ആഭ്യന്തര വിമാന സര്‍വ്വീസ് ഇന്നു മുതല്‍; ഗെയ്റ്റ് മുതല്‍ വിമാനത്തിലെ സീറ്റിംഗില്‍ വരെ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങള്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കുകയാണ്. കൊച്ചിയില്‍ നിന്ന് എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം. തിങ്കളാഴ്ച മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, പൂനെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും സിയാലില്‍ നിന്നും സര്‍വീസുണ്ടാകും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയില്‍ നിന്ന് പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് വിവരം. കോവിഡ് പ്രതിരോധത്തിന് സജ്ജമായ ഇലക്ട്രോണിക് പരിശോധനകള്‍ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകള്‍ നടത്താന്‍ കൊച്ചി വിമാനത്താവളം തയ്യാറായിട്ടുണ്ട്. ആഭ്യന്തര സര്‍വീസ് നടത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ല. എങ്കിലും അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണ്. മാനദണ്ഡങ്ങള്‍ ചുവടെ :

 • വെബ് ചെക് ഇന്‍ ആണ് ചെയ്യേണ്ടത്. മാസ്‌ക് ധരിച്ചുവേണം ടെര്‍മിനലില്‍ എത്താന്‍. ബോര്‍ഡിംഗ് ഗേറ്റിന് തൊട്ടുമുമ്പ് ഫെയ്‌സ്് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍ പായ്ക്കറ്റുകള്‍ എന്നിവയടങ്ങിയ കിറ്റ് എയര്‍ലൈനുകള്‍ നല്‍കും. ഇവ യാത്രയില്‍ ഉപയോഗിക്കണം.
 • ഒരു ഹാന്‍ഡ് ബാഗേജ്, ചെക്ക്ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ പാടുള്ളൂ.
 • വാഹനങ്ങളില്‍ നിന്ന് ഇറങ്ങി ടെര്‍മിനലിന്റെ പുറപ്പെടല്‍ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിക്കുക. വരിയില്‍ നില്‍ക്കുമ്പോള്‍ തറയിലെ അടയാളങ്ങളില്‍ മാത്രം നില്‍ക്കുക.
 • ടെര്‍മിനലിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് ചുവരില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
 • ആരോഗ്യ സേതു ആപ്പ് വീട്ടില്‍ വച്ചേ ഡൗണ്‍ലോഡ് ചെയ്ത് മാത്രം പോകുക. ആപ്പ് സെക്യൂരിറ്റി ഓഫീസര്‍മാരെ കാണിക്കുക. ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം ഗേറ്റിന്റെ അരികില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. അവര്‍തരുന്ന ഫോറം പൂരിപ്പിച്ച് വീണ്ടും ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് അരികില്‍ എത്തുക. നിര്‍ദേശങ്ങള്‍ അനുസരിക്കുക.
 • ഇതുകഴിഞ്ഞാല്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിന് മുന്നിലും തുടര്‍ന്ന് സുരക്ഷാ ബോക്സിന് മുന്നിലും എത്തുക. സുരക്ഷാ ബോക്സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ വെബ് ചെക്ക് ഇന്‍ സ്‌ക്രീനിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇത് സ്‌കാന്‍ ചെയ്യാന്‍ ക്യാമറാസംവിധാനം സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്.
 • ബാഗേജ് അണുവിമുക്തമാക്കലാണ് ഇന്. കഴിവതും വാ,ബ്ള്‍ ബാഗുകള്‍ ഉപയോഗിക്കുക. ഹാന്‍ഡ് ബാഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് നേരിട്ട് സുരക്ഷാപരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്ഇന്‍ ബാഗ് ഉണ്ടെങ്കില്‍ മാത്രം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തി വെബ് ചെക്ക് ഇന്‍ സ്‌ക്രീന്‍, എയര്‍ലൈന്‍ ജവനക്കാരെ കാണിക്കുക. ബാഗ്ഗേജ് ഏല്‍പ്പിക്കുക.
 • ഒന്നാം നിലയിലെ സുരക്ഷാപരിശോധനയാണ് ഇനി. പരിശോധനയ്ക്ക് തൊട്ടുമുമ്പ് സി.ഐ.എസ്.എഫ് ജീവനക്കാരനെ ബോര്‍ഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.
 • സുരക്ഷാപരിശോധന കഴിഞ്ഞാല്‍ നിശ്ചിത ഗേറ്റിന് മുന്നില്‍ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ടെര്‍മിനലിനുള്ളില്‍ കടകള്‍ പ്രവര്‍ത്തിക്കും.
 • ബോര്‍ഡിംഗ് അറിയിപ്പ് വന്നാല്‍, എയ്റോ ബ്രിഡ്ജില്‍ പ്രവേശിക്കുന്നതിന്് തൊട്ടുമുമ്പ് എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയില്‍ മൊബൈല്‍ ഫോണിലുള്ള ബോര്‍ഡിംഗ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാല്‍ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ ഭാഗത്തേയ്ക്ക് മാറ്റും. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനാണ് നിര്‍ദേശം.
 • തുടര്‍ന്ന് സുരക്ഷാ കിറ്റിലെ സാമഗ്രികള്‍ അണിയുക. സുരക്ഷാ കിറ്റിലുള്ള സാധനങ്ങള്‍ അണിഞ്ഞുവേണം വിമാനത്തിലിരിക്കാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it