക്ക് പുറപ്പെടും.

വൈകിയുള്ള ഈ സര്‍വീസുകളെ അവയുടെ സമയത്തിന്റെ പ്രത്യേകത കൊണ്ട് റെഡ്-ഐ ഫ്‌ളെറ്റുകളെന്നാണ് വിളിക്കുന്നത്. ഇതുവഴി യാത്രക്കാര്‍ക്ക് നിരക്ക് കുറച്ച് യാത്ര ചെയ്യാനും നഗരത്തിലെ ട്രാഫിക്കും രാത്രി തങ്ങാന്‍ മുറി എടുക്കേണ്ടതും ഒഴിവാക്കാനും സാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it