കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ആധാർ മതി

കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇനിമുതൽ ആധാർ ഉപയോഗിച്ച് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാം. ഇന്ത്യക്കാർക്ക് ഈ അയൽരാജ്യങ്ങൾ സന്ദശിക്കുന്നതിന് വിസ ആവശ്യമില്ല.

15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവർക്ക് പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ് കാർഡ് എന്നിവയുണ്ടെങ്കിൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഇപ്പോൾ ആധാർ കൂടി ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

എന്നാൽ ഈ രണ്ട് പ്രായ പരിധിയിലും പെടാത്ത വിഭാഗക്കാർക്ക് ഇവിടങ്ങളിലേക്കുള്ള യാത്രക്കായി ആധാർ ഉപയോഗിക്കാനാവില്ല. മുൻപത്തെപോലെ തന്നെ, പാസ്പോർട്ട്, ഫോട്ടോ ഐഡന്റിറ്റി കാർഡ്, ഇലക്ഷൻ ഐഡി കാർഡ് ഇതിലേതെങ്കിലും വേണം.

അതേസമയം, നേപ്പാളിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്കായി നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് യാത്രക്കായി ഉപയോഗിക്കാൻ കഴിയില്ല. എംബസി നൽകുന്ന എമർജൻസി സെറിട്ടിഫിക്കറ്റ്, ഐഡെന്റിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഇന്ത്യയിലേക്കുള്ള ഒറ്റത്തവണ യാത്രക്കായി ഉപയോഗിക്കാം.

15-18 വയസിനിടയിലുള്ള കുട്ടികൾക്ക് സ്കൂൾ പ്രിൻസിപ്പൾ നൽകുന്ന ഐഡെന്റിറ്റി സർട്ടിഫിക്കറ്റ് മതിയാവും. ഒരു കുടുംബം ഒന്നിച്ച് യാത്ര ചെയ്യുകയാണെങ്കിൽ ഏതെങ്കിലും ഒരാൾക്ക് യാത്രാ രേഖകൾ ഉണ്ടായാൽ മതി. പക്ഷേ മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ ഐഡെന്റിറ്റി പ്രൂഫ്, കുടുംബ ബന്ധം തെളിയിക്കാനുള്ള രേഖകൾ എന്നിവ വേണം.

ഭൂട്ടാനിലേക്ക് പോകുമ്പോൾ ഒന്നുകിൽ കുറഞ്ഞത് 6 മാസം വാലിഡിറ്റി ഉള്ള പാസ്പോർട്ടോ അല്ലെങ്കിൽ വോട്ടർ ഐഡി കാർഡോ ഉണ്ടാകണം. ഏതാണ്ട് 60,000 ഇന്ത്യക്കാരാണ് ഭൂട്ടാനിലുള്ളത്. ഇതുകൂടാതെ ദിവസവും 8,000 നും 10,000 നും ഇടയിൽ ദിവസവേതനക്കാർ അതിർത്തി കടക്കുന്നുണ്ട്.

ബിസിനസുകൾ, വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് നേപ്പാളിൽ താമസിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it