കോവിഡ് 19 ഭീതിയുമായി എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ

കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി എയര്‍പോര്‍ട്ടിനെ ആശ്രയിക്കേണ്ടി വരുന്നു. ബിസിനസ് സമൂഹത്തെ പോലെ തന്നെ എയര്‍പോര്‍ട്ട് സന്ദര്‍ശനം ഒഴിവാക്കാനാകാത്ത സാധാരണക്കാരും ആകെ ഭിതിയിലാണ്. ഈ സാഹചര്യത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ടത്.

  • കൊറോണ വൈറസ് ഭീതിയുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം യാത്ര ചെയ്യുക എന്നതാണ് നമുക്ക് എടുക്കുവാന്‍ പറ്റിയ മികച്ച പ്രതിരോധ മാര്‍ഗ്ഗം. സര്‍ക്കാരും മറ്റ് ഏജന്‍സികളും അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

  • യാത്രക്കാര്‍ക്കൊപ്പം അനുഗമിക്കുന്നവരെ കൂട്ടാതിരിക്കുക. വിമാനത്താവളം പോലെ ഇത്രധികം ആളുകള്‍ വരുന്ന ഇടങ്ങളില്‍ നിന്നും വൈറസുകള്‍ എളുപ്പത്തില്‍ പകരും എന്ന തിരിച്ചറിവു വേണം.

  • പരമാവധി ആളുകളില്‍ നിന്നും അകലം പാലിക്കുവാന്‍ ശ്രമിക്കുക. ഹസ്തദാനം പോലുള്ളവ തീര്‍ത്തും വേണ്ട.

  • സുരക്ഷയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ യാതൊരു വിമുഖതയും കാട്ടാതിരിക്കുക. അവിടെ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതുപടി അനുസരിക്കുക. നിങ്ങള്‍ കടന്നു പോകേണ്ട എല്ലാ സ്‌ക്രീനിംഗും സ്വീകരിക്കുക.

  • കൈകള്‍ ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക.

  • ചെക് ഇന്‍ കിയോസ്‌കുകള്‍, വെസ്റ്റ് ബിന്നുകള്‍, സെക്യൂരിറ്റി ചെക് പോയിന്റുകള്‍, എസ്‌കലേറ്റര്‍, കൈപ്പിടികള്‍, ഫൂഡ് കോര്‍ട്ട്, റെസ്റ്റ് റൂം തുടങ്ങിയ ഇടങ്ങളില്‍ പോകുമ്പോഴും വരുമ്പോഴും ശ്രദ്ധിക്കുക, പരമാവധി ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

  • ക്യൂ നില്‍ക്കുമ്പോള്‍ കുറഞ്ഞത് ഒരടിയെങ്കിലും അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വാ പൊത്തുകയും ടവ്വല്‍ ഉപയോഗിക്കുകയും ചെയ്യുക, അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കുക.

  • വിദേശ രാജ്യങ്ങളില്‍ നിന്നും വരുമ്പോള്‍ വീട്ടിലെത്തി 14 ദിവസം ക്വാറന്റൈയിന്‍ ചെയ്യുക. ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. വരുന്ന വിവരം മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കുക. അവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുക. വീട്ടുകാരോടും ഇത് അറിയിക്കുക.

  • യാത്രകള്‍ കഴിഞ്ഞ് ഉടനടി ഓഫീസ് സന്ദര്‍ശനം അരുത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉള്ളകാലത്ത് നേരിട്ടെത്തി വിശേഷം പറയല്‍ കൊറോണ കാലത്തെങ്കിലും ഒഴിവാക്കാന്‍ ഓര്‍മിക്കുക.

  • പരമാവധി യാത്രകള്‍ കുറച്ച് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സോഷ്യല്‍ ഐസൊലേഷന്‍ കാലാവധി അനുസരിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it