വിമാനടിക്കറ്റ് ലാഭത്തില്‍ ബുക്ക് ചെയ്യാന്‍ എന്ത് ചെയ്യണം? 5 വഴികളിതാ

നിങ്ങളൊരു ദൂര യാത്ര പോകുകയാണെങ്കില്‍ നിങ്ങളുടെ വിമാന ടിക്കറ്റ് തന്നെയാകും നിങ്ങളുടെ ബജറ്റിന്റെ പ്രധാന ഭാഗവും കവര്‍ന്നെടുക്കുക. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാന ടിക്കറ്റ് ലാഭത്തില്‍ തന്നെ ബുക്ക് ചെയ്യാം. ഒന്നാമതായി ഓര്‍ക്കേണ്ട കാര്യം, നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള എയര്‍ ടിക്കറ്റ് ഫെയര്‍ ഇടയ്ക്കിടെ നിങ്ങളുടെ ഫോണിലോ മറ്റു ഡിവൈസിലോ നോക്കിക്കൊണ്ടേ ഇരിക്കരുത് എന്നതാണ്. എന്നു കരുതി വിലക്കുറവുകളോ ഓഫറുകളോ നമുക്ക് നഷ്ടപ്പെടുത്താനും കഴിയില്ലല്ലോ.

അതിനൊരു വഴിയുണ്ട്. ടിക്കറ്റ് വില പരിശോധിക്കാനായി കമ്പ്യൂട്ടറിലെ ഇന്‍കോഗ്‌നിറ്റോ വിന്‍ഡോ ഉപയോഗിക്കുന്നതും അല്ലെങ്കില്‍ വ്യത്യസ്ത കമ്പ്യൂട്ടറുകളോ മൊബൈല്‍ ഫോണുകളോ ഉപയോഗിക്കുന്നതുമാണ് ബുദ്ധി. ആപ്പുകളോ വെബ്സൈറ്റുകളോ നമ്മുടെ സെര്‍ച്ച് ഹിസ്റ്ററി ട്രാക്ക് ചെയ്യാനിടയുള്ളതിനാലാണിത്. ഇത്തരത്തില്‍ ട്രാക്ക് ചെയ്താല്‍ അടുത്ത ദിവസം ഇതേ വിമാന ടിക്കറ്റിന്റെ നിരക്ക് ഉയര്‍ത്താനും ഇവര്‍ക്ക് സാധിക്കുന്നു. ഇതൊരു വഴി മാത്രം. ഇതാ ലാഭത്തില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇക്കാര്യങ്ങള്‍ മറക്കണ്ട.

1. നേരത്തെ ബുക്ക് ചെയ്യൂ, ബുദ്ധിപൂര്‍വം

യാത്രയ്ക്ക് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ടിക്കറ്റിന് അടുക്കാനാകാത്ത വില ആയിരിക്കുമെന്നത് അറിവുള്ള കാര്യമാണല്ലോ. അത് കൊണ്ട്തന്നെ ഒരു കാരണവശാലും വളരെ നേരത്തെയും വളരെ വൈകിയും. നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയുടെ 6-4 ആഴ്ചകള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് (ഓഫ് സീസണെങ്കില്‍) ഉചിതം. ഹോളിഡേ സീസണോ വീക്കെന്‍ഡുകളോ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ പരമാവധി മൂന്നു മാസം മുമ്പ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കണ്ട.

2. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍

നമ്മുടെ കയ്യിലെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഓഫര്‍ നല്‍കുന്ന വിമാന സര്‍വീസുകളുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഓണ്‍ലൈനായതിനാല്‍ മികച്ച ഓഫറുകള്‍ ഇതുവഴി നേടാം. മാത്രമല്ല പ്രമുഖ ഇന്ത്യന്‍ യാത്രാ വെബ്സൈറ്റുകളും ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായി ചേര്‍ന്ന് ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കാറുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ആപ്പുകളും ഓഫറുകള്‍ നല്‍കുന്നു. ബുക്ക് ചെയ്യുന്നതിന് മുമ്പായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി വായിച്ചു മനസിലാക്കാന്‍ മറക്കരുതെന്നു മാത്രം.

