ഇനി പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

യാത്രാപ്രേമികള്‍ക്ക് എപ്പോളും മുന്നിലുള്ളത് രണ്ട് ചോദ്യങ്ങളാണ്. എവിടെപോകണം? എത്ര ചെലവ് വരും? എല്ലാവരും ആദ്യത്തെ കാര്യത്തെ കുറിച്ച് വളരെ ഏറെ ഫിക്‌സഡ് ആയിരിക്കും. എന്നാല്‍ യാത്രയെ അധിക ചെലവായി കാണാതെ ആസ്വദിക്കാന്‍ കഴിയാത്ത പക്ഷം അതൊരു യാത്രയേ ആയിരിക്കില്ല. അപ്പോള്‍ യാത്രയെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളില്ലാതെ സ്വതന്ത്രമായി യാത്രചെയ്യാന്‍ കഴിഞ്ഞാലോ. ഇക്കാര്യം സാധ്യമാകാന്‍ നിങ്ങള്‍ക്ക് ആദ്യമായി വേണ്ടി വരുന്നത് യാത്രയിലേക്കുള്ള നീക്കിയിരുപ്പാണ്.

ഓരോരുത്തരും പ്ലാന്‍ ചെയ്യുന്ന യാത്രകള്‍ക്കൊപ്പം വരുന്ന ചെലവുകള്‍ കണക്കു കൂട്ടി യാത്ര ചെയ്യാനുള്ള മുക്കാല്‍ ഭാഗം എങ്കിലും പണം കയ്യില്‍ വച്ചതിനുശേഷമേ യാത്ര പ്ലാന്‍ ചെയ്യാവൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഇക്കാര്യത്തിലുള്ള ഉപദേശം. ഇനി യാത്ര ചെയ്യുമ്പോഴും ചില സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. എങ്ങനെയൊക്കെ ചെലവു ചുരുക്കാം എന്നത് അറിഞ്ഞിരുന്നാല്‍ തന്നെ യാത്ര സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല.

വെക്കേഷന്‍ കാലത്തെ യാത്ര

വെക്കേഷന്‍ പൊതുവേ എല്ലാവര്‍ക്കും യാത്ര ചെയ്യാനുള്ള സമയം കൂടെയാണ്. അക്കാദമിക്കല്‍ ഇയറിന്റെ അവസാനം, അല്ലെങ്കില്‍ ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ ലഭിക്കുന്ന അവധിയൊക്കെയാണ് എല്ലാവരും യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുക. ശ്രദ്ധിക്കുക, ഈ സമയത്താണ് ഏറ്റവുമധികം യാത്രാ ചെലവു വരുന്നതും. പിക്‌നിക് സ്‌പോട്ടുകളില്‍ ഈ സമയത്ത് അധികചെലവാണ് യാത്രാക്കാരനെ കാത്തിരിക്കുന്നത്. അതിനാല്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അധികം തിരക്കുള്ള സ്ഥലങ്ങളാണെങ്കില്‍ അവ വെക്കേഷന് പ്ലാന്‍ ചെയ്യാതിരിക്കുക. വെക്കേഷന് കാംപിങ്ങും ട്രെക്കിങ്ങും മറ്റും പ്ലാന്‍ ചെയ്ത് അല്ലാത്ത സമയങ്ങളില്‍ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ പ്ലാന്‍ ചെയ്യുന്നത് യാത്രാ ചെലവ് കുറയ്ക്കും.

പ്ലാനുകളും ടിക്കറ്റും

നേരത്തെ പ്ലാന്‍ ചെയ്യുന്നത് യാത്രാ ചെലവുകളറിഞ്ഞ് നീക്കിയിരിപ്പുണ്ടാക്കാന്‍ മാത്രമല്ല ടിക്കറ്റുകളും ഹോട്ടല്‍, വാഹന ചെലവുകളും അറിയാനും ബുക്ക് ചെയ്യാനും സഹായിക്കും. ഓഫറുകള്‍ അന്വേഷിച്ച് കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം. ഇതിന് യാത്രാ ആപ്ലിക്കേഷനുകള്‍ നേരത്തെ തിരഞ്ഞ് ഹോട്ടലുകളുടെ നമ്പറുകള്‍ എടുത്ത് നേരിട്ടു വിളിച്ചുള്ള അന്വേഷണം നടത്തണം. ബുക്കിങ്, ടിക്കറ്റ് റിസര്‍വേഷന്‍ എന്നിവയെല്ലാം തന്നെ ആപ്പുകളിലൂടെ സാധ്യമാക്കുന്നു. ഫ്‌ളൈറ്റ് ചാര്‍ജുകളിലൊക്കെയുള്ള ഓഫറുകള്‍ അതാത് വെബ്‌സൈറ്റുകളിലൂടെ അറിയാനാകും, വളരെ നേരത്തെ തന്നെ അവ ബുക്ക് ചെയ്യുന്നത് അധിക ചെലവ് കുറയ്ക്കും.