3. എയര്‍ലൈന്‍ ഓഫറുകള്‍ ശ്രദ്ധിക്കുക

ചില എയര്‍ലൈന്‍ കമ്പനികളെങ്കിലും സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭങ്ങത്തില്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കും. മാത്രമല്ല ടിക്കറ്റുകള്‍ മൊത്തമായി വില്‍പ്പന നടത്തുന്നതും അപ്പോഴായിരിക്കും. വില്‍പ്പന ഉയര്‍ത്താനുള്ള വിമാന കമ്പനികളുടെ തന്ത്രങ്ങളാണിവ. പുതുതായി ആരംഭിക്കുന്ന എയര്‍ലൈന്‍ റൂട്ടിനനുബന്ധിച്ച് ഓഫറുകള്‍ നല്‍കിയ മുന്‍ചരിത്രങ്ങളുമുണ്ട്. വാര്‍ഷിക വില്‍പ്പനയുടെ സമയങ്ങളിലും മികച്ച ഓഫറുകള്‍ വിമാന കമ്പനികള്‍ നല്‍കാറുണ്ട്. 2-3 ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ഫ്ളാഷ് വില്‍പ്പനകളും ഉപഭോക്താക്കള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. ഓഫറുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അറിയാന്‍ നിങ്ങളുടെ ഫോണില്‍ 'ഗൂഗിള്‍ അലര്‍ട്ട്' സെറ്റ് ചെയ്ത് വെക്കാം.

4. ദിവസവും സമയവും ശ്രദ്ധിക്കുക

ഏറ്റവും നിരക്ക് കുറവുള്ള വിമാനങ്ങള്‍ അതിരാവിലെയോ രാത്രിയിലോ ആവും ലഭ്യമാവുക. വാരാന്ത്യങ്ങളും പ്രമുഖ ഒഴിവു ദിനങ്ങളും ഒഴിവാക്കുക. ഉത്സവ സീസണുകളിലാണ് നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ഈ തീയതിയ്ക്ക് ആഴ്ചകള്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. നിരക്ക് കുറവുള്ള വിമാനങ്ങള്‍ക്കായി സ്‌കൈ സ്‌കാനര്‍, ഗൂഗിള്‍ ഫ്ളൈറ്റ്സ് തുടങ്ങിയ വെബ്സൈറ്റുകള്‍ പരിശോധിക്കുന്നതും നല്ലതാണ്. തിരക്കു പിടിച്ച സമയങ്ങള്‍ ഒഴിവാക്കിയാല്‍ പണവും ലാഭിക്കാം.

5. എയര്‍പോര്‍ട്ടുകള്‍ നോക്കുക

ചെറിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് മിക്കപ്പോഴും ഉയര്‍ന്ന നിരക്കായിരിക്കും. വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമെ ഈ സ്ഥലങ്ങളിലേക്കുള്ളൂ എന്നതാണ് കാരണം. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മുംബൈയില്‍ നി്ന്ന് ജയ്പൂരിലേക്ക് പോവണമെങ്കില്‍ താരതമ്യേന ഉയര്‍ന്ന നിരക്ക് ടിക്കറ്റിനായി നല്‍കണം. എന്നാല്‍, മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ആള്‍ട്ടര്‍നേറ്റിവ് വിമാന സര്‍വീസ് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് പണം ലാഭിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ അതിരാവിലെയുള്ള വിമാന സര്‍വീസ് തിരഞ്ഞെടുത്ത് ഡല്‍ഹിലെത്തിയ ശേഷം ജയ്പൂരിലേക്ക് ട്രെയിന്‍ വഴി പോകാം. നേരത്തെ യാത്രാ സമയം ക്രമീകരിച്ചാല്‍ പാതി പണം വരെ ഇത്തരത്തില്‍ ലാഭിക്കാവുന്നതാണ്. പോകാനുള്ള ഡെസ്റ്റിനേഷന്‍, ട്രെയ്‌നുകള്‍, ബസുകള്‍, സമയം എന്നിവയുമായി എയര്‍പോര്‍ട്ടുകളുടെ സ്ഥലം താരതമ്യം ചെയ്ത് നോക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it