ഗ്രൂപ്പ് ടൂറുകള്‍

ഗ്രൂപ്പ് ടൂറുകള്‍ ചെലവ് കുറയ്ക്കുമെന്നു മാത്രമല്ല കൂട്ടുകൂടാനിഷ്ടമുള്ളവര്‍ക്ക് സന്തോഷവും ഒപ്പം സുരക്ഷിതത്വവും നല്‍കും. സോഷ്യല്‍ മീഡിയ കമ്മ്യൂണിറ്റികള്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ് എന്നിവരുമായി നിരന്തരം കോണ്‍ടാക്റ്റ് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം കമ്മ്യൂണിറ്റികളില്‍ ചെറു യാത്രകള്‍ നടത്തി, സാമ്പത്തിക വശം, യാത്രയുടെ സൗകര്യങ്ങള്‍, അവരുടെ പ്ലാനിങ്, ഗുണമേന്മ എന്നിവയൊക്കെ മനസ്സിലാക്കി പിന്നീട് വലിയ യാത്രകള്‍ പ്ലാന്‍ ചെയ്യാം.

ഭക്ഷണം ആസ്വദിച്ചു കഴിക്കാം

ഓരോ സ്ഥലത്തു യാത്ര പോകുമ്പോഴും ആ നാടിന്റെ സംസ്‌കാരത്തോടൊപ്പം രുചി വൈവിധ്യവും പരീക്ഷിക്കണം. അതിനായി പോക്കറ്റ് കാലിയാക്കാത്ത ഒരു മാര്‍ഗം പ്രശ്‌സ്ത ട്രാവല്‍ ബ്ലോഗര്‍മാര്‍ പറയുന്നത് ഇങ്ങനെയാണ്''നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ അല്ല, യാത്ര ചെയ്യാനാണ് പോകുന്നത്. എന്നാല്‍ ഭക്ഷണം ആസ്വദിച്ചു കഴിക്കൂ''. അതായത്, നിങ്ങള്‍ പോകുന്നിടത്തെ പ്രാതല്‍ കഴിക്കുന്നതിന് അവിടുത്തെ ബ്രേക്ക്ഫാസ്റ്റ് ക്യുസിന്‍ ഏറ്റവും നല്ലത് ലഭിക്കുന്നിടത്ത് നിന്ന് തന്നെ അവ വാങ്ങി ആസ്വദിച്ചു കഴിക്കു. മൂന്നു ദിവസമാണ് അവിടെ തങ്ങുന്നതെങ്കില്‍ ആദ്യ ദിനം ബ്രേക്ക്ഫാസ്റ്റ് ഇത്തരത്തില്‍ തെരഞ്ഞെടുത്ത് കഴിച്ച് ബാക്കി നേരങ്ങള്‍ സ്ട്രീറ്റ് ഫുഡ്, സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫ്രഷ് ഫുഡ്, ജ്യൂസ് എന്നിവ കഴിക്കാം. രണ്ടാമത്തെ ദിവസം ലഞ്ച് ആര്‍ഭാടമായി കഴിച്ച് മറ്റു രണ്ട് നേരവും ഇതു പോലെ കഴിക്കാം. മൂന്നാം ദിനം ഡിന്നറിന് ആഡംബരം പകരാം. ഇത്തരത്തില്‍ കഴിച്ചാല്‍ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്നത് മറ്റൊരു വശം.

ട്രെയിന്‍, ഫ്‌ളൈറ്റുകള്‍

ട്രെയിനുകളും ഫ്‌ളൈറ്റുകളും യാത്രകള്‍ക്കായി തെരഞ്ഞെടുത്താല്‍ യാത്രാക്ഷീണം ഒഴിവാക്കാമെന്നു മാത്രമല്ല പണവും ലാഭിക്കാം. നേരത്തെ ബുക്ക് ചെയ്യണമെന്നു മാത്രം. ഇടയ്ക്കിടയിക്ക് ഫ്‌ളൈറ്റുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഒരു മാസം മുമ്പെങ്കിലും ട്രെയിന്‍ ബുക്ക് ചെയ്യുക. റോഡ് മാര്‍ഗമാണ് എവിടേക്കും യാത്രാ ചെലവ് കൂട്ടുന്നത്. ഗോവയിലേക്കാണ് നിങ്ങള്‍ എറണാകുളത്തു നിന്ന് യാത്ര ചെയ്യുന്നതെങ്കില്‍ ഓവര്‍നൈറ്റ് ട്രെയിന്‍ നേരത്തെ ബുക്ക് ചെയ്ത് അവിടെ നിന്ന് വാഹനം ഹയര്‍ ചെയ്ത് ഉപയോഗിക്കാം. ടൂ വീലര്‍, കാര്‍ ഒക്കെ വാടകയ്ക്ക്് നല്‍കുന്നവരുമായി നേരത്തെ ബന്ധപ്പെടുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം, അധിക ചെലവും.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